തട്ടിപ്പില്‍ വീഴുന്ന മലയാളി എന്തുകൊണ്ട്?

പ്രബുദ്ധജനത എന്നവകാശപ്പെട്ടുന്ന മലയാളികള്‍ എന്നും തട്ടിപ്പുകളില്‍ പോയി വീഴുന്നതിന്റെ അടിസ്ഥാനം എന്താണ്? തട്ടിപ്പുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചതിനു ശേഷം കുറ്റവാളി ആരെന്നു പോലുമറിയാത്ത വിധത്തില്‍ നെട്ടോട്ടമോടുന്ന മലയാളികളെ എവിടെയും കാണാം . പലപ്പോഴും ഒരു രേഖ പോലും അവശേഷിപ്പിക്കാതെയാണ് പല മലയാളികളും തട്ടിപ്പിനു വിധേയരാവുന്നത്. തട്ടിപ്പ് നടത്തുന്നതിന് പ്രോത്സാഹനം നല്‍കുന്നതാണ് മലയാളിയുടെ ഈ തട്ടിപ്പുകളില്‍ ചെന്നു തലവച്ചു കൊടുക്കുന്നതിനുള്ള മനശാസ്ത്രം.

ആട് വളര്‍ത്തല്‍, മാഞ്ചിയം പദ്ധതി മുതല്‍ ഒടുവില്‍ സോളാര്‍ തട്ടിപ്പുവരെ ആരുടെയെങ്കിലും നിര്‍ബന്ധമോ അന്യായമായ സ്വാധീനമോ ഇല്ലാതെ തന്നെ മലയാളി പണം നിക്ഷേപിച്ച് തട്ടിപ്പിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെ പ്രതി ചേര്‍ത്ത്, എത്ര വലിയ കേസെടുത്താലും തട്ടിപ്പില്‍ നിക്ഷേപിച്ചു പോയ പണം തിരികെ ലഭിക്കുന്നില്ല എന്ന് മലയാളിക്ക് അറിയാഞ്ഞിട്ടല്ല പിന്നെയും മലയാളി തയാറാണ്, ചുളുവില്‍ പണം ലഭിക്കാനുളള മലയാളിയുടെ വ്യഗ്രത അവനെ എന്നും തട്ടിപ്പുകളിലേക്ക് ആകര്‍ഷിക്കുന്നു.

എന്താണ് മലയാളികള്‍ക്കു സംഭവിക്കുന്നത്?

അലസതയും അമിത ആര്‍ഭാട ത്വരയും മലയാളിയുടെ ആധുനിക കാലത്തെ മുതല്‍ക്കൂട്ടുകളാണ്. ചുളുവില്‍ എന്തും നേടുക എന്ന പദ്ധതി ഓരോ മലയാളിയുടെയും മനസ്സിലുണ്ട്. ഇത് എല്ലാ കാര്യങ്ങളിലും അവര്‍ പ്രകടിപ്പിക്കുന്നു. സ്വന്തം നാട്ടില്‍‍ കഠിനാദ്ധാനം ചെയ്യുവാന്‍ മനസ്സു കാട്ടാതെ അന്യജ്യങ്ങളിലും അവര്‍ പ്രകടിപ്പിക്കുന്ന അദ്ധ്വാനിക്കുന്ന ജീവിത രീതിയും പലപ്പോഴും ഇതിന്റ് പരിണിത ഫലമാണ്. അദ്ധ്വാനിച്ച് കാലക്രമേണ വളര്‍ന്നുയരാനല്ല ശരാശരി മലയാളി ആഗ്രഹിക്കുന്നത്. എങ്ങനെയും തൊട്ടടുത്ത ദിവസം തന്നെ ലക്ഷക്കണക്കിനു രൂപ കയ്യിലുണ്ടാവുകയും ആര്‍ഭാട ജീവിതം നയിക്കുകയും വേണം. അതിനു വേണ്ടി എന്തു വാഗ്ദാനത്തിനു മുന്നിലും മലയാളി മുട്ടുകുത്തിയിഴയുന്നു.

കൂടുതല്‍ മലയാളികളും ഇടത്തരം‍ ജീവിത രീതി പുലര്‍ത്തുന്നവരാണ്. ഇവരുടെ ആഗ്രഹം എത്രയും വേഗം മുകള്‍ത്തട്ടിലെത്തുക എന്നതാകുമ്പോള്‍‍ അവര്‍ വലിയ തട്ടിപ്പുകാരായിത്തീരുന്നു. അല്ലെങ്കില്‍ കൈവശമുള്ള പണം ഏതെങ്കിലും തട്ടിപ്പുകാര്‍ക്ക് മറിച്ചു നല്‍കി കാത്തിരിക്കുന്നു. ചെറിയ ഭൂപ്രദേശമായതിനാല്‍ കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ വായ്ക്കു വായ് വഴി പരക്കുന്നു. തന്റെ സുഹൃത്ത് നിക്ഷേപിച്ചു എന്നറിയുമ്പോള്‍ തനിക്കും നിക്ഷേപിക്കാനുള്ള പ്രവണത കൂടുന്നു. മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നു നോക്കി ജിവിക്കുന്ന മലയാളികള്‍ കൂട്ടത്തോടെ അങ്ങനെയാവണം തട്ടിപ്പുകള്‍ക്ക് വശംവദരാകുന്നത് മിക്കവാറും മലയാളികള്‍ തന്നെയാണ്.

കഴിഞ്ഞ വര്‍ഷങ്ങളീല്‍ വെബ്സൈറ്റുകള്‍ വഴി നടത്തിയ നിക്ഷേപ തട്ടിപ്പുകളില്‍ ഊരും പേരുമറിയാത്ത അക്കൗണ്ടുകളിലേക്ക് ഏകദേശം നൂറ് കോടി രൂപയോളം മലയാളികള്‍ നിക്ഷേപിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. ഈ ക്യാപ്പിറ്റല്‍ എന്നു പേരുള്ള ഈ നിക്ഷേപ പദ്ധതിയില്‍ കൂടി മൂന്നു മാസത്തിനകം പണം ഇരട്ടിപ്പിക്കാം എന്നായിരുന്നു വാഗ്ദാനം. സ്വന്തമായുണ്ടായിരുന്ന കിടപ്പാടം വിറ്റ് ഇപ്പോള്‍‍ വാടകയ്ക്കു താമസിക്കേണ്ടി വന്നിട്ടുള്ളവര്‍ പോലും ഈ തട്ടിപ്പിനു ഇരയായവരില്‍ പെടുന്നു . തട്ടിപ്പിനു ഇരയാകുമെങ്കിലും പോലീസിനെ കുറ്റപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാഴ്ത്തിയും മലയാളി ഇവയ്ക്കെതിരെ പരാതികള്‍ നല്‍കുന്നുണ്ട് എന്നതാണ് ഇവ പുറത്തുകൊണ്ടുവരുവാന്‍ കാരണമാകുന്നത് എന്നുമുണ്ട്.

സാധാരണക്കാരണക്കാരനായി ജീവിതം നിലനിര്‍ത്തുകയും തുടരുകയും ചെയ്യുന്നതിനുള്ള വിമുഖതയാണ് കുറുക്കുവഴികിലേക്ക് മലയാളിയെ ആകര്‍ഷിക്കുന്നത്. അതിനു ശേഷം പോലീസിനേയോ അധികാരസ്ഥാനത്തിരിക്കുന്നവരെയോ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതില്‍ എന്താണ് കാര്യമുള്ളത്? സൗന്ദര്യം വില്‍ക്കുവാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ വിചാരിച്ചാല്‍ അവനവന്റെ പോക്കറ്റില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിപ്പില്‍ നിക്ഷേപിക്കുവാന്‍ തയാറാവുന്ന മലയാളി സരിതയെയും അതുപോലുള്ള മറ്റു പലരേയും പിന്നീട് കുറ്റപ്പെടുത്തുന്നതില്‍ എന്തു കാര്യമാണുള്ളത്? ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ മലയാളി സ്വയം തീരുമാനിക്കുക തന്നെ വേണം.

എളുപ്പ വഴിയില്‍ പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനമായി മലയാളി ചെയ്യേണ്ടത്. വന്‍ തോതില്‍ നിക്ഷേപം ആവശ്യപ്പെടുന്ന പദ്ധതികളെ ദൂരെ നിര്‍ത്തുകയും വേണം. എന്തെങ്കിലും ആനുകൂല്യമോ ജോലിയോ നല്‍കാമെന്ന ഉറപ്പിന്മേല്‍ പണം രേഖകളില്ലാതെ കൈമാറുന്ന പ്രവര്‍ത്തി മലയാളി ഉപേക്ഷിക്കണം. ധാര്‍മ്മിക പ്രവര്‍ത്തങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കുള്ള സഹായമോ ഒക്കെ അര്‍ഹിക്കുന്ന കരങ്ങളില്‍ മാത്രകമേ ഏല്പ്പിക്കാവൂ എന്ന് തീരുമാനിക്കണം. പ്രായമായവരും വനിതകളും മാത്രം താമസിക്കുന്ന വസതികളില്‍ ഉള്ളവര്‍ ഒരു കാരണവശാലും ഇത്തരം ആളുകളോട് രണ്ടു മിനിറ്റില്‍ കൂടുതല്‍ സംസാരിക്കുവാന്‍ പാടില്ല.

കഠിനാദ്ധാനികള്‍ മാത്രമാണ് ജീവിതത്തില്‍ ശാശ്വതമായി വിജയിച്ചിട്ടുള്ളത് എന്നു മനസ്സിലാക്കുക. എത്ര വലിയ സുന്ദരിയാകട്ടെ സ്വാധീനമുള്ള വ്യക്തിയാകട്ടെ വന്നു നിര്‍ബന്ധിച്ചാല്‍ ആയിരം രൂപയ്ക്കു മേല്‍ പണം രേഖയില്ലാതെ നല്‍കില്ലായെന്ന് ഉറപ്പു വരുത്തുക. രേഖയില്‍ പണം വാങ്ങുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പു വരുത്തുക. ഒരു സ്ഥാപനത്തിന്റെ പേരും വിലാസവും പോലും കൃത്രിമമായി സൃഷ്ടിക്കാമെന്ന് മനസിലാക്കണം.

ഇനി ഒരു മലയാളിയും തട്ടിപ്പില്‍ വീഴുകയില്ല എന്ന് ഈ ലേഖനം വായിക്കുന്നവര്‍ തന്നെ ഉറപ്പു വരുത്തുക.

കടപ്പാട് – മൂല്യശ്രുതി

Generated from archived content: essay1_sep25_13.html Author: anil_ikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English