ഞാൻ Vyas @ Sd. I.net. അല്ലെങ്കിൽ www.Vyas.com ഉണർത്തിക്കുന്നത്‌ഃ
ഈ വിളംബരം കമ്പ്യൂട്ടറുകളുടെ ലോകത്ത് മാത്രമായി ഒതുങ്ങാൻ ഞാൻ ഇഷ്‌ടപ്പെടുന്നില്ല. സകല മാധ്യമങ്ങളിലേക്കും ഞാനിത് ഫീഡ് ചെയ്‌തിട്ടുണ്ട്. ഇതപൂർവ്വമായ ഒരറിയിപ്പാകാനും ഇടയുണ്ടാകില്ല. എങ്കിലും ഈ ഉദ്യമത്തിന് പുറകിലെ വികാരവും കാരണങ്ങളും നിങ്ങളെ അസ്വസ്ഥരാക്കാം. ആ അസ്വസ്ഥതകളെ നീക്കാനും, കൂട്ടത്തിൽ എന്റെ ഈ വിലാസം കണ്ട് അമ്പരന്നുപോയ നല്ല സഹകാരികൾക്ക് സത്യമറിയാനും ഈ നീണ്ട വിളംബരം ഉതകുമെങ്കിൽ തൃപ്തനാണ് ഞാൻ.
ഞാൻ നിങ്ങളെല്ലാം അറിയുന്ന സർവ്വേപ്പളളി വിശ്വം എന്ന മൂർക്കനാട്ടുകാരൻ തന്നെ. കുറ്റിപ്പുറം ഫുഡ്‌കോർപ്പറേഷന്റെ ആപ്പീസിലെ ഇടത് മൂലയിൽ ഒതുങ്ങി ഇരുന്നിരുന്ന ആ കണ്ണടക്കാരൻ. പ്രാരാബ്ധങ്ങളുടെ പ്രതീകമറിയിക്കുന്ന വസ്‌ത്രമണിഞ്ഞെത്തിയ അതേ മാനേജർ വിശ്വം തന്നെയാണ്.
ഇനി ഇന്നത്തെ എന്റെ പരിണാമ പിന്നാമ്പുറങ്ങൾ വിശദീകരിക്കാം. എന്റെ വാമഭാഗമായിരുന്ന ഭാര്യ, പൂർണ്ണേന്ദു. അവൾക്ക് എന്നോടൊത്ത് കഴിഞ്ഞ മധുവിധുകാലത്തെ ആനന്ദമല്ലാതെ, പിന്നീട് അവൾക്കുവേണ്ടി ഒന്നും നൽകാൻ എനിക്ക് കഴിഞ്ഞില്ലെന്നാണ് അവളുടെ പരാതി. ബാധ്യതകളെ മറന്ന് ഞാനെന്റെ വേതനം മുഴുവനും അവളുടെ ആഗ്രഹങ്ങൾക്കായി നൽകിയിരുന്നില്ല. ഇതായിരുന്നു ഞങ്ങൾക്കിടയിലെ കശപിശയിൽ പ്രഥമസ്ഥാനം പിടിച്ചിരുന്നത്. ദാമ്പത്യ ജീവിതത്തിൽ എന്നുമത് കോളിളക്കം സൃഷ്‌ടിച്ചിരുന്നു. പൂർണ്ണേന്ദുവിന്റെ ഇംഗിതങ്ങൾക്ക് ഗണ്യമായ സ്ഥാനം കൊടുക്കാനായി ഞാൻ, എന്റെ അധികാരത്തിന് വിലപേശി, വാങ്ങി തുടങ്ങി. സത്യം പറയാലോ അത് എനിക്ക്, എന്തേ നേരത്തേ തോന്നിയില്ല എന്ന ആത്മപരിഭവത്തിനിട നൽകി.
വളരെ പെട്ടന്നായിരുന്നു ഭൗതിക ജീവിതത്തിൽ മാറ്റം ഉണ്ടായത്. മൂർക്കനാട്ടിൽ ക്രമേണ ഞാനൊരു സമാദരണീയനായി. വീടിനകത്ത് നിന്ന് പൊന്നിൻ രൂപങ്ങൾ നിരത്തിലേക്ക് സായാഹ്നസവാരിക്കായി ഇറങ്ങി തുടങ്ങി. അത് ക്രമേണ അംബാസിഡറിലായി. ആയിടയ്‌ക്കാണ് എറണാകുളത്തേക്ക് എന്നെ അധികാരികൾ പറിച്ചു നട്ടത്. അവിടെ എനിക്ക് ആറുമാസം കൊണ്ട് ഒരു ഫ്ലാറ്റ് സ്വന്തമായി. പൂർണ്ണേന്ദു നഗര ജീവിതത്തിലേക്ക് ഒരാഴ്‌ചകൊണ്ട് വഴുതിയിറങ്ങി. അവളുടെ ആദ്യപരാതി നഗരവാസത്തിനിടയിൽ ഉയർന്നത് എന്റെ ആത്മാഭിമാനത്തെ ഉലച്ചുകൊണ്ടായിരുന്നു. എനിക്ക് വയാഗ്രയുടെ കൂട്ട് വേണമെന്നായിരുന്നു അത്. ഒരിക്കൽ പോലും സന്ധിചെയ്യാത്ത ഞങ്ങൾക്കിടയിൽ വയാഗ്ര പ്രശ്‌നമാകേണ്ട എന്ന് ഞാനും കരുതി. പൂർണ്ണേന്ദുവിന് വയാഗ്രയിലെ എന്നെയും തൃപ്തമായില്ലെന്ന് അവൾ ഒരുദിനം തുറന്നടിച്ചു. അവളെ സന്തോഷിപ്പിക്കാൻ ഒരു കമ്പ്യൂട്ടർ ഞാൻ വാങ്ങിക്കൊണ്ടുവന്നത് ഇന്നും ഓർമ്മിക്കുന്നു. ആകാശനീലിമ, സാരിയിൽ പകർത്തിയ പൂർണ്ണേന്ദു വെളളിയാഭരണവിഭൂഷിത ആയിരുന്നു അന്ന്. ചുണ്ടിലെ ചായത്തിന്റെ കടുപ്പം തുടച്ച് കൊടുത്തുകൊണ്ട് ഞാനവൾക്കത് കൊടുത്തു. കമ്പ്യൂട്ടർ സ്‌ക്രീനിലെ അനന്തസാധ്യതകളിൽ അവൾ കേബിൾ ചിത്രങ്ങൾക്ക് നേരെ പുറം തിരിച്ചു.
കമ്പ്യൂട്ടറുകളിലെ നേരം പോക്കിൽ അവൾക്കെന്നെ വേണ്ടെന്നായി. ഒരു കുഞ്ഞിക്കാലിന്റെ തൊഴി കൊതിച്ചിരുന്ന എനിക്ക്, അതൊരു കിനാവ് മാത്രമായി. പണം വാരികൂട്ടാൻ ഞാൻ ആർത്തിയോടലഞ്ഞു. അവിടെ പൂർണ്ണേന്ദുവിന്റെ മുഖം പ്രസക്തമല്ലാതായി. എനിക്കായി ഒരു കുഞ്ഞു കമ്പ്യൂട്ടർ എന്റെ മുറിയിൽ ചേക്കേറി. അടുത്ത ഫ്ലാറ്റിലെ കുസൃതി പെൺകുട്ടിയുടെ നാലാം പിറന്നാൾ ദിനമായിരുന്നു അന്ന്. ആ കുസൃതി എന്റെ കമ്പ്യൂട്ടറിനും നൽകി ഒരോമനപ്പേര്, Vyas @ sd.net.in..
രാത്രികളിൽ ഞാനെന്റെ Vyas-ൽ ഒതുങ്ങികൂടി. ഇടയ്‌ക്കെപ്പോഴോ സൈബർ സെക്‌സിലേക്ക് ഊർന്ന് വീണു. എന്റെ ലോകം തീർത്തും Vyas- ന് ചുറ്റുമായി. പൂർണ്ണേന്ദു വെറുമൊരു സഹജീവി എന്നതായി. ഒരു വൈകുന്നേരം ഫ്ലാറ്റിൽ ഞാനെത്തവേ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു. ലോകം ചെറുതാകുകയാണ്, ഒരു കുത്തുപോലെ ഒതുങ്ങുകയാണ്. എനിക്ക് ചിരി വന്നു. കാരണം ഒരു കുത്തിന്റെ വില അറിയാത്തവളാണ് അവളെന്ന് ഓർത്തിട്ട്. ഒരാഴ്‌ച കഴിഞ്ഞ്, ഒരു ദിനത്തിന്റെ സായാഹ്നം എനിക്ക് തന്നത് പൂർണ്ണേന്ദു മറ്റൊരുവനുമായി നാടുവിട്ടു എന്ന അറിവായിരുന്നു. പോകുമ്പോൾ Vyas – നെ അല്ലാതെ മറ്റെല്ലാം അവൾ കൂടെ എടുത്തിരുന്നു.
വീഗാലാന്റിൽ ചെന്ന് അന്നത്തെ ബാക്കി നിന്ന സായാഹ്നം ആസ്വദിച്ചു. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ലാദം നിറഞ്ഞുനിന്നിരുന്നു. രാത്രി Vyas-ൽ എന്റെ അനുഭൂതികളെ തൃപ്തിപ്പെടുത്തുന്ന സൈബറുകളും, തമാശകളും നുകരവെയാണ് എന്റെ ഭാര്യയായിരുന്ന പൂർണ്ണേന്ദുവിന് ഒരു ഉപഹാരം നൽകേണ്ടുന്ന ചിന്ത വന്നത്. അവളാണല്ലോ എന്നെ ഇത്രയേറെ ഉയർത്തിയത്. പ്രകൃതി നിർവ്വചിച്ച ഇണചേരലിന് മീതെ എന്റേതായ രീതിയെ സൃഷ്‌ടിച്ചതിന് പുറകിൽ പൂർണ്ണേന്ദുവാണല്ലോ. അവളാഗ്രഹിച്ച ചെറുതായ ലോകമാകട്ടെ എന്റെ സമ്മാനം. പൂർണ്ണേന്ദു……ഇത് നിനക്കു കൂടിയായിട്ടുളള വിളംബരമാണ്. തിരക്ക് പിടിച്ച ഈ സമൂഹത്തിൽ നീയും തിരക്കഭിനയിക്കയാണ്. അതിനാൽ തന്നെ ഞങ്ങിഞ്ഞരുങ്ങി നീങ്ങേണ്ടിവരും നിനക്കും നിന്റെ പുതിയ ഭർത്താവുദ്യോഗക്കാരനും ഈ തിരക്കിനിടയിൽ കൂടി. ആയതിനാൽ ഇന്നലെ നിനക്കായി ഒരു സാൻട്രോ കാർ വാങ്ങിയിട്ടുണ്ട്. നോ ടെൻഷനിംങ്ങ്, ബി. സ്‌മാർട്ടിംങ്ങ്. നിന്റെ പഴയ ഭർത്താവെന്ന എന്റെ ചിന്തയിൽ നീ ഈ സാൻട്രോ എടുത്തുകൊണ്ടു പോവുക. പുതിയ ഭർത്താവിനോട് എന്നും ലവിംങ്ങ് ആണെന്ന് പറയുക. നിരന്തരമായ പ്രണയം നടിക്കാൻ നിനക്ക് കഴിയുമാറാകട്ടെ.
Vyas @ Sd. I.net.
Generated from archived content: ningal.html Author: anil_amar
Click this button or press Ctrl+G to toggle between Malayalam and English