സാറയും സക്കാറയും

മുട്ടയിട്ട്‌ അടയിരുന്ന്‌ കുഞ്ഞുങ്ങളെ വിരിയിക്കുക എന്നതൊഴിച്ചാൽ സക്കാറയിലെ പെണ്ണുങ്ങൾക്ക്‌ പ്രത്യേകതകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഒരു താറാവു മുട്ടയുടെ രണ്ടിരട്ടിയോളം വരുന്ന മനുഷ്യമുട്ടക്കുമേൽ രണ്ടുമാസം. അതിനുമുമ്പ്‌ മുട്ടയിടാൻ എട്ടുമാസം, പത്താംമാസം മുട്ടവിരിഞ്ഞ്‌ ഒരു കുഞ്ഞ്‌ പുറത്തുവരുമ്പോൾ സ്വർഗ്ഗീയസുഖവും പൊരുന്തൽ സമാപ്‌താഘോഷവും.

കാലംപറഞ്ഞാൽ വടക്കുവളളുവനാടും തെക്കുവേണാടിനും മുമ്പ്‌ കൊടുങ്ങല്ലൂരിൽ ചേരമാന്മാർ കുടികൊണ്ട കാലം. അറബിക്കടലിലൂടെ പായ്‌കപ്പലോടിച്ചാൽ പതിന്നാലാംപക്കം സക്കാറദ്വീപിലെത്താം. നിരത്തി പണിതീർത്തിരിക്കുന്ന ചെറിയ ചെറിയ വീടുകൾ. ഓരോ വീടിനും പുകക്കുഴൽ, പൊരുന്താൻ പരുവത്തിലൊരു മച്ച്‌. മച്ചിനോട്‌ ചേർന്ന്‌ മോന്തായവാതിൽ. കാറ്റുകൊളളാൻ കടപ്പുറം. കായ്‌കനികൾ കമ്മി.

ദ്വീപ്‌ കണ്ടെത്തിയത്‌ പോർത്തുഗീസുകാരാണെന്നും അല്ല അവരെ കണ്ടെത്തിയത്‌ ഒരു ചേരമാൻ പെരുമാളാണെന്നും മലബാറിലേക്കുവന്ന ഒരു നസ്രാണി വരും വഴിയിലിറങ്ങി മതം മാറ്റിയതാണെന്നും പറയപ്പെടുന്നു. ആണെങ്കിലും അല്ലെങ്കിലും സക്കാറവാസികൾ യുദ്ധക്കൊതിയന്മാരായിരുന്നു. യുദ്ധംചെയ്‌തു മുന്നേറാൻ സക്കാറദ്വീപിന്‌ അതിരുകൾ കാണാത്തതിനാൽ അവർ എന്നോതൊട്ട്‌ വാടകയോദ്ധാക്കളായി അതിരുകളും രാജ്യങ്ങളും, കീഴ്‌വഴക്കങ്ങളും, മാനങ്ങളും പലപാടു തച്ചുടച്ചു. യുദ്ധം ജയിക്കുക. അതിനെന്തുമാർഗ്ഗവും. മന്ത്രം രക്തങ്ങളിലൂടെ രക്തങ്ങളിലേക്കു പാഞ്ഞു. ഗ്രീസിലും ഏതൻസിലും പോർത്തുഗീസിലും ചേരപാണ്ട്യരാജ്യങ്ങളിലും അങ്ങനെ എത്ര എത്ര യുദ്ധ രംഗങ്ങൾ.

സക്കാറികൾ എത്തിയാൽ യുദ്ധം ജയിക്കാം എന്ന്‌ ലോകമാകെ പരന്നു. ജനിച്ചു വീഴുന്ന ഓരോ ആൺതരിയെയടക്കം യുദ്ധരംഗത്തേക്കു കൊണ്ടുപോവുക എന്ന അസാധാരണ തന്ത്രമായിരുന്നു അവർ പയറ്റിയിരുന്നത്‌. തോറ്റാൽ ആൺതരിയില്ലാതെ സക്കാറ കുലം മുടിയും. നാശം ഒഴിവാക്കാൻ ഓരോരുത്തരും ആവുന്നത്ര തന്ത്രമെടുത്തു പൊരുതും. അന്തരാത്മാവിൽനിന്നും അറിയാതൊരുശക്തി കൈകളിലൂടെ വാളുകളിലൂടെ പുറത്തുവന്ന്‌ വിജയം ഉറപ്പിക്കും. ആകാശംമുട്ടെ മറിഞ്ഞു ചാടിയും ചതിവെട്ടുകളിൽ തെന്നിമാറിയും ഒളിയമ്പുകളയച്ച്‌ അട്ടഹസിച്ചും വിലസുന്ന സക്കാറികൾ പൊർക്കളത്തിൽ ഒരു ഭീഷണിയായിരുന്നു. സക്കാറികൾ വരുന്നു എന്നു കേട്ടപ്പോൾ തന്നെ തോറ്റോടിയ പടകൾ ഗ്രീസിലും മലബാറിലും ഉണ്ടായിരുന്നു. യുദ്ധകൊതിയന്മാരെ അന്വേഷിച്ചു വന്നവരാരും നിരാശപ്പെട്ടില്ല. പണക്കിഴികളുടെ വലിപ്പവും തൂക്കവും സക്കാറികളുടെ മനം കെടുത്തിയില്ല. യുദ്ധം ജയിക്കുക എന്നിട്ടാവാം പണക്കിഴി. അവ എന്തുമാകട്ടെ. ശക്തി, ബുദ്ധി, വീര്യം ഇവയൊട്ടു പരീക്ഷിക്കപ്പെട്ടതുമില്ല.

ഒരിക്കൽ പടക്കുവേണ്ടി ചോളരാജ്യത്തേക്കു കപ്പൽ കയറിയവർ മൂന്നാണ്ടെത്തിയിട്ടും തിരിച്ചുവന്നില്ല. എവിടെ പരതും. ചോളരാജ്യം എവിടെയെന്ന്‌ ആർക്കറിയാം. അല്ലെങ്കിൽ ആരുപോകും. പടക്കുപോയി തിരിച്ചു വരാത്തതിനെകുറിച്ച്‌ കേട്ടുകേൾവി പോലുമില്ലാത്ത പെണ്ണുങ്ങൾ കാത്തിരുന്നു മടുത്തു. തലചൊറിഞ്ഞും കാലുചൊറിഞ്ഞും കാത്തിരുന്ന എത്രയോ ദിനങ്ങൾ. കടൽപുറത്ത്‌ വൈകുന്നേരങ്ങളിൽ പ്രിയന്മാർക്കും കുട്ടികൾക്കും വേണ്ടി നോക്കിനിന്നു.

നാളുകഴിയുന്തോറും കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. അവസാനം സാറയും ഏലിയും മറുതയും മാത്രമായി. സാറക്ക്‌ വിശാലമായ ചന്തികളും വലിയ മുലകളും ഉണ്ടായിരുന്നു.

സാറ അതുമിതും പറഞ്ഞ്‌ കടൽപ്പുറങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കടലിലെ തിര മുന്നോട്ടാഞ്ഞുമറിഞ്ഞും പിന്നോട്ടു മലക്കംമറിഞ്ഞും തിരിച്ചുപോയി. നടത്തത്തിനിടയിൽ പുറംകാലിൽ മണൽകോരി കടലിലേക്കൊരു ഏറുകൊടുത്തു. ചുറ്റുംനോക്കി. ഏലിയും മറുതയും മണലിൽ കോലുപൂഴ്‌ത്തി കളിക്കുന്നു. വേദന എല്ലാവർക്കും തുല്ല്യമാകുമ്പോൾ ആർക്കാണ്‌ വേദന. മറ്റുളള പെണ്ണുങ്ങളെല്ലാം പതിവു വരവുനിർത്തി വീട്ടിൽ സൊറപറഞ്ഞിരുന്നു തുടങ്ങി.

ഇരുട്ടു മുറുകിയപ്പോൾ ഏലിയും മറുതയും എഴുന്നേറ്റു.

‘സാറ പോർവാണൊ.’

സാറ കടലിലേക്കു നോക്കിനിന്നു. ഇടക്കാകാശത്തേക്കും. പൂഴിമണലിൽ മലർന്നുകിടന്ന്‌ നക്ഷത്രങ്ങളെ എണ്ണി. എണ്ണം തെറ്റിയപ്പോൾ പടിഞ്ഞാറുദിച്ചുനിന്ന ഒറ്റയാൻ നക്ഷത്രത്തെ കണ്ണുതുറിച്ചു നോക്കികിടന്നു. അതിനിടയിൽ ചെറുതായൊന്നു മയങ്ങി. മയക്കമുണർന്നത്‌ ചങ്ങാടം തുഴയുന്ന ശബ്‌ദം കേട്ടുകൊണ്ടാണ്‌. ഒറ്റവളളത്തിൽ ഒരുത്തൻ തുഴഞ്ഞുവരുന്നു. ഇരുട്ടിൽ ഒന്നും വ്യക്തമല്ല. ഒറ്റനോട്ടത്തിൽ മലബാറുകാരൻ മൂസത്‌ ആണെന്നുതോന്നി. മൂസത്‌ കോട്ടു ധരിക്കാറില്ലല്ലോ. സക്കാറികളിൽ ആരെങ്കിലുമാണോ എന്ന്‌ സംശയിച്ചു നിൽക്കുമ്പോൾ അവൻ വളളം കരക്കടുപ്പിച്ച്‌ സാറയുടെ അരികിലേക്കുവന്നു.

ആണ്ടോടാണ്ടു കഴിഞ്ഞു കാണുന്ന പുരുഷനെ സാറ തുറിച്ചു നോക്കിനിന്നു. വേഷം കണ്ടപ്പോൾ പടക്കു വിളിക്കാൻ വന്നതാണെന്നു തോന്നിയതിനാൽ ചോദിക്കുന്നതിനുമുമ്പേ ഉത്തരം പറഞ്ഞു.

“പടക്കുപോയവരാരും മൂന്നാണ്ടെത്തിയിട്ടും തിരിച്ചുവന്നിട്ടില്ല.”

മനസ്സ്‌ മറ്റെങ്ങൊ ആയതിനാൽ അദ്ദേഹം പറഞ്ഞത്‌ അവൾ കേട്ടില്ല. ഭാഷയൊരു പ്രശ്‌നം എന്നു തോന്നിയതിനാൽ അവനവളോടു കൂടുതലായൊന്നും ചോദിച്ചില്ല. അവളുടെ കണ്ണിൽ കത്തുന്നത്‌ യുദ്ധമാണെന്ന്‌ ഇരുട്ടിൽ അവൻ തിരിച്ചറിഞ്ഞു. വരൂ എന്നു പറയുന്നതിനു മുമ്പേതന്നെ അവനവളെ കീഴ്‌പ്പെടുത്തിയിരുന്നു. സാറ കുതറിമാറാൻ മുതിർന്നതുമില്ല.

കൃത്യം നടത്തി അവൻ വളളത്തിൽ കയറി തുഴഞ്ഞുപോയി. സാറ ചട്ടവലിച്ചു താഴേക്കിട്ടു. പുറത്തു പറ്റിയിരുന്ന മണൽ തട്ടിക്കളഞ്ഞു. മുണ്ടഴിച്ച്‌ ഒന്നു കുടഞ്ഞുടുത്തു.

പേരുപോലും ചോദിക്കാതെ വിട്ടതിന്റെ വിഷമം അവൾക്ക്‌ വീട്ടിലേക്ക്‌ കയറുമ്പോഴാണുണ്ടായത്‌. നാടെങ്കിലും ചോദിക്കേണ്ടതായിരുന്നു. അല്ലെങ്കിൽ എന്തിന്‌. യുദ്ധം ചെയ്യാൻ പെൺപടയെ വിളിക്കാറില്ലല്ലോ. രാത്രി ഏറെയായിട്ടും അവൾക്ക്‌ ഉറക്കം വന്നില്ല. പൊരുന്തണം. അനങ്ങാതിരുന്നു പൊരുന്തണം. പെഴക്കുന്നതല്ല. എല്ലാം ദൈവവിധി. കുലം മുടിയാതിരിക്കാൻ ഇതല്ലാതെ പോംവഴി ഒന്നുമില്ല. സക്കാറദ്വീപു മുടിയുന്നില്ലെന്ന്‌ മാളോരറിയട്ടെ.

“മുടിക്കുമെടി…. നീ…. മുടിപ്പിക്കും.”

അതിരാവിലെ കേൾക്കുന്നതെന്താണെന്ന്‌ അവൾക്ക്‌ മനസ്സിലായില്ല. കണ്ണുതിരുമ്മി പായയിൽ കുന്തിച്ചിരുന്നു. ശബ്‌ദം വൈസ്രവണത്തി അക്കാമ്മയുടേതാണെന്ന്‌ തോന്നി.

“എടീ…. പെലാടിച്ചീ.. നീ.. ഈ കുലം കുളം തോണ്ടിക്കും. എറങ്ങിവാടി പുറത്ത്‌.”

ആരെങ്കിലും ഇന്നലെ തന്നെ കണ്ടിരുന്നോ. കതകു തുറക്കുമ്പോൾ അവൾ ഓർത്തു. അക്കാമ്മയും ത്രേസ്യയും മുന്നിൽ. പിന്നെ ആരൊക്കെയോ പിന്നിൽ.

“എടീ…. കഴുബേറീന്റെ… മോളേ… നീ … എന്നാഭാവിച്ചാ… കര മുടിപ്പിക്കാനെങ്കി… നങ്ങളെ ഈ കടലീ മുക്കി കൊല്ല്‌… ന്നിട്ട്‌, നീ.. പെഴച്ചോ.., അബരാതി.”

അവരോട്‌ എന്തുപറയാൻ. കണ്ണുകളിൽ കുറ്റബോധം കനം തൂങ്ങിനിന്നപ്പോൾ അവൾ വാതിൽ പാളിയിലേക്കു ചാഞ്ഞുനിന്നു.

“എന്തെടീ… മുണ്ടാത്തെ… ഇന്നലെത്തേതിന്റെ ബാക്കിവല്ലതും വായിലിരിപ്പുണ്ടോ.”

സാറ ഒന്നും മിണ്ടിയില്ല. അവർ എല്ലാം കണ്ടിരിക്കുന്നു. പക്ഷെ ആര്‌?

“നീ,….. ഇബിടം ബിടണം.”

ഏലി വകയിൽ ഒരനുജത്തിയാണ്‌ അവളത്‌ പറയുമെന്ന്‌ ഒട്ടും കരുതിയില്ല.

തുറിച്ചു നോക്കുന്ന കണ്ണുകൾ എത്രയെന്ന്‌ എണ്ണാൻ കഴിയാതെ സാറ കിണറ്റിൻ കരയിലേക്കുനടന്നു. ഒരു പാള വെളളംകോരി കയ്യുംമുഖവും കഴുകി, കുറച്ചു കുടിച്ചു. അവരുടെ മുമ്പിലൂടെ അകത്തു കയറി വാതിലടച്ചു. പിന്നീടാരും ഒന്നും പറഞ്ഞില്ല.

തിരിച്ചുപോകുമ്പോൾ ഏലി തിരിഞ്ഞു നിന്നു പ്‌രാകി.

“പടക്കുപോയോരു ചത്തിട്ടില്ലെങ്കി.. നീ ഇബിടിരുന്ന്‌ പെഴച്ച്‌ അവരെ കൊല്ലും. ഇതു ദൈവം പൊറുക്കുവേലടി… അതു പൊറുക്കുവേല….. നിനക്കു തീനരകം… നിന്റെ മുട്ട ചീമുട്ടയാകട്ടെ… ദുഷ്ടേ.”

വേണം തനിക്കിതു വേണം. ഏലി അവളുടെ ആയകാലത്തിൽ അറിയാതൊന്നു പിഴച്ചു മുട്ടയിട്ടപ്പോൾ, മുട്ടയെ നാലാളറിയാതെ നാഴികക്കുളളിൽ കടലിലെറിഞ്ഞതു താനായിരുന്നു. അന്നു വായകീറി കരഞ്ഞപ്പോൾ താനേ ഉണ്ടായിരുന്നുളളൂ. എനിക്കിതുവേണം. വേദനയുടെ കണ്ണീർ സാറയുടെ കണ്ണുനിറച്ച്‌ കവിളുകളിലൂടെ ചാലുകീറി താഴേക്കുപതിച്ചു.

സാറ പിന്നെ അധികം പുറത്തിറങ്ങിയില്ല. അറിയാതെ കണ്ടവർ ആട്ടിതുപ്പി. തമ്മിൽ തമ്മിൽ കണ്ണുകാണിച്ചും കോക്രികാണിച്ചും പരിഹസിച്ചുചിരിച്ചു. പല്ലുഞ്ഞെരിക്കുന്നവർക്കു മുമ്പിൽ തലകുമ്പിട്ടുനിന്നു.

അപമാനം.

കണക്കുതെറ്റിക്കാതെ എട്ടാംമാസം മച്ചിനുമുകളിൽ മുട്ടയിട്ടപ്പോൾ കണ്ണുനനഞ്ഞു. മുട്ടയെ നെഞ്ചോടമർത്തി ഓമനമുത്തം കൊടുത്തു.

നിർവൃതി.

മുട്ടക്ക്‌ ചെറിയൊരു മഞ്ഞപ്പുണ്ട്‌, ആൺമുട്ടയാണെന്നു തോന്നുന്നു. മകുടിയിൽ വലത്തോട്ടു ചരിഞ്ഞ്‌ ഒരു കാക്കപ്പുളളി. അതും ഒരിത്തിരി വലുപ്പത്തിൽ. ലക്ഷണം രാജയോഗം. ആൺമുട്ട തന്നെ. പെണ്ണുപിറന്നാൽ യോഗം വരുമോ. സക്കാറക്കാവശ്യം ഒരു ആണിനെയാണ്‌. മുട്ടയൊന്നു വിരിഞ്ഞോട്ടെ, എന്നിട്ട്‌ ഈ സാറ ആരെന്ന്‌ എല്ലാവർക്കും കാണിച്ചുകൊടുക്കണം. ആൺകുഞ്ഞു പിറന്നാൽ അവന്‌ ‘ക്ലീറ്റസ്‌’ എന്നു പേരിടണം. പെണ്ണാണെങ്കിൽ ‘ഫ്ലോറ’ എന്നും. പെണ്ണാകില്ല തീർച്ച. ക്ലീറ്റസ്‌ തന്നെ.

പൊരുന്തൽപട്ടിനു മുകളിൽ മുട്ട ചൂടിനുവേണ്ടി കൊതിച്ചിരുന്നു. സാറ അണ്ഡസ്‌തോത്രം ചൊല്ലി, മുട്ടയെ മൂന്ന്‌ വലംവച്ച്‌ അതിനുമുകളിൽ പൊരുന്താനിരുന്നു. അവളുടെ തുടയുടെ ചൂട്‌ മുട്ടയിലേക്കു പകർന്നു തുടങ്ങിയപ്പോൾ ആണ്ടുകൾക്കുശേഷമുളള ആത്മനിർവൃതി.

ഒരു ചങ്ങാടമുണ്ടാക്കി ക്ലീറ്റസ്‌ പടക്കുപോയ കാരണവന്മാരെ തേടി ചോളരാജ്യത്തുപോകും, അവർ തടവിലാണെങ്കിൽ പടവെട്ടി അവരെ മോചിപ്പിക്കും. പോർക്കളത്തിൽ മരിച്ചുപോയതാണെങ്കിൽ അവർ മരിച്ചുവീണ മണ്ണ്‌ വെട്ടിപ്പിടിക്കും. അവന്റെ നാട്ടുവേലികൾ അകലങ്ങളിലേക്കുനീളും. അവൻ പിന്നെ ലോകത്തിന്റെ ചക്രവർത്തി.

സാറ ഉമ്മറവാതിൽ ഒരിക്കലും തുറന്നില്ല. പൊരുന്തലുകാരിക്ക്‌ ഭക്ഷണമെത്തിക്കേണ്ടവർ തിരിഞ്ഞുനോക്കിയില്ല. പുറംലോകം കാണണമെന്നു തോന്നിയപ്പോൾ മോന്തായവാതിൽ പതുക്കെതുറന്നു പുറത്തേക്കുനോക്കി. പുകക്കുഴലിലൂടെ പുകച്ചുരുളുകൾ മുകളിലേക്കുയരുന്നത്‌ കണ്ടപ്പോൾ വയറൊന്നുകാളി. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. ചിലർ തിരിഞ്ഞുനിന്ന്‌ ഇങ്ങോട്ടുനോക്കി എന്തോ പറഞ്ഞുചിരിച്ചു.

പഠിക്കും. എല്ലാവരും പഠിക്കും. തെറിപറഞ്ഞവർ പറഞ്ഞതത്രയും തിരിച്ചെടുക്കും. മുട്ടയൊന്നു വിരിഞ്ഞോട്ടെ.

ആഴ്‌ചകൾക്കുശേഷം മുട്ടയൊന്നിളകി. സാറയുടെ അടിവയറ്റിൽനിന്നും എന്തോ ഒന്ന്‌ ആത്മാവുപോലെ മുകളിലേക്കുകയറി മുലകൾക്കിടയിൽ കനംവച്ചു നിന്നു. മുട്ടയെ ഒന്നു തടവി. മുട്ടത്തോട്‌ ചെറുതായൊന്നു പൊട്ടിയിരിക്കുന്നു. ഏതാനും നാഴികകൾ മാത്രം ബാക്കി. അവൾ തുടകൾ ആവുന്നത്ര ചേർത്തുവച്ച്‌ ആവോളം ചൂടുപകർന്നു.

സൂര്യോദയത്തിന്‌ നാലുനാഴികമുമ്പ്‌, സാറയുടെ വീട്ടിൽനിന്നും ‘ഇളേള… ഇളേള..’ കരച്ചിൽ ആദ്യം കേട്ടത്‌ ഏലി. ചൂട്ടുകത്തിച്ച്‌ നേരെ പോയത്‌ വൈസ്രവണത്തി അക്കാമ്മയുടെ വീട്ടിലേക്ക്‌.

“കേക്കണണുണ്ടോ… പെഴ പുറത്തു വന്നു.”

“അവളെ ദൈവം ശിക്ഷിക്കും.”

അക്കാമ്മ മുരണ്ട്‌ തിരിഞ്ഞു കിടന്നുറങ്ങി.

ഏലി ചൂട്ടുകറ്റ നിലത്താഞ്ഞുകുത്തി.

ദൈവം ശിക്ഷിച്ചില്ല, ക്ലീറ്റസ്‌ പലപാടുകരഞ്ഞു. പലരും ചുണ്ടുകടിച്ച്‌ വേദന കടിച്ചമർത്തി.

മുറ്റത്ത്‌ മണ്ണുവാരി കളിക്കുമ്പോഴാണ്‌ ഏലി അവനെ ആദ്യമായി കണ്ടത്‌. സൂക്ഷിച്ചുനോക്കി സ്വർണ്ണനിറം. ഇത്രയും നിറത്തിലും ചേലിലും ഒരു കുഞ്ഞും ഇവിടെ ജനിച്ചിട്ടില്ല. പഴുത്തടയ്‌ക്കപോലെ മുഖം. വിത്തുഗുണം പത്തുഗുണം.

അധികനേരം കഴിയുന്നതിനുമുമ്പ്‌ സക്കാറികൾ ഓരോരുത്തരായി സാറയുടെ വീടിനുമുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മുറ്റത്തെ മണലിൽ മണ്ണുവാരികളിക്കുന്ന ക്ലീറ്റസിനെ അവർ ഏറുകണ്ണിട്ടുനോക്കി. പിന്നെ സാറ എവിടെയെന്നും നോക്കി. കാണാതായപ്പോൾ കുട്ടിയെ ശരിക്കൊന്നുകൂടി നോക്കി. ചിലർ കുറച്ചുനേരം മുന്നോട്ടുനടന്നു, എന്തോ മറന്നപോലെ ഒന്നുനിന്ന്‌ തലചൊറിഞ്ഞ്‌ തിരിച്ചുപോയി. മറ്റുചിലർ അങ്ങനെ തന്നെ മുമ്പോട്ടേക്കുനടന്ന്‌ മറ്റേതോ വഴികളിലൂടെ വന്നിടത്തേക്കു തന്നെ മടങ്ങി. സാറ എല്ലാം കണ്ട്‌ അലസമായൊന്നു ചിരിച്ചു.

പടക്കുപോയ പ്രിയന്മാരെകുറിച്ചുളള ഓർമ്മകൾ സക്കാറികളിൽനിന്നും വിട്ടകന്നു. ക്ലീറ്റസിനെ കുറിച്ച്‌ പറയാനും കേൾക്കാനും അവരങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്കു ചിലർ പഴയ പരിചയംവച്ച്‌ സാറയുടെ വീട്ടിലെത്തി ക്ലീ…റ്റ…സ്‌ എന്ന്‌ അമർത്തിവിളിച്ചു.

പടവെട്ടി ജയിക്കുന്ന വീരന്മാരുടെ മനമെന്തെന്ന്‌ അപ്പോൾ സാറക്കു മനസ്സിലായി. വേദനയിലൂടെ അവഹേളനങ്ങളിലൂടെ ഞെരിഞ്ഞുവരുന്ന സുഖവും. ഈ സുഖം അനുഭവിച്ച ഏക സക്കാറി പെണ്ണുതാനും.

വേദന അവളിൽ വിവേകമുണർത്തി, അവഹേളനം ജ്ഞാനവും. കാണാൻവന്നവർക്ക്‌ പുൽപായ വിരിച്ചു കൊടുത്തു സ്വീകരിച്ചു. തേങ്ങാപാൽ ചായയും തേങ്ങാപീരയും കൊടുത്തു.

ഏലിക്കു ക്ലീറ്റസിനെ വീടുവരെ കൊണ്ടുപോകാൻ അനുവദിച്ചു. ഏലിയുടെ കയ്യിൽനിന്നും മറിയ കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത്‌ ഉമ്മവച്ചു. ത്രേസ്യ അടുത്തുകൂടി ഓമനകവിളിൽ തലോടി. പോരാ എന്നു തോന്നിയപ്പോൾ വാരിയെടുത്ത്‌ തുരുതുരെ ഉമ്മവച്ചു.

ദിവസങ്ങൾക്കുളളിൽ സക്കാറയിലെ പെണ്ണുങ്ങളെല്ലാം സാറയുടെ വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു. സക്കാറയുടെ കിരീടാവകാശിയുടെ കൈയോ കാലോ ആദ്യം വളരുന്നതെന്നു നോക്കിയും കണ്ടും അവനങ്ങു വളർന്നുവന്നു.

കൈകളിൽനിന്നും കൈകളിലേക്കും, തോളുകളിൽനിന്നും തോളുകളിലേക്കും അവൻ മാറിമാറി ഒഴുകി.

അന്ന ആരുമറിയാതെ അവനെ മുലയൂട്ടി. മുലപ്പാലില്ലാത്തതിനാൽ അവൻ ചുണ്ടുമാറ്റിയപ്പോൾ അവൾക്കു ദേഷ്യം തോന്നിയില്ല, പകരം ഉളളിലൊരു തേങ്ങലായിരുന്നു.

കളിക്കുവാൻ കൂട്ടുകാരില്ലാത്തതിനാൽ വിഷമിക്കേണ്ടിവന്നില്ല. ശോശകിളവി മുട്ടുകുത്തി അവന്റെയൊപ്പം നടന്നു. ക്ലീറ്റസ്‌ പൊട്ടിച്ചിരിച്ചു, ശോശകിളവിയും. അതുകണ്ടപ്പോൾ സാറയും പൊട്ടിച്ചിരിച്ചു.

നടന്നു തുടങ്ങിയപ്പോൾ സക്കാറികൾ കൈപ്പത്തികൾ അവന്റെ നടവഴികളിൽ വച്ചുകൊടുത്തു. ഓമനകാലുകളിൽ മണ്ണു പുരളരുതല്ലൊ.

പെഴ എന്നു പണ്ടുപറഞ്ഞവർ പറഞ്ഞതിനെ പഴിച്ചു.

പിഴച്ചിട്ടെങ്കിലും ഒന്നു പൊരുന്തിപ്പിക്കണമേ എന്ന്‌ ത്രേസ്യ മുട്ടുകുത്തി ദൈവത്തോടു പ്രാർത്ഥിച്ചു. അങ്ങനെ പ്രാർത്ഥിച്ച മറ്റുപല പെണ്ണുങ്ങളുമുണ്ടായിരുന്നു. ദൈവം അനങ്ങിയില്ല. എല്ലാ ആവശ്യവും അംഗീകരിച്ചുകൊടുത്താൽ ദൈവം നാലാംപക്കം മണ്ണായിമാറില്ലെ.

ഇനിയും പലരും കടലിൽനിന്നും കയറിവരും എന്നുകരുതി മറിയ കടൽക്കരയിൽ പോയിനിന്നു. എല്ലാവരും സാറ ഭാഗ്യവതി എന്നു മനസ്സിൽ പറഞ്ഞു.

കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ വിദ്യകൾ വയസ്സഞ്ചുകഴിഞ്ഞപ്പൊഴെ സാറ അവനെ പഠിപ്പിച്ചു തുടങ്ങി. മാർജ്ജാര വിദ്യയും ശ്വാനവിദ്യയും കയ്യടക്കിയപ്പോൾ അവന്‌ വയസ്സ്‌ പന്ത്രണ്ടായി. ആനവിദ്യയും അസുരവിദ്യയും നേടിയെടുത്താൽ ഒരു പടയെ ഒറ്റക്കുനേരിടാം. സാറ അവന്റെ ചെവിയിൽ മന്ത്രങ്ങൾ കോരിനിറച്ചു. തന്ത്രം പഠിക്കുന്നതിൽ അവൻ മിടുക്കനായിരുന്നെങ്കിലും മന്ത്രങ്ങളിൽ അവൻ പിശുക്കുകാണിച്ചു.

എതിരിടാൻ പ്രതിയോഗികളില്ലാത്തതിനാൽ വിദ്യകൾ പലതും മുടങ്ങി. മുനയൊടിഞ്ഞ ഒരുവാളും തുരുമ്പുപിടിച്ച ഒരു പരിചയും നേരിടാൻ വാഴത്തടകളുമായിരുന്നു പഠനസാമഗ്രി. എങ്കിലും സാറ ആശ കൈവെടിഞ്ഞില്ല.

സ്വന്തമെന്നു പറയാൻ ഒരു വീടുണ്ടായിരുന്നെങ്കിലും ക്ലീറ്റസിന്‌ എല്ലാവീടും സ്വന്തമായിരുന്നു. ചെറിയൊരു മീശയും ഒത്തശരീരവും രാജാവിനെപോലെ നെഞ്ചുവിരിച്ചു നടക്കുവാനും തുടങ്ങിയപ്പോൾ ആനി അവനെ ഒളിഞ്ഞുനിന്ന്‌ ആസ്വദിച്ചു.

സക്കാറിപെണ്ണുങ്ങളിൽ ഏറ്റവും പ്രായക്കുറവ്‌ പതിനെട്ടുവയസ്സ്‌ പ്രായമുളള ആനിക്കായിരുന്നു. ക്ലീറ്റസിനോട്‌ ഏറ്റവും അടുത്തുനിൽക്കേണ്ടവൾ. മറിയയുടെ മകൾ ആനി ജീവിതത്തിലുടനീളം ആണായ ഒരുത്തനേയും നേരിൽ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കുമോ എന്തോ അവളുടെ രൂപം തീർത്തും വികൃതവുമായിരുന്നു.

ഒട്ടകപക്ഷിയുടെപോലെ കാലും അതിനുമുകളിൽ ഏതാണ്ടൊരുമാതിരി രൂപവും, ചിരിച്ചാൽ കറുത്ത മോണയടക്കം മുൻനിരപല്ലുകൾ പുറത്തുചാടും.

ക്ലീറ്റസിന്റെ പന്ത്രണ്ടാം വയസ്സുമുതൽ അവളുടെ കണ്ണുകൾ അവന്റെ പെരുവിരലിൽകൂടി തലയറ്റംവരെ അരിച്ചുകയറുകയും പെരിത്തിറങ്ങുകയും ചെയ്‌തു.

സക്കാറയുടെ രാജാവ്‌.

അവന്റെ കണ്ണിൽ തന്റെ രൂപം പതിയുക എന്നുവച്ചാൽ ജീവിതം ബടുഭേഷ്‌. രണ്ടുവർഷം അവൾ ചാഞ്ഞും ചരിഞ്ഞും നോക്കിനടന്നു.

സക്കാറിപെണ്ണുങ്ങൾ പൊരുന്തുന്നതിന്റെ നോവുംസുഖവും, എരിവും പുളിയും ചേർത്ത നൂറു കഥകൾ അവൾ കേട്ടിരുന്നെങ്കിലും ഒന്നുപൊരുന്താൻ അവൾക്ക്‌ യോഗമില്ലാതെ പോയി.

ക്ലീറ്റസിന്റെ ഒരു മുട്ടയിടണം. അതിനുമുകളിൽ എട്ടല്ല എൺപതുമാസവും പൊരുന്തണം. തോടുപൊട്ടി മറ്റൊരു ക്ലീറ്റസ്‌ പുറത്തുവരും. ക്ലീറ്റസിന്റെ അനന്തരാവകാശി. അവനും സക്കാറയുടെ രാജാവ്‌.

ഒളിഞ്ഞു നിന്ന്‌ അവനെ ആസ്വദിക്കുന്ന കാര്യത്തിൽ പ്രായവ്യത്യാസം ആരേയും തടഞ്ഞില്ല.

ക്ലീറ്റസെ…. സക്കാറയുടെ രാജാവെ….. രാജാധിരാജാ എന്നീവിളികൾ ശൃംഗാരവിളികളായി മാറി.

ചിന്ന അവന്റെ മുമ്പിൽനിന്ന്‌ ചട്ട അഴിച്ച്‌ മറ്റൊന്നു ധരിച്ചു. അവൻ പാളിനോക്കുന്നത്‌ എവിടേക്കെന്ന്‌ ഒളിയിട്ടുനോക്കി.

റോസക്ക്‌ വയസ്സ്‌ അമ്പത്‌ കഴിഞ്ഞെങ്കിലും നിലത്തിരുന്ന്‌ ക്ലീറ്റസ്സിന്‌ ചായ ഒഴിച്ചുകൊടുത്തത്‌ ഉടുമുണ്ട്‌ ആവോളം പൊക്കികുത്തിയിട്ടായിരുന്നു. ലക്ഷ്യം തെറ്റിയില്ല. റോസയൊന്ന്‌ ഇളകി ചിരിച്ചു.

വീടുകൾക്കുളളിൽ പല കൈകളും അറിയാത്തമട്ടിൽ അവനെ തൊട്ടും തലോടിയുമിരുന്നു.

‘പ്രിയപുങ്കവാ….. ഊഞ്ഞാലാടാ…… ’കുഞ്ഞന്നാമ്മ നീട്ടിവിളിച്ചു.

ആനി അവനെ വളളം തുഴയാൻ പഠിപ്പിച്ചു. തുഴയുന്നതിനിടയിൽ അവൾ തന്റെ ഇത്തിരിക്കാട്ടം മുല അവന്റെ പുറത്തുമുട്ടിച്ചു. അതെത്രനേരം.

“എനക്ക്‌ ഇസ്‌ടമാ….”

“എനക്കും… ” അവനാ ദാരിദ്ര്യം പിടിച്ച പെണ്ണിന്റെ ഉണക്കകവിളിൽ മൂക്കുരച്ചുകൊണ്ടു പറഞ്ഞു.

“നേരോ?”

“നേര്‌.”

അവന്റെ കൈ അങ്ങേയറ്റം വരെ നീണ്ട്‌ അവളുടെ കുഴിനഖം കുത്തിയ കാൽവിരലിനെ തടവിക്കൊണ്ടിരുന്നു. പിന്നീടവ നീണ്ടുവളഞ്ഞ്‌ ആനിയുടെ ആസനംവരെ എത്തി.

ആനിക്ക്‌ ആക്രാന്തം.

“ഹെന്റെ… ആത്മാവെ…” അവളൊന്നു ഞരങ്ങി.

“ഞാനൊ..”

“നീതാൻ”

ചന്ദ്രോദയം പൂർണ്ണമായപ്പോൾ പൂപ്പറമണമുളള അവളുടെ ശരീരം അവൻ നക്കിത്തുടക്കുകയായിരുന്നു. അവൾ എല്ലാം മറന്ന്‌ അവനെ കെട്ടിപ്പിടിച്ചു. ‘നാൻ സ്വർഗ്ഗപ്പൂതാക’ എന്നുപറഞ്ഞ്‌ അവന്റെ പുറത്ത്‌ താളംപിടിച്ചു.

“നാനും”.

കൊതിപറ്റിയ ക്ലീറ്റസ്‌ ഇരകളിൽനിന്നും ഇരകളിലേക്കു പാഞ്ഞു. വാതിലുകളിൽ മുട്ടേണ്ടി വന്നില്ല, താനെ തുറന്നു കൊടുത്തു.

നാളുകൾ കഴിഞ്ഞപ്പോൾ സക്കാറയിലെ പെണ്ണുങ്ങൾ കുറഞ്ഞുവരുന്നതായി സാറക്കുതോന്നി. പതിവായി കാണാറുളള ഏലിയേയും സൂശനേയും കാണാനില്ല. പലവീടുകളിലും പുകക്കുഴലുകൾ നിശ്ചലമായി. ഏലിയുടെ വീട്‌ അകത്തുനിന്നും അടച്ചിട്ടിരിക്കുന്നു. മുട്ടിയിട്ടും അനക്കമില്ല. ഇനി പൊരുന്തുകയാണൊ?

സൂശന്റെ വീടന്വേഷിച്ചു പോകുന്നതിനിടയിൽ പല വീടുകളും അകത്തുനിന്നും അടച്ചിട്ടിരിക്കുന്നതു കണ്ടു. മുട്ടിയിട്ടും അനക്കമില്ല. ഇനി പൊരുന്തുകയാണൊ? ആരുകൊത്തി ഇവരെയെല്ലാം. ക്ലീറ്റസ്സല്ലാതെ ഒരാൺതരി ഇവിടെയില്ലല്ലൊ. ഓർത്തതും സാറയൊന്നു നടുങ്ങി. ‘ക്ലീറ്റസ്സൊ?“

”ക്ലീറ്റസ്സെ“ സാറ നിന്നനിൽപ്പിൽ അലറിവിളിച്ചു.

തെങ്ങിൻതോപ്പിൽ ചെന്നുനിന്ന്‌ വീണ്ടും വിളിച്ചു. ഓടിനടന്ന്‌ കിണറ്റിൻകരയിലും കടൽപുറത്തുംപോയി നിന്നുവിളിച്ചു.

വിളികേട്ട പൊരുന്തികൾ വായ്‌മൂടി ചിരിച്ചു.

സാറ ക്ലീറ്റസിനെ വിളിച്ചുകൊണ്ട്‌ തെരുവുകളിലൂടെ ഓടി.

പൊരുന്തികൾ മോന്തായവാതിൽ പതുക്കെ തുറന്ന്‌ സാറയെ നോക്കി രസിച്ചു.

അടിവയറ്റിൽ മുട്ടപേറിയ ത്രേസ്യ അറിയാത്തമട്ടിൽ

”എന്തേ…എന്തുപറ്റി?“

”അവരാതി… നീ എന്തേ പൊരുന്തു തുടങ്ങിയില്ലെ…?“

സാറക്കങ്ങട്‌ ഇളകി. മറുപടി കേട്ട്‌ ത്രേസ്യ അകത്തേക്കു വലിഞ്ഞു.

കാഞ്ഞിരമൂട്ടിൻ മറവിൽ ആനിയെ പുതഞ്ഞുകിടന്ന ക്ലീറ്റസ്‌ അവളെ ഉന്തിമാറ്റി പുറത്തേക്കിറങ്ങി ഓടി. അവൾ പിറകെ ഓടിച്ചെന്ന്‌ അവന്റെ കൈകളിൽ പിടിച്ചുവലിച്ചു കരഞ്ഞു.

”നീ പോകരുത്‌ അപകടമാ… നീ പോകരുത്‌ അപകടമാ….“

കാഞ്ഞിരമൂട്ടിൻ മറവിൽനിന്നും പാറയുടെ വിളളലുകളിലേക്ക്‌ അവളവനെ നയിച്ചു.

അലറിമടുത്ത സാറ ഏലിയുടെ വീട്ടിൽ ചെന്ന്‌ കതകിൽ മുട്ടിവിളിച്ചു.

”ഏലീ… നീ.. കതക്‌ തുറക്ക്‌.“

നാലു പ്രാവശ്യം വിളിച്ചിട്ടും കതക്‌ തുറക്കുന്നില്ല എന്നുകണ്ടപ്പോൾ കാലുകൊണ്ട്‌ നാലുചവിട്ടു കൊടുത്തു. ഫലമില്ലെന്നു കണ്ടപ്പോൾ മുണ്ടുമടക്കികുത്തി മോന്തായത്തിലേക്കു വലിഞ്ഞുകയറി. മോന്തായം പൊളിച്ച്‌ മച്ചിലേക്കു നോക്കി. മച്ചിലിരുന്നു പൊരുന്തുന്ന ഏലി എന്തുംവരട്ടെ എന്നുകരുതി അനങ്ങാതിരുന്നു.

’എന്തരെടി…. പൊരുന്തണത്‌”

“പാരുന്തണതല്ല വെറുതെ ഒന്ന്‌…” പറഞ്ഞുതീരുംമുമ്പ്‌ സാറ താഴേക്കിറങ്ങി മോന്തായവാതിലിലൂടെ അവളെപിടിച്ചു പുറത്തേക്കുതളളി. ഏലി ഓലചുരുളുകളിലൂടെ താഴേക്കുപതിച്ചു.

സാറ മുട്ടയെത്തന്നെ നോക്കിനിന്നു. തകർക്കണമോ… വേണ്ടയോ… ജീവരക്തമുട്ട വഴിമുടക്കിയാൽ തകർക്കുക തന്നെവേണം. ജീവിതമല്ല, നിലനില്പ്‌. ആലോചിച്ചുനിന്നില്ല. പകുതി വേദനയും പകുതി ആശ്വാസവുമായി സാറ പേരക്കുട്ടിമുട്ടയെ തെരുവിലേക്കെറിഞ്ഞു.

മുട്ടത്തോട്‌ ചിന്നിച്ചിതറി. മഞ്ഞക്കരു മണലിൽ പരന്നുവീണു.

ഏലി വാവിട്ടുകരഞ്ഞുകൊണ്ട്‌ നെഞ്ചിൽ നാലിടി ഇടിച്ചു.

“മോങ്ങാതെടി അസത്തെ.”

സാറ മറുതയുടെ വീട്ടിലേക്കു കുതിച്ചു. വാതിലിൽ മുട്ടിയില്ല. നേരെ മുകളിലേക്കു കയറി അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു.

“എന്തരെടി… പൊരുന്തണത്‌?”

“പാരുന്തണതല്ല വെറുതെ ഒന്ന്‌..” പറഞ്ഞുതീരും മുമ്പ്‌ മറുതയെ പൊക്കി നാഭിക്കു ചവിട്ടി. മുടിയിൽ പിടിച്ചു നാലു കറക്കുകറക്കി. മോന്തായവാതിലിൽ തലയിടിപ്പിച്ചപ്പോൾ അതു പൊളിഞ്ഞു താഴെവീണു. അരുതെന്നു പറയുന്നതിനുമുമ്പെ പിന്നിൽനിന്നൊരു ചവിട്ട്‌. മറുത പുറത്തേക്കു തെറിച്ചു. അവൾ താഴെ എത്തുംമുമ്പ്‌ മുട്ട തെരുവിൽ പൊട്ടിച്ചിതറി.

മറുത അലമുറയിട്ടുകരഞ്ഞു.

അടയിരിക്കുന്ന പെണ്ണുങ്ങൾ മോന്തായവാതിൽ തുറന്ന്‌ കലഹം നടക്കുന്നിടത്തേക്കു നോക്കി. മുട്ടപേറിയിരുന്നവർ വീടുകൾക്കുളളിലേക്കു കയറി. തെരുവിൽ ഏലിയും മറുതയും നിന്നു കരയുന്നു. അന്നയുടെ വീടിന്റെ മോന്തായത്തിൽ കയറിനിന്ന്‌ സാറ തെറിവിളിക്കുന്നു. രണ്ടു മുട്ടകൾ തെരുവിൽ പൊട്ടിച്ചിതറി കിടക്കുന്നു.

മഹാപ്‌രാക്ക്‌.

അന്നയുടെ വീട്ടിൽനിന്നും അന്നയും മുട്ടയും പുറത്തുവീണപ്പോൾ കണ്ണൊന്നടച്ചു. വീണ്ടും പാളിനോക്കി. മോന്തായവാതിൽ ചേർത്തടച്ചു.

അപകടം.

എല്ലാവരും മനസ്സിൽ ഒന്നിച്ചുപറഞ്ഞു.

വൈസ്രവണത്തി അക്കാമ്മക്ക്‌ പൊറുതിമുട്ടി. വയറ്റിലെ മുട്ടക്ക്‌ മൂന്നുമാസം. അവൾ മോന്തായവാതിലിലൂടെ പുറത്തേക്കു ചാടി.

“കഴുബേറീന്റെ മോളെ… ഒന്നുപൊരുന്ത്യാ.. നീ എന്നാ ചെയ്യും…”

അതുകേട്ടപ്പോൾ പൊരുന്തിയിരുന്ന പെണ്ണുങ്ങൾ ഓരോന്നോരോന്നായി പുറത്തേക്കുചാടി.

സാറ കൂസിയില്ല. അക്കാമ്മയുടെ നേരെ അരികിലേക്കുവന്ന്‌ മൂക്കിനുനേരെ വിരൽചൂണ്ടി.

“ഒന്നു പെഴച്ചേനു കിട്ടിയ പെലാട്ടു മറന്നിട്ടില്ലെടി… അതിന്റെ ബക്കീന്നു വേണൊ നിനക്കൊക്കെ നിന്നുപിഴക്കാൻ… ചൊണേണ്ടങ്കി,… ശേലായിട്ട്‌ ഇരുന്നൊന്ന്‌…. പൊരുന്തടി…”

“ശേലായിട്ടു തന്യാൺട്യെ… ശേലായിട്ടുതന്യാ.. എടിയേ.. നങ്ങടെ മൊട്ടേന്റെ തന്ത ആരാന്ന്‌.. നങ്ങക്കറിയാം… നിനക്കൊ…?”

“നിന്റെ മൊട്ടേന്റെ മൊട്ട… അതിന്റെ മൊട്ട… അതാണെടീ മൊട്ടാച്യെ… കാണണം ഒരു പെലാടിച്ചീങ്കിലും ഇവിടിരുന്ന്‌ പൊരുന്തണത്‌…”

“നിങ്ങള്‌.. സമാധാനപ്പെടിൻ… കൂട്ടരെ..” ശോശക്കിളവി

“സമാതാനം… കമാസാനം… സാമാനം..” സാറ ഉടുമുണ്ട്‌ ആഞ്ഞുപൊക്കി.

ഭാഗ്യം അക്കാമ്മ അതുകണ്ടില്ല.

സക്കാറിപെണ്ണുങ്ങളെല്ലാം അക്കാമ്മയുടെ ചുറ്റുംകൂടി. ചിലർ വട്ടംചേർന്ന്‌ ഏലിയേയും മറുതയേയും അന്നയേയും ആശ്വസിപ്പിച്ചു.

അക്കാമ്മ നിന്നനിൽപ്പിൽ ശ്വാസം അകത്തോട്ടുവലിച്ച്‌ നെഞ്ച്‌ മേല്പോട്ടുതളളിച്ച്‌ ആകാശചരുവിലേക്കുനോക്കി വിളിച്ചുപറഞ്ഞു.

“നിങ്ങളെല്ലാം പോയി പൊരുന്തിക്കൊളളിൻ…ഇവളെ നാൻ നോക്കും.”

അക്കാമ്മ പറഞ്ഞത്‌ പെണ്ണുങ്ങൾക്കാർക്കും വിശ്വാസമായില്ല. ഇടക്ക്‌ സാറ വന്ന്‌ ആക്രമിച്ചാലൊ. പോകാൻ ഒരുക്കമല്ലെന്നു കണ്ടപ്പോൾ അവൾ വീണ്ടും പറഞ്ഞു.

“ബഴീണ്ട്‌.., എല്ലാരും മൊട്ട എടുത്തോണ്ട്‌ ബരീൻ… കടൽപുറത്തിരുന്ന്‌ കൂടി പൊരുന്തിക്കൊളളിൻ…”

കൂട്ടപൊരുന്തൽ സുരക്ഷിതമാണെന്നു തോന്നിയപ്പോൾ പെണ്ണുങ്ങൾ തിരിഞ്ഞുനിന്നു കൂവി… ആർത്തുവിളിച്ച്‌ മുട്ടയെടുക്കാൻ പോയി.

സാറക്കു ദേഷ്യം ഇരച്ചുകയറി. തലക്കുളളിൽ ഏതോ ചില ഞരമ്പുകൾ പൊട്ടുന്നതുപോലെ തോന്നി. മുടിയഴിച്ച്‌ നിലത്തടിച്ചു. മണലിൽ കിടന്നുരുണ്ടു. മണലുവാരി അവർ പോയവഴി എറിഞ്ഞു. കടുകുപൊട്ടുംപോലെ പല്ലുഞ്ഞറുമ്മി.

“മൈരോള്‌..”

എല്ലാം കേട്ടുകൊണ്ട്‌ പാറയുടെ വിളളലിൽ ക്ലീറ്റസിനെ പുതഞ്ഞുകിടന്ന ആനി സത്യമറിഞ്ഞപ്പോൾ ഒന്നു ഞെട്ടി. തലമുറ തായ്‌വഴിയായി കിട്ടിയ കണ്ണുനീര്‌ കരകവിഞ്ഞൊഴുകി. അതും ആവോളം.

“ചതിക്കുവാരുന്നു.”

മുട്ടകളുടെ ജീവശാസ്‌ത്ര രഹസ്യം അറിയാതെപോയ ക്ലീറ്റസ്‌ സംഭവിക്കുന്നതെന്തെന്നറിയാതെ കേഴുകയായിരുന്നു.

“നാൻ എന്നാചെയ്‌തു.”

മറുപടി പറയാതെ അവൾ ഹവ്വായോളം വളർന്ന്‌ അവനെ തളളിമാറ്റി പുറത്തേക്കോടി.

“നാൻ നിന്റെ തുണ… നീ…എന്നെവിട്ടുപോകരുത്‌.”

അവൻ പറഞ്ഞതത്രയും കടൽതിര വിഴുങ്ങികളഞ്ഞിരുന്നു.

ആനി ഒന്നല്ല രണ്ടു മുട്ടയുമായാണ്‌ കടൽക്കരയിലെത്തിയത്‌. അതിൽ ഒരു മുട്ട ഏലിക്കും ത്രേസ്യക്കും മറുതക്കും കൊടുത്തു. അവരതിൽ മാറിമാറിയിരുന്ന്‌ പൊരുന്താമെന്നേറ്റു.

കടൽക്കരയിൽ നീട്ടിനിരത്തി വൈക്കോൽ വിരിച്ചു. അതിനുമുകളിൽ പൊരുന്തൽ പട്ടുവിരിച്ചു. ഒരു കൈ അകലത്തിൽ മുട്ട നിരത്തി. അണ്ഡസ്‌തോത്രം ഉറക്കെചൊല്ലി. മുട്ടയെ മൂന്നു വലംവച്ചു.

പൊരുന്തലൊഴിഞ്ഞ ശോശക്കിളവി ആനിയെ പൊരുന്താൻ പഠിപ്പിച്ചു. മുട്ടപേറിയ അക്കാമ്മ ചില്ലറ ഉപദേശങ്ങൾ കൊടുത്ത്‌ ചുറ്റുംനടന്നു. പൊരുന്തലുകാർക്ക്‌ കട്ടൻചായയും കപ്പപുഴുക്കും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അഞ്ചുമാസം മുട്ട പേറിയ അന്നയും മറിയയും.

“മറിയെ… നിന്റെമോള്‌, ആനി മിടുക്കിയാണല്ലൊ.”

പെൺ തന്ത്രത്തിന്റെ അറുപത്തിനാലടവും പതിരില്ലാതെ പയറ്റിയ മകളെ ഓർത്ത്‌ മറിയ അഭിമാനിച്ചു.

“അന്നേ… എന്റെ മുട്ട ഇളകുന്നതായി തോന്നുന്നു.”

“ഓ.. തോന്നുന്നതാ മറിയെ… അഞ്ചുമാസമല്ലെ ആയുളളൂ.”

അന്ന ചായ കോപ്പയിലേക്കു പകർന്നു.

രാത്രിയുടെ മറവ്‌. പാറയുടെ വിളളലിൽ നിന്നും നെഞ്ചിലേറ്റ വിളളലുമായി ക്ലീറ്റസ്‌ പുറത്തുവന്നു. ശൂന്യമായ തെരുവ്‌. ഞൊടിച്ചും ഞൊട്ടിയും മാടിയും വിളിച്ച ജനലുകളും വാതിലുകളും അടഞ്ഞിരിക്കുന്നു. കെട്ടിമറിഞ്ഞ അകത്തളങ്ങളിൽ നിശബ്‌ദത. കണ്ണുകൾ പാളിവന്ന മോന്തായ വാതിലുകൾക്ക്‌ അന്ധകാരം.

വേദന ആദാമിന്റെ മധുരക്കനിയോളമെത്തി.

മണലിലൂടെ നടന്നപ്പോൾ കാലിൽ മുളളു തറക്കുന്നതുപോലെ തോന്നി. ഒഴുകിവന്ന കാറ്റിന്‌ ചീമുട്ടയുടെ മണവും.

കലങ്ങിനിന്ന സാറയുടെ മുമ്പിലെത്തി തലകുമ്പിട്ടു നിന്നപ്പോൾ ഇനിയെന്ത്‌ എന്നറിയില്ലായിരുന്നു.

“ഇനി ഇവിടെ ആരേലും ബാക്കിയുണ്ടോടാ…?”

കുന്തിരിക്കപ്പന്തംപോലെ കത്തുന്ന കണ്ണുകൾ. ദൃഷ്‌ടിയുടെ ശക്തി അവന്റെ തല പിളർത്തി പിന്നിലേക്കുപാഞ്ഞു.

“സക്കാറയുടെ തൊപ്പി എത്രപേർക്ക്‌ വീതിച്ചു കൊടുക്കണമെടാ…”

“മോഹിക്കണം… മനിസേനായാ… മോഹിക്കണം. ഒന്നിനെ അതും നല്ലതിനെ.”

കുറച്ചു നേരത്തേക്ക്‌ രണ്ടുപേരും ഒന്നും പറഞ്ഞില്ല.

ക്ലീറ്റസ്‌ മുഖത്തേക്കു നോക്കുന്നതും കാത്ത്‌ സാറ കുറെനേരം അങ്ങനെതന്നെ നിന്നു. ഇടയ്‌ക്കവനൊന്ന്‌ സാറയെ പാളിനോക്കി.

“ഉടയ്‌ക്കാമോടാ മുട്ടകളൊക്കെ…. ഓടിക്കണം അവറ്റകളെ.”

അപ്പോഴും അവനൊന്നും പറഞ്ഞില്ല.

“പറ്റ്വോടാ…”

ഉളളിൽ ജീവിതശാസ്‌ത്രങ്ങളുടെ താളുകൾ മറിയുന്ന വേദനയോടെ അവൻ അകത്തേക്കു കയറിപോയി. അപ്പോൾ കടൽകരയിൽനിന്നും പൊരുന്തൽ പാട്ടുകൾ കേട്ടുതുടങ്ങിയിരുന്നു.

നാലുനാൾക്കകം ചിന്നയുടെ മുട്ടയുടെ വെളളപ്രസരിപ്പ്‌ മാഞ്ഞു. അക്കാമ്മയെ വിളിച്ച്‌ അടക്കിപറഞ്ഞു.

“അലസി എന്നു തോന്നുന്നു.”

അക്കാമ്മയ്‌ക്ക്‌ പരിശോധിക്കേണ്ടി വന്നില്ല.

“ചീമുട്ട”.

ചിന്ന കടലിൽ മൂന്നുമുങ്ങി ഈറനുടുത്തുവന്ന്‌ ചൂമുട്ടയെ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു.

“ചീമുട്ട പുറത്ത്‌… പോ. പോ… പോ.. ” പൊരുന്തികൾ വിളിച്ചു പറഞ്ഞു.

ചിന്ന മുട്ടയെ കടലിലേക്ക്‌ താഴ്‌ത്തി. കടൽകരയിൽ അണ്ഡപരിഹാരക്രിയ നടത്തി പതിനൊന്നു മുങ്ങി തിരിച്ചുവന്ന്‌ തെങ്ങിൻ ചോട്ടിലിരുന്ന്‌ തേങ്ങി

ആനിയുടെ അപ്പനിൽ നാലുമുട്ടയിട്ട മറിയയ്‌ക്ക്‌ ഇത്തവണ തോലുമുട്ട.

“പരീസിക്കണ്ട പ്രേതസാപം… കഴുകനു കൊടുക്കിൻ… ഹൊ..ഹൊ..ഹൊ.”. ശോശക്കിളവി തലയിൽ കൈവച്ചു.

ആരുടെ പ്രേതം മറിയ ഒന്നു കിടുങ്ങി. ആനിയുടെ അപ്പൻ ഉലഹന്നാനച്ഛായന്റെയോ? എങ്കിൽ പടയ്‌ക്കുപോയ മറ്റുളളവരോ? ആയിരിക്കില്ല. ആനിയുടെ മുത്തിയെ ശരിക്കും ദണ്ഡിപ്പിച്ചിട്ടുണ്ട്‌. അതിന്റെയാവും. തളളയും ശരിയായിരുന്നില്ല. ഒന്നിനു മൂന്നുപറയും.

ശോശക്കിളവി മുട്ടയെ പാറപ്പുറത്തേക്കുമാറ്റി. പ്രേതമന്ത്രം ചൊല്ലി തിരിച്ചുപോന്നു. എവിടെ നിന്നോ ഒരു കഴുകൻ മുട്ടയെ റാഞ്ചി പറന്നുപോയി. പ്രേതാത്മാവിനു നിത്യശാന്തി.

അക്കാമ്മ മുട്ടയിട്ട്‌ എട്ടു നാഴിക കഴിഞ്ഞപ്പോൾ ആനിയുടെ മുട്ടവിരിയാൻ തുടങ്ങി. കൂട്ടപൊരുന്തലിലെ ആദ്യമുട്ടയെ പൊരുന്തികൾ കണ്ണുകളയച്ച്‌ കാത്തിരുന്നു. എല്ലാവരുടെയും ഹൃദയം ഒരേ താളത്തിൽ തുടിക്കാൻ തുടങ്ങി. പൊരുന്തൽപാട്ടിന്റെ നാലാംപദം പാടി തുടങ്ങിയപ്പോൾ ആനിയുടെ മുട്ടവിരിഞ്ഞു.

പെൺകുഞ്ഞ്‌.

“അപ്പനേപ്പോലെതന്നെ…” ശോശക്കിളവി.

“അതുതന്നെ… അതുതന്നെ.. ” പൊരുന്തികൾ.

“വാർത്തു വച്ചിരിക്കുന്നു.” സൂശാൻ

“അതേയതേ…” പൊരുന്തികൾ.

“അതേമുഖം.. അതേനോട്ടം.”

“അങ്ങനെതന്നെ..” പൊരുന്തികൾ ഏറ്റുപറഞ്ഞു.

“മതിയെടീ…. പൊലിപ്പിച്ചത്‌….” അക്കാമ്മ ഒന്ന്‌ അമറിയപ്പോൾ എല്ലാവരും ചുണ്ടിൽ വിരൽവച്ചു.

അവൾ മുട്ടയിൽ നിന്നെഴുന്നേറ്റ്‌ കുഞ്ഞിനെ ഒന്നു നോക്കി. ഒരു കുരങ്ങനേപ്പോലെ ചുരുണ്ടു കിടക്കുന്നത്‌ മനുഷ്യകുഞ്ഞാണോ എന്നുപോലും സംശയം. കണ്ണു തുറന്നിട്ടില്ല.

പെണ്ണുപിഴച്ചില്ല എന്നു വരുത്തേണ്ടെ? പൊരുന്തികൾ കണ്ണുമിഴിച്ച്‌ ചുറ്റുംനോക്കി.

മനമറിഞ്ഞ അക്കാമ്മ കിറികോട്ടി പതുക്കെ ചിരിച്ചു.

“ആരുടെ മാനം കാക്കാനെടി…”

പെൺതന്ത്രത്തിന്റെ ഭർത്തൃദൃഢതന്ത്രം ആദ്യമായും അവസാനമായും സക്കാറയിൽ അക്കാമ്മയുടെ മുമ്പിൽ ഒന്നുപിഴച്ചു.

അധികം കാത്തു നിൽക്കേണ്ടിവന്നില്ല. ഓരോ ദിവസവും ഓരോ മുട്ടവീതം വിരിയാൻ തുടങ്ങി. എല്ലാം പെൺകുഞ്ഞുങ്ങൾ.

അടുത്തത്‌ ആൺതരിയാകണമേ എന്ന്‌ എല്ലാവരും നെഞ്ചുരുകി പ്രാർത്ഥിച്ചു.

പൊരുന്തൽ പാട്ടുകൾക്ക്‌ ഈണം തെറ്റി അവ രോദനമായി മുഴങ്ങി. അക്കാമ്മയുടെയും അന്നയുടെയും അവസാന മുട്ടകൾ വിരിയുന്നതും കാത്ത്‌ പെണ്ണുങ്ങൾ കാവലിരുന്നു. കണ്ണിമകൾക്ക്‌ കനംകൂടിയപ്പോൾ ആരും കടൽക്കര വിട്ടില്ല. ദൈവം എല്ലാവരേയും ഒരുപോലെ പരീക്ഷിക്കില്ലല്ലോ.

പിറന്നു വീണ കുഞ്ഞുങ്ങളുടെ കരച്ചിലിനിടയിൽ അക്കാമ്മയുടെ മുട്ടവിരിഞ്ഞു. പെൺകുഞ്ഞ്‌.

പെണ്ണുങ്ങൾ നീണ്ട നെടുവീർപ്പിട്ട്‌ ചുറ്റും നോക്കി.

നിലാവു പെയ്യുന്ന രാത്രിയുടെ മൂന്നാം യാമത്തിൽ തിരമാലകളുടെ വേഗതയും സിരകളിലൂടൊഴുകുന്ന ചോരയുടെ വേഗതയും ഒന്നായി മാറിയ മുഹൂർത്തത്തിൽ അന്നയുടെ മുട്ടയും വിരിഞ്ഞു. പെൺകുഞ്ഞ്‌

“കുലം മുടിഞ്ഞുപോയല്ലൊ… കർത്താവെ…” കുഞ്ഞന്നാമ്മ ആകാശത്തേക്കുനോക്കി നെഞ്ചത്തടിച്ചു.

“നങ്ങളോടീ..ചതി.. വേണാരുന്നോ..” ആനി നെഞ്ചത്തടിച്ച്‌ അലറിവിളിച്ചു.

അതു കണ്ടപ്പോൾ മറ്റുപെണ്ണുങ്ങളും നെഞ്ചത്തടിച്ചു കരഞ്ഞു.

കരച്ചിലൊന്നടങ്ങിയത്‌ സാറയുടെ പൊട്ടിച്ചിരിക്കേട്ടാണ്‌. ക്ലീറ്റസ്‌ അടുത്തുതന്നെ നില്പുണ്ട്‌.

“ഉളളുരുകി പ്‌രാകിയാ… ഫലിക്കുമെടീ… അതുഫലിക്കും.” സാറ വീണ്ടും പൊട്ടിച്ചിരിച്ചു. ക്ലീറ്റസ്‌ ചിരിക്കുന്നില്ല എന്നു കണ്ടപ്പോൾ കാലിനൊരു ചവിട്ടുകൊടുത്തു. പിന്നെ അമ്മയും മകനും ഒന്നിച്ചു ചിരിച്ചു.

പൊട്ടിച്ചിരി പൂനിലാവിൽ നിന്നുമുഴങ്ങി.

അതുകണ്ടപ്പോൾ അക്കാമ്മയ്‌​‍്‌ക്ക്‌ അരിശംകയറി. ഏലിക്കും ആനിക്കും പിന്നെ അരിശം കയറി. പിന്നെ ബാക്കി എല്ലാവർക്കും അരിശം കയറി.

“പറപ്പിക്കടീ… രണ്ടിനേം…”

അക്കാമ്മ കൈചൂണ്ടി വിളിച്ചുപറഞ്ഞു.

പെണ്ണുങ്ങൾ മണലുവാരി എറിഞ്ഞു. പോരാ എന്നു തോന്നിയപ്പോൾ മുട്ടത്തോട്‌ പെറുക്കി എറിഞ്ഞു. ഏറുസഹിക്കാതായപ്പോൾ അവർ തിരിഞ്ഞോടാൻ തുടങ്ങി.

“ഓടെടീ.. പെലാടിച്ചീ…”

പെണ്ണുങ്ങൾ മുണ്ടുപൊക്കിക്കുത്തി അവരുടെ പിറകെ ഓടി. വഴിയിൽകണ്ട കല്ലും പത്തലും എല്ലാവർക്കും ആയുധം. അക്കാമ്മ താളം തുളളുന്ന മുലകളെ ഇടതു കൈകൊണ്ട്‌ ചേർത്തുപിടിച്ച്‌ പിന്നാലെ പാഞ്ഞു. ഏലി കൈയ്യിൽ കിട്ടിയ കല്ലെടുത്ത്‌ ഒരേറുകൊടുത്തു.

ഏറുകൊണ്ടത്‌ ക്ലീറ്റസിന്റെ നെറുകംതലയിൽ.

വീടിന്റെ ഉമ്മറവാതിലിലൂടെ അകത്തോട്ടു കയറിയ അമ്മയും മകനും പന്തിയല്ലെന്നു കണ്ടപ്പോൾ പിന്നിലെ വാതിലിലൂടെ തെക്കേ കടൽപുറത്തേയ്‌ക്കോടി.

പെണ്ണുങ്ങൾ നിലാവിൻചോട്ടിലൂടെ പിറകെയും.

വഴിതീർന്നപ്പോൾ അമ്മയും മകനും വെളളാരംപാറയുടെ മുകളിലേക്കുകയറി. സാറ ക്ലീറ്റസിന്റെ കൈകളിൽ മുറുകെ പിടിച്ചമർത്തി. കണ്ണിൽ ഇരുട്ട്‌. എന്തോ പറയാൻ വെമ്പി. തൊണ്ട വരണ്ടിരിക്കുന്നു.

ക്ലീറ്റസിന്റെ തലയിൽ നിന്നൊലിച്ചിറങ്ങിയ ചോര, അവന്റെ കഴുത്തിനെ നനച്ച്‌ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്‌ പടർന്നു. ചോരക്ക്‌ ആനിയുടെ മണമുണ്ടായിരുന്നു. ജീവിതം കൂട്ടലുകളും കിഴിക്കലുകളുമാണെന്ന്‌ അപ്പോഴാണവന്‌ മനസ്സിലായത്‌. പെണ്ണുങ്ങളുടെ അട്ടഹാസം അവർ കേട്ടില്ല.

പൂർണ്ണചന്ദ്രൻ ആകാശത്ത്‌ എന്തിനും സാക്ഷി.

തിരകൾ കടലിന്റെ പല്ലുകൾ, അവ ചിരിക്കുന്നതായും ക്ഷണിക്കുന്നതായും തോന്നി.

“ബരീൻ.”

സാറയുടെ ആത്മാവു വേറിടുന്ന ശബ്‌ദം.

രണ്ടുപേരും കൈകോർത്തു പിടിച്ച്‌ കടലിലേക്കു ചാടി. ഒരു വലിയ തിരവന്ന്‌ അവരെ അകലങ്ങളിലേക്കു കൊണ്ടുപോയി.

കടലിന്‌ മരണത്തിന്റെ ചിരി. ആകാശത്തിനു മരണത്തിന്റെ മൗനം.

പെണ്ണുങ്ങൾ കടൽക്കരയിൽനിന്നു പൊട്ടിച്ചിരിച്ചു. കൈയ്യിലിരുന്ന കല്ലും വടിയും കടലിലെറിഞ്ഞു. കടൽ വെളളത്തിൽ കൈകഴുകി. ഉടുമുണ്ടിൽ കൈ തുടച്ചു. കുലം മുടിയുന്നതിന്റെ വേദന അവർ മറന്നിരുന്നു. സക്കാറ ചരിത്രരേഖകളിൽനിന്നും വഴുതിമാറി മണ്ണോടുമണ്ണായി.

Generated from archived content: sara.html Author: angels_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here