വെളിച്ചം

ആരോ വിളിക്കുന്നു ദൂരെ നിന്നും

കാറ്റിലൊഴുകിയെത്തുന്നു ശബ്‌ദം

ആരായിരിക്കാമിരുട്ടിൽ

കൂരിരുൾച്ചില്ലയ്‌ക്കിടയിലൂടെ

നേർത്തു പരക്കും നിലാവെളിച്ചം.

വാതിൽപ്പാളികൾ തുറന്നുമെല്ലെ

ഞാൻ നിലാവിൽ തെല്ലിറങ്ങിടുന്നു.

കാറ്റു തഴുകിയെന്നിന്ദ്രിയങ്ങൾ

വീണതൻ തന്ത്രിയായ്‌ മാറിടുമ്പോൾ

അസ്വസ്ഥമപ്പോഴും കാറ്റിലൂടെ

അതിവിദൂരമാം നേർത്തഗാനം.

തേടിയിറങ്ങി നടന്നിടുമ്പോൾ

കാതിലലയായണഞ്ഞിടുന്നു.

മഞ്ഞു വീണാകെ നനഞ്ഞപൂവിൻ

ഗന്ധമൂർന്നെത്തുന്ന കാട്ടിലൂടെ

അറിയാതെയീ ഞാൻ നടന്നിടുന്നു,

കാലിൽ മുൾച്ചില്ലകൾ കോറിടുന്നു.

ഇല്ലറിയില്ലിരുൾച്ചില്ലിലൂടെ

മഞ്ഞുപെയ്യുന്നോ മഴകണക്കെ-

അല്ല, മഴതന്നെയെന്നറിഞ്ഞേൻ

കണ്ണും മനസ്സും നനഞ്ഞിടുന്നു.

ഇല്ല നിലാവിൻ ശകലം പോലും

എത്രനേരം ഞാൻ നടന്നുരാവിൽ

എത്ര കാതങ്ങളളന്നു കാൽകൾ

തിരിച്ചുപോകാൻ വഴിയു-

മറിയില്ലേതു ദിക്കിതെന്നും.

മുന്നിൽ മരങ്ങളോ, കാട്ടുപൂവിൻ

ഗന്ധമറിയുന്നു വിഭ്രമം പോൽ

അല്ല ഗർത്തങ്ങളോ കൂരിരുട്ടിൽ

ഒന്നുമേ കാണാൻ കഴിഞ്ഞതില്ല.

നേർത്ത സംഗീതിക കേൾപ്പതില്ല!

കാറ്റിൽ മഴമർമ്മരങ്ങൾ മാത്രം.

ഉളളിൽ ഭയത്തിന്നലകടലിൻ

വന്നലയ്‌ക്കുന്ന തിരകളല്ലോ.

ഞാനറിയാതെ ഞാനല്ലാതാകുമ്പോൾ

കാണുന്നു മുന്നിലൊരു വെളിച്ചം

കൈവിരൽത്തുമ്പിലൊതുങ്ങുന്ന

മിന്നാമിനുങ്ങിൻ തെളിവെളിച്ചം.

കാറ്റിൽ മഴയിൽ കെടാത്ത ദീപം

പച്ചിലച്ചോട്ടിലിരിക്കയല്ലോ

കൂരിരുട്ടിലുഴറുന്ന കൺകൾ-

ക്കുത്സവമീക്കൊച്ചുദീപനാളം

ഓടിയരികിലണഞ്ഞിടുമ്പോൾ

ദൂരേക്കകന്നു പറക്കയല്ലോ!

കാറ്റും മഴയുമറിഞ്ഞിടാതെ

ഞാനാവെളിച്ചത്തിനൊപ്പമോടി

കല്ലിൻ കരുത്താൽ കാൽകൾ മുറിയവേ,

മുളളിൻ മുനയാൽ നിണം പൊടിയവേ,

ഒന്നുമറിഞ്ഞില്ല ഞാൻ

കണ്ണിലണുവിൻ വെളിച്ചം മാത്രം

ദൂരെയായ്‌ക്കാണാമൊരു വിളക്ക്‌

എണ്ണ തീരാറായ മൺവിളക്ക്‌

കാറ്റും മഴയും പെയ്‌തിടാത്ത

മുറ്റം ഇതെൻ വീടുതന്നെയല്ലോ

ഒട്ടുഹർഷത്താൽ തിരിഞ്ഞു നോക്കേ

എങ്ങോ മറഞ്ഞുവെന്നോ വെളിച്ചം!

തെല്ലു മിഴികളടച്ചനേരം

കണ്ടു മനസ്സിലാ ദീപനാളം!

Generated from archived content: velicham.html Author: aneesh_pa

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here