പഠനത്തിനു ശേഷം
ജീവിതത്തിനു വേണ്ടിയുള്ള
ഓട്ടം തുടങ്ങിയപ്പോള്‍
ആദ്യം കിട്ടിയ ജോലി
ചായങ്ങള്‍ ഉണ്ടാക്കാനായിരുന്നു
ചായങ്ങള്‍ ഉണ്ടാക്കുമ്പോള്‍
ആശയകുഴപ്പം ഒഴിവാക്കാന്‍
നിറങ്ങള്‍ക് അക്കങ്ങള്‍ നല്‍കിയിരുന്നു
വിളിപേരും ആ അക്കങ്ങള്‍ തന്നെ
എല്ലാ നിറങ്ങള്‍ക്കും സ്ഥിരമായ അക്കങ്ങള്‍
ഒരിക്കല്‍ കറുപ്പിന്റെ നിറം മങ്ങിയപ്പോള്‍
സംഘ തലവന്റെ ചോദ്യം
കറുപ്പ് ഏതു നിറത്തില്‍ നിന്നുമാണ് ഉണ്ടാക്കിയത്
“പതിനൊന്നു പൂജ്യം ഇരുനൂറ്റി അറുപത്തി ഒന്‍പതു”
ചുവന്ന നിറം അക്കത്തിലാക്കി
ഞാന്‍ ഉത്തരം പറഞ്ഞു
ആ അക്കം ചുവപ്പിന്റെ അല്ലെന്നും
നീ അക്കങ്ങള്‍ മറന്നു പോയെന്നുമായി സംഘത്തലവന്‍
ഒരിക്കല്‍ തലക്കടി കിട്ടി
താഴെ വീണതുകൊണ്ട്
നിറങ്ങളുടെ അക്കങ്ങള്‍ ഞാന്‍ മറന്നു പോയോ ………?
സംശയം എന്നിലും നിഴലിച്ചു.
എങ്കിലും “ചുവപ്പ് ”
എങ്ങനെ ഞാന്‍ മറക്കും….!
ചോരവീണ് ചുവന്ന നക്ഷത്രകൊടി
ഉയര്‍ത്തി പിടിപ്പിച്ചിരുന്ന നാളുകള്‍
അറിയാതെ ഓര്‍ത്തുപോയി.
അന്വഷിച്ചു………….
ചുവപ്പിന്റെ വിളിപ്പേര് അത് തന്നെ
അത് തെളിയിക്കുന്നതിന് മുന്‍പ്
സംഘത്തലവന്‍ എന്നെ
നാടുകടത്താന്‍ വിധിച്ചിരുന്നു .
ചായങ്ങളുടെ ഉടമസ്ഥന്‍ തൂക്കികൊല്ലാന്‍
വിധിക്കുന്നതിനു മുന്‍പ്
ഭാവി ജീവിതത്തിനു വേണ്ടി
അല്‍പ ജീവനില്‍
ഞാന്‍
വീണ്ടും ഓട്ടം തുടങ്ങി…………………..!
Generated from archived content: poem1_sep27_12.html Author: aneesh_mathew