ചിത

ചിരിച്ചുകൊണ്ടു ഞാൻ നടന്നടുക്കുന്നു

തിളച്ചുരുകുമെൻ ചിതാഗ്നികുണ്ഡത്തിൽ

സമർപ്പിതം സർവ്വമവിടെ

യൊന്നുമേയില്ല സ്വന്തമാ-

യിനിയുമെന്നിൽ ഞാൻ മനസ്സിൻ

മോഹങ്ങൾ പടുത്തുയർത്തിയ

കെടാചിതയിലായ്‌

ഒരിക്കൽ ഞാനെന്റെ വരണ്ടഭൂമിയിൽ

വിതച്ചുകൊയ്യുവാൻ പറനിറവോളം

കരിഞ്ഞുപോയെന്റെ വിളകളെല്ലാമീ

മനസ്സിൻ ഭൂമിയിൽ കരിഞ്ഞുസ്വപ്‌നവും

കറുത്തകുതിരമേൽ കയറിവന്നതും

കരിഞ്ഞപൂക്കളിൽ മണംനിറപ്പതും

കിനാവുവറ്റിയ മയക്കം തന്നതും

ആർ – ആരെന്നുമൊന്നുമറിവീല

ആരാണു ചിന്തയിൽ ചിതലരിച്ചീടുവാൻ

കൊണ്ടുവന്നീട്ടതു നിന്റെ സ്‌മരണകൾ

ആരീ വഴിയമ്പലത്തിന്റെയടയാത്ത

വാതിലും ചാരിയുറങ്ങാതെ നിൽപൂ?

ആരീമണൽത്തിട്ടിലന്നു ഞാൻ

കോറിയ പ്രണയകഥ പാടിപ്പഠിച്ചിരിപ്പൂ

ചുറ്റും നിശാന്ധത, പിന്നിലോ ശൂന്യത

കണ്ടുമുട്ടുന്നിടം നിത്യവിശാലത

സന്തുഷ്‌ടയാണു ഞാൻ

നീതരും വാക്കിനും നോക്കിനും

പിന്നെ നീ അറിയാതെയേകുന്ന നോവുകൾക്കും

മുറ്റത്തു കൊമ്പിൽ പിറന്നിരുന്നിന്നലെ

പാടിയൊരുപക്ഷി പറഞ്ഞുവെല്ലാം

നീളൻ മുറിയിൽ നീയൊറ്റക്കൊരുപാടു

ചിത്രങ്ങൾ ചായമെഴുതിയെന്നും

മങ്ങിയ ജാലകവിരികൾക്കുമപ്പുറം

എന്തിനോ വേണ്ടിത്തിരഞ്ഞുവെന്നും

കുത്തും തണുപ്പിൻ കരങ്ങളിൽ

വീണ്ടുമീ ജീവനുവേണ്ടിപ്പിടഞ്ഞുവെന്നും

നേരമായ്‌ പോകുവാനിനിയില്ല

പിൻവിളി, യിനിയില്ല പിൻവിളി

ചിരിച്ചുകൊണ്ടുഞ്ഞാൻ നടന്നടുക്കുന്നു

തിളച്ചുരുകുമെൻ ചിതാഗ്നികുണ്ഡത്തിൽ

സമർപ്പിതം സർവ്വമവിടെയൊന്നുമേ-

യില്ല സ്വന്തമായിനിയുമെന്നിൽ ഞാൻ

മനസ്സിൻ മോഹങ്ങൾ പടുത്തുയർത്തിയ

കെടാചിതയിലായ്‌

Generated from archived content: poem1_oct9_09.html Author: aneesh_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here