1. ഇഷ്ടം
ചെങ്കതിര്‍ രേണുക്കള്‍
മേലാകെ പൂശിയ
അരുണോദയത്തെ
എന്തിഷ്ടമാണെന്നോ
ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം. ( ചെങ്കതിര്‍ )
വനത്തിലെ ചില്ലകള്‍
തേടിപ്പറന്നിരിയ്ക്കും
പച്ചവര്‍ണ്ണ തത്തമ്മയെ
എന്തിഷ്ടമാണെന്നോ
ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം. ( ചെങ്കതിര്‍ )
പിച്ചവെച്ചുമ്മറപ്പടികള്‍
മെല്ലെയിറങ്ങിക്കയറും
സായാഹ്ന കിരണത്തെ
എന്തിഷ്ടമാണെന്നോ
ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം. ( ചെങ്കതിര്‍ )
ശീതളച്ചായയില്‍
പൂവൊളി വിതറുന്ന
കൈക്കുടന്ന ചന്ദ്രികയെ
എന്തിഷ്ടമാണെന്നോ
ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം ( ചെങ്കതിര്‍ )
************
2. മങ്ങി മറയാതെ
നിന്നോടെനിയ്ക്കുള്ള ഭാവം
രാഗമോ, അതിവാത്സല്യമോ
അതോ തെളിഞ്ഞ ഭക്തിയോ?
അനിര്‍വ്വചനീയം ദൃഡമീ ബന്ധം.
നിര്‍മ്മല പ്രണയ മുറവയായ്
പച്ച വില്ലീസിനെ പുല്‍കുമ്പോള്‍
പാടെ ഉണക്കാതെ ശീതക്കുളിര്‍
പേറി പാവനപവനന്‍ വീശുന്നു.
സ്വപ്‌നങ്ങള്‍ മോഹവലയില്‍
പൊതിഞ്ഞെന്നെ നിന്നിലേയ്ക്ക്
നിന്റെയുള്ളിലൊരിടം തേടി
തിരയണം നിര്‍വൃതിയ്ക്കായ് .
കണ്ണഞ്ചിയ്ക്കും കനകപന്ജരം
നിന്നുടെ നെഞ്ചകത്തെപ്പോഴും;
കാത്തുസൂക്ഷിച്ചിടേണമെന്നെയവിടെ
നീ ധൂളി നിറഞ്ഞ് മങ്ങി മറയാതെ.
Generated from archived content: poem1_july6_12.html Author: anandavalli_chandran