രണ്ട്‌ കവിതകൾ

കാട്ടുകുറത്തിയൊരു കരിങ്കുയിൽ

കാട്ടിൽ പരുത്തിച്ചെടികളെമ്പാടും, കായ്‌കളും നിറഞ്ഞൂ;
ചാഞ്ചക്കമാടിയലഞ്ഞിതാവഴി കാട്ടുകുറുത്തിയൊരു
കരിങ്കുയിൽ; കൊത്തിപ്പെറുക്കി,
കായ്‌കളെല്ലാം നുറുക്കിപ്പരത്തി,
നീട്ടിനിരത്തി, ചേലിലൊരു മഞ്ഞ്‌ചമൊരുക്കി.

ധവളമാം മുട്ടകൾ നിരനിരയായ്‌
വിക്ഷേപിച്ചു കൂട്ടിൽ; പിന്നെയതിന്‌മേൽ
കാക്കത്തള്ള അടയിരുന്നു;
കാലമായപ്പോൾ മുട്ടകൾ പൊട്ടി,
കുഞ്ഞുങ്ങളല്ലോ പുറത്തു വന്നു.

“കൂ കൂ” കുറുകിയവ “കാ കാ”യ്‌ക്കൊപ്പം
വാനില്‌പ്പറന്നകന്നകന്നപ്പോൾ,
തള്ളക്കുയിൽ തേങ്ങിത്തേങ്ങി ചത്തും പോയി.

ദന്തനിരകൾ രാരീരം പാടുന്ന ശിശിര–
ത്തുഷാരബിന്ദുക്കൾ, അവയേറ്റുപാടി,
മീതെ ഹിമകണങ്ങൾ പൊഴിച്ചു തീർത്തൊ-
രുക്കി വെണ്മയേറുമൊരു കലാശില്‌പം;
കരുന്തള്ളപ്പക്ഷി തന്നസ്ഥിപഞ്ഞ്‌ജരത്തിൽ.

വർഷപ്പുലരികളും, പലവൂരി ഗ്രീഷ്‌മ സന്ധ്യകളും
പിന്നോട്ട്‌ മാറി മാറി നോക്കിയതിൽ.
കരിങ്കുറത്തി തൻ ദേഹമാകെ നുനഞ്ഞൂ,
പിന്നെയൊരായിരം വിഹഗങ്ങൾ, നിരനിര–
യായ്‌ പൊങ്ങിയുയർന്നതിന്‌മേൽ
കള കള നാദം പൊഴിച്ച്‌
മാനവകർണ്ണങ്ങൾക്കിമ്പമണച്ച്‌.

വിജനമീ മരുഃപ്രാന്തം

തടിനിയ്‌ക്കക്കരെ നിലകൊണ്ടങ്ങനെ
ഭൂവിലീയൊരു വൃദ്ധൻ ചെറുവൃക്ഷം.
ശിരസ്സിൽ തൂങ്ങിയൊതുങ്ങി ഫലങ്ങളങ്ങനെ
നരച്ചീറുകളെപ്പോൽ സ്വൈരംകൊല്ലികൾ,
ജടാധാരി, ഇന്ദ്രനിഗ്രഹിയുമവൻ
കാഷായവസ്‌ത്രമില്ല കൗപീനവുമില്ല
മരവുരി തന്നെയവനംബരം.

ചുറ്റും നിരന്നേറെ കുറ്റിച്ചെടികൾ
നൃത്തം ചെയ്‌തും കാഹളമൂതിയും;
നിശാന്ത നിശ്ശബ്‌ദത ഭഞ്ഞ്‌ജിയ്‌ക്കും
മർമ്മരമവയുടെയാരവം.
പടുമരമെന്നും ശാന്തിമന്ത്രമുരുവിടും,
അതോ ഹുംകാരധ്വനിയോ?

അക്കരെ ഉടുത്തൊരുങ്ങി നില്‌ക്കു-
മൊരു യൗവ്വനത്തിടംബയെ
കുശുമ്പിനാലപരർ പോറലേല്‌പ്പിയ്‌ക്കുമെന്ന്‌
ഭയന്ന്‌ നെടുവീർപ്പിടും, വൃദ്ധൻ; ചിലപ്പോൾ.

കാട്ടുജാതി വന്യമൃഗങ്ങളവളെ
ആർത്തിയിൽ പുണരുന്നതിഷ്‌ടമാകാതെ
ഞെളിപിരികൊള്ളുമ്പോൾ ജടകൾ
തനിയെ പൊട്ടിവിടർന്ന്‌ പിളർന്നിടും.

മറ്റൊരുനേരം, വൃദ്ധനോർത്തു രസിയ്‌ക്കും
ചന്തമെന്തിത്രയേറെയിവൾക്ക്‌
കടുംനിറം പച്ച വില്ലീസുചേലയിൽ?

വസന്തനിലാവിൽ നഭസ്സൊരു സുന്ദരി,
ലാസ്യമോടെ വെള്ളച്ചേല ഞൊറിയുമ്പോൾ
പുഷ്‌പിത; സുന്ദരിയിവളാഭരണഭൂഷിത
കനകരാശി ചുറ്റും തൂവിയിടുന്നു.

പിന്നെയവൾ ഗ്രീഷ്‌മസന്ധ്യയിൽ നീല-
പ്പവിഴ മാലകൾ ഗളത്തിലണിയവേ,
വയസ്സന്നാധിയായ്‌ – തന്റെ വേൺരോമങ്ങളും
കൊഴിയും; നീരിലൊഴുകിയലയും.

അപ്പൂപ്പൻ താടി പറിയ്‌ക്കാൻ കരുമാടിക്കുട്ടരില്ല;
വിജനം വിശാലം മൊട്ടക്കുന്ന്‌, തന്റെ പാർപ്പിടം!
വന്നെത്തും പഥികർ വല്ലപ്പോഴും,
കാലികളെ മേച്ചങ്ങിങ്ങലയും.

മുഖം താഴ്‌ത്തി നദീജലമെടുത്ത്‌
ചുണ്ടോടടുപ്പിയ്‌ക്കുമവരാർത്തിയൊടെ
പിന്നെ വീശിയെറിയും; തടിനീതീർത്ഥ-
മസഹ്യം- ദുഃർഗ്ഗന്ധവാഹിനിയല്ലേ?

യുവതിയൊഴുക്കിയ തുടിപ്പിൻ സ്വേദ-
ബിന്ദുക്കളാം ഞാവൽപ്പഴങ്ങൾ
വീണഴുകിയും ഫാക്‌ടറികളിൽ നിന്നു-
മുതിർക്കുന്ന മാലിന്യങ്ങൾ കലർന്നും
ഇന്നദിയൊരു വിഷവാഹിനിയാകുമോ?
ഉള്ളിലൊരു നടുക്കം; ഒരു മിന്നൽപ്പിണർ!

ഗന്ധർവ്വസുന്ദരിയാമീവളൊരു തരുവല്ല
വിഷം തുപ്പുന്ന സർപ്പകന്യകയെന്ന്‌
ജനം കഥകൾ മെനയുമ്പോൾ, കോടാലി
വീഴുമിവളുടെ ഗളത്തിൽ പതിയേ.

തന്റെ നൊമ്പരമെങ്ങനെയറിയാൻ?
നീരിലുലയും തൻ രോമനിരകളെ
ത്തഴുകി തിരിച്ചയച്ച്‌ കാതോരത്തിലൊരു
കിന്നാരമോതിയെങ്കിൽ! നിശ്വാസമുണരാം.

Generated from archived content: poem1_dec17_10.html Author: anandavalli_ahandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English