മേടമാസപ്പുലരിതൻ
പടിവാതിൽ തുറന്നല്ലോ
മലയാള കൃഷിവർഷ മണഞ്ഞുവല്ലോ
തുംഗ ഗ്രീഷ്‌മോജ്വലമാകും
തങ്കക്കിരീടവുമായി
നേരെകിഴക്കങ്ങു സൂര്യനുദിച്ചുവല്ലോ
സമദിന രാവുകൾ തൻ
സംക്രമോഷഃ സന്ധ്യയുടെ
സുമധുര മന്ദഹാസം വിരിഞ്ഞുവല്ലോ
കണിക്കൊന്നയടിമുടി
കനകപ്പൂങ്കുലകളാൽ
കമനീയ കിങ്ങിണികളണിഞ്ഞുവല്ലോ
വിഷുപ്പക്ഷി വിളിക്കുന്ന
വിലോലമാം മുരളിക
വിഷാദങ്ങൾക്കുളളില രാഗശ്രുതിയായല്ലോ
വേനൽ മഴത്തുളളികളാം
കുളിരൊളിതൂമുത്തുകൾ
പതിച്ചുളളം കിളിർക്കുവാൻ കൊതിയായല്ലോ.
ചുറ്റുപാടും പടക്കങ്ങൾ
ആത്മഹർഷം മുഴക്കുമ്പോൾ
വർഷോത്സവത്തിരുക്കൊടിയേറ്റലായല്ലോ.
വിഷുക്കണിമേളത്തിന്റെ
വാദ്യഘോഷം കേൾക്കുന്നതാ
കണികാണാനെല്ലാവരുമൊരിങ്ങീടുക.
വരുംവർഷം മുഴുവനും
ഐശ്വര്യവും സ്വസ്ഥതയും
തരുന്നൊരു കൈനീട്ടമീ വിഷുവാകട്ടെ!
Generated from archived content: poem3_apr10_08.html Author: anandan_cherai