വിശ്യപ്രകൃതിതൻ ചൈതന്യ സുസ്‌മിതം
പുഷ്‌പിച്ചുലാവും പുലർകാല ദീപ്‌തി നീ
ആദ്യാനുരാഗ മുകുളങ്ങൾ കൂമ്പുന്ന
താമരച്ചോലതന്നിക്കിളിയാണു നീ.
പ്രണയ വർണങ്ങൾ തന്നാഗ്നേയ വീണയി-
ലീണം പകരും സുരശ്രുതിയാണു നീ
ചെമ്മുന്തിരിച്ചാർ പകരുന്ന സന്ധ്യത-
ന്നന്തഃരംഗത്തിൻ ചഷകമാകുന്നു നീ.
അഞ്ജനക്കണ്ണെഴുതീടുന്ന രാവിന്റെ-
യജ്ഞാത ഭാവ പ്രഹർഷമാകുന്നു നീ
പൂത്തിരുവാതിരപ്പാൽ നിലാപ്പൊയ്‌കയിൽ
നീന്തിത്തുടിക്കും മരാളികയാണു നീ.
നീല ഞരമ്പുകൾ കെട്ടിപ്പുണരുന്ന
വളളിക്കുടിലിന്റെയുന്മാദമാണു നീ
വേഗം തപിക്കുന്ന കന്മദക്കെട്ടിലെ
വൈകിത്തിളയ്‌ക്കുന്ന നീർത്തടമാണു നീ.
ഏതു മഹാമൗന പീഠവും നൂപുര-
ധ്വനികൊണ്ടിളക്കുന്ന തന്ത്രമാകുന്നു നീ
സംഘർഷ സംഗ്രാമ ധൂമയൂഥങ്ങളിൽ
സൗവർണ ഗന്ധക സന്ദേഹമാണു നീ.
കണ്ണീർക്കയങ്ങളിൽ കാണാത്ത നോവുക-
ളുപ്പിട്ടുവയ്‌ക്കും വിഷാദമാകുന്നു നീ
ഗർഭാശയത്തിലെപ്പൊളളും കനവുകൾ-
ക്കുളളിലൊരാർദ്രമാം തൂമുലപ്പാലു നീ.
ആഷാഢമേഘം മുടിയുലച്ചീടുന്ന
രോഷാകുല വർഷ വേഷപ്പകർച്ച നീ
എണ്ണിയാൽ തീരാത്ത ശോകകോശങ്ങളാൽ
മണ്ണിനെ മൂടുന്ന ബ്രഹ്‌മാണ്ഡമാണു നീ.
അറുപത്തിനാലു കലകൾക്കും കല്‌പനാ-
തല്‌പമൊരുക്കുന്ന മാസ്‌മരമാണു നീ.
നീറുന്ന വാഴ്‌വിന്റെ നെഞ്ചകം തന്നിലും
നറുതേൻ മൊഴികൾതൻ ലേപനമാണു നീ.
വിസ്‌മരിച്ചീടുമ്പോളോർത്തു പോകുന്നൊരു
വിസ്‌മയ വൈരുദ്ധ്യ വൈഭവമാണു നീ
എന്നെയൊന്നാകവേയാഴ്‌ത്തിയുയർത്തുന്നൊ-
രെന്നിലെ ശക്തി സ്വരൂപിണിയാണു നീ!
Generated from archived content: ennile_nee.html Author: anandan_cherai
Click this button or press Ctrl+G to toggle between Malayalam and English