മറിയയുടെ മകൾ യേശുവിനെ ക്രൂശിപ്പാനായി റോമൻ നാടുവാഴി പീലാത്തോസ് തടവറനോട്ടക്കാരനെ ഏല്‌പിച്ചപ്പോൾ അവൻ രണ്ടു കാവൽക്കാരെ വിളിച്ചു നാലു നീണ്ട ആണികൾ കരുവാനെക്കൊണ്ട് ഉണ്ടാക്കിച്ചു കൊണ്ടുവരുവാനായി പറഞ്ഞയച്ചു. ഒരാളെ ക്രൂശിക്കുവാനുളള ആണികൾ ഉണ്ടാക്കുവാനായി എൺപതു കാശാണ് തടവറനിയമം അനുവദിച്ചിട്ടുണ്ടായിരുന്നത്. കാശും കൊണ്ട് പുറപ്പെട്ട കാവൽക്കാർ വഴിയിൽ കണ്ട ഒരു മദ്യശാലയിൽ കയറി. യെരുശലേമിൽ അക്കാലത്ത് ഗ്രീസിൽനിന്നു വന്ന വ്യാപാരികൾ നടത്തിയിരുന്ന മധുരവും പുളിയും കലർന്ന വീഞ്ഞിന്റെ കടകൾ ഉണ്ടായിരുന്നു. മദ്യപിക്കാൻ തുടങ്ങിയ കാവൽക്കാർ വൈകുന്നേരമാകാൻ തുടങ്ങിയപ്പോഴാണ് ഓർത്തത്, തങ്ങൾക്ക് ഇരുളുംമുൻപേ ആണികളുമായി പാളയത്തിൽ മടങ്ങിയെത്തണമല്ലോ എന്ന്. എൺപതുകാശിൽ നാല്‌പതും മദ്യശാലയിൽ ചെലവായിക്കഴിയുകയും ചെയ്‌തിരുന്നു.
ധൃതിപ്പെട്ട് വെളിയിലിറങ്ങിയ കാവൽക്കാർ വഴിയിൽ കണ്ട ആദ്യത്തെ കരുവാന്റെ ആലയിൽ ഓടിക്കയറി.
നോക്ക് കരുവാനെ, ഞങ്ങൾക്ക് നാലു നീണ്ട ആണികൾ ഉടൻ ഉണ്ടാക്കിത്താ“, അവർ പറഞ്ഞുഃ ”നാളെ രാവിലെ മറിയയുടെ മകൾ യേശുവിനെ ക്രൂശിക്കണം.“
കരുവാൻ വയസ്സായ ഒരു യഹൂദനായിരുന്നു. ഒരിക്കൽ മറിയയുടെ മകൻ യേശു ആ വഴിയേ പോയപ്പോൾ വയസ്സൻ അവനെ കണ്ടിരുന്നു. ആ ബാല്യക്കാരന്റെ നീണ്ടുവിളറിയ മുഖവും ഇളംതവിട്ടുനിറത്തിലുളള കണ്ണുകളും അയാൾക്ക് ഓർമ്മ വന്നു. വയസ്സൻ കരുവാൻ അവൻ പണിയുകയായിരുന്ന ഉലയിൽനിന്നു മാറിനിന്നു.
”യേശുവിനെ ക്രൂശിക്കുവാനായി ഞാൻ ആണികൾ ഉണ്ടാക്കിത്തരില്ല.“ അവൻ തീർത്തുപറഞ്ഞു.
വില മുഴുവനുമാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കാവൽക്കാർ മടിശ്ശീലയിൽനിന്നു നാല്‌പതു കാശ് എടുത്തുകാണിച്ച് അവന്റെ നേരെ അലറി ഃ ”ഇതാ നിന്റെ പണം. റോമാ ചക്രവർത്തിയുടെ ആജ്‌ഞ്ഞയുമായാണു ഞങ്ങൾ വന്നിരിക്കുന്നത്. നേരെചൊവ്വേ ആണികൾ കാച്ചിയെടുക്ക്.“
കരുവാൻ അതു കേട്ടതായി ഭാവിച്ചില്ല. കാവൽക്കാരിൽ ഒരുവൻ അവന്റെ നരച്ച താടിക്കു തീവച്ചു. അപരൻ വാൾ ഊരി അവന്റെ വയറിലൂടെ തുളച്ചുകയറ്റി.
വഴിപോക്കർ അന്തംവിട്ടു നിൽക്കേ അവർ ചോരയിറ്റുന്ന വാളുമായി അടുത്ത കരുവാന്റെ ആലയെ നോക്കി പാഞ്ഞു. അവരുടെ പിന്നിൽ ആളുകൾ കൂടി. അവർ പോകുന്നതിന്റെ പിന്നാലെ പിന്നാലെ തെരുവിലെ ആരവം അടങ്ങിക്കൊണ്ടിരുന്നു.
അടുത്ത ആലയിൽ കരുവാൻ ഉല കത്തിച്ചിട്ടില്ലായിരുന്നു. പടയാളികൾ അവന്റെ കഴുത്തിൽ കടന്നുപിടിച്ച് അലറി ഃ ”നിന്റെ ഉലയിൽ മഞ്ഞുവീണുവോ? ഉടനെ തീ കൊളുത്ത്. ഞങ്ങൾക്കു നാല് നീണ്ട ആണികൾ ഉടനെ വേണം. ഇതാ നാല്‌പതു കാശ്.“
”ഈ കാശിനു നാലു ചുമരാണികളെ കിട്ടൂ.“ കരുവാൻ പറഞ്ഞു. ”എനിക്കു ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്.“
”ജൂതാ, സംസാരം വേണ്ട.“ പടയാളികൾ അവന്റെ കൈപിടിച്ചു വളച്ചു. ”ഞങ്ങൾ റോമാ ചക്രവർത്തി പറഞ്ഞയച്ചിട്ടു വന്നവരാണ്.“
കരുവാൻ അവരുടെ വാളിലെ ചോരകണ്ട് ഭയന്ന് ഉലയ്‌ക്കു തീ കൊളുത്തി. ഇരുമ്പ് എടുത്തു കനലിലിട്ടു.
”നല്ല ഉറപ്പും നീളവും വേണം.“ പടയാളികൾ പറഞ്ഞു. ”നാളെ രാവിലെ ഒരുവനെ ക്രൂശിക്കാനുണ്ട്.“
പിറ്റേന്നു രാവിലെ മറിയയുടെ മകൻ യേശു ക്രൂശിക്കപ്പെടുവാൻ പോകുകയാണെന്ന വാർത്ത കരുവാൻ ശ്രദ്ധിച്ചിരുന്നു. പടയാളികൾ പറഞ്ഞുകേട്ടപ്പോൾ അവന്റെ ഉയർത്തിപ്പിടിച്ച ചുറ്റിക വായുവിൽ ഉറച്ചുപോയി.
”ഇല്ല, എന്നെക്കൊണ്ടാവില്ല. ഈ ആണികൾ കാച്ചുവാൻ.“ കരുവാൻ ഭയം കളഞ്ഞു പറഞ്ഞു.
ക്രൂദ്ധരായ പടയാളികൾ ഇരുവരും മാറിമാറി അവരുടെ വാളുകൾ അവന്റെ മെലിഞ്ഞ ശരീരത്തിലൂടെ പലതവണ കോർത്തു. അവൻ തല ഉലയിലേക്കായി മലർന്നുവീണു. മുടിക്കും താടിക്കും തീ പിടിച്ച് അവന്റെ തല കത്തിപ്പോയി.
സൂര്യൻ കുന്നുകൾക്കു മീതെ എത്തിക്കഴിഞ്ഞിരുന്നു. പടയാളികളിൽനിന്നു മദ്യത്തിന്റെ ലഹരി മുഴുവനായും ഇറങ്ങി. ആണിയില്ലാതെ ചെന്നാൽ തങ്ങളുടെ തല പോയേക്കുമെന്ന് അവർക്കറിയാമായിരുന്നു.
ഓടിയോടി അവർ പിന്നീടു ചെന്നുകയറിയത് ഒരു സുറിയാക്കാരൻ കരുവാന്റെ ആലയിലാണ്. ചോരയിറ്റുന്ന വാളുകളും തീ പാറുന്ന കണ്ണുകളുമായി അവർ അവിടേക്ക് ഇരച്ചുകയറി. അവരുടെ പിന്നാലെ കൂടിയ പുരുഷാരം വെളിയിൽ നിശ്ശബ്‌ദം കാത്തുനിന്നു. ശ്‌മശാനം പോലെ ആരവമടങ്ങിയ തെരുവിനെയും ദേവാലയത്തിലെന്നപോലെ കൂടിയ പുരുഷാരത്തെയും പടക്കളത്തിലെന്നപോലെ നില്‌ക്കുന്ന പടയാളികളെയും സുറിയാക്കാരൻ കരുവാൻ മാറിമാറി നോക്കി.
പടയാളികൾ തന്ത്രപൂർവം മയത്തിൽ പറഞ്ഞുഃ ”കരുവാനേ, ഞങ്ങൾക്കു നാല് ആണികൾ ഉടനെ വേണം. നീണ്ട ആണികൾ.“
സംഗതികൾ മുഴുവൻ പറയാതെതന്നെ മനസ്സിലാക്കിയ സുറിയാക്കാരൻ കരുവാൻ അവന്റെ ചുറ്റിക വലിച്ചെറിഞ്ഞു. ഉലയിലെ തീയിൽ വെളളം കോരിയൊഴിച്ചു.
കാവൽക്കാർ അവനെയും അവരുടെ വാളുകളിൽ കോർത്തു.
നഗരത്തിൽ ഒരു കരുവാനും തയ്യാറല്ലെന്നു കണ്ടു കാവൽക്കാർ യെരുശലേമിന്റെ കവാടം കടന്ന് വെളിയിലെ പുറമ്പോക്കിലേക്കു ചെന്നു. അവിടെ ശമര്യയിലേക്കും ഗലീലയിലേക്കും പോകുന്ന മരുസ്ഥലത്തിലൂടെയുളള പാതയുടെ ഇരുവശത്തും തമ്പടിച്ചിരുന്ന നാടോടികളുടെ കൂടാരങ്ങൾക്കു മീതേ വൈകുന്നേരത്തിന്റെ ചുവപ്പു വീണുകിടന്നു. അങ്ങിങ്ങ് ഏതോ കൂടാരങ്ങളിൽനിന്നു പുക ഉയർന്നു. ആരൊക്കെയോ വഴക്കുകൂടി. കുട്ടികൾ കരഞ്ഞു.
കാവൽക്കാർ കൂടാരങ്ങൾക്കിടയിലൂടെ ഓടിനടന്നു. ഉണങ്ങാനാകാതെ, വീണ്ടും വീണ്ടും കുളിച്ച രക്തത്തിൽ അവരുടെ വാളുകൾ നനഞ്ഞുതന്നെയിരുന്നു. ശ്വാസം കിട്ടാതെ അവർ കിതയ്‌ക്കുന്നുമുണ്ടായിരുന്നു.
ഒടുവിൽ ഒരു നാടോടി കരുവാന്റെ കൂടാരം അവർ കണ്ടെത്തി. ഡോംബ എന്നു പേരുളള ആ കരുവാൻ ക്രേതാക്കളെ കിട്ടാതെ നേരത്തെ കത്തിച്ചിരുന്ന ഉലയിലെ തീ കെടുത്തി വിരമിക്കുവാനുളള ഒരുക്കത്തിലായിരുന്നു.
”ജിപ്‌സി!“ കാവൽക്കാർ ഓടിച്ചെന്ന് കരുവാൻ ഡോംബയെ തടഞ്ഞു. ”നിൽക്ക്, ഇതാ നാല്‌പതു കാശ്. ഞങ്ങൾക്ക് നാലു നീണ്ട ആണികൾ വേണം. ഉടനെതന്നെ.“
ഡോംബ കാവൽക്കാരെയും അവരുടെ രൂപത്തെയും അവസ്ഥയെയും സൂക്ഷിച്ചുനോക്കി. അവൻ അവർ നീട്ടിക്കൊടുത്ത കാശ് വാങ്ങി കീശയിലിട്ടു. ഒന്നും മിണ്ടാതെ, ഉലത്തോൽ വലിച്ചു തീ പെരുക്കി. ആണികൾക്കുളള ഇരുമ്പു കാച്ചുവാനായി കനലിൽ ഇട്ടു.
ഒരു ആണി തീർന്നപ്പോൾ അവൻ അത് എടുത്തു വെളളത്തിലിട്ടു. തണുത്തതും കാവൽക്കാർ അതു പൊക്കി അവരുടെ സഞ്ചിയിലിട്ടു.
രണ്ടാമത്തെ ആണി തീർന്നപ്പോൾ അവൻ അത് എടുത്തു വെളളത്തിലിട്ടു. തണുത്തതും കാവൽക്കാർ അതും സഞ്ചിയിലാക്കി. അതുപോലെ മൂന്നാമത്തേതും.
അപ്പോഴേക്കും സൂര്യൻ കുന്നുകൾക്കു പിന്നിൽ മറഞ്ഞുകഴിഞ്ഞു. കൂടാരങ്ങൾക്കു മീതെ നിഴൽ വീണു.
ഉലയിലെ കത്തിത്തിളങ്ങുന്ന ഇരുമ്പ് പുറത്തെടുക്കാതെ ഡോംബ പറഞ്ഞുഃ ”മൂന്ന് ആണികൾക്കുളള കാശേ യജമാനന്മാരേ നിങ്ങൾ തന്നിട്ടുളളൂ.“
കാവൽക്കാർ പരസ്‌പരം നോക്കി. പിന്നെ ചുറ്റിലും. പുറത്തെ ഇരുട്ടുകണ്ട് അവർക്കു ഭയമേറി. സംശയിക്കാതെ, ഡോംബയുടെ വാക്കുകൾക്കു ചെവികൊടുക്കാതെ അവർ സഞ്ചിയിലാക്കിക്കഴിഞ്ഞ മൂന്ന് ആണികളുമായി കൂടാരത്തിൽനിന്ന് ഇറങ്ങിയോടി.
കൂടാരങ്ങൾക്കിടയിലെ നിരപ്പല്ലാത്ത ഭൂമിയിലൂടെയും കുഴഞ്ഞ പൂഴിമണലിലൂടെയും വീണും വീണ്ടുമെണീറ്റും യെരുശലേം നഗരത്തിന്റെ കവാടം ലക്ഷ്യമാക്കി ഓടിപ്പോകുന്ന കാവൽക്കാരുടെ പിൻഭാഗത്തെ ഡോംബ ഇത്തിരിനേരം നോക്കിനിന്നു. കവാടത്തിനപ്പുറം നഗരത്തിൽ വിളക്കുകൾ തെളിയുവാൻ തുടങ്ങിയിരുന്നു. അവിടത്തെ ആരവം ഒടുങ്ങിയിട്ടില്ല. ചന്തയിൽ ബഹളം കൂട്ടുന്ന യഹൂദക്കച്ചവടക്കാരുടെയും ദേവാലയത്തിൽ വിളിച്ചുകൂവുന്ന പുരോഹിതന്മാരുടെയും ശബ്‌ദം, തടവറയിൽ കിടക്കുന്ന യഹൂദൻ, ക്രിസ്‌തുവെന്ന യേശുവിന്റെ ശബ്‌ദം നാളെ ഒടുങ്ങാൻ പോകുന്നു; അവൻ മനസ്സിൽ നിരൂപിച്ചു. പിന്നീട് ഒന്നും നിനയ്‌ക്കാതെ തോളുകൾ കുലുക്കി, അവൻ തിരിഞ്ഞ് ഉലയിലെ കനലുകൾക്കു മീതെ വെളളം കോഴിയൊഴിച്ചു.
കൂടാരത്തിനു പുറത്തെ വായുവിലൂടെ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഇത്തിരിനേരം നടന്ന് ഡോംബ അവന്റെ ആലയായ കൂടാരത്തിലേക്കു മടങ്ങിവന്നു. പരന്നുകഴിഞ്ഞിരുന്ന ഇരുട്ടിനോട് പൊരുതിക്കൊണ്ട് ഉലയിൽനിന്നു വന്ന പ്രകാശം അവനെ അതിന്റെ അടുത്തേക്കു നയിച്ചു. വെളളം നേരെ തളിച്ചില്ലെങ്കിൽ കരി പിന്നെയും കത്തുവാൻ തുടങ്ങും. കത്തി നഷ്‌ടമാകുകയും ചെയ്യും. പക്ഷേ, ചെന്നു നോക്കിയപ്പോൾ ഉലയിലെ കനലുകളെല്ലാംതന്നെ കെട്ടിരുന്നു. നാലാമത്തെ ആണിക്കുവേണ്ടി കനലിലിട്ട ഇരുമ്പിൻകഷണമായിരുന്നു ജ്വലിച്ചിരുന്നത്.
ഡോംബ വിസ്‌മയിച്ചു. അവൻ കുറെക്കൂടി വെളളം അതിന്മേൽ ഒഴിച്ചു. വെളളം സീൽക്കാരത്തോടുകൂടി ആവിയായി പോയതല്ലാതെ ഇരുമ്പിൻ കഷണത്തിലെ ചുവന്നതും വെളുത്തതുമായ പ്രകാശം അണഞ്ഞില്ല. പരിഭ്രമത്തോടുകൂടി അവൻ അതിനെ എടുത്തു വെളിയിലേക്ക് ഇട്ടു. വീണ്ടും ഒരു പാത്രം നിറയെ വെളളം അതിന്മേൽ കോരിയൊഴിച്ചു. വെളളം നഷ്‌ടപ്പെട്ടുവെന്നല്ലാതെ ഫലമൊന്നും കണ്ടില്ല. കൂടാരത്തിനു വെളിയിലെ മണലിൽ കിടന്നുകൊണ്ട് അത് ആ ഭാഗത്തെ മുഴുവൻ പ്രകാശമാനമാക്കി. ആകാശത്തിൽനിന്നു വീണ ഒരു ഉൽക്കപോലെ.
ഭയന്നുവിറച്ചു ഡോംബ അങ്ങുമിങ്ങും നടന്നു.
ഒടുവിൽ അവൻ കൂടാരമഴിച്ച്, സാധനങ്ങളെല്ലാം കെട്ടി കഴുതപ്പുറത്തു കയറ്റി. രാത്രിയിൽ, മണൽക്കുന്നുകളുടെ ഇടയിലൂടെ, നക്ഷത്രവെളിച്ചത്തിൽ ഡോംബയും അവന്റെ കഴുതയും തനിച്ചു നടന്നു. അകലെയൊരിടം നോക്കി അവൻ വീണ്ടും തന്റെ കൂടാരമടിച്ചു. സാധനങ്ങൾ ഒരുക്കി പുറത്തു വന്നപ്പോൾ അതാ വീണ്ടും കൂടാരത്തിനു മുൻപിൽ, യെരുശലേമിന്റെ കവാടത്തിനടുത്ത് അവൻ ഉപേക്ഷിച്ചുപോന്ന ചുവന്നും വെളുത്തും ജ്വലിക്കുന്ന ഇരുമ്പിൻകഷണം! ഡോംബ ഉറക്കെ നിലവിളിച്ചുപോയി. മരുഭൂമിയുടെ ശൂന്യതയിൽ അവന്റെ ശബ്‌ദം പലതവണ പ്രതിധ്വനിച്ചു.
അർദ്ധരാത്രിയിൽ, അകത്തുകിടന്ന് ഉറങ്ങാൻ കഴിയാതെ ഡോംബ വീണ്ടും കൂടാരമഴിച്ചു. മരുഭൂമിയുടെ കൂടുതൽ ആഴത്തിലേക്കു പോയി.
ചൂളംവിളിയോടുകൂടി ഉയരുന്ന കാറ്റ് ഇടയ്‌ക്കു നിലയ്‌ക്കുമ്പോൾ, ശബ്‌ദമുണ്ടാക്കിക്കൊണ്ട് മണൽത്തരികൾ കൊഴിഞ്ഞുവീണു. വീണ്ടും ഊതിയപ്പോൾ പൊങ്ങി കാറ്റു നിലച്ചാലും താഴാതെ വായുവിൽ തിങ്ങിനിന്ന നനുത്ത പൊടിയാൽ ആകാശത്തിലെ നക്ഷത്രങ്ങളൊക്കെ കരിഞ്ഞുപോയതുപോലെ കാണാൻ പറ്റാതായി.
രാത്രി മുഴുവൻ നടന്ന്, കിഴക്കു നരയ്‌ക്കുവാൻ തുടങ്ങിയപ്പോൾ ഡോംബ താൻ എത്തിപ്പെട്ട ഒരു അറബിഗ്രാമത്തിന്റെ പുറത്തു കൂടാരമടിച്ചു. സാധനങ്ങൾ ഒതുക്കിവയ്‌ക്കാൻ തുനിയാതെ കഴുതയെ കൂടാരത്തിന്റെ കാലിന്നരികെ നിർത്തി, അവൻ അകത്തു കയറിക്കിടന്നു.
സൂര്യൻ ആകാശത്തിന്റെ മുകളിലെത്തിയപ്പോൾ അവൻ ഉണർന്നു. മടിച്ചും ഭയന്നും, എന്നാൽ ഒതുക്കുവാനാകാത്ത പ്രേരണയാലും അവൻ കൂടാരത്തിനു വെളിയിൽ വന്നുനോക്കി. അതാ ജ്വലിക്കുന്ന ഇരുമ്പിൻകഷണം വീണ്ടും കൂടാരത്തിന്റെ വാതിലിൽ! ഇത്തവണ ഡോംബ ഉറക്കെ നിലവിളിച്ചില്ല. അവൻ അതിന്റെ അരികിൽ കുന്തിച്ചിരുന്ന്, അതിനെ നോക്കി, അതിനോട് എന്നപോലെ വിതുമ്പിക്കരഞ്ഞു.
ആ സമയം ഒരു അറബി, ഗ്രാമത്തിനടുത്തു തമ്പടിച്ച കരുവാനെ കണ്ട് ഇരുമ്പിൻപട്ട മുറിഞ്ഞുപോയ ഒരു വണ്ടിച്ചക്രം ഉരുട്ടിക്കൊണ്ടുവന്നു. സന്തോഷത്തോടെ ഡോംബ ഉലയിലെ കനൽ ഇല്ലാതെതന്നെ വെളിയിൽ കിടന്ന് എരിയുന്ന ഇരുമ്പിൻകഷണമെടുത്ത് അതിന്റെ ഉരുകുന്ന ലോഹംകൊണ്ട് ചക്രത്തിന്റെ പട്ട വിളക്കിച്ചേർത്തുകൊടുത്തു. ജ്വലിക്കുന്ന ഇരുമ്പിൻ കഷണം തീർന്നല്ലോ എന്ന സന്തോഷത്താൽ അവൻ അറബി കൊടുത്ത കാശ് എണ്ണുവാൻപോലും പോയില്ല.
ഗ്രാമത്തിൽപോയി അല്‌പം വീഞ്ഞു കുടിച്ച് ഭക്ഷിക്കുവാൻ അപ്പവും കഴുതയ്‌ക്കു കൊടുക്കുവാനുളള പുല്ലുമായി വൈകുന്നേരമായപ്പോൾ പാട്ടുംപാടി അവൻ കൂടാരത്തിൽ മടങ്ങിയെത്തി. അപ്പോൾ അതാ വീണ്ടും കൂടാരത്തിനു മുൻപിൽ ജ്വലിക്കുന്ന ഇരുമ്പിന്റെ കഷണം!
അർദ്ധരാത്രിയിൽ ഡോംബ വീണ്ടും കൂടാരമഴിച്ചു. പിറ്റേന്നു രാവിലെ അവൻ ദമസ്‌കസിന്റെ കവാടത്തിനു വെളിയിൽ കൂടാരമടിച്ചു.
ദമസ്‌കസിൽനിന്ന് അന്ത്യോക്യയിൽ, അന്ത്യോക്യയിൽനിന്നു കൊരിന്തിൽ, ഫിലിപ്പിയിൽ, തെസ്സലൊനിക്യയിൽ, റൊമാനിയയിൽ, ഹങ്കറിയിൽ, ജർമനിയിൽ, ഫ്രാൻസിൻ, സ്‌പെയിനിൽ….ഡോംബ, എല്ലായിടത്തും അവൻ കൂടാരമടിച്ചു. ഉലയിൽ തീ പെരുക്കി, അവൻ ചക്രങ്ങളും വാളുകളും കുന്തങ്ങളും തോക്കുകളും പീഡനയന്ത്രങ്ങളും നഗരവാസികൾക്ക് ഉണ്ടാക്കിക്കൊടുത്തു. എവിടെയും ചുവന്നും വെളുത്തും തിളങ്ങുന്ന രോഷവുമായി നാലാമത്തെ ആണിയുടെ ഇരുമ്പ് അവനെ പിന്തുടർന്നു. ഒരിടത്തും വാസമുറപ്പിക്കുവാൻ അനുവദിക്കാതെ, ഒരിക്കലും ശാന്തി നല്‌കാതെ.
(ആനന്ദിന്റെ ‘നാലാമത്തെ ആണി’ എന്ന ചെറുകഥയുടെ ആദ്യഭാഗം. പുസ്‌തകം വാങ്ങുവാൻ ഡഡാെ ലഎഎദ;ഡഡദയഗലമഭസൂടഡപആമനസമകപഡകസങ്ങഡവണകപളഭലഎടാ ഡഡാട ഖശഞ്ഞൗൗഉേഈൻഫ ഡഡാപ സന്ദർശിക്കുക)
Generated from archived content: story2_dec22.html Author: anand