പ്ലൂരലിസവും ലിബറലിസവും

മാർക്‌ ട്‌വെയിനിന്റേതായ രസകരമായ ഒരു ചൊല്ലുണ്ട്‌. ആദാം ആപ്പിൾ തിന്നത്‌ അതിനോടുള്ള പ്രതിപത്തികൊണ്ടല്ല (അതിന്റെ സ്വാദ്‌ അവന്‌ അറിയില്ലായിരുന്നുവല്ലോ), അത്‌ വിലക്കപ്പെട്ടതായിരുന്നതുകൊണ്ടാണ്‌. വിലക്കപ്പെട്ടതായിരുന്നുവെങ്കിൽ അവൻ പാമ്പിനെത്തന്നെ തിന്നേനെ! ലോകത്തിലെ മൂന്ന്‌ വലിയ മതങ്ങൾക്ക്‌ പൊതുവായ ഉത്‌പത്തിയെക്കുറിച്ചുള്ള മിത്തിൽ അടങ്ങിയിട്ടുള്ളതും, സാധാരണ ചർച്ച ചെയ്യപ്പെടാത്തതുമായ മൂന്നു കാര്യങ്ങളാണ്‌ സാഹിത്യകാരനായ മാർക്‌ ട്‌വെയിൻ ഈ ചൊല്ലിൽക്കൂടി പുറത്തുകൊണ്ടുവരുന്നത്‌. ഒന്ന്‌, വിലക്കപ്പെട്ടതിനൊടുള്ള മനുഷ്യന്റെ ആസക്തി അഥവാ ഔത്സുക്യം. രണ്ട്‌, അരുതെന്ന്‌ പറഞ്ഞുവെങ്കിലും ദൈവം മനുഷ്യനെ കൊന്നുകളയാതെ, നന്മതിന്മകളെക്കുറിച്ചുള്ള അറിവോടെ, സ്വന്തം ഉത്തരവാദിത്വത്തിന്മേൽ പ്രയത്നിച്ച്‌ ജീവിക്കാനും സന്തതികളിലൂടെ വംശത്തെ മുന്നോട്ടു കൊണ്ടുപോകുവാനും അനുവദിക്കുകയാണ്‌ ചെയ്തത്‌. മൂന്ന്‌, മൂലകാരണമായ സാത്താനെ വിലക്കാതെ, ദൈവം പഴത്തെ മാത്രം വിലക്കുകയാണ്‌ ചെയ്തത്‌. കാരണം ദൈവത്തിന്‌ അതിനുള്ള ശക്തിയില്ലായിരുന്നു. സാത്താനെ തടയണമെങ്കിൽ, ദൈവത്തിനും സാത്താനും മീതെയുള്ള ഒരു സൂപ്പർശക്തി ആവശ്യമായിരുന്നു. ഭിന്നത അഥവാ വിയോജിപ്പ്‌, ലോകത്തിന്റെ ഘടനയിലുള്ളതാണെന്നും അത്‌ ദൈവം അംഗീകരിച്ചിട്ടുണ്ടെന്നും ഈ മൂന്നു മതങ്ങളും പരോക്ഷമായിട്ടെങ്കിലും അംഗീകരിച്ചിട്ടുണ്ട്‌ എന്നുമർത്ഥം. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യത്തിഢെന്റ ഉപയോഗത്തിലൂടെയാണല്ലൊ ആദാമിന്റെയും ഹവ്വയുടെയും വംശാവലിയിൽ പെട്ട നാമെല്ലാം ഉണ്ടായതും നിലനിൽക്കുന്നതും.

ഈ കഥയിലൂടെയാണ്‌ ആദിപുസ്തകത്തിന്റെ ആദ്യാദ്ധ്യായം തുടങ്ങുന്നതെങ്കിലും അതിന്റെ ആന്തരികമായ സന്ദേശത്തെ എന്തുകൊണ്ടോ ഈ മതങ്ങളൊക്കെ അവഗണിച്ചു. എല്ലാ മതങ്ങളും ഏതെങ്കിലും വിധത്തിലുള്ള ദൈവികമായ ഉത്‌പത്തി അവകാശപ്പെടുന്നുണ്ട്‌. എങ്കിലും മതങ്ങളെ ആചരിക്കുന്നത്‌ മനുഷ്യനാണെന്നതിനാൽ (ദൈവം മതത്തെ ആചരിക്കുന്നില്ലല്ലോ) അവ മാനുഷികമാണെന്ന യാഥാർത്ഥ്യവും വിസ്മരിക്കപ്പെട്ടു.

മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന്‌ വ്യത്യസ്തനാക്കുന്ന ഏറ്റവും വലിയ സംഗതി അവന്റെ ഭാഷയാണെന്നും ഭാഷയുണ്ടാക്കുവാൻ അവനെ സഹായിച്ച ശാരീരികമായ ഉപാധി, വോയ്‌സ്‌ ബോക്സ്‌, ആണ്‌ ചിംപാൻസിക്ക്‌ അപ്പുറത്തേക്കുള്ള കുതിച്ചുചാട്ടത്തിന്‌ കാരണമായതെന്നും ഉള്ള ഒരു ചിന്താഗതിയുണ്ട്‌. ശാസ്ര്തജ്ഞന്മാരിൽ. മറ്റ്‌ ജന്തുജാലങ്ങളും തമ്മിൽ സംവദിക്കുന്നില്ലേ എന്ന ചോദ്യം വരാം. പക്ഷേ, വോയ്‌സ്‌ ബോക്സ്‌ വഴി മനുഷ്യൻ രൂപപ്പെടുത്തിയ അവന്റെ ഭാഷ അവയുടേതിൽ നിന്ന്‌ രണ്ടുവിധത്തിൽ വ്യത്യസ്തമാണ്‌. ഒന്നാമത്‌, മനുഷ്യർക്കെല്ലാവർക്കും കൂടി ഉള്ളത്‌ ഒരു ഭാഷയല്ല, പല ഭാഷകളാണ്‌. ഒന്നല്ല, പല ഭാഷകളുണ്ടാക്കുവാനുള്ള കഴിവുണ്ട്‌ മനുഷ്യന്‌ എന്നർത്ഥം. രണ്ടാമതായി, ആ ഭാഷകളൊന്നും തന്നെ തുടങ്ങിയ ഇടത്ത്‌ നിന്നിട്ടില്ല, അവ കാലാനുസൃതം പരിഷ്‌ക്കരിക്കുകയും വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരുന്നു, ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളും അവയുടെ ആശയങ്ങളെ വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും എത്തിക്കുവാൻ ഭാഷകളെയാണ്‌ ആശ്രയിക്കുന്നതെന്നതുകൊണ്ടു മാത്രമല്ല ഈ ഭാഷകളുടെ ഉത്‌പത്തികഥ ഇവിടെ കൊണ്ടുവന്നത്‌, ഘടനാപരമായും സ്വഭാവപരമായും ഭാഷകൾക്കും മതങ്ങൾക്കും ഗഹനമായ സാജാത്യവും സംബന്ധവും ഉണ്ടെന്നതുകൊണ്ടുകൂടിയാണ്‌. വ്യക്തികൾ തമ്മിലും ആശയങ്ങൾ തമ്മിലും ഉള്ള സംവാദത്തിലൂടെയാണ്‌ സംസ്‌കാരവും സംസ്‌കാരത്തിന്റെ ഭാഗമായ മതങ്ങളും വളർന്നത്‌. ലോകത്തിൽ മുഴുവൻ ഒരു ഭാഷ കൊണ്ടുവരുവാൻ നമുക്ക്‌ സാധിക്കില്ല. അതുപോലെ എല്ലാ മനുഷ്യരെയും ഒരൊറ്റ വീക്ഷണത്തിലേക്കോ മതത്തിലേക്കോ ആനയിക്കുവാനും. അങ്ങനെയായാൽ ഈ സംസ്‌കാരം മരിക്കും. ഭാഷകളെപ്പോലെ തന്നെ വ്യത്യസ്തമായ ആശയങ്ങളും മതങ്ങളും മനുഷ്യർക്കിടയിൽ ഉണ്ടാകും, ഉണ്ടാകണം. വീണ്ടും ഭാഷകളെപ്പോലെ, ഒരു മതവും ഒരിടത്തുതന്നെ നിൽക്കരുത്‌. കാലത്തിനൊത്ത്‌ അവയും പരിഷ്‌ക്കരിക്കുകയും വളരുകയും വികസിക്കുകയും വേണം എന്നാണ്‌ പ്രകൃതി നിയമം പറയുന്നത്‌.

വ്യാപകമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്‌ ഹമീദിന്റെ ഈ പുസ്തകം. വിശേഷിച്ചും അവസരവാദം വേട്ടയാടുന്ന ഇടതുപക്ഷത്തിന്റെയും സ്വന്തം ദൗർബല്യങ്ങളെ ശക്തിയായി വ്യാഖ്യാനിക്കുവാൻ ലജ്ജ കാണിക്കാത്ത ബൗദ്ധികലോകത്തിന്റെയും ഇടയിൽ. അങ്ങനെ സംഭവിക്കുമോ എന്നതായിരുക്കും ഒരുപക്ഷേ, നമ്മിൽ ആർജ്ജവം അവശേഷിച്ചിട്ടുണ്ടോ എന്നതിന്റെ സൂചകം.

ഭീകരതയുടെ ദൈവശാസ്ര്തം (ഹമീദ്‌ ചേന്നമംഗലൂർ)

പ്രസാ ഃ ഡി.സി ബുക്സ്‌

വില ഃ 75രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcbookstore.com”

Generated from archived content: book1_sept21_07.html Author: anand

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here