അലകടലിന്‍റെ അനന്തതയില്‍ മിഴികളൂന്നിനില്‍ക്കേ അയ്യാളറിഞ്ഞിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നു, ഓരോ മനുഷ്യനും ഒരു കടലാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുള്ള ഒരു കടല്‍. പക്ഷേ തീരത്തേയ്ക്ക് അലയടിച്ചെത്തിയ തിരകള്‍ക്ക് എന്നത്തേയുമത്ര ശക്തിയില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഇന്ന് ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. തന്നെക്കാള്‍ ഇവിടെയെത്തുവാന്‍ എന്നും കുട്ടികള്‍ക്കായിരുന്നു താല്‍പര്യം. തിരകളിലേയ്ക്കോടിയിറങ്ങുന്ന അവരെ കരയിലേയ്ക്ക് കയറ്റുവാന്‍ അവള്‍ പാടുപെടുന്നത് സുഖമുള്ളൊരു കാഴ്ചയാണ്. ഇന്നലെ രാവിലെ ഓഫീസിലേയ്ക്കെന്നു പറഞ്ഞിറങ്ങവേ താനോ , തന്നെയാത്രയാക്കവേ അവളോ ചിന്തിച്ചിരുന്നില്ല ഇവിടെക്കൊരു യാത്രയുണ്ടാകുമെന്ന്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹെഡ്ഓഫീസിലേക്ക് താന്‍ തന്നെ പോകണമെന്ന വിവരം മാനേജര്‍ അറിയിച്ചത്. അര്‍ജന്‍റ് മീറ്റിംങാണ്. ഒരു മണിക്കൂറിനുള്ളിലെത്തണം. പക്ഷേ അവിടേയ്ക്ക് യാത്രതിരിച്ച താനെത്തിയതോ ഈ കടല്‍കരയിലും.
ആരോ തന്‍റെ പേര് വിളിക്കുന്നതുപോലെ അയ്യാള്‍ക്കുതോന്നി. അതേ, അത് അവനാണ് തന്‍റെ മകന്‍. അവന്‍ തന്നെ യാത്രയാക്കുന്നതിന് മുന്‍പ് അവസാനത്തെ ബലിച്ചോറുണ്ണുവാന്‍ വിളിക്കുകയാണ്. തന്‍റെ ജീവനറ്റ ശരീരത്തിനടുത്ത് കണ്ണീരൊഴുക്കുന്ന അവളുടെയും കുട്ടികളുടെയും മുഖം കാണാനാകാതെയാണ് അയാള്‍ ആ കടല്‍ കരയിലെത്തിയത്. പക്ഷേ ഇനിയും ഇവിടെയിരിക്കാനാകില്ല. വിളിക്കുന്നത് സ്വന്തം മകനാണ്. വിശപ്പില്ലാതിരുന്നിട്ടും ആ ബലിച്ചോറുണ്ണുവാന്‍ അയാള്‍ തന്‍റെ വീട്ടിലേയ്ക്ക് നടന്നു.
Generated from archived content: story3_oct24_14.html Author: anamika_r
Click this button or press Ctrl+G to toggle between Malayalam and English