വിൽപനക്കാരൻ

-ഒന്ന്‌-

ഓരോരുത്തരായി കടയിലേക്ക്‌ കയറി.. കാഷ്‌ കണ്ടറിനരികിൽ വെച്ച വിളക്കിനു മുന്നിൽ തലകുനിച്ചു… പിന്നെ തിരക്കു തുടങ്ങിയില്ലെങ്കിലും സ്വസ്ഥാനങ്ങളിലെത്തി.. ഇത്രയും നേരത്തെ ആരും വരില്ലെന്നറിയാം… എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാവും.. സ്ഥാനം മാറിയിരിക്കുന്നതിനെ കണ്ടുപിടിച്ച്‌ യഥാസ്ഥാനത്തെത്തിക്കൽ തന്നെ പ്രധാനം.. അല്ലെങ്കിൽ ആവശ്യക്കാർ വന്നു ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ കഷ്ടപ്പെടും … അവർ തലേന്നാൾ പൂർണ്ണമായില്ലെന്ന്‌ തോന്നിയ തങ്ങളുടെ ജോലികളിലേക്ക്‌ തിരിഞ്ഞു..

ഇന്ന്‌ പുതിയ പിള്ളേർ വരും .. അവർക്ക്‌ എല്ലാമൊന്നു പറഞ്ഞു കൊടുക്കണം

എല്ലാവരോടുമായാണ്‌ ദീദി പറഞ്ഞത്‌.. കാഷ്‌കണ്ടറിനു മുകളിലെ ഫോട്ടോയിൽ നോക്കി ഒന്നുകൂടി തൊഴുത്‌ അവർ കസേരയിൽ ഇരുന്നു..

പക്ഷെ പുതിയവർ എത്തുമെന്ന വാർത്ത മറ്റുള്ളവർക്കിടയിൽ ഒരു ചർച്ചയായി പുരോഗമിച്ചു.. അവരുടെയെല്ലാം ചുണ്ടിൽ ഒരു ചിരി നിറഞ്ഞു നിന്നിരുന്നു.. ഇപ്പോഴുള്ളവരിൽ അവസാനം വന്നത്‌ സിയാനാണ്‌.. അതുകൊണ്ട്‌ തന്നെ അവന്‌ ആ ചിരിയുടെ അർത്ഥം നന്നായി അറിയാം..

ആദ്യമൊരു അമ്പരപ്പായിരുന്നു.. ഓരൊന്നെടുക്കുമ്പൊഴും ഒരു പകപ്പ്‌.. ചെറുചലനം പോലും പിടിച്ചെടുക്കാൻ തയ്യാറായി നിന്നവരായിരുന്നു മുതിർന്നവരെല്ലാം.. ഇപ്പോൾ ഒന്നും തോന്നാത്ത ഒരു നിരപ്പിലായിരിക്കുന്നു.. ആദ്യത്തെ കസ്റ്റമർ മുന്നിലെത്തും വരെ സിയാൻ തന്റെ ചിന്തകളെ മേയാൻ വിട്ടു…

–രണ്ട്‌–

എങ്ങോട്ടാ?

ചുമരിലെ ആണിയിൽ കൊളുത്തിയിട്ട കണ്ണാടിയിലേക്ക്‌ എത്തി വലിഞ്ഞ്‌ നോക്കി റോസ്‌മിൻ നെറ്റിയിലെ പൊട്ട്‌ ഒന്നുകൂടി ശരിയാക്കി.. പക്ഷെ തൊട്ടു താഴെ കട്ടിലിൽ കിടക്കുന്ന ബേലയുടെ ചോദ്യം അവൾ കേട്ടില്ലെന്ന്‌ നടിച്ചു..

എന്നതാടീ നിനക്ക്‌ ചെവികേൾക്കില്ലെ

പുറത്തിറങ്ങാനുള്ള തിരക്കിൽ റോസ്‌മിൻ പറഞ്ഞു

ഞാൻ.. വെറുതെ ഒന്നു പുറത്തേക്ക്‌

പിന്നെ ആരുണ്ട്‌

ആരുമില്ല..

അതെന്താ ഇന്ന്‌ ആരുമില്ലാതൊരു പോക്ക്‌.. അതല്ലലൊ ഇവിടത്തെ പതിവ്‌..

വരാന്തയിലെത്തിയ റോസ്‌മിൻ തിരികെ വാതിൽ ചാരി നിന്നു.. അവളുടെ കയ്യിലിരുന്ന പ്ലാസ്റ്റിക്ക്‌ കവർ പുറകിലേക്ക്‌ മാറ്റി പിടിച്ചു..

ചോദ്യഭാവത്തിൽ കട്ടിലിൽ എണീറ്റിരുന്ന ബേലയുടെ നോട്ടം അവളിൽ തന്നെ തറഞ്ഞിരുന്നു..

ഞാൻ .. ഞാൻ ഇവിടം വരെയെ പോവുന്നുള്ളൂ

അതല്ലെ ഞാനും ചോദിച്ചെ.. ഈ ഇവിടം എന്നാൽ എവിടം ആണെന്ന്‌

അൾട്ടിമേറ്റ്‌

കട്ടിലിൽ കൈ ചുരുട്ടിയിടിച്ച്‌ ബേല തലയറഞ്ഞ്‌ ചിരിച്ചു.. അതങ്ങിനെ ഇടനാഴിയിലൂടെ ചിതറിതെറിച്ച്‌ ഓരോ വാതിലിനെയും തട്ടി തുറക്കാൻ തുടങ്ങി.. വാതിലുകൾ തുറന്നിറങ്ങുന്നവരുടെ ആക്രമണത്തെ ഭയന്നെന്ന പോലെ റോസ്‌മിൻ അകത്തു കേറി വാതിലടച്ചു..

ചിരിയുടെ നിറവിൽ തുളുമ്പിനിന്ന കണ്ണുകൾ ബേല അമർത്തി തുടക്കുമ്പോൾ അവൾക്കരികിൽ റോസ്‌മിൻ തലതാഴ്‌ത്തിയിരിക്കുന്നുണ്ടായിരുന്നു..

—മൂന്ന്‌—

മഹാരാജയിലെ തിരക്കിൽ നിന്ന്‌ പുറത്തിറങ്ങുമ്പോൾ ശരീരഭാഗങ്ങൾ ഒന്നും പറിഞ്ഞു പോയിട്ടില്ലെന്ന്‌ റോസ്‌മിൻ ഒന്നു കൂടെ ഉറപ്പു വരുത്തി.. പുറകെ ഇറങ്ങിയ ബേല ഇന്നാരുമായും തട്ടിയതിനും മുട്ടിയതിനും ഉടക്കാൻ അവസരം കിട്ടാത്തതിന്റെ സന്തോഷത്തിലോ സങ്കടത്തിലോ എന്ന്‌ വേർത്തിരിക്കാനാവാത്ത ഭാവത്തിലാരുന്നു… എങ്കിലും വാതിലിൽ വഴിമുടക്കിനിന്ന കിളിയെ ഒന്നു നോക്കാൻ അവൾ മറന്നില്ല

ഡേയ്‌..

മുന്നിൽ നടന്ന റോസ്‌മിൻ പുറകിൽ നിന്നുള്ള ബേലയുടെ വിളികേട്ടില്ല..

എങ്ങോട്ടാടീ ഓടുന്നെ.. ഹോസ്റ്റലിലെ തണുത്ത ചായ മോന്താനോ.. നീ വാ.. എനിക്ക്‌ കുറച്ച്‌ സാധനങ്ങൾ വാങ്ങാനുണ്ട്‌

എന്തു വാങ്ങാൻ എന്നു നോട്ടം കൊണ്ട്‌ ചോദിക്കുന്ന റോസ്‌മിനെ ബേല കണ്ണിറുക്കി കാണിച്ചു..പിന്നെ ചെവിയിൽ എന്തോ പിറുപിറുത്തു..

അതിനിവിടെവിടെ….

അതൊക്കെ ഉണ്ട്‌.. ഒരു അൾട്ടിമേറ്റ്‌പോയിന്റ്‌..

റോഡ്‌ മുറിച്ചു കടക്കുമ്പോൾ എതിർവശത്തെ ബിൽഡിങ്ങിലെ ഓരോ ബോർഡിലും റോസ്‌മിന്റെ കണ്ണുകൾ പരതികൊണ്ടിരുന്നു.. ഇവിടെ കാണുന്നതെല്ലാം അവൾക്ക്‌ പുതുമയാണ്‌.. അവളിവിടെ പുതുക്കക്കാരിയല്ലെ.. മുൻവശത്തെ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കിടയിലൂടെ മുന്നോട്ട്‌ നീങ്ങുന്നതിനിടയിലാണ്‌ അവൾ ആ ബോർഡും അതിനു താഴെയുള്ള കടയും കണ്ടത്‌.. മുൻപിൽ നടക്കുന്ന ബേലയെ ഒട്ടൊരു ശക്തിയോടെ അവൾ പുറകോട്ട്‌ വലിച്ചു..

ഞാനില്ല അങ്ങോട്ട്‌..

ങും .. അതെന്താ?

ഗ്ലാസ്സ്‌ പാനലുകൾക്ക്‌ പുറകിലെ മാനിക്യുനുകളെ അവൾ ഇടം കണ്ണാൽ ചൂണ്ടികാട്ടി..

പിന്നെ ഈ കടയിലെന്താ കന്യാസ്ര്തീകളുടെ കുപ്പായമിടീച്ച്‌ നിർത്തണോ?.. നീ വന്നെ.. അവളുടൊരു കിന്നാരം

—-നാല്‌—-

കടയിലേക്ക്‌ കയറിയ ഉടൻ ഡിസ്‌പ്ലെ ചെയ്ത വകകളിലേക്ക്‌ ബേല തിരിഞ്ഞു… തൊട്ടുതലോടി നിലവാരമൊന്ന്‌ ഉറപ്പുവരുത്തി.. അധികം തിരക്കില്ലാത്ത കടയിൽ സേവനത്തിനായ്‌ നിരന്നുനിൽക്കുന്നതെല്ലാം ആണുങ്ങൾ.. ഇളം നീല വരകളുള്ള ഷർട്ടും കരിനീല പാന്റ്സുമായ്‌ ഓടിനടക്കുന്ന പത്തു പന്ത്രണ്ട്‌ പേർ… കണ്ണു പറ്റാതിരിക്കാനാവണം കാഷ്‌കണ്ടറിൽ മാത്രം ഒരു പെൺസാന്നിധ്യം.. ആദ്യം അവൾക്കരികിലേക്ക്‌ വന്നവരെ നോക്കാതെ ബേല കണ്ടറിലേക്ക്‌ നടന്നു.. പിന്നെ കൈചൂണ്ടി കൊണ്ട്‌ അൽപം ഉച്ചത്തിൽ ചോദിച്ചു..

ആ റോസ്‌ ലെയ്സ്‌ വെച്ചതിന്‌ എത്രയാ..

250

അതിന്റെ 34ബി.. വേറെ കളറുകൾ ഉണ്ടെങ്കിൽ അതുകൂടി

ഷെൽഫിൽ കയ്യോടിച്ച്‌ തിരയാൻ തുടങ്ങിയ പയ്യൻ പുറകുതിരിഞ്ഞ്‌ ചോദിച്ചു

മേഡം.. 32 ബി പോരെ

നടുചുമരിൽ വിരിഞ്ഞു നിൽക്കുന്ന ഹണിമൂൺ കളക്ഷനിൽ തെന്നിനീങ്ങിയിരുന്ന അവളുടെ ശ്രദ്ധ ആ ഒറ്റചോദ്യത്തിൽ തെറ്റിത്തിരിഞ്ഞു പോയി..

എന്ത്‌?

അല്ല സൈസ്‌… 32 ബി പോരെ

തന്നെക്കാൾ ഒരു നാലഞ്ച്‌ വയസ്സ്‌ കുറവുള്ള അവന്റെ നോട്ടം അസ്ഥാനങ്ങളിലേക്ക്‌ നീങ്ങുന്നത്‌ കണ്ടു തന്നെ അവന്റെ കണ്ണുകളിലേക്ക്‌ അവൾ തുറിച്ചു നോക്കി..

സിയാൻ

അവൾ അവന്റെ നെയിം പ്ലേറ്റിൽ നോക്കി മനസ്സിൽ വായിച്ചു..

പോരല്ലൊ മോനെ.. 34 ബി തന്നെ വേണം

ഉത്തരം കേട്ട്‌ അവന്റെ മുഖം ഒന്നു ചുളിഞ്ഞു പോയെന്ന്‌ ബേലക്ക്‌ തോന്നി.. അതു കാണിച്ചു കൊടുക്കാനായാണ്‌ അവൾ റോസ്‌മി​‍ിനെ തിരഞ്ഞത്‌. ദേഷ്യത്തോടെ എവിടെയും നോക്കാതിരിക്കാൻ കഷ്ടപ്പെടുന്ന അവളുടെ നിൽപ്‌ ബേലയിൽ ചിരിയുണർത്തി..

നീയെന്താ മോന്തയും വീർപ്പിച്ചിരിക്കണെ

നിനക്കെന്താ വേറെ കടയൊന്നും കിട്ടിയില്ലെ.. എടുത്തുകൊടുക്കാൻ എല്ലാം ആണുങ്ങൾ മാത്രം.. ഓരോന്നിന്റെ നോട്ടം കണ്ടാൽ മതി

മേഡം..

കണ്ടറിൽ നിന്നും അവൾക്കായ്‌ ഉയർന്ന ആ വിളിയിൽ ഇരുവരും അങ്ങോട്ട്‌ തിരിഞ്ഞു..

ബേല വീണ്ടും വീണ്ടും ആവശ്യങ്ങളുമായി ആ ചെറുക്കനെ കറക്കുന്നതു കണ്ട്‌ റോസ്‌മിന്‌ ദേഷ്യം വരുന്നുണ്ടായിരുന്നു… എങ്കിലും അരികിൽ നടക്കുന്ന പ്രകടനത്തിലേക്ക്‌ അവളുടെ ശ്രദ്ധ തിരിഞ്ഞു..

ഏതൊ വിമൺസ്‌ കോളേജ്‌ താരങ്ങൾ ആണ്‌.. അവർ മൂന്നു പേർക്കു വേണ്ടി ആ കടയിലെ സാധനങ്ങൾ മുഴുവൻ നിരത്താൻ തയ്യാറായി നാലുപേർ വട്ടമിട്ടു നടക്കുന്നു.. പെൺകുട്ടികളുടെ കണ്ണെത്തുന്ന ഓരോ പീസും അവർ കയ്യിലെടുത്ത്‌ വിവരിക്കുന്നു.. വേണമെങ്കിൽ അണിയിച്ചു കൊടുക്കാനും തയ്യാറെന്ന്‌ മുഖഭാവം പറയുന്നുണ്ടായിരുന്നു… ഇടക്കെപ്പൊഴൊ ബ്രാക്കറ്റുകളിൽ തൂക്കിയാട്ടികൊണ്ടിരുന്നത്‌ അവനെടുത്ത്‌ നെഞ്ചത്തു വെച്ച്‌ മോഡലാവുമൊ എന്നവൾ ഭയപ്പെട്ടു.. ..

താൻ ഇതിലൊന്നും ഭാഗമല്ലെന്ന ഭാവത്തിൽ നിൽകുന്ന റോസ്‌മിനിലും ചില കണ്ണുകൾ പാറിവീഴുന്നുണ്ടായിരുന്നു.. അവളെ കണ്ണുകൾകൊണ്ട്‌ രണ്ടുതുണ്ടു തുണിയിൽ അവരോരുത്തരും ഭാവനചെയ്യുകയാവുമെന്ന തോന്നലിൽ അവൾ ഷോൾ എടുത്ത്‌ ഒന്നു കൂടെ വിരിച്ചിട്ടു…

പക്ഷെ കണ്ണുകളിൽ നിന്ന്‌ മനസ്സിലെന്തെന്ന്‌ വായിക്കാനായിരുന്നെങ്കിൽ എന്ന ചിന്ത കുറച്ചു നേരത്തേക്കെങ്കിലും അവളെയും സ്വപ്നലോകത്തിലെത്തിച്ചു..

ബേലക്കു മുന്നിലെ വിൽപനക്കാരൻ മോൾഡിങ്‌കൊണ്ട്‌ തുണികൾക്കുള്ളിൽ നടത്തിയ മായാജാലത്തിന്റെ പ്രഭാഷണത്തിലായിരുന്നു.. ആകൃതിയും മിനുപ്പും ഉറപ്പുമെന്നൊക്കെ വിവരിക്കുന്നത്‌ കേട്ടപ്പോൾ അവനൊരു പെണ്ണാണൊ എന്ന്‌ അവൾക്കൊരു സംശയം തോന്നി.. അല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതെല്ലാം അവൻ അണിഞ്ഞു നോക്കിയിരിക്കുമൊ…..

റോസ്‌മിൻ അവനെ തന്നെ സൂക്ഷിച്ചുനോക്കുന്നത്‌ സിയാനിലും നേരിയ അസ്വസ്ഥതയുണർത്തി.. മുന്നിലെത്തുന്നവരെ അവർ തിരഞ്ഞെടുക്കുന്നതിൽ കാണാൻ ശ്രമിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്ന്‌ അവന്‌ അവളോട്‌ പറയാൻ തോന്നി..

ച്ഛെ.. അവൾ തലകുടഞ്ഞത്‌ അൽപം ഉച്ചത്തിലായിരുന്നെങ്കിലും അത്‌ ശ്രദ്ധിച്ചത്‌ അവൻ മാത്രമായിരുന്നു..

ബില്ലിങ്ങിനും പാക്കിങ്ങിനുമായുള്ള സമയം ബേല വീണ്ടും കറങ്ങാനിറങ്ങി..

തന്റെ പെണ്ണിനു വേണ്ടി വാങ്ങാനെത്തിയ ചെറുപ്പക്കാരനെ ചൂണ്ടി അവൾ ചിരിക്കാൻ തുടങ്ങി..

കണ്ടോ.. ആ സെയിൽസ്‌മാനെ കവറു തുറക്കാൻ പോലും അയാൾ അനുവദിക്കുന്നില്ല.. അതിൽ മറ്റാരുടെയും കൈവിരൽ പതിയുന്നത്‌ പോലും അയാൾക്ക്‌ സഹിക്കില്ല

അയാളുടെ പരാക്രമം റോസ്‌മിനു പോലും ചിരിയുയർത്തുന്നതായിരുന്നു..

ബില്ലും കൊണ്ട്‌ അവരുടെ അടുത്തെത്തിയ സിയാൻ റോസ്‌മിനെ നോക്കി ചോദിച്ചു

മാഡത്തിനൊന്നും വേണ്ടെ…

ഓ.. ഞാനത്‌ മറന്നു.. നിനക്ക്‌ വാങ്ങണ്ടെ

വേണ്ട എന്ന റോസ്‌മിന്റെ വിലക്ക്‌ വകവെക്കാതെ ബേല കൗണ്ടറിലേക്ക്‌ നടന്നു.. പിന്നെ പെട്ടന്ന്‌ എന്തോ ഓർത്തപോലെ അവനോട്‌ പറഞ്ഞു..

ഇപ്പോൾ വേണ്ട… സമയം വൈകി

—–അഞ്ച്‌—–

തിരക്ക്‌ കുറഞ്ഞപ്പോൾ പുതിയ ആളെ പരിചയപ്പെടാൻ സിയാൻ അകത്തെ മുറിയിലേക്ക്‌ പോയി.. അവിടെ പുതുതായി വന്ന സ്റ്റോക്കിന്റെ തരം തിരിക്കലാണ്‌..

ആദ്യം എല്ലാ വകയും ഒന്നു പരിചയപ്പെടട്ടെന്നെ..

അലക്സിന്റെ ഉച്ചത്തിലുള്ള ചിരിയുടെ അർത്ഥം പുതിയ ആൾ അറിയാനിരിക്കുന്നതല്ലെ ഉള്ളു..

സിയാൻ നൽകിയ പുഞ്ചിരിക്കൊപ്പം മനസ്സിലോർത്തത്‌ പുറത്ത്‌ കേട്ടില്ല..ഒറ്റമുറിയിൽ താഴിട്ട്‌ പൂട്ടിയ ഒരു പെട്ടിയെ ഉള്ളു.. രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ അല്ലെങ്കിൽ ഉറക്കം നടിക്കുമ്പോൾ ഒരു പെന്റോർച്ചിന്റെ വെളിച്ചത്തിലാണ്‌ അലക്സ്‌ അത്‌ തുറക്കുക..

ഞാൻ സിയാൻ.. പുതിയ ആളല്ലെ

നാടും വീടും കൂടും ചോദിച്ച്‌ അവർ പരിചയക്കാരായി.. അവന്റെ കയ്യിലിരിക്കുന്ന പാക്കറ്റിലേക്ക്‌ അറിയാതെ നോക്കിപോയതും അവന്റെ മുഖത്ത്‌ തെളിഞ്ഞ ഭാവം വളരെ വ്യക്തമായിരുന്നു.. ഒളിവിടങ്ങളിലെ ആനന്ദം ആൾക്കൂട്ടത്തിൽ ജാള്യതയാവുന്നത്‌ അനുഭവിക്കാനിരിക്കുന്നതല്ലെ ഉള്ളു..

കൗണ്ടറിൽ എത്തുമ്പോൾ കുറച്ചു നാളത്തെ ബുദ്ധിമുട്ട്‌.. പിന്നെ ശരിയാവും…

സിയാൻ വീണ്ടും കണ്ടറിലേക്ക്‌ നീങ്ങി..

——ആറ്‌——

എടാ.. ഇന്ന്‌ നിനക്കരികിൽ ഒരു കിടിലൻ പീസ്‌ വന്നിരുന്നില്ലെ.. വെളുത്ത്‌ മെലിഞ്ഞ്‌… അവളിവിടെ പുതിയതാന്നാ തോന്നുന്നെ.. കൂടെ വന്നവൾ നമ്മുടെ സ്ഥിരം കസ്റ്റമർ അല്ലെ..

അവർ സിയാന്റെ അരികിൽ ഇരുന്നു.. അടുത്ത്‌ പടിയായി അന്നു വന്ന ഓരോരുത്തരെയും അളന്നു തൂക്കാൻ തുടങ്ങി.. പിന്നെ ഏതൊക്കെയോ തുടിപ്പിൽ സ്വയമൊന്ന്‌ ഞെളിപിരികൊണ്ടു.. ഇതൊരു തുടർച്ചയാണ്‌..

അവളെവിടെന്നാ… മറ്റവളുടെ കൂടെയുള്ളതാണോ?

ഉത്തരങ്ങൾ കിട്ടിയില്ലെങ്കിലും അവർ സംസാരം തുടർന്നു.. പക്ഷെ കൂട്ടത്തിൽ ചേരാതിരിക്കാനായ്‌ അവൻ മാത്രം ഉറക്കം നടിച്ചു.. വരാത്ത ഉറക്കത്തെയും കാത്തുകിടന്ന അവനെ മറന്ന്‌ മറ്റുള്ളവരെല്ലാം സുഖനിദ്രയിലായി.. എപ്പൊഴൊ കടന്നുവന്ന ഉറക്കത്തിൽ ഏതൊ തരിശുനിലങ്ങളിൽ വെള്ളം കിട്ടാതെ അലയുന്നതും സ്വപ്നം കണ്ട്‌ അവൻ ഇടക്കിടക്ക്‌ ഞെട്ടിയുണർന്നു..

ബാത്‌റൂമിന്റെ വാതിൽ തുറക്കുന്നത്‌ കണ്ട്‌, ആരുടെയൊ ബിപി ഉയരുന്നെന്ന്‌ അവനറിഞ്ഞു.. പിന്നെ വീണ്ടും വാതിലടയും വരെ തലവഴിയെ മൂടി പുതച്ചു കിടന്നു.. അപ്പോഴും മനം വിടാത്ത ഒരു മുഖവും അളവൊക്കാത്ത അവയവങ്ങളും അവന്റെ ഉറക്കം കെടുത്തുകയായിരുന്നു…

പുതുതായി വന്ന പയ്യന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങളോരോന്നും അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.. അതിൽ ചിലതിലെല്ലാം തന്റെ തന്നെ മുഖഛായകളെ കണ്ടപ്പോൾ അവനും ചിരിവന്നിരുന്നു.. പരിചിതമാവും വരെയുള്ള നെടുവീർപ്പുകൾ..

ഇത്‌ അകത്തിടുന്നതൊ പുറത്തിടുന്നതോ

അവന്റെ ചോദ്യം താനും ചോദിച്ചിട്ടുണ്ടല്ലൊ എന്ന്‌ അവനോർത്തു.. വിലകളിൽ തരങ്ങളിൽ സാധാരണക്കാർക്ക്‌ അപ്രാപ്യമായത്‌ പലതും കാണുമ്പോഴത്തെ അമ്പരപ്പ്‌..

——-ഏഴ്‌——-

ഞാനും വരാം

ബേല കട്ടിലിൽ നിന്നിറങ്ങി..

വേണ്ട.. ഞാൻ തനിയെ പോവാം.. ഇത്‌ ഞാൻ തനിയെ തീർക്കാനുള്ളതല്ലെ.. എത്രയൊ തവണ നിനക്കൊപ്പം ഞാൻ അവിടെ വന്നിരിക്കുന്നു.. ഇന്ന്‌ എനിക്കായ്‌ ഞാൻ അവിടെ പോവാമെന്നെ..

വേണ്ട റോസ്‌മിൻ…ഞാനും വരും

ബേലയുടെ കടും പിടുത്തത്തിൽ റോസ്‌മിന്‌ മറുത്തൊന്നും പറയാനില്ലാരുന്നു.. എന്നിട്ടും ബേല ഒരുങ്ങിയെത്തും മുമ്പെ അവൾ ഇറങ്ങി നടന്നു…

പലപ്പോഴായി അവളെ സിയാന്റെ കണ്ണുകൾ പിന്തുടരുന്നു… പക്ഷെ ഇന്നലെ, ഇന്നലെയാണ്‌ അവൻ ആദ്യമായി സംസാരിച്ചത്‌…

എന്താ..ഞങ്ങളുടെ കടയിൽ നിന്ന്‌ ഒന്നും വാങ്ങാത്തത്‌… എല്ലാർക്കും കൂട്ടു വരികയെ ഉള്ളോ

മറ്റു പലരും തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നത്‌ അവൾക്കറിയാമായിരുന്നു..

ബേല തന്നെ കളിയാക്കും പോലെ താനും ഇവർക്കിടയിലെ ചർച്ചാവിഷയമാണൊ എന്നൊരു സംശയം..

കടയുടെ ഗ്ലാസ്സ്‌ ഡോർ തുറക്കുമ്പോൾ അവളുടെ കണ്ണുകൾ ആരെയൊ തിരയുന്നുണ്ടായിരുന്നു..

അവളെ ഒറ്റക്ക്‌ കണ്ട്‌ സിയാൻ അവൾക്കരികിലെക്ക്‌ വന്നു ..

തനിച്ച്‌…?

തനിച്ച്‌ വന്നൂടെ..

കനക്കും മുമ്പെ മനം ഭേദിച്ചത്‌ സിയാൻ തന്നെയായിരുന്നു..

കൂട്ടുകാരി എത്തിയല്ലൊ..

അൽപം ദേഷ്യം നിറഞ്ഞ മുഖത്തോടെയാണെങ്കിലും ഗ്ലാസ്സ്‌ ഡോറ്‌ തുറന്ന്‌ ബേല അവൾക്കരികിലെത്തി…

ഒരു നിമിഷം സിയാൻ കാത്തുനിന്നു.. പക്ഷെ റോസ്‌മിൻ ബേലയെ നോക്കി പുറകിലോട്ട്‌ തിരിഞ്ഞതിനാൽ, അവൻ സ്വയം ഒരു തീരുമാനത്തിലെത്തി…

ഒരു വിരൽ കൂടെ ഉണ്ടായിരുന്നെങ്കിൽ അവന്റെ വിരലുകളുടെ ചലനം ഷഡ്പദങ്ങളുടെ നൃത്തം പോലെയായേനെ.. ഇടക്കൊക്കെ അവൻ തിരിഞ്ഞു നോക്കി.. പിന്നെ ഏതൊക്കെയൊ ചിലത്‌ തിരഞ്ഞെടുത്ത്‌ മേശമേൽ നിരത്തി.. പ്ലാസ്റ്റിക്‌ കവർ തുറന്ന്‌ പുറത്തെടുത്തപ്പോഴാണ്‌ ബേല വിഷമത്തോടെ റോസ്‌മിനെ നോക്കിയത്‌.. അതുവരെ താനിത്‌ ഓർത്തില്ലല്ലൊ എന്ന ചിന്ത അവളെ വല്ലാതെയാക്കി.. ഇരുവരും ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൻ ചോദിച്ചു..

വേറെ ഏതെങ്കിലും തരമാണൊ വേണ്ടത്‌…

ബേലയുടെ വിളറിയ മുഖം വീണ്ടും റോസ്‌മിനു നേരെയായി..

പാഡ്‌ ആണ്‌ വേണ്ടത്‌.. പോസ്റ്റ്‌ സർജെറി

റോസ്‌മിൻ അതു പറയുമ്പോൾ അരുതാത്തതു കേട്ടപോലെ അവൻ അവളെ തന്നെ നോക്കി…

ഒരു പുഞ്ചിരിയോടെ അവൾ തുടർന്നു

സൈസ്‌ 32

ഇപ്പോ വരാം എന്നൊരു ആംഗ്യത്തോടെ അകത്തേക്കുള്ള വാതിൽ തുറന്ന്‌ സിയാൻ അപ്രത്യക്ഷനായി.. ബേലക്ക്‌ മുഖം കൊടുക്കാതിരിക്കാൻ റോസ്‌മിൻ എതിർദിശയിൽ തിരിഞ്ഞു..

അവിടെ ഒരു പുതുമണവാളൻ തന്റെ മണവാട്ടിയ്‌ക്കായ്‌ ഏറ്റവും സുന്ദരമായത്‌ തിരഞ്ഞെടുക്കുന്നതിനുള്ള ശ്രമത്തിലാണ്‌.. തിളങ്ങുന്ന തട്ടം ഇടക്കിടക്ക്‌ നേരെയാക്കി മണവാട്ടിയും ഒപ്പം നിന്ന്‌ നാണം കുണുങ്ങുന്നു..

വാതിൽ തുറക്കുന്ന ശബ്ദം കേട്ട്‌ അവൾ വീണ്ടും കൗണ്ടറിനു നേരെയായി.

ആവശ്യക്കാർ കുറവായതിനാൽ ഇവിടെ വെക്കാറില്ല

സിയാൻ ഒരു ക്ഷമാപണ സ്വരത്തിൽ അറിയിച്ചു.. ആ ഏറ്റുപറച്ചിൽ തന്നിൽ നിന്ന്‌ ഒരു പുഞ്ചിരി അർഹിക്കുന്നെന്ന്‌ തോന്നിയതിനാൽ റോസ്‌മിൻ തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.. അപ്പൊഴും അവന്റെ മുഖത്ത്‌ സംശയങ്ങൾ ബാക്കിനിൽകുന്നുണ്ടായിരുന്നു..

തനിക്ക്‌ ഇഷ്ടമായത്‌ തിരഞ്ഞെടുത്ത്‌ ബില്ലും കൊടുത്തതിനു ശേഷമെ റോസ്‌മിൻ ബേലയെ നോക്കിയുള്ളു.. പിന്നെ അന്ന്‌ ഹോസ്റ്റലിൽ എത്തും വരെ പരസ്പരം അവരൊന്നും മിണ്ടിയില്ല.. കുളിയും തേവാരവുമായി തിരക്കിനിടയിൽ പതിവുള്ള വാചകമേളയിൽ എല്ലാം ബേല നിശബ്ദയാവാതിരിക്കാൻ ഒരു പാട്‌ കഷ്ടപ്പെടുന്നുണ്ടായിരുന്നു..എന്നിട്ടും അവരിരുവരും തനിച്ചായി ഉറങ്ങാൻ വാതിലടക്കുമ്പോൾ, ഉള്ളിലെവിടെയൊ വിങ്ങുന്നത്‌ അവളറിഞ്ഞു.. തന്നോട്‌ മിണ്ടാതിരിക്കാനാണ്‌ റോസ്‌മി​‍ിൻ നേരത്തെ ഉറങ്ങാൻ കിടന്നതെന്ന്‌ അവൾക്കറിയാമായിരുന്നു.. പിന്നെയും ആരൊക്കെയൊ അന്നുറങ്ങാതെ കിടക്കുന്നുണ്ടായിരുന്നു.. അത്‌ അവർ രണ്ടു പേരുടേതുമാത്രമായിരുന്ന രഹസ്യം പങ്കിട്ടെടുത്തവരായിരുന്നു..

Generated from archived content: story1_sept25_08.html Author: an_sobha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here