ക്രിക്കറ്റിന്റെ രണ്ടു ഗോപുരങ്ങള്‍

ആധുനിക ക്രിക്കറ്റിന്റെ അള്‍ത്താരയില്‍ രാഹുല്‍ ദ്രാവിഡിനേക്കാള്‍ വാഴ്ത്തപ്പെട്ടവര്‍ പലരുണ്ട്. പക്ഷെ, സ്ഥിരതയും സമചിത്തതയും സമര്‍പ്പണവും സാങ്കേതികത്തികവും ശൈലീഭദ്രതയും ക്ലാസ്സിക് ഷോട്ടുകളിലുള്ള ആധികാരികതയും കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വസന്തകാലത്ത് വിടര്‍ന്ന അതിസുന്ദരപുഷ്പങ്ങളിലൊന്നായ രാഹുല്‍ ശരത്ത് ദ്രാവിഡ് എന്ന ‘’ വിശ്വസ്ത മതില്‍’‘ വേറിട്ടു നില്‍ക്കുന്നു. ആരാധകരുടെയും ക്രിക്കറ്റ് മേലാളന്മാരുടേയും തണലില്ലാതെ ഒന്നര പതിറ്റാണ്ടുകളോളം തീയും വെയിലുമേറ്റ് വിശ്വക്രിക്കറ്റില്‍ സുഗന്ധം പരത്തിയ ദ്രാവിഡിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കുന്ന ശൂന്യത ചെറുതല്ല. സ്വന്തം പരിമിതികള്‍ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൊണ്ട് മറികടന്ന് സാങ്കേതികത്തികവ് കൈവരിച്ച ഈ പ്രതിഭ തന്റെ കാലഘട്ടത്തിലെ മഹാന്മാരായ കളിക്കാരിലൊരാളായാണ് 2012 മാര്‍ച്ച് ഒന്‍പതിന് രംഗമൊഴിഞ്ഞത്.

അതെ , ദ്രാവിഡ് പാഡഴിച്ചപ്പോള്‍ ടെസ്റ്റിലെ സാമ്പ്രദായിക കേളീശൈലിയുടെ മറ്റൊരു യുഗത്തിന് കൂടിയാണ് തിരശ്ശീല വീണത്. ബഹളങ്ങളുടെ പളുപ്പില്‍ കുലം കുത്തിയുള്ള മഴവെള്ള പാച്ചിലല്ല ആ ബാറ്റിംഗ്. പകരം സ്വച്ഛന്ദമായൊഴുകുന്ന കാട്ടരുവി പോലെ സകല സ്വാഭാവികതകളുടേയും നിര്‍മ്മലമായ ചേരുവയാണത്. ശരവേഗത്തിന്റെ സംഹാരശക്തിയില്‍ ഇരച്ചെത്തുന്ന പേസ് ബൌളിങ്ങായാലും സ്പിന്നിന്റെ കൗശലങ്ങളായാലും അചഞ്ചലചിത്തനാണ് ഈ നാല്‍പ്പതുകാരന്‍.

അതേ സമയം ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ച്വറിയെന്ന സ്വപ്ന നേട്ടത്തെ പുല്‍കിയ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റിന്റെ ദൈവത്തെക്കുറിച്ചുള്ള അപദാനങ്ങളില്‍ അഭിരമിക്കുന്ന ആരാധകരും മാധ്യമങ്ങളും രാഹുല്‍ ദ്രാവിഡ് എന്ന മഹാപ്രതിഭയുടെ മൂല്യമറിയുകയോ അര്‍ഹിക്കുന്ന ആദരവ് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സകാലിക യാഥാര്‍ത്ഥ്യം. രാഹുല്‍ ദ്രാവിഡിന്റെ മഹത്വം വിവരിക്കാന്‍ സച്ചിനെ ഇകഴ്ത്തിക്കാണിക്കുകയില്ല. എന്നാല്‍ സച്ചിനോളമോ അതിലുപരിയായോ ഇന്ത്യന്‍ ക്രിക്കറ്റിനെ പരിപോഷിപ്പിച്ച സമകാലികരെ ആരാധനയുടെ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നത് ദു:ഖകരമല്ലേ.

ഏത് കളിയിലാണെങ്കിലും ഒരിക്കലും ഒരു വ്യക്തിയെ ടീമിനു മുകളില്‍ നിഴല്‍ പര‍ത്തി നില്‍ക്കാന്‍ അനുവദിച്ചുകൂടാ. പലപ്പോഴും തന്റെ നിര്‍ണ്ണായ്ക നിമിഷം വന്നപ്പോള്‍‍ സച്ചിന്റെ ബാറ്റിംങ് പിറകോട്ടടിച്ചുവെന്ന സംശയം ഓസ്ട്രേലിയയില്‍ ഉയര്‍ന്നു. ‘’ കാത്തിരിപ്പ് വിരസമായിരുന്നുവെന്നു മാത്രമല്ല അത് അദ്ദേഹത്തെ മോശക്കാരനാക്കുകയും കളിയ്ക്കാന്‍ സച്ചിന് പ്രേരകമാകുന്നത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു’‘ എന്ന ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്ക് ആതേര്‍ട്ടണ്‍ പറയുകയുണ്ടായി. ഇംഗ്ലണ്ടിലേയും ഓസ്ട്രേലിയയിലെയും പരമ്പരകള്‍ ടീം ഇന്ത്യങ്ക്ക് ദുരന്തജനകമായിരുന്നു. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും തളര്‍ന്നു പോയ ഇംഗ്ലീഷ് വേനലില്‍ തണല്‍ വിരിച്ചു നിന്നത് ദ്രാവിഡ് എന്ന വന്‍ മരം മാത്രം. സച്ചിന്‍ ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ദ്രാവിഡ് അവിടെ നേടിയ മൂന്ന് സെഞ്ച്വറികള്‍ ചരിത്രത്തിന്റെ അരികുപോലും പറ്റാതെ പോകുമായിരുന്നു. അരങ്ങേറ്റ ടെസ്റ്റ് മുതലെപ്പോഴും വന്മരങ്ങളുടെ നിഴലില്‍ തളരാത്ത, വാടാത്ത കുറ്റിച്ചെടിയായി തണല്‍ വിരിച്ചു നിന്നത് ദ്രാവിഡ് എന്ന ബാറ്റിംങ് വിസ്മയം. വിവേചന ശീലമുള്ള ക്രിക്കറ്റ് പ്രേമിയുടെ അംഗീകാരവും ശ്രദ്ധയും ദ്രാവിഡിന് ലഭിച്ചിട്ടുണ്ടെങ്കിലും ശരാശരി ക്രിക്കറ്റ് പ്രേമിക്ക് ഇന്ത്യയുടെ വന്മതില്‍ തട്ടിമുട്ടികളിക്കുന്ന ബോറടിപ്പിക്കുന്ന ബാറ്റ്സ്മാനാണ്. കളിയുടെ സൂക്ഷ്മമായ സൗന്ദര്യ തലങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു ഒരു കാരണം. അതേപോലെ സച്ചിനോടുള്ള മ്ലേച്ഛമായ താരാരാധന കാരണം ക്രിക്കറ്റിനെ ജനാധിപത്യബോധത്തോടെ കാണാന്‍ ശരാശരി ആരാധകന് കഴിയുന്നില്ലെന്നതുമാണ്.

39 കാരനായ സച്ചിന്റെ പ്രതിഭയ്ക്ക് അല്‍പ്പം പോലും മങ്ങലേറ്റിട്ടില്ലെന്ന് ധാക്കയില്‍ ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരെയുള്ള സെഞ്ച്വറി സാക്ഷ്യം. 2011 മാര്‍ച്ച് 12 – ന് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയതിനുശേഷം നൂറാം സെഞ്ച്വറി എന്ന ചരിത്ര നേട്ടത്തിലേയ്ക്ക് എത്തുന്നു എന്ന ‘’ നൂറുകളുടെ നൂറുമാനിയ’‘ ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ ഗ്രസിച്ചത് ലിറ്റില്‍ മാസ്റ്റര്‍ക്കും സമ്മര്‍ദ്ദമേറി. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍ എറിഞ്ഞ 44 -ആം ഓവറിലെ നാലാം പന്ത് സ്ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ട് നേടിയ ഒരു റണ്ണുമായാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ദീപ്തിമത്തായ ആ നാഴികക്കല്ലു താണ്ടിയത്. ടെസ്റ്റിലേയും ഏകദിനത്തിലേയും മികച്ച റണ്‍ വേട്ടക്കാരനും സെഞ്ച്വറി നേട്ടക്കാരനുമെല്ലാം സച്ചിന്‍ തന്നെ ടെസ്റ്റില്‍ 51 -ഉം ഏകദിനത്തില്‍ 49-ഉം സെഞ്ച്വറികള്‍. ഒരു ഏകദിന സെഞ്ച്വറി കൂടിയായാല്‍ ടെസ്റ്റിലും ഏകദിനത്തിലും ‍ അര്‍ധ സെഞ്ച്വറികള്‍ എന്ന പുതിയ ചരിത്രവും സച്ചിനൊപ്പമാകും. ക്രിക്കറ്റ് ഒരു വികാരവും സംസ്ക്കാരവുമാണെങ്കില്‍ ‍ സച്ചിന്‍ അതിന്റെ മൂര്‍ത്ത രൂപമാണ്. ചുറ്റുമുള്ളവരെ നിഷ്പ്രഭരാക്കുന്ന താരപ്രഭ ക്രിക്കറ്റ് സച്ചിനൂ വേണ്ടി രൂപം കൊണ്ട കളിയാണെന്നു തോന്നും. ലോകത്തില്‍ ഓരോന്നും അതിന്റെ പൂര്‍ണതയേയാണ് തേടുന്നത്. ക്രിക്കറ്റും അങ്ങനെ തന്നെ. ആ അന്വേഷണം സച്ചിനില്‍ വന്നെത്തി നില്‍ക്കുന്നു. പ്രകൃതി മനുഷ്യനെ കണ്ടു തൃപ്തിയടഞ്ഞതു പോലെ ഇതിലധികം പൂര്‍ണ്ണതയോടെ മറ്റൊരാളെ കിട്ടില്ലെന്നു ക്രിക്കറ്റിനും തോന്നിക്കാണും. ഈ കളിയില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത റെക്കോര്‍ഡുകളാണല്ലോ ഇപ്പോള്‍ സച്ചിന്റെ പേരില്‍.

സച്ചിന്‍ എന്ന കളിക്കാരനെ സ്ഥിതിവിവര കണക്കുകളിലൂടെ അറിയാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാവും. അടിച്ചു കൂട്ടിയ റണ്ണുകളും സെഞ്ച്വറികളും തീര്‍ച്ചയായും കളിക്കാരന്‍ എന്ന നിലയിലുള്ള സച്ചിന്റെ വിജയത്തിന്റെയും കാര്യക്ഷമതയുടെയും സാക്ഷ്യപത്രങ്ങളാണ്. പക്ഷെ സച്ചിന്റെ മഹത്വം നിര്‍ണ്ണയിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കളിയുടെ രീതിയെ, അതിന്റെ ഘടനയെ ആശ്രയിച്ചാണെന്നു മറക്കരുത്. ആ നിലയ്ക്ക് തന്നെയാണ് സച്ചിന്റെ മഹത്വം കുടികൊള്ളുന്നതും. തല‍മുറകളുടെ ആരാധാമൂര്‍ത്തിയായ സച്ചിന്‍ 16- ആം വയസ്സുമുതല്‍ അവരെ ആനന്ദിപ്പിക്കുകയാണ്. സച്ചിനെ തന്നോടുതന്നെ താരതമ്യം ചെയ്യാന്‍ സര്‍ ഡോണാള്‍ഡ് ബ്രാഡ്മാന്‍ തുനിഞ്ഞത് റണ്ണിന്റെയും സെഞ്ച്വറികളുടേയും പേരിലായിരുന്നില്ല മറിച്ച്, സച്ചിന്‍ കളിക്കുന്നത് തന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നു എന്നു പറഞ്ഞതുകൊണ്ടായിരുന്നു. ബ്രാഡ്മാന്‍ സോബേഴ്സ്, ഗ്രെയിം പൊള്ളോക്ക്, ഗവാസ്ക്കര്‍, റിച്ചാര്‍ഡ്സ്, ലാറ, സച്ചിന്‍ തുടങ്ങി വിരലിലെണ്ണാ‍നാവുന്നവര്‍ക്കു മാത്രമേ ക്രിക്കറ്റിലെ ശൈലീ മഹത്വം അവകാശപ്പെടാനാവൂ. കളിച്ചുകൊണ്ടിരുന്നപ്പോള്‍‍ കളിയെ തന്നെ ജയിപ്പിച്ചവരാണവര്‍. മഹാനായ ക്രിക്കറ്റര്‍ എന്നതിലുപരിയായി മറ്റെന്തൊക്കെയോ ആണ് ഇന്ത്യക്കാര്‍ക്ക് ഈ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കളിയില്‍ ജാതിയില്ല മതമില്ല നമ്മള്‍ ഒന്നാണ് എന്ന ബോധമുണര്‍ത്താന്‍ ഒരു ദേശീയ പ്രതീകം പോലെ സച്ചിന്‍ എന്ന വ്യക്തിക്കു കഴിയുന്നു . അതേ സമയം കണക്കു പോലെ ഒരു കള്ളവും ചെലവാകാത്ത പകല്‍ പോലെ ആര്‍ക്കും സുതാര്യമായ കളിയുടെ , ശുദ്ധ ക്രിക്കറ്റിന്റെ നിറവാര്‍ന്ന പ്രകടനമാണ് രാഹുല്‍ ദ്രാവിഡ് സമ്മാനിച്ചത്. ക്രിക്കറ്റിലെ ടെക്നിക്കുകള്‍ അക്രമിയുടെ സാങ്കേതികത ഏതു കോച്ചിനും നിങ്ങളെ പഠിപ്പിക്കാം. എന്നാല്‍ ക്രിക്കറ്ററാകാന്‍ അതുമാത്രം പോരാ. ആദ്യം നല്ല മനുഷ്യനാകാന്‍ പഠിക്കണം. എന്നാലേ നല്ല ക്രിക്കറ്ററും ആകാനാവൂ. ഇക്കാര്യത്തില്‍ ദ്രാവിഡിന്റെ കുടുംബപശ്ചാത്തലവും അനുഗുണമാകുന്നു. ദ്രാവിഡ് എന്ന വ്യക്തിയും ക്രിക്കറ്ററെയും വേര്‍തിരിച്ചു കാണേണ്ടതില്ല. ദ്രാവിഡ് എന്ന വ്യക്തിയും ക്രിക്കറ്ററും രണ്ടല്ല ഒന്നു തന്നെയാണ്. സ്പോര്‍ ട്സിലെ മഹാതാരങ്ങള്‍ അവരുടെ പ്രദോഷ സന്ധ്യയിലും ഉജ്ജ്വലശോഭയോടെ നമ്മെ വിസ്മയഭരിതരാക്കും. ഗവാസ്ക്കറും സ്റ്റെഫിഗ്രാഫും ബെക്കന്‍ ബോവറും പോലെ ദ്രാവിഡിനേയും നമുക്ക് ആ ഗണത്തില്‍ കുടിയിരുത്താം.

ആവോളം അര്‍ഹതയുണ്ടായിട്ടും വേണ്ടെത്ര അംഗീകാരം ലഭിക്കാതെ പോയ കളിക്കാരനാണ് ദ്രാവിഡ്. അദ്ദേഹം ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍‍ അവിടുത്തെ ക്രിക്കറ്റിന്റെ രാജാവാകുമായിരുന്നു. ദേശീയ ക്രിക്കറ്റ് ടീമില്‍ രണ്ടു തലമുറകളെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഈ കര്‍ണ്ണാടക താരം. സച്ചിന്‍ ഗാംഗുലി ലക്ഷ്മണന്‍ എന്നിവരുടെ സമകാലികനായ ദ്രാവിഡ് പുതിയ തലമുറയ്ക്ക് സങ്കോചമേതുമില്ലാതെ ടീമിന്റെ ഭാഗമാകാന്‍ അന്തരീക്ഷം സൃഷ്ടിച്ചു. അവര്‍ക്ക് അവസരമൊരുക്കികൊണ്ട് രംഗത്തുനിന്നും നിഷ്ക്രമിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ വിജയങ്ങളിലെല്ലാം തന്നെ ദ്രാവിഡിന്റെ കൈമുദ്രയുണ്ട്. ടെസ്റ്റിലെന്നപോലെ അസാധരണമായിരുന്നു ദ്രാവിഡിന്റെ ഏകദിന കരിയറും ടെസ്റ്റില്‍ 13288 റണ്ണോടെ സച്ചിനു പിന്നില്‍ രണ്ടാം സ്ഥാനമുള്ള ദ്രാവിഡ് ഏകദിനത്തില്‍ 10889 റണ്‍ നേടി. സെഞ്ച്വറി നേട്ടത്തില്‍ ടെസ്റ്റില്‍ നാലാമനായ ദ്രാവിഡ് ( 36 സെഞ്ച്വറി ) ഏകദിനത്തില്‍ 12 തവണ മൂന്നക്ക സ്കോറിലെത്തി.

ദ്രാവിഡിനെപോലെ ടീമിനു വേണ്ടി ഇത്രയധികം ത്യാഗം സഹിച്ച മറ്റൊരു ഇന്ത്യന്‍ കളിക്കാരന്‍ ഉണ്ടാവില്ല. ഓപ്പണിംങ് മുതല്‍ എട്ടാം നമ്പര് ‍വരെ ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ദ്രാവിഡ് 73 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ വ്യക്തിഗതനേട്ടങ്ങളില്‍ ഒട്ടും അഭിരമിക്കാത്ത പ്രകൃതം. 2003- ല്‍ ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമായത് ദ്രാവിഡിന്റെ സംഭാവനയായിരുന്നു.

പല രാജ്യങ്ങളിലും അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റില്‍‍ ജനപ്രിയതയുടെ മാനദണ്ഡങ്ങള്‍ അവലംഭിക്കാത്തവര്‍ക്ക് വമ്പിച്ച ജനസമ്മിതി കിട്ടുക പ്രയാസമാണ്. എന്നാല്‍ ഗ്യാലറിയുടെ ആരവങ്ങള്‍ക്കപ്പുറം കളിയുടെ സ്പിരിറ്റും അത് സമ്മാനിക്കുന്ന മനക്കരുത്തും വഴി കളിക്കളത്തെ നിയന്ത്രിക്കുന്ന കളിക്കാര്‍ വിനോദോപാധിയുടെ തലത്തില്‍ നിന്ന് കളിയെ ഉയര്‍ത്താറുണ്ട്. അത്തരക്കാര്‍ പ്രകടിപ്പിക്കുന്ന മനോശേഷിയും ആത്മബലവും സര്‍വ്വരുടേയും ആദരവ് പിടിച്ചു പറ്റാറുണ്ട്. ആ നിരയില്‍ രാഹുല്‍ ദ്രാവിഡ് എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.

അതെ ദ്രാവിഡും സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് മഹാഗോപുരങ്ങളാണ്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. ഒരു പക്ഷെ പകരക്കാരില്ലാത്ത അസാധാരണപ്രതിഭകള്‍.‍ എന്നാല്‍ ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കുമെല്ലാം മാര്‍ഗദര്‍ശികളാകാനും പ്രചോദനമാകാനും സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറും രാഹുല്‍ ശരത്ത് ദ്രാവിഡും ചരിത്രത്തിന്റെ ക്രീസില്‍ നിറ ദീപങ്ങളായി നില്‍ക്കും.

Generated from archived content: essay2_mar3_13.html Author: an_raveedradas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here