സ്വര്‍ഗംതാണ്ടി വന്നവന്‍

നോക്കത്താ ദൂരത്ത്‌ വലിയ വയലുകള്‍ക്കിപ്പുറത്ത് ഒരു കുന്നില്‍ ചെരുവിലായിരുന്നു ഞാനും എന്റെ അളിയനും. എന്തിന് ഇവിടേക്ക് വന്നു എന്ന്‍ ഓര്‍ക്കുന്നില്ല. ചരല്‍മണ്ണ് നിറഞ്ഞ ഒരു നടപ്പാതക്ക് മുന്നിലായിരുന്നു ഞങ്ങള്‍. നടപ്പാതക്ക് വലതുവശത്തായി കമ്മ്യൂണിസ്റ്റ് പച്ചയും തൊട്ടാവാടിയുമെല്ലാം നിറഞ്ഞ ഒരു ചെറിയ കുറ്റിക്കാട്, അതിനു മറുവശത്തായി ചുറ്റിലും മതിലു കെട്ടിയ ഭംഗിയുള്ള ഒരു ഇരുനില വീട്. വീടിന്റെ മുറ്റത്ത് ഒന്ന്‍ രണ്ട് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. ആ ചുറ്റുമതിലോളം വിശാലമായിരിക്കും ആ വീട്ടുകാരുടെ സ്വകാര്യത,ആ വീട്ടില്‍ താമസിക്കാന്‍ എനിക്ക് കൊതിയായി. വീടിനു തൊട്ടപ്പുറത്തായി നടപ്പാതയോട് ചേര്‍ന്ന് തെങ്ങോല മടഞ്ഞു മേഞ്ഞ മേല്‍ക്കൂരയുള്ള ഒരു വലിയ ചായപ്പീടിക. നാലാള്‍ക്കിരിക്കത്തക്ക വലിപ്പത്തിലുള്ള കുറച്ച് ബെഞ്ചുകളും ഡസ്ക്കുകളും, ഊണ് വിളമ്പാനുള്ള വാഴഇലകള്‍വെട്ടിവെച്ചിരിക്കുന്നു. പക്ഷെ അവിടെ ഭക്ഷണം കഴിക്കാനും വിളമ്പാനുമൊന്നും ആരെയും കാണുന്നില്ല, ചായപ്പീടിക കഴിഞ്ഞാല്‍ പിന്നെ നടപ്പാത വലത്തോട്ട് തിരിഞ്ഞ് കുന്നുകയറുകയായി. വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാന്‍ കണ്ടത് കുറ്റിക്കാടിനപ്പുറത്തായി ഒരല്പം ഉയരത്തിലായി ഒരു കുളം, അതിനു വശത്തിലൂടെ കുന്നുകയറിത്തുടങ്ങുന്ന നടപ്പാത എത്തിക്കുകന്നു. നടപ്പാതയെ മുറിച്ച് കടന്ന്‍ ഓടിവരുന്ന കറുത്ത ട്രൗസറിട്ട മെലിഞ്ഞുണങ്ങിയ കുട്ടികള്‍ വലിയ ശബ്ദത്തില്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നു.

“ആ കുളത്തിനപ്പുറത്ത് ഞാവല്‍ പഴത്തിന്‍റെ ഒരു വലിയ തോട്ടമാണത്രേ…”- അളിയന്റെ വാക്കുകള്‍ക്ക് ഞാവല്‍ പഴത്തോളം മധുരമുണ്ടായിരുന്നു. ഉത്കണ്ഡയോടെ അങ്ങോട്ട് പോവാനോരുങ്ങിയ എന്നെ അളിയന്‍ തടഞ്ഞു, “സലകഴിഞ്ഞു കാണും… ഇനി അങ്ങോട്ട്‌ പോയാല്‍ കട തുറക്കാന്‍ വൈകും..വാ.. നമുക്ക് പോവ്വാ. പിന്നൊരിക്കല്‍ വരാം….”- അളിയനൊരു ബാഗാല നടത്തുകയായിരുന്നു.

എനിക്കെന്തായാലും അങ്ങോട്ട്‌ പോണം, അവിടെപ്പോയി ഞാവല്‍ പഴം കഴിച്ച് കുളത്തില്‍ നീന്തിയിട്ടെ ഞാന്‍ വരോള്ളൂന്ന് അളിയനോട് പറഞ്ഞു.

“ഒറ്റക്ക് പോണ്ടാ.. അവിടെ ഹറാമികളുണ്ടാവും”- അളിയന്‍ വീണ്ടും എന്നെ പിന്തിരിപ്പിച്ചു. പെട്ടെന്ന്‍ വായുവില്‍ ബാങ്കിന്‍റെ ശബ്ദം നിറഞ്ഞു, അളിയന്‍ എന്നോട് കള്ളം പറയുകയായിരുന്നു. സ്വലക്ക് ബാങ്ക്കൊടുക്കുന്നതെയോള്ള്. അളിയനോട് എനിക്ക് ഭയങ്കരമായ ദേശ്യം തോന്നി. കുളത്തെ ലക്ഷ്യമാക്കി ഞാന്‍ ഓടി. ഓടുന്നതിനിടയില്‍ ഞാന്‍ എവിടെയോ വീണു, വീഴ്ചയുടെ ആഘാതത്തില്‍ ഞാന്‍ കണ്ണ്‍ തുറന്നു. ഞാന്‍ ബെഡില്‍ കിടക്കുകയായിരുന്നു. അപ്പോഴും ബാങ്ക് കൊടുക്കുന്നുണ്ടായിരുന്നു. എന്നെ മനസ്സിലാക്കാന്‍ എനിക്ക് നിമിഷങ്ങള്‍ വേണ്ടിവന്നു. ഞാന്‍ സ്വപ്നം കാണുകയായിരുന്നു. ഞാന്‍ കണ്ട സ്വപ്നത്തിലെ വീട് എന്റെ വീടായിരുന്നു,ആ വഴിയും കുളവും ചായപ്പീടികയും ഞാവല്‍ക്കാടും എന്റെ ഗ്രാമത്തിലെ ആയിരുന്നു. ഞാന്‍ പതിയേ എഴുന്നേറ്റ് കര്‍ട്ടണ്‍ മാറ്റി പുറത്തേക്ക്നോക്കി, കണ്ണിനു ഒട്ടും കുളിര്‍മ നല്‍കാത്ത കാഴ്ചകള്‍, മണല്‍ക്കാടിനിടയിലൂടെയുള്ള നാലുവരിപ്പാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍, അതിനപ്പുറത്തായി കെട്ടിടങ്ങള്‍, വീണ്ടും കെട്ടിടങ്ങള്‍, വീണ്ടും കെട്ടിടങ്ങള്‍. ആ സ്വപ്നം അവസാനിച്ചിരുന്നില്ലായിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആശിച്ചു..

ആ സ്വപ്നത്തിലെ എന്റെ വീടും ഗ്രാമവും സ്വര്‍ഗത്തപ്പോലെ എനിക്ക് തോന്നി. സത്യത്തില്‍ ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും വന്നാവനാണല്ലേ..!. .. അതെ………‘സ്വര്‍ഗംതാണ്ടി മണല്‍ കാട്ടിലേക്ക് വന്നവന്‍.

Generated from archived content: story2_mar12_16.html Author: ameer_abbas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here