ഉടഞ്ഞ സ്വപ്നങ്ങളുടെ വളപ്പൊട്ടുണ്ട്,
ഓരോ സ്ത്രീയുടെ ഉള്ളിലും.
ശൈശവവും ബാല്യവും
വിട പറഞ്ഞകലുമ്പോള്‍…
അതിനൊപ്പം അവളുടെ
ചിറകുകളും കൊഴിഞ്ഞു പോകും .
അതു വരെ പാറിപ്പറന്നവള്‍ക്ക്
കൗമാരത്തിന്റെ,
കൊലുസണിയുമ്പോള്‍
കാല്‍ നൊന്തു തുടങ്ങും.
അച്ഛന്റെ ചുമലിലെ രാജകുമാരി,
അമ്മയുടെ ഭയത്തിന്റെ തടവുകാരിയാവും.
അവളുടെ വഴികളില്‍,
ആടിന്‍ തോല്‍ പുതച്ച്..
ചെന്നായകളുണ്ടാവും.
അല്ലെങ്കിലൊരു ഗന്ധര്‍വന്റെ,
നറുംപാല്‍ സ്നേഹം ..
രണ്ടുമവള്‍ക്ക് ഒരുപോലെയാകാം..
രണ്ടിനുമൊടുവില്‍,
അവള്‍ക്കു മുറിവേല്ക്കാം…
രക്തം വാര്‍ന്നൊഴുകാം..
എങ്കിലും നോവിന്റെ തീക്കടല്‍ തുഴഞ്ഞ്,
അവള്‍ തീരമണയും…
ചിലപ്പോള്‍ അലിവിന്റെ പുതപ്പണിഞ്ഞവള്‍…
സ്വയം മറയ്ക്കും.
ചിലപ്പോള്‍ വെറുപ്പിന്റെ
കയങ്ങളില്‍ സ്വയം ഒളിക്കും…
ചിലപ്പോഴവള്‍ പണ്ടേ പൊഴിഞ്ഞ
ചിറകിനെയോര്‍ത്തു നിരാശയാവും..
ഉന്മാനദിനിയാവും…
അല്ലെങ്കിലോ,
കൗമാരത്തിന്റെ കാല്‍കൊലുസ്
കുടഞ്ഞെറിഞ്ഞ്..
വഴികളില്‍ കാലിടറാതെ,
സ്വപ്നങ്ങളിലേക്ക്തുഴഞ്ഞെത്തിയാല്‍..
നീട്ടിയ വിരല്‍ തുമ്പില്‍ തടയുന്നത്
ലക്ഷ്യമാവണമെന്നില്ല.
ഒരു ചെറുതാലി…
ഒരു നുള്ള് കുങ്കുമം…
ഒടുവില്‍ ഒരരുമ കുഞ്ഞിന്റെ
പിഞ്ചു വിരലും.
അറിയാത്തോരിടത്ത്,
മകളായ്, ഭാര്യയായ്, അമ്മയായ്…
അവള്‍ക്കു പുതിയ ലോകം..
പുതിയ സംസ്ക്കാരം…
പുതിയ ശീലങ്ങള്‍…
ഞാണിന്മേല്‍ കളിയാണ്.
പിഴക്കാതിരുന്നാല്‍ ചാര്‍ത്തിക്കിട്ടും,
‘നന്നെന്ന’ പേരും പിന്നൊരു,
കുടുംബത്തിന്‍ സൂക്ഷിപ്പു ജോലിയും.
പിഴച്ചാലോ?
വീഴ്ച മണ്ണിലേക്കല്ല…
അതിനുമതിനും താഴെ.
അവിടെയാരും കൂട്ടായ് വരില്ല.
വന്നുചേര്‍ന്നാലോ?
വഴികാട്ടാന്‍ വന്ന് വഴി തെറ്റിക്കുന്ന
കാപട്യമാവാം..
എന്നാലും വീഴില്ല ചിലര്‍.
പോര്‍ ചട്ടയിട്ട്, വാളുമേന്തി..
കുതിച്ചു പായുന്ന,
വാല്കൈചറിയെ പോലെ..
തന്റെടമുള്ളവര്‍.
ചുറ്റും നിന്ന് കല്ലെറിഞ്ഞാര്‍ത്താലും,
അഴിഞ്ഞ മുടി ആകാശത്തോളം പറത്തി,
ചുട്ട മരുഭൂവിലേക്ക്,
കുതിരയെ പായ്ക്കാന്‍
കരുത്താര്‍ന്ന സ്ത്രീകള്‍….
എന്നാലും,പോര്‍ച്ചട്ടക്കുള്ളില്‍
ഒരമ്മ നെഞ്ച്,
ഇത്തിരിപ്പാല്‍ ചുരത്താതിരിക്കുമോ?!
അറിയില്ല ..അറിയുന്നിതിത്ര മാത്രം….
ഉടഞ്ഞ സ്വപ്നങ്ങളുടെ,
വളപ്പൊട്ടുണ്ട്…
ഓരോ സ്ത്രീയുടെ ഉള്ളിലും!!
Generated from archived content: poem1_june16_15.html Author: ambily_dileep