നീലിമ

നീലിമ നഗരത്തിൽ അറിയപ്പെടുന്നവളാണ്‌. വീട്‌ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ വലിയ വീടിന്റെ ഗെയ്‌റ്റിനരികെ മതിലിന്മേൽ ചെമ്പുതകിടിൽ അവളുടെ പേര്‌ എഴുതിവെച്ചിരിക്കുന്നു. വലിയ വീടാണെന്ന്‌ എഴുതിയിരുന്നുവെങ്കിലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.

ടാറിട്ട റോഡിൽനിന്നും സിമന്റ്‌ ചെയ്‌ത മുറ്റത്തേക്ക്‌ കയറാം. ശ്രദ്ധയോടെ പരിചരിക്കുന്ന വലിയ മുറ്റം. പൂന്തോട്ടത്തിൽ വിവിധ തരം പൂക്കൾ. പനിനീരും സൂര്യകാന്തിയും തിരിച്ചറിഞ്ഞു. മുക്കൂറ്റിയും തുമ്പയും ചെമ്പരത്തിയും കണ്ട്‌ ശീലിച്ച കണ്ണുകൾക്ക്‌ മറ്റുളളവ തിരിച്ചറിയാനായില്ല.

വീടിന്റെ പ്ലാൻ നീലിമയുടേതായിരിക്കും. അവളുടെ സ്വപ്‌നങ്ങളിൽ എല്ലായ്‌പ്പോഴും ഒരു നല്ല വീടുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളും തറവാടിത്തവും നിറഞ്ഞ വീട്‌.

‘ഒരായിരം സ്വപ്‌നങ്ങളിൽ ആദ്യത്തേതൊരു വീട്‌. സ്വപ്‌നങ്ങളിൽ സ്വപ്‌നം സാക്ഷാത്‌ക്കരിക്കുമ്പോഴും ഉണരുന്നു നീരജ്‌. ദൈവം എന്തൊരു പിശുക്കനാണ്‌. പക്ഷെ ഒരിക്കൽ എല്ലാം യാഥാർത്ഥ്യമാകും.’

അവളെഴുതാറുളള വരികൾക്ക്‌ ദുഃഖത്തിന്റെ നേർത്ത ഈണമുണ്ട്‌. പ്രത്യാശയുടെ കിരണവും.

കാളിംഗ്‌ ബെല്ലിന്റെ വിരലമർത്തുന്നതിനു മുൻപെ വാതിൽ തുറന്നു. ഈ കുട്ടിയെ ഇതിനുമുൻപ്‌ കണ്ടിട്ടില്ല. ഇവളെക്കുറിച്ച്‌ നീലിമ എഴുതിയതായി ഓർക്കുന്നുമില്ല. തിരക്കുകൾക്കിടയിൽ എഴുതാൻ വിട്ടുപോയതായിരിക്കും.

‘ചേച്ചി വന്നില്ല. ഫോൺ ചെയ്‌തു പറഞ്ഞിരുന്നു. ഇപ്പൊ വരും.’

ഈ പാവാടക്കാരിയുടെ സംഭ്രമങ്ങൾ നിറഞ്ഞു തുളുമ്പുന്നത്‌ കാണാൻ ഭംഗിയുണ്ട്‌.

“ഇരിക്കൂ”

അകത്ത്‌ കടക്കുമ്പോൾ വിശാലമായ സ്വീകരണമുറി പരിചയിക്കുകയായിരുന്നു. വൈകിയാലും സാരമില്ല നീലിമ, നീ ഭാഗ്യവതിയാണ്‌.

“കുട്ടീടെ പേരെന്താ?”

“മായ”

“നീലിമേടെ ആരെങ്കിലുമാണോ?”

“അല്ല. ചേച്ചീടെ സഹായത്തിന്‌ നിക്കാ.”

കുറച്ചുകൂടി ചോദ്യങ്ങൾ വേണമെങ്കിൽ ചോദിക്കാം, അപരിചിതരോട്‌ സ്വകാര്യങ്ങൾ ചോദിക്കുന്നത്‌ ഇഷ്‌ടമല്ല.

“കുടിക്കാനെന്തെങ്കിലും…”

“കുറച്ച്‌ തണുത്ത വെളളം. ഏറെ നടന്നു.”

വെളളമെടുക്കാൻ മായ അകത്തേക്ക്‌ പോയി. പകലറുതിയിലും കാറ്റാടിമരത്തിന്റെ മർമ്മരം മാത്രം ബാക്കിയായി.

നീലിമയുടെ സാന്നിധ്യം മനസ്സിലുണരുന്നു. ഒരു തണുത്ത പ്രഭാതത്തിൽ വളരെ യാത്ര ചെയ്‌ത്‌ സ്‌കൂളിൽ എത്തിയതായിരുന്നു. രാത്രിയിലെ വായനയും, വെളുപ്പിനുളള യാത്രയും ശരീരത്തെ തളർത്തിയിരുന്നു. ക്ഷീണം കൊണ്ട്‌ ഡെസ്‌കിൽ തല ചായ്‌ച്‌ ഉറങ്ങിയതറിഞ്ഞില്ല. യാത്ര ചെയ്യുമ്പോഴും ഇടവേളകളിൽ ഉലാത്തുമ്പോഴും ആരെയും ശ്രദ്ധിക്കാറില്ല. എല്ലാവരുടെയും മുഖം വിളർത്തിരിക്കുമെന്നും ആദ്യമായി വരുന്നവരുടെ ആഹ്ലാദവും അമ്പരപ്പും വേഗം ചത്തൊടുങ്ങുമെന്നും അറിഞ്ഞിരിക്കുന്നു.

“എന്താ സുഖംല്ല്യേ”

ആർക്കും അറിയേണ്ടാത്തത്‌ ഇവളെന്തിന്‌ അന്വേഷിക്കുന്നു എന്ന അത്ഭുതം അവളും കണ്ടിരിക്കണം.

“സാരല്യ. നേരത്തെ എണീറ്റു. നേരം വൈകിയാ ശീലം. അതോണ്ടാ.”

-ഇന്വിജിലേറ്റർ വന്നു.

പുറത്തിറങ്ങി മുഖം കഴുകി വരുന്നത്‌ വരെ അവൾ കാത്തു നിന്നു.

-എന്താ പേര്‌

-നീലിമ

“ഇതാ വെളളം.”

മായയുടെ ശബ്‌ദത്തിന്‌ വീണക്കമ്പികളുടെ സ്വരം. ഓർമ്മകളുടെ പളുങ്കുപാത്രം ഉടഞ്ഞുപോയി.

“സാറിനെന്താ സുഖംല്ല്യെ”

“എന്തിനാ സാറെന്ന്‌ വിളിക്കണെ. ഏട്ടാന്ന്‌ വിളിച്ചോളൂ.”

പുറത്തിരുന്ന്‌ നേരം കളയാൻ എഴുന്നേറ്റു. പടിഞ്ഞാറ്‌ ചെമന്നിരിക്കുന്നു. അസ്തമയത്തിന്‌ മുമ്പുളള പ്രഭ തൊടിയാകെ നിറഞ്ഞു.

“പഠിക്കണുണ്ടോ?”

പിന്തുടരുന്ന മായയെ നോക്കി ചോദിച്ചു.

“ഉവ്വ്‌.”

“എത്രേലാ”

“ഒമ്പതില്‌.”

“ഞാൻ ചേച്ചീടെ ആരാന്നറിയോ.”

“ഇല്ല്യ”

“അതിപ്പൊ എനിക്കും അറിയില്ലല്ലോ”

മായ പൊട്ടിച്ചിരിച്ചു.

“ഏട്ടൻ നല്ല തമാശക്കാരനാ.”

“മായേടെ വീടെവിട്യാ.”

“തൃശൂര്‌ അടുത്താ.”

“വീട്ടില്‌ ആരൊക്കെയുണ്ട്‌.”

അമ്മേം ഒരനിയനും ഒരനിയത്തിം. അച്‌ഛൻ മരിച്ചു. കുടിച്ച്‌ കുടിച്ചാ.“

എത്രയോ പേരോട്‌ ഇവളിത്‌ പറഞ്ഞിരിക്കും. ഇളം മനസ്സുകൾ വേഗം വാടും. മായയുടെ മുഖമാകെ വിളറിയ കൃത്രിമ പ്രകാശത്തിന്റെ നിഴൽ. അവളുടെ മുഖത്ത്‌ നോക്കിയിരിക്കാൻ മടി തോന്നി.

കുചേലൻ വരുന്നുണ്ടെന്നറിഞ്ഞ കൃഷ്‌ണൻ രുക്‌മിണിയോട്‌ ചോദിച്ചു. ഏറ്റവും വലിയ ദുഃഖം ഏതാണ്‌. പുത്രദുഃഖം, വൈധവ്യം, യുദ്ധം തുടങ്ങി പലതും രുഗ്‌മിണിയുടെ മനസ്സിൽ തെളിഞ്ഞു. ഒടുവിൽ രുഗ്‌മിണി പറഞ്ഞു, ദാരിദ്ര്യദുഃഖം.

ചോദ്യങ്ങൾ പ്രതീക്ഷിച്ച്‌ മായ കാത്തുനിന്നു. ഒടുവിൽ തന്നെ ഒറ്റയ്‌ക്ക്‌ വിട്ട്‌ അവൾ അകത്തേക്ക്‌ പോയി. നിമിഷങ്ങളുടെ പരിചയമേ ഉളളുവെങ്കിലും തന്നെ മായ മനസ്സിലാക്കിയെന്ന്‌ തോന്നുന്നു.

ഉടഞ്ഞുപോയ പളുങ്കുപാത്രം ചിന്നിച്ചിതറിയിരുന്നില്ല. അത്‌ അടുക്കി വെക്കാൻ ശ്രമിച്ച്‌ തോട്ടത്തിലിരുന്ന്‌ ഓർമ്മകളുടെ പളുങ്കുകളിൽ മുഴുകി.

അത്ഭുതം കൂറുന്ന മിഴികളുമായി രണ്ടാമതും മറ്റൊരു സ്‌കൂളിൽ സന്ധിച്ചു. പേരിന്റെ ആദ്യത്തെ മൂന്നക്ഷരം ഒന്നാണെന്ന്‌ അന്നാദ്യമായി ശ്രദ്ധിച്ചു. ഒരുപക്ഷെ ഇനിയും കണ്ടുമുട്ടുമെന്ന അറിവ്‌ കൗതുകം ജനിപ്പിച്ചു. പേര്‌ ചോദിക്കുന്നതിലും അപരിചിതർ തമ്മിൽ ആദ്യമായി ചോദിക്കുന്ന ചോദ്യങ്ങളിലും ഒതുങ്ങിപ്പോയ ആദ്യത്തെ കണ്ടുമുട്ടലിൽനിന്നും വ്യത്യസ്‌തമായിരുന്നു ഇത്തവണ. വഴക്കടിച്ചും പരിഭവിച്ചും ഇണങ്ങിയും പിണങ്ങിയും ജീവിച്ച്‌ പിരിഞ്ഞ്‌ കണ്ടുമുട്ടിയവരെപ്പോലെയായി ഇരുവരും.

വളർന്നതും പഠിച്ചതും കുടുംബസാഹചര്യങ്ങളും പരസ്പരം അറിഞ്ഞപ്പോൾ സഹാനുഭൂതി നിറഞ്ഞു. നീലിമ ദരിദ്രകുടുംബത്തിൽ ജനിച്ചു. അച്‌ഛൻ നല്ലവണ്ണം മദ്യപിക്കും. ബോധമുളള സമയം കുറവാണ്‌. താന്തോന്നികളായ സഹോദരങ്ങളുടെ സഹായം അവൾ പ്രതീക്ഷിച്ചതേയില്ല. കരഞ്ഞും വാശിയോടെ പഠിച്ചും അവളുടെ ദിനങ്ങൾ കൊഴിഞ്ഞുവീണു.

തനിക്ക്‌ ജീവിതം ഒരു ഭാരമായിരുന്നില്ല. ഇടത്തരക്കാരന്റെ പൊങ്ങച്ചങ്ങൾ നിറയാൻ ഒരു ജോലി അനിവാര്യമാണ്‌. കായികാദ്ധ്വാനത്തിന്റെ മഹിമ ആരോ വരച്ച ലക്ഷ്‌മണരേഖയ്‌ക്ക്‌ അപ്പുറമാണ്‌. മത്സരപരീക്ഷകൾ തിങ്കൾതൊഴലായി. അനുഷ്‌ഠാനംപോലെ അവയെഴുതി ദിനങ്ങൾ തളളിനീക്കി.

-അടുത്ത ടെസ്‌റ്റെവിട്യാ

ഓരോ സ്ഥലങ്ങളിലും കണ്ടുമുട്ടി പിരിയുമ്പോൾ ചോദിക്കുമായിരുന്നു.

-തന്റെ അഡ്രസ്‌ എനിക്ക്‌ തരാമോ

ഒരിക്കൽ സംശയിച്ച്‌ ചോദിച്ചു. അതിന്‌ മറുപടി മറുചോദ്യമായിരുന്നു.

-നീരജിന്റെ അഡ്രസ്‌ എനിക്ക്‌ തരോ. ഞാൻ ആദ്യം എഴുതാം.

”നീരജേട്ടന്‌ ആരൊക്കെയുണ്ട്‌?“

മായയുടെ പാദസരത്തിന്റെ കിലുക്കം.

”എല്ലാരുംണ്ട്‌. അമ്മ, അച്‌ഛൻ, ചേച്ചിമാർ, പിന്നെ നിന്നെപ്പോലെ കുസൃതിയായ ഒരനിയത്തിയും.“

”ഞാനിപ്പൊ ന്ത്‌ കുസൃതിയാ കാണിച്ചെ“

”എന്റെ മുഖത്ത്‌ നോക്കി കളിയാക്കി ചിരിക്കായിരുന്നില്ലെ.“

”എങ്ങിന്യാ ചിരിക്കാണ്ടിരിക്ക്യാ. പ്രതിമപോലെ ഒരൊറ്റ ഇരിപ്പല്ലെ“

മായയുടെ വേദനകൾ ഇത്തരം കൊച്ചുതമാശകളിൽ അലിയുന്നുണ്ടാകും.

പുറത്ത്‌ ഇരുൾ പരക്കുന്നതു അറിഞ്ഞു. സന്ധ്യാവന്ദനങ്ങൾ ശീലിച്ചതുകൊണ്ടാകാം മായ വീണ്ടും അകത്തേക്ക്‌ പോയി. നിലവിളക്കുമായി തുളസിത്തറയുടെ മുന്നിൽ വന്നുനിന്ന്‌ തൊഴുന്ന മായയുടെ മുഖമാകെ ശാന്തതയുടെ തെളിമ.

മിഴികൾ അടഞ്ഞു പോകുന്നു. മനസ്സിലൊടുങ്ങിയ സംഭവങ്ങൾ ഉയർത്തെഴുന്നേൽക്കുകയാണ്‌. നീലിമ മാസത്തിലൊരിക്കലെങ്കിലും എഴുതുമായിരുന്നു. തന്റെ അലസത അവളുടെ കത്തുകളെ മുടക്കിയില്ല.

കത്തുകളിൽ സ്വകാര്യദുഃഖങ്ങൾ, ദാരിദ്ര്യം, ബന്ധുക്കളുടെ ശാപവാക്കുകൾ, മറുപടി എഴുതാത്തതിലുളള പരിഭവങ്ങൾ എല്ലാം ഉണ്ടാകും. നിസ്സഹായത നീറ്റിയ മനസ്സുമായി മറുപടി എഴുതുക എളുപ്പമല്ല. പരിഭവങ്ങൾ വളരുമ്പോൾ വീർപ്പുമുട്ടൽ ഒഴിയാബാധയാകും. ഒടുവിൽ ഒരു മറുപടി. അവൾക്ക്‌ സന്തോഷമാകാൻ അത്‌ മതിയായിരുന്നു.

മത്സരപ്പരീക്ഷകൾ മധുരങ്ങളായി. പൊയ്യയിലെ വെറ്റിലയും, പഴഞ്ഞിയിലെ അടക്കയും, ഇടുക്കിയിലെ പുകലയും വാങ്ങി വാസനചുണ്ണാമ്പ്‌ തേച്ച്‌ മുറുക്കിത്തുപ്പി രസിച്ചു. നീലിമ മൂന്നുംകൂട്ടിയ ചെമപ്പിൽ ചിരിച്ചു. ആ ചിരിയാകെ പടരാൻ അയക്കാവുന്ന എല്ലാ ജോലികൾക്കും അപേക്ഷകൾ അയച്ചുകൊണ്ടിരുന്നു.

-ടെസ്‌റ്റിനുളള ഹാൾ ടിക്കറ്റ്‌ വന്നിരിക്കുമല്ലോ. ചേട്ടന്മാർ എന്റെ കൂടെ പോരാൻ കൂട്ടാക്കുന്നില്ല. അവിടെ പോയി എഴുതിയിട്ട്‌ ഒരു കാര്യവും ഇല്ല്യത്രെ. എപ്പഴാ ഭാഗ്യം വരാന്ന്‌ ആർക്കറിയാം. എനിക്ക്‌ എഴുതണമെന്നുണ്ട്‌. അച്‌ഛൻ വന്നിട്ട്‌ ഒരു കാര്യവുമില്ല. വന്നാത്തന്നെ ഞാനച്‌ഛനെ നോക്കേണ്ടിവരും. നീരജിന്‌ വിരോധം ഇല്ലെങ്കിൽ എന്നെയും കൊണ്ടുപോണം. എന്റെ കൈയിൽ ഒറ്റ പൈസപോലുമില്ല. നീരജ്‌ കരുതണം.

കത്തിലെ വരികൾ ഇപ്പോഴും ഓർക്കുന്നു. അധികമൊന്നും ആലോചിക്കാതെ കൊണ്ടുപോകാമെന്ന്‌ ഉറപ്പുകൊടുത്തു.

നഗരം താപം കൊണ്ട്‌ വരണ്ടിരുന്നു. ടെസ്‌റ്റ്‌ കഴിഞ്ഞ്‌ ഉടനെ മുറിയിലേക്ക്‌ മടങ്ങി. ഇഴയുന്ന പാമ്പും, കയറിത്തീരാത്ത കോണിയും, ഭാരമില്ലാതെ ശരീരം ഉയർന്ന്‌ പറക്കുന്നതും അന്ത്യയാമങ്ങളിൽ ഉറക്കം കെടുത്തിയിരുന്നു. താഴ്‌ന്ന്‌ പറക്കാൻ ആഗ്രഹിച്ചാലും ഉയർന്നുയർന്ന്‌ പോകും. സ്വപ്‌നങ്ങളിൽ ഉയർന്ന്‌ പറക്കുമ്പോൾ മേഘകൾ മാലാഖമാരായി. മലയുടെ ഉയരങ്ങളും താഴ്‌വാരങ്ങളുടെ ആഴവും ഈറൻ സ്വപ്‌നങ്ങളെ പുളകമണിയിച്ചു. ഹോട്ടൽ മുറിയിലെ അരണ്ട വെളിച്ചത്തിൽ നീലിമയുടെ നിമ്‌നോന്നതങ്ങളിൽ കയറിയിറങ്ങി. വെയിലേൽക്കാതെ വെളുത്തുപോയ ശരീരഭാഗങ്ങളിൽ നഖക്ഷതങ്ങൾ നിറഞ്ഞു.

ഇടയ്‌ക്കൊന്ന്‌ ഉണർന്നപ്പോൾ പുറത്ത്‌ മഴ പെയ്യുകയാണ്‌. പുറത്തെ മഴയുടെ താളത്തിൽ പൊഴിഞ്ഞുപോയ ആലിപ്പഴങ്ങൾ മയക്കമായി ശരീരത്തിൽ ചേക്കേറി.

പ്രഭാതത്തിൽ നഗരവാസികളുടെ ആശ്വാസം നിറഞ്ഞ മുഖമാണ്‌ കണികണ്ടത്‌. ഭൂമി പുതുമഴയിൽ കുതിർന്നു. പൊടിപാറിയ അന്തരീക്ഷം പൊടിയൊഴിഞ്ഞ്‌ ശുദ്ധമായി. പത്രക്കാരനും പാൽക്കാരനും നേരം വൈകിയിട്ടോ എന്തോ ആരെയും ശ്രദ്ധിക്കാതെ സൈക്കളോടിച്ചു പോയി. അതിരാവിലെ തണുത്ത വെളളത്തിൽ കുളിച്ച തമിഴത്തികൾ മുല്ലപ്പൂവിന്‌ വിലപേശിക്കൊണ്ടിരുന്നു. കണവന്റെ തലയിൽ ഒരു കുടം തണുത്ത വെളളം കോരിയൊഴിച്ച ആഹ്ലാദം അവരുടെ കണ്ണുകളിലുണ്ട്‌. മഴ പെയ്‌ത്‌ തണുത്ത ഭൂമിയുടെ ആലസ്യവും.

നീലിമ ഹോട്ടൽ മുറിയിലെ വലിയ കണ്ണാടിക്ക്‌ മുന്നിൽ നിന്ന്‌ സ്വപ്‌നം കാണുന്നതറിഞ്ഞു. തണ്ണീരിന്റെ കുളിരും നഖക്ഷതങ്ങളുടെ നീറ്റവും അവളെ ഉന്മാദിനിയാക്കി.

”ഏട്ടാ…“

”എന്താ മായെ“

”നേരം ഇരുട്ടി. അകത്തിരിക്കാം.“

”ചേച്ചി വന്നില്ലല്ലോ“

”ഉം“

”എന്തെങ്കിലും തിരക്കുണ്ടായിരിക്കും ല്ലെ?“

തോട്ടത്തിലെ പുല്ലിലൂറിയ ബാഷ്പബിന്ദുക്കൾ ഷർട്ട്‌ നനച്ചു. പുറത്ത്‌ തണുപ്പ്‌ തട്ടുന്നതറിഞ്ഞ്‌ എഴുന്നേറ്റു.

”ഞാൻ എപ്പഴാ കിടന്നത്‌.“

”അറിയില്ല. ഞാൻ പോവുമ്പോ ഇരിക്കായിരുന്നു. വരുമ്പോ കിടക്കേം.“

മായ മനഃപൂർവ്വം ചിരിയടക്കിയതാണ്‌. തന്റെ ചോദ്യങ്ങൾ ഒരരക്കിറുക്കന്റെ മട്ടിലായിരിക്കുന്നു.

”ചൂടുളള ചായേണ്ട്‌ തരട്ടെ.“

സോഫയിൽ ചാരിയിരുന്ന്‌ മൂളി. സ്വീകരണമുറിയിലെ വർണ്ണവിന്യാസങ്ങൾ ഹൃദ്യസ്ഥമാക്കിക്കൊണ്ട്‌ ചൂടുളള ചായ രുചിച്ചിറക്കി.

”മായ പോയി പഠിച്ചോളൂ. ചേച്ചി വന്നാൽ വിളിക്കാം.“

ഓർമ്മകൾ ഒഴുകി നടക്കുകയാണ്‌. മെഴുകി നേദിച്ചാലും ഫലമുണ്ടാകും. ചാണകം കൂട്ടി മെഴുകി കൈയടക്കത്തോടെ ഓർമ്മകളെ ആവാഹിച്ചു.

ടെസ്‌റ്റ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ നീലിമയെ ശാപവാക്കുകളാണ്‌ എതിരേറ്റത്‌. കൂട്ടുകാരിയല്ല ഏതോ ആൺചെറുക്കനാണ്‌ അവളോടൊപ്പം ടെസ്‌റ്റെഴുതാൻ പോയതെന്ന്‌ അവർ അറിഞ്ഞു. അവനെ തേടി അവളുടെ ചേട്ടന്മാർ നാലുപാടും അലഞ്ഞു. കുടുംബാന്തരീക്ഷം കലങ്ങിമറിഞ്ഞു.

പിന്നീട്‌ മാസങ്ങളോളം നീലിമ കത്തെഴുതിയില്ല. തന്റെ കത്തുകൾ പലതും അവളുടെ കൈയ്യിൽ കിട്ടിയതുമില്ല. ഒരിക്കൽ അവളെ അന്വേഷിച്ച്‌ വീട്ടിൽ ചെല്ലുമെന്ന്‌ എഴുതിയപ്പോൾ മാത്രം തിരിച്ചെഴുതി.

-ഞ്ഞാനിനി ഒരു ടെസ്‌റ്റും എഴുതുന്നില്ല. എന്നെ അന്വേഷിച്ച്‌ വീട്ടിൽ വരരുത്‌. ചേട്ടന്മാർ നീരജിനെ കാത്തിരുപ്പാണ്‌.

കൊഴിഞ്ഞ്‌ പോയ നാലഞ്ചുവർഷങ്ങൾ തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ടെസ്‌റ്റുകളെഴുതുകയും ഫലത്തിനായി കാത്തിരിക്കുകയും ചെയ്‌തു. റാങ്ക്‌ ലിസ്‌റ്റ്‌ വരികയും ക്യാൻസലാവുകയും ചെയ്‌തുകൊണ്ടിരുന്നു.

അങ്ങിനെ ഒരു ദിവസം…

ക്യൂവിൽ നിൽക്കുന്ന എല്ലാവരുടെ മുഖഭാവവും ഒരുപോലെയാണ്‌. തന്റെ മുഖം കാണാൻ കഴിയില്ലെന്നതുകൊണ്ട്‌ എതിരെയുളളവരുടെ മുഖത്തേക്ക്‌ നോക്കുകയായിരുന്നു. അവരുടെ ഇടയിൽ നീലിമയുടെ മുഖം. നിമിഷങ്ങൾ വേണ്ടിവന്നു മനഃസാന്നിദ്ധ്യം വീണ്ടെടുക്കാൻ. പിന്നെ ചിരിയായി. മാറിനിന്ന്‌ സംസാരിക്കാൻ മാടി വിളിച്ചു.

-ഇപ്പോ ദാ പണി

-ന്താ മോശംണ്ടോ. നല്ല വരുമാനാ

നീലിമ ഗൗരവത്തിലായിരുന്നു.

-അപ്പോ നീലിമ നിങ്ങളെ സഹായിക്കാം…

-അത്‌ ഞാൻ തന്നെ.

നഗരത്തിലെ പ്രധാന കവലകളിൽ കാണാറുളള ഒരു പരസ്യബോർഡ്‌ ശ്രദ്ധിച്ചിരുന്നു. നീലിമ നിങ്ങളെ സഹായിക്കാം. ഇലക്‌ട്രിസിറ്റി, വാട്ടർ ബില്ലുകൾ കൃത്യമായി അടച്ചുകിട്ടുന്നതിന്‌ സമീപിക്കുക.

വീടുകളിൽ കയറി നീലിമ ബില്ലുകൾ ശേഖരിക്കും. ആപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ച്‌ കൊടുക്കും. അങ്ങിനെ ചില്ലറ പണികൾ പലതും.

-നീരജിനറിയോ, എനിക്കിപ്പോൾ നല്ല വരുമാനമുണ്ട്‌. വീട്ടിൽ സ്വസ്ഥതയുണ്ട്‌.

സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ കുഴങ്ങി. അസാധാരണമായ ആത്മവിശ്വാസം അവളുടെ മുഖത്ത്‌ തെളിയുന്നതറിഞ്ഞു. അവൾ കത്തുകളെഴുതിത്തുടങ്ങി. താൻ മറുപടി അയയ്‌ക്കാതെയും.

വരുമാനം വർദ്ധിച്ചപ്പോൾ അവൾ ഒരു ടെയ്‌ലറിംഗ്‌ സ്‌കൂൾ തുടങ്ങി. നീലിമയുടെ സഹായസേവനം മറ്റു സുന്ദരികളായ പെൺകുട്ടികളെ ഏൽപ്പിച്ചു. ഒരു ചെറിയ മുറി വാടകക്കെടുത്തു. ഫോൺ കണക്ഷൻ കിട്ടി.

നീലിമ ഫേബ്രിക്‌സ്‌ ഉദ്‌ഘാടനം ചെയ്തത്‌ ഒരു സിനിമാനടി ആയിരുന്നു. നീലിമ നഗരത്തിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു. അവളുടെ കത്തുകളിൽ പ്രേമവായ്‌പ്പിന്റെ അനുരണനങ്ങൾ ഇല്ലാതെയായി.

-നീരജിന്‌ എന്തുകൊണ്ട്‌ ഒരു ബിസിനസ്സ്‌ തുടങ്ങിക്കൂടാ. ഇപ്പൊ എനിക്ക്‌ ബാങ്ക്‌ മാനേജർമാരെ പരിചയമുണ്ട്‌. ഞാൻ വിചാരിച്ചാൽ ഒരു ലോണെടുത്ത്‌ തരാൻ കഴിയും. നോക്കു നീരജ്‌, സ്‌ത്രീകൾക്ക്‌ പരിമിതികൾ ഏറെ ഉണ്ടെങ്കിലും എന്റെ വളർച്ചയിൽ അത്‌ തടസ്സമായിട്ടില്ല. എന്നെ സഹായിച്ചവരും ഞാൻ സഹായിച്ചവരും ഈ നഗരത്തിൽ ധാരാളമുണ്ട്‌.

ഒരിക്കൽ അവളെഴുതി. മറുപടി എഴുതിയില്ല. നീലിമ അവളുടെ ജീവിതം മറന്നിരുന്നു. ഒരിക്കൽ അതു ഓർമ്മിപ്പിച്ചു. ഇതെല്ലാം നോക്കി നടത്താമെങ്കിൽ ജീവിതം തുടങ്ങാമെന്ന്‌ അവൾ എഴുതി. തന്റെ ദുരഭിമാനം മാത്രം തികഞ്ഞു നിന്നു. നീലിമയെ കാണാൻ പോകാതെയായി.

നീലിമയുടെ കത്തുകൾ വന്നുകൊണ്ടിരുന്നു. നീലിമ മെഡിക്കൽസിന്റെ ഉൽഘാടനത്തിന്‌ പോകണമെന്ന്‌ തോന്നിയില്ല. തുടങ്ങാൻ പോകുന്ന ഒരു മരുന്ന്‌ കമ്പനിയുടെ പ്രൊജക്‌റ്റ്‌ റിപ്പോർട്ട്‌ അവൾ അയച്ച്‌ തന്നു.

”ഏട്ടനെന്താ ഇരുട്ടത്ത്‌ ഇരിക്കണെ.“

-വെളിച്ചം ഉണ്ടായിട്ടെന്താ. അകം നിറയെ ഇരുട്ടാ

പറയണമെന്ന്‌ തോന്നി. കാറിന്റെ ഹോൺ കേട്ടാണ്‌ മായ വന്നതെന്ന്‌ അറിഞ്ഞത്‌. അവൾ ഗേറ്റ്‌ തുറക്കാൻ പോയപ്പോഴാണ്‌.

”കുറെ നേരമായോ നീരജ്‌ വന്നിട്ട്‌.“

”ഉവ്വ്‌. നിനക്ക്‌ തിരക്കാണ്‌ അല്ലേ?“

”സോറി നീരജ്‌. ഒഴിവാക്കാൻ കഴിയാത്ത ഒരു ഗസ്‌റ്റ്‌ വന്നുപെട്ടു. അതോണ്ടാ.“

തന്റെ മുഖഭാവം ദേഷ്യമാണെന്ന്‌ അവൾ തെറ്റിദ്ധരിച്ചിരിക്കുന്നു. നിർവികാരത എന്താണെന്ന്‌ അറിയാനുളള കഴിവ്‌ അവൾക്ക്‌ നഷ്‌ടപ്പെട്ടിരിക്കണം.

”സാരല്യ. ഞാൻ വെറുതെ ചോദിച്ചൂന്നേളളു.“

അവളുടെ കണ്ണുകൾ നിറയുന്നതറിഞ്ഞ്‌ പറഞ്ഞു.

അവളുടെ സൽക്കാരങ്ങളിൽ സന്തോഷിക്കാനായില്ല. പരിഭവം ഒന്നുമില്ലെന്ന്‌ ബോധ്യപ്പെടുത്താനും ആയില്ല.

നീലിമ അവളുടെ പുതിയ കമ്പനിയെ കുറിച്ച്‌ സംസാരിച്ചുകൊണ്ടിരുന്നു. പുറത്ത്‌ ഇരുട്ട്‌ വളരുന്നതറിഞ്ഞ്‌ പോകാനെഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു.

”എന്തിനാ കാണണംന്ന്‌ പറഞ്ഞത്‌.“

-നിനക്കറിയോ നീലിമേ, ഈ അലച്ചില്‌ തുടങ്ങീട്ട്‌ എത്ര കാലായി. സുരക്ഷിതമായ ഒരു ജോലി, ഇനി അത്‌ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. നിന്റെ പുതിയ കമ്പനീല്‌ എന്തെങ്കിലും ഒരു ജോലി…

പറയാൻ ആഗ്രഹിച്ചെങ്കിലും പറഞ്ഞതിങ്ങനെയാണ്‌.

”ഒന്നുമില്ല. നിന്നെ ഒന്ന്‌ കാണാൻ. മായയെവിട്യാ.“

”അവളുറങ്ങി. നീരജിനിന്ന്‌ പോണോ. ഒരൂസം ഇവിടെയായാൽ ഒന്നും വരാനില്ല.“

ആലിപ്പഴം പൊഴിച്ച പുതുമഴയുടെ താളം മനസ്സിലുറങ്ങി കിടപ്പുണ്ട്‌. അതൊന്നും ഉണരാൻ പാടില്ല.

”വേണ്ട നീലിമ, എനിക്ക്‌ പോണം.“

എഴുന്നേറ്റ്‌ നടന്നുകൊണ്ട്‌ പറഞ്ഞു.

”നിൽക്കൂ നീരജ്‌. ഞാൻ കൊണ്ട്‌ വിടാം.“

നടക്കല്ലിറങ്ങി തിരിഞ്ഞുനോക്കിയപ്പോൾ അവൾ പറഞ്ഞു.

”നിനക്ക്‌ ബുദ്ധിമുട്ടാകും. ഇരുളിൽ ഓരോന്നാലോചിച്ച്‌ നടക്കുന്നത്‌ ഒരു രസാ.“

ഗേറ്റ്‌ ചാരി നിരത്തിലിറങ്ങി. മൂടൽമഞ്ഞ്‌ നഗരമാകെ മൂടിയിരിക്കുന്നു. വിജനമായ റോഡിൽ തനിയെ നടക്കുമ്പോൾ നഗരം ഉറങ്ങിയതറിഞ്ഞു.

Generated from archived content: story-mar04.html Author: ambazhakkattu_sankaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here