ശ്രീ മഠത്തിക്കാവ്‌ ഭഗവതീക്ഷേത്രം

ഐതിഹ്യം, ചൈതന്യം, അനുഭവം, അനുഗ്രഹം മുതലായവയിൽ ഭക്തജനങ്ങളെ ആകർഷിച്ചു പോരുന്ന ഒട്ടനവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്‌.

അത്തരത്തിൽ പ്രസിദ്ധമായ ഒന്നാണ്‌ മഠത്തിക്കാവ്‌ ഭഗവതീക്ഷേത്രം. തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി മാളയ്‌ക്ക്‌ സമീപമാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യമായ, ശക്‌തിസ്വരൂപിണിയായ ഭദ്രകാളിയാണ്‌ ഇവിടത്തെ മൂർത്തി. പടിഞ്ഞാറ്‌ ദർശനമായി പ്രതിഷ്‌ഠിച്ചിരിക്കുന്ന ദേവിയുടെ ശ്രീകോവിലിന്‌ ഇടതു ഭാഗത്ത്‌ ഉപദേവതയായി യക്ഷി പ്രതിഷ്‌ഠയുമുണ്ട്‌. കാലങ്ങളായി ഭഗവതിയുടെ കോമരമായി അനുഷ്‌ഠാനങ്ങൾ നടത്തിവരുന്നത്‌ നാട്ടിലെ പുരാതന തറവാടായ താഴത്തുവീട്ടിൽ നിന്നുമുളളവരാണ്‌. മുൻകാലങ്ങളിൽ കോമരമായിരുന്നവരും, ഭഗവത്‌ചരണം പ്രാപിച്ചവരുമായവരെ ക്ഷേത്രത്തിനു തെക്കുമാറി പാലച്ചുവട്ടിലെ ഒറ്റപ്പാറയിൽ കുടിയിരുത്തിയിട്ടുണ്ട്‌. അതാണ്‌ ‘പാലക്കൽ പ്രതിഷ്‌ഠ’.

ക്ഷേത്രോത്ഭവം-ഐതിഹ്യം

ദുഷ്‌ടരെ നിഗ്രഹിച്ച്‌ ആശ്രിതർക്ക്‌ ആലംബമായി നിലകൊളളുന്ന ശക്‌തി സ്വരൂപിണിയാണ്‌ കുരുംബക്കാവിലമ്മയുടെ ചൈതന്യമായ മഠത്തിക്കാവിലമ്മ. ഏകദേശം മുന്നൂറ്‌ സംവത്സരത്തിന്റെ പഴക്കമുണ്ട്‌ എന്നതുതന്നെ ഈ ക്ഷേത്രത്തിന്റെ മഹിമ വെളിവാക്കുന്നു. കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാക്കൻമാരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്‌ ഇതിന്റേയും കഥ.

അക്കാലത്ത്‌ കോവിലകം പലവട്ടം സാമൂതിരിമാരുടെ ആക്രമണ ഭീഷണിക്ക്‌ ഇരയായത്രെ! അക്രമം സഹിക്കാഞ്ഞ്‌ തമ്പുരാക്കൻമാർക്ക്‌ ഒടുവിൽ കോവിലകത്തുനിന്നും പാലായനം ചെയ്യേണ്ടി വന്നു. നിത്യേന കൊടുങ്ങല്ലൂരമ്മയെ കുളിച്ചുതൊഴുത്‌ ദർശനം നടത്തിപ്പോന്ന തമ്പുരാട്ടിമാരുടെ ദേവീദർശനം മുടങ്ങാതിരിക്കാനായി ദേവീ ചൈതന്യത്തെ പളളിവാളിൽ ആവാഹിച്ച്‌ അവർ ഒപ്പം കൂട്ടുകയും ചെയ്‌തുവത്രെ!

അന്ന്‌ കൊടുങ്ങല്ലൂരിൽ നിന്നും യാത്ര തിരിച്ച തമ്പുരാക്കൻമാർ എത്തിച്ചേർന്നത്‌ മഠത്തിക്കാവ്‌ ക്ഷേത്രം ഇന്ന്‌ സ്ഥിതിചെയ്യുന്ന പൂപ്പത്തി ഗ്രാമത്തിലായിരുന്നു. ഇന്നത്തെ ക്ഷേത്രത്തിന്‌ അൽപം കിഴക്കുമാറിയുളള പറമ്പിൽ പുതുതായി ഒരു കോവിലകം പണികഴിച്ച്‌ അവിടെ അവർ താമസമാക്കുകയും ചെയ്‌തു. ഒപ്പം കൊണ്ടുവന്ന ദേവീ ചൈതന്യം നിറഞ്ഞ പളളിവാൾ ഒരു ദശാബ്‌ദത്തോളം താമരശ്ശേരി മേയ്‌ക്കാട്ടുമന വക പറമ്പിലും പിന്നീട്‌ മനയുടെ നെല്ലറയായി ഉപയോഗിച്ചുപോന്ന മഠത്തിലും കുടിവെക്കപ്പെട്ടു. തമ്പുരാക്കൻമാരുടെ പ്രവാസവും ദേവീദർശനവും അങ്ങനെ നിർവിഘ്‌നം നടന്നുപോയി.

അന്ന്‌ തമ്പുരാക്കന്മാർ പണികഴിപ്പിച്ച കോവിലകം കാലാന്തരത്തിൽ നാമാവശേഷമായെന്നാലും, അതോടൊപ്പം ഉപയോഗിച്ചുവന്നിരുന്ന കുളം കോലോത്തുംകുളം എന്ന പേരിൽ ഇന്നും നിലനിൽക്കുന്നു. പണ്ട്‌ തെക്കേ മന വകയായി ഉണ്ടായിരുന്ന പുരയിടത്തിൽ ഇന്നും ആ കുളം കാണാം. ഭഗവതിയെ കുടിയിരുത്തിയിരുന്ന മഠം പിന്നീട്‌ അനുജൻ നമ്പൂതിരിയുടെ ഇല്ലമായി മാറുകയാണുണ്ടായത്‌. നടുവിലെ മന എന്ന പേരിൽ അത്‌ ഗതകാലസ്‌മരണയായി ഇന്നും നിലനിൽക്കുന്നു. ബ്രഹ്‌മശ്രീ. സുബ്രഹ്‌മണ്യൻ നമ്പൂതിരിപ്പാടാണ്‌ ഇന്ന്‌ അവിടത്തെ കാരണവർ.

ആക്രമണ ഭീതിയകന്ന്‌ തമ്പുരാക്കന്മാർ തിരിച്ചുപോകാനൊരുങ്ങവേ, മഠത്തിൽ കുടി വെച്ചിരുന്ന പളളിവാൾ ഇളക്കുവാനായില്ല എന്നാണ്‌ ഐതിഹ്യം. ഇവിടെത്തന്നെ നിലകൊളളുവാനാണ്‌ ഭഗവത്‌ ഹിതം എന്ന്‌ പ്രശ്‌നവശാൽ തെളിയുകയും തുടർന്ന്‌ മേയ്‌ക്കാട്ട്‌ മനയ്‌ക്കൽ നിന്നുതന്നെ ഒരു ക്ഷേത്രം പണികഴിപ്പിച്ച്‌ ഭഗവതിയെ കുടിയിരുത്തുകയും ചെയ്‌തു. നാലു തലമുറകൾക്കപ്പുറം ജീവിച്ചിരുന്ന ശങ്കരൻ നമ്പൂതിരിപ്പാടാണ്‌ ഇന്നു കാണുന്ന ക്ഷേത്രം പണി കഴിപ്പിച്ചത്‌ എന്നാണ്‌ പഴമക്കാരുടെ ഓർമ്മ പറയുന്നത്‌. പളളിവാളിൽ നിന്നും ദേവീ ചൈതന്യത്തെ ഒരു വാൽക്കണ്ണാടിയിലാണ്‌ ആവാഹിച്ചിരുന്നത്‌. പ്രതിഷ്‌ഠ ഇല്ലാത്തതിനാൽ മഠത്തിക്കാവിലേത്‌ കണ്ണാടി ബിംബമായി ഇന്നും നിലകൊളളുന്നു.

മഠത്തിൽ കുടിവെച്ച ഭഗവതിയുടെ കാവ്‌ ആണ്‌ മഠത്തിൽകാവ്‌ എന്നും, ക്രമേണ മഠത്തിക്കാവ്‌ എന്നും അറിയപ്പെടുന്നത്‌. കൊടുങ്ങല്ലൂർ കാവിലെ താലപ്പൊലി മകരം ഒന്നു മുതൽ ഏഴു ദിവസമാണ്‌. ഇതിനു തുടർച്ചയായി എട്ടാം നാൾ ആന, അമ്പാരി, വാദ്യക്കാർ സഹിതം മഠത്തിക്കാവിലെത്തി ഇവിടത്തെ താലപ്പൊലിയും നടത്തിവന്നുവത്രെ! ഇന്നും മകരം എട്ടിന്‌ മഠത്തിക്കാവിലമ്മയുടെ താലപ്പൊലി ആഘോഷിച്ചുപോരുന്നു.

താലപ്പൊലി മഹോത്സവം

കേരളത്തിനകത്തും പുറത്തുമുളള ഒട്ടേറെ ഭക്തജനങ്ങളുടെ പരദേവതയായി അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന മഠത്തിക്കാവിലമ്മയുടെ താലപ്പൊലി എല്ലാവർഷവും മകരം 8-​‍ാം തീയതി ഭക്ത്യാദരപൂർവ്വം കൊണ്ടാടി വരുന്നു. വിശേഷാൽ പൂജകളോടെയും വിവിധ കലാപരിപാടികളോടെയും നടത്തിപ്പോരുന്ന താലപ്പൊലിയുടെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങ്‌ രാത്രി നടക്കുന്ന ഭഗവതിയുടെ താലപ്പൊലി എഴുന്നളളിപ്പാണ്‌. ആന, അമ്പാരിയോടെയും വാദ്യഘോഷങ്ങളോടെയും പുറത്തേക്കെഴുന്നളളുന്ന ആശ്രിതവത്സലയായ കാവിലമ്മയെ ആനയിക്കുവാൻ ഒരുക്കുന്ന താലത്തിനു കൂടി സവിശേഷതകളുണ്ട്‌. വ്രതാനുഷ്‌ഠാനങ്ങളോടെ, ഉണക്കലരി നിറച്ച ഓട്ടുമൊന്തയും തലയിലേന്തിയാണ്‌ മുൻകാലത്ത്‌ അംഗനമാർ ദേവിയെ ആനയിച്ചുപോന്നിരുന്നത്‌. മംഗല്യ ഭാഗ്യത്തിനും, നെടു മംഗല്യത്തിനും ഏറെ വിശിഷ്‌ടമായ ഈ വഴിപാട്‌ തട്ടകത്തെ ഭക്തജനങ്ങൾ ഇന്നും അനുഷ്‌ഠിച്ചുപോരുന്നു.

താലപ്പൊലി ചടങ്ങുകൾക്കൊപ്പം പാലക്കൽ പ്രതിഷ്‌ഠയിലും വിശേഷാൽ കർമ്മങ്ങൾ നടത്തിവരുന്നു. താലപ്പൊലിനാൾ അർദ്ധരാത്രിയോടെ പാലക്കൽ നടത്തപ്പെടുന്ന ഗുരുതി തർപ്പണം ഏറെ വിശിഷ്‌ടമാണ്‌. പാലയ്‌ക്കലെ ഗുരുതിക്കുശേഷമേ ദേവിയുടെ താലപ്പൊലി എഴുന്നളളിപ്പ്‌ നടത്താവൂ എന്നത്‌ ഇതിന്റെ വൈശിഷ്‌ട്യം വ്യക്തമാക്കുന്നു.

താലപ്പൊലിയുടെ തലേന്നാളായ മകരം 7-​‍ാം തീയതി സാംബവ സമുദായം വകയായി പുരാതന വാദ്യകലകളോടുകൂടിയ താലം വരവ്‌ ഉണ്ട്‌. കൂടാതെ ക്ഷേത്രപ്പറമ്പിൽ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന പുലയസമുദായം വക ക്ഷേത്രത്തിൽ മകരം 19-​‍ാം തീയതി താലപ്പൊലിയും ഗംഭീരമായി നടത്തിവരുന്നു.

പ്രധാന വഴിപാടുകൾ

കലിയുഗത്തിൽ ആരാധനയും നാമജപവും മാത്രമേ മോക്ഷപ്രാപ്‌തി നൽകൂ എന്നിരിക്കേ, ക്ഷിപ്രപ്രസാദിനിയായ മഠത്തിക്കാവിലമ്മയ്‌ക്ക്‌ വിശേഷപ്പെട്ടതായി ഒട്ടേറെ വഴിപാടുകൾ ഉണ്ട്‌. ഐശ്വര്യദായിനിയായ ദേവിയുടെ തിരുനടയിൽ പറനിറയ്‌ക്കുന്നത്‌ ഏറെ വിശേഷമാണ്‌. നെല്ല്‌, അരി, അവിൽ, മലർ, പൂവ്‌ എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.

സർവ്വാഭീഷ്‌ടദായകമായ ഒരു വഴിപാടാണ്‌ നിറമാലയും ചുറ്റുവിളക്കും. ചൊവ്വ, വെളളി ദിവസങ്ങളിൽ ഈ വഴിപാടിനായി ഏറെ തിരക്ക്‌ അനുഭവപ്പെട്ടു വരുന്നു. വിളക്ക്‌, പുഷ്‌പാഞ്ഞ്‌ജലി, പൂമൂടൽ എന്നീ വഴിപാടുകളും ദേവിക്ക്‌ പ്രിയതരമാണ്‌.

മംഗല്യഭാഗ്യത്തിനും, നെടുമംഗല്യത്തിനുമായി ഭഗവതിയുടെ തൃപ്പടിയിൽ പട്ടും താലിയും സമർപ്പിക്കുന്നതും ഉപദേവതയായ യക്ഷിക്ക്‌ പട്ടും മഞ്ഞൾ പൊടിയും ചാർത്തുന്നതും, പാലക്കൽ വിളക്കുവെയ്‌ക്കുന്നതും ഇവിടുത്തെ പ്രാധാന്യമർഹിക്കുന്ന വഴിപാടുകൾ ആണ്‌.

ഭക്തരുടെ സൗകര്യാർത്ഥം ഒരു വഴിപാട്‌ കൗണ്ടർ സ്ഥിരമായി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്‌.

ക്ഷേത്രത്തിലേക്ക്‌ എത്തിച്ചേരുവാനുളള വഴി

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിന്റെ തെക്കുഭാഗത്തായിട്ടാണ്‌ മഠത്തിക്കാവ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിന്റെ വടക്കുഭാഗത്തു നിന്നും വരുമ്പോൾ തൃശൂരിലെത്തി അവിടെ നിന്നും മാളയിൽ എത്തുക. മാളയിൽ നിന്നും 4 കിലോമീറ്റർ തെക്കുമാറി പൂപ്പത്തി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മുമ്പിൽ ബസ്സിറങ്ങാവുന്നതാണ്‌. എറണാകുളം, ആലുവ തുടങ്ങിയ തെക്കൻ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക്‌ പറവൂർ, മാളവനഫെറി വഴിയോ കണക്കൻകടവ്‌ പാലം കടന്നോ ഇളന്തിക്കരയിൽ എത്തി 4 കിലോമീറ്റർ സഞ്ചരിച്ച്‌ പൂപ്പത്തിയിൽ എത്തിച്ചേരാവുന്നതാണ്‌. ആലുവയിൽ നിന്ന്‌ മാള വഴിയും ഇവിടേക്ക്‌ വന്നെത്താം.

Generated from archived content: ambalam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English