കാരിരുമ്പിന്റെ കരുത്തുണ്ട് മുത്തങ്ങയുടെ വേരിന്. ദാക്ഷിണ്യമില്ലാതെ തുളച്ചുകയറി അത് ചവിട്ടുപടിയുടെ ഹൃദയത്തെ ഞെരിച്ചു. മരണത്തിലേക്കുളള വീർപ്പുമുട്ടൽ. മുറ്റത്ത് പഞ്ചാരമണൽ വിരിക്കുമെന്നും മണൽ തരികളെ ചുംബിച്ചും പുഞ്ചിരിച്ചും മൃദുലമായ പാദസ്‌പർശമേറ്റും ആയുഷ്‌ക്കാലമത്രയും ഭാസുര ബംഗ്ലാവിന്റെ ആതിഥേയയായി കഴിയാമെന്നുമുളള പൂതിയായിരുന്നു. അത് എന്നെന്നേക്കുമായി അസ്‌തമിച്ചെന്ന് അതിനുറപ്പായി. തിങ്ങിനിറഞ്ഞ് മുത്തങ്ങയും അതിൽ കുരുങ്ങി ജീർണ്ണിച്ച ചപ്പുചവറുകളും. തൊരപ്പന്റേയും വിഷജന്തുക്കളുടേയും വിഹാര കേന്ദ്രമായിരിക്കുന്നു തിരുമുറ്റം. മതിൽ ചാടി വരുന്നവർക്ക് ഒന്നിനെന്നല്ല രണ്ടിനുപോലും സങ്കോചമില്ലെന്നായി. നിദ്ര വിധിച്ചിട്ടില്ലാത്ത ജന്മമാണ് ചവിട്ടുപടിയുടേത്. പാതിരാകളിൽ കടുത്ത പാദതാഡനം. ചാരായത്തിന്റെ എരിയുന്ന ഗന്ധവും തേവിടിശ്ശികളുടെ പുളിച്ച തെറിയും, ആരെതിർക്കാൻ വിഷജന്തുക്കൾക്കും ഭയമാണവരെ. ഭൂമിക്കു മുകളിലെ ചരിക്കാത്തവയുടെ ഗതികേട്. മനസ്സു ശപിച്ചുകൊണ്ട് അപ്പോഴൊക്കെ ചവിട്ടുപടി അമർന്നു കിടന്നുകൊടുക്കും. വിലപിടിച്ച മാർബിൾ സ്ലാബ് കൊണ്ട് തന്നെ മോടിപിടിപ്പിക്കുന്നതും മുഖം തെളിയുന്ന ആ മിനുപ്പിലേക്ക് പാദുകങ്ങളിട്ട ചുവടുവെയ്‌ക്കാൻ ആഗതർ അറച്ചുനില്‌ക്കുന്നതും…. അതുമാതിരി സ്വപ്‌നങ്ങളുടെ മുഖത്താണ് ഇരുളിൽനിന്ന് പുരട്ടികൊണ്ടുവരുന്നത് ചവിട്ടിത്തേക്കുന്നത്. ചവിട്ടുപടിയുടെ മനംപുരട്ടി.
ഭാസുരയ്‌ക്ക് മൂഡ് വരുന്നതിനനുസരിച്ച് ബംഗ്ലാവിന്റെ കോലവും വളരുകയായിരുന്നു. സിമന്റു കട ആന്റപ്പനെ ചിരിച്ചുമയക്കി പറഞ്ഞുവിട്ട അന്നത്തെ ഭാസുരയുടെ മൂഡ് ഇപ്പോഴും ചവിട്ടുപടിയുടെ മനസ്സിലുണ്ട്.
മുറ്റത്ത് ചിതറിക്കിടന്ന ഇഷ്‌ടിക കഷണങ്ങൾ തട്ടിത്തെറുപ്പിച്ചുകൊണ്ട് ഭാസുര ആർക്കിടെക്‌റ്റ് മോനു ഡിസിൽവയോട് പറഞ്ഞു.
“ചുവരിൽ നിന്നങ്ങോട്ട് പന്ത്രണ്ടടി പഞ്ചാരമണൽ വിരിക്കണം…. റോസും ജമന്തിയും ഓർക്കിഡും ഇടകലർത്തി ഒരു ബോർഡർ… അതിനപ്പുറം ലോൺ…”
“ഒരു എക്‌സ്‌പെർട്ട് ലാന്റ് സ്‌കെയിപ്പറെ കൊണ്ട് ഡിസൈൻ ചെയ്യിക്കാം…” ഫയലിൽ മാറ് ഞെരിച്ചു നിന്ന മോനു ഡിസിൽവ പറഞ്ഞു.
മനസ്സിൽ കാറും കോളും കൊണ്ടാൽ മനുഷ്യന്റെ ബാഹ്യപ്രകൃതവും ഇളകിമറിയുമല്ലോ..? എല്ലാം ഇട്ടെറിഞ്ഞ് തന്റെ ചങ്കിൽ ചവിട്ടിമെതിച്ച് ഒരു കൊടുങ്കാറ്റുപോലെ ഭാസുര അന്നു രാത്രി…. ചവിട്ടുപടിക്ക് ഇന്നും അതൊരു പ്രഹേളികയാണ്.
ചന്ദ്രികാ ദത്തന്റേതിനേക്കാൾ വലിയ ബംഗ്ലാവ്…. വല്ലാത്ത വാശിയായിരുന്നു ഭാസുരയ്‌ക്ക്. വുമൻസ് അസോസിയേഷന്റെ മീറ്റിംഗിൽ വെച്ചായിരുന്നു വിങ്ങിനിന്ന ഈഗോ ക്ലാഷായത്. ഭാസുര ചന്ദ്രികയെ വെല്ലുവിളിച്ചപ്പോൾ ബംഗ്ലാവായിരുന്നു മുഖ്യ ഇനം. കേട്ടുനിന്നവർ മൂക്കത്തു വിരൽ വെച്ചു.
“ചന്ദ്രികയ്‌ക്ക് അവളുടെ കോടീശ്വരന്മാരായ അച്ഛനപ്പൂപ്പന്മാർ വഴി കിട്ടിയ സ്വത്താ…. അതു കണ്ടിട്ട് ഇവൾ…?” ചിലർ കുറ്റപ്പെടുത്തി.
“ഗൾഫിലെ സുൽത്താന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനല്ലേ ഭർത്താവ്…. ഭാസുര പറഞ്ഞാലത് നടക്കും…” ചവിട്ടുപടി കോൺക്രീറ്റ് ചെയ്യുന്ന ദിവസം മുറ്റത്ത് വട്ടമിട്ടിരുന്ന് ഭാസുരയുടെ പക്ഷക്കാരികള് ചിരിച്ചു. അവരുടെ പറച്ചിലില് ഒരു കുത്തുളളത് അന്നേ ചവിട്ടുപടി തിരിച്ചറിഞ്ഞിരുന്നു.
ഡ്രോയിംഗ് റൂമിന്റെ ഭിത്തിയിലെ വേട്ടാവളിയന്റെ കൂട് വളർന്നു വളർന്ന് വലിയൊരു പുണ്ണുമാതിരി ആയിത്തീർന്നിട്ടുണ്ട്. ഭിത്തിയുടെ മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വാൻഗോഗിന്റെ പ്രശസ്‌തമായ ‘സൺഫ്ലവർ’ വെയ്‌ക്കാൻ മോനു ഡിസിൽവ അടയാളം ചെയ്‌ത ഭാഗത്താണ് വേട്ടാവളിയൻ അതിന്റെ കൊട്ടാരത്തിനു തറക്കല്ലിട്ടത്. ഒരു വാശിപോലെ പണിതു പണിത് ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വലിയ വേട്ടാവളിയൻ കൂടായിട്ടു
ണ്ടത്. തന്റെ മുഖത്തെ വൈകൃതം തട്ടിക്കളയാൻ കഴിയാതെ ഭിത്തി അസഹ്യതപ്പെട്ടു.
ചമഞ്ഞൊരുങ്ങി വീടുപണിയിക്കാൻ എത്താറുളള ഭാസുരയുടെ ഗർവ്വ് വളരെ കൂടുതൽ കാണേണ്ടി വന്നിട്ടുളളതും തനിക്കാണല്ലോ എന്ന് ഭിത്തി ഓർത്തു. ഡ്രോയിംഗ് റൂമിലെ താല്‌ക്കാലിക ഓഫീസിൽ ഇരുന്നാണ് ഭാസുര മിക്കപ്പോഴും ഭർത്താവിന് ഫോൺ ചെയ്യുന്നത്. സെൽഫോൺ കാതിൽ ചേർത്താൽ ഭാസുരയ്‌ക്ക് ഒരു നൂറു മുഖവും അതിൽ ഒരായിരം ഭാവങ്ങളുമാണ്. കൂടെക്കൂടെ തുകകൾ ആവശ്യപ്പെടുമ്പോൾ മറുതലയ്‌ക്കൽ നിന്നുളള ബുദ്ധിമുട്ടുകളുടെ സൂചന ഭാസുരയുടെ മുഖത്ത് അലയ്‌ക്കുന്നതു കാണാം. പക്ഷേ ഭർത്താവിനെ കൊണ്ട് തന്റെ തീരുമാനം അംഗീകരിപ്പിക്കാനുളള ഭാസുരയുടെ മിടുക്ക്… അതൊക്കെ കണ്ടതുകൊണ്ടാണ് എങ്ങനേയും ഈ ബംഗ്ലാവിന്റെ പണി പൂർത്തീകരിക്കുമെന്നും താനതിലെ ഏറ്റവും ആകർഷകമായ ഭിത്തിയായി വിലസുമെന്നും അതു മോഹിച്ചത്. മോസ്‌റ്റ് മോഡേൺ ഡെക്കെറേഷൻസിനെ കുറിച്ചുളള മോനു ഡിസിൽവയുടെ വാചാലത കേട്ട് ഭാസുരയ്‌ക്കൊപ്പം താനും അന്നു മതിമറന്നതിൽ ഭിത്തിക്ക് കുറ്റബോധമുണ്ട്. അതൊക്കെ അതിമോഹവും ആപത്തുമാണെന്ന് ഓർമ്മിപ്പിച്ച പപ്പുമ്മാവനോടു തോന്നിയ വൈരാഗ്യത്തിന് പശ്ചാത്താപവും.
“കഷ്‌ടപ്പെട്ടുണ്ടാക്കുന്ന പണം ങ്ങനെ… കല്ലും സിമന്റുമാക്കി തീർത്താൽ നാളെ ങ്ങനെ ജീവിക്കും… ങ്ങനെ ഇത്‌ന്റെ അറ്റകുറ്റപ്പണി നടത്തും…”
എന്തും ആരുടേയും മുഖത്തുനോക്കി ചോദിക്കാൻ മടിയില്ലാത്ത ആളാണ് പപ്പുമ്മാവൻ. പക്ഷേ ഇതു ചോദിക്കുമ്പോൾ ഒരു ഉൾവലിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അത്രകണ്ട് ആർക്കും ഒരു പിടിയും കിട്ടാത്തതാണ് ഭാസുരയുടെ പക്വത.
അന്ന് പാതിരയുടെ നിശ്ശബ്‌ദതയിൽ ഭാസുരയും ഭർത്താവും അവസാനമായി അവിടേക്കു കടന്നുവന്നത് ഭിത്തി ഓർത്തു. മെഴുകുതിരിയുടെ ഉലയുന്ന വെളിച്ചത്തിലെ ഭാസുരയുടെ ഭ്രമാത്മകമായ മുഖം…. ഉലഞ്ഞ കുപ്പായവും അയഞ്ഞ ടൈയും പാറിപ്പറക്കുന്ന തലമുടിയും ഭർത്താവ് ചന്ദ്രൻ ആകെ പരിക്ഷീണനായിരുന്നു. ദുരൂഹത നാല് ചുവരുകൾക്കുളളിൽ തളംകെട്ടിയിരുന്നു. പിന്നീട് എപ്പോഴോ പത്രത്തിൽ വായിച്ചത് ആരോ റോഡിൽ നിന്ന് സംസാരിച്ചതിന്റെ വ്യക്തതയില്ലാത്ത അലകൾ മാത്രം ഇപ്പോഴും ഭിത്തിക്ക്.
തന്നിലേക്കു തല ചായ്‌ചു നിന്നു വിതുമ്പിയ ഭാസുരയുടെ മിഴിനീരുപ്പ് ഇനിയും തന്റെ നെഞ്ചിൽ സ്‌ഖലിച്ചു നില്‌ക്കുന്നത് ഭിത്തി അറിഞ്ഞു.
Generated from archived content: oct15_story.html Author: am_muhamed