വ്രതശുദ്ധിയുമായി ഈദുൽ ഫിത്വർ

വാനിൽ ശവ്വാലിന്റെ പൊന്നമ്പിളി തെളിയുന്നതോടെ ഒരു മാസക്കാലത്തെ വ്രതത്തിലൂടെ നേടിയെടുത്ത പരിശുദ്ധിയിലൂടെ മുസ്‌ലിമീങ്ങൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയായി. ഇനി ആഘോഷത്തിന്റെ ദിവസം. എല്ലാവരുടെയും ചുണ്ടുകളിൽ നിന്നുയരുന്നത്‌ പ്രപഞ്ചനാഥനെ മഹത്വപ്പെടുത്തുന്ന വചനങ്ങൾ.

ഇസ്‌ലാമിലെ ഓരോ ആരാധനാകർമങ്ങൾക്ക്‌ പിന്നിലും ഓരോ പാഠങ്ങൾ നമുക്ക്‌ കാണാം. തഖ്‌വയുടെ (സൂക്ഷ്മതാ ബോധത്തിന്റെ) സൂത്രവാക്യങ്ങളായിരുന്നു റമളാൻ വ്രതം നമുക്ക്‌ നൽകിയ പാഠം. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. “സത്യവിശ്വാസികളേ, നിങ്ങളുടെ മുൻപുള്ളവരോട്‌ കല്പിച്ചിരിക്കുന്നത്‌ പോലെത്തന്നെ നിങ്ങൾക്കും നോമ്പ്‌ നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയത്രെ അത്‌ (അൽ ബഖറ – 1183). ലോകത്തെവിടെയും ഘനാന്തകാരമുഖരിതമായിരിക്കുന്നു. മനുഷ്യൻ സഞ്ചരിക്കുന്ന വഴികളിലെവിടെയും അപകടം പതിയിരിക്കുന്നു. ഇന്ന്‌ സാംസ്‌കാരിക പ്രവർത്തനങ്ങളായി ഉയർത്തിക്കാട്ടുന്നതിലൊന്നും സംസ്‌കാരം തൊട്ടുതീണ്ടിയിട്ടേയില്ല. ഈ അസന്മാർഗികതയുടെ ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കാൻ വിശ്വാസിക്കുള്ള പാഥേയമാണ്‌ തഖ്‌വ.

എല്ലാം ദൈവത്തിലർപ്പിക്കാനുള്ള കരുത്ത്‌ ഒരു മാസക്കാലത്തെ വ്രതത്തിലൂടെ മുസ്‌ലീമീങ്ങൾ നേടിയെടുത്തു. മരിച്ച്‌ മൺമറഞ്ഞ മഹാന്മാർക്കോ, വിഗ്രഹങ്ങൾക്കോ, പുണ്യമരങ്ങൾക്കോ, ആൾദൈവങ്ങൾക്കോ തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ ശാശ്വത പരിഹാരം നൽകാൻ കഴിയില്ലെന്നവർ നോമ്പിലൂടെ തിരിച്ചറിഞ്ഞു. സക്കാത്ത്‌ കൊടുത്തും രാത്രി നമസ്‌ക്കാരങ്ങൾ കൊണ്ടും പ്രപഞ്ചരക്ഷിതാവായ അല്ലാഹുവുമായി അവർ അടുത്തു. സഹനവും, ക്ഷമയും വിട്ടുവീഴ്‌ചയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി.

ഇസ്‌ലാം സമം തീവ്രവാദമെന്ന്‌ ഒരുകൂട്ടം പാശ്ചാത്യമീഡിയകൾ ചൊല്ലിപ്പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാ മതസ്ഥരും ഒരു മേശക്ക്‌ ചുറ്റുമിരുന്ന്‌ നടത്തുന്ന ഇഫ്‌താർ വിരുന്നുകൾ സമാധാനത്തിന്റെ പുതിയ വഴിത്താരകളാണ്‌ നമുക്ക്‌ മുൻപിൽ തുറക്കുന്നത്‌. ഓരോ റമളാൻ ഇരുപതും ചരിത്രത്തിന്റെ തങ്കലിപികളിൽ അനാവരണം ചെയ്യപ്പെട്ട ഒരു മഹാസംഭവത്തെ ലോകർക്കു മുൻപിൽ തുറന്നുകാട്ടുന്നു. മുസ്‌ലിമിന്‌ തീവ്രവാദിയാകാൻ കഴിയില്ലെന്ന മക്കാവിജയത്തിന്റെ ചരിത്രം. രക്തരഹിത വിപ്ലവത്തിലൂടെ താൻ പുറത്താക്കപ്പെട്ട ജന്മനാട്ടിൽ തിരിച്ചെത്തിയ പ്രവാചകൻ താൻ അതിജയിച്ച ശത്രുക്കളോട്‌ ചോദിച്ചുഃ നിങ്ങളെന്നെക്കുറിച്ച്‌ എന്താണ്‌ കരുതുന്നത്‌? ഭയം അടക്കിപ്പിടിച്ച്‌ അവർ ഒന്നടങ്കം പറഞ്ഞു താങ്കൾ മാന്യനായ വ്യക്തിയാകുന്നു. ഞങ്ങളുടെ മാന്യസഹോദരന്റെ പുത്രനുമാകുന്നു. തനിക്ക്‌ ഏൽക്കേണ്ടിവന്ന പീഡനങ്ങൾക്ക്‌ പ്രതികാരവും പ്രതിക്രിയയുമെല്ലാം വിധിക്കേണ്ട സന്ദർഭത്തിൽ പ്രവാചകൻ അവരെ ഒന്നടങ്കം സാക്ഷിനിർത്തിക്കൊണ്ട്‌ പറഞ്ഞു – ഇന്ന്‌ വിട്ടുവീഴ്‌ചയുടെ ദിവസമാകുന്നു. നിങ്ങൾ പൊയ്‌ക്കൊള്ളു. നിങ്ങളെല്ലാവരും സ്വതന്ത്രരാകുന്നു. റമളാൻ പഠിപ്പിച്ച ചരിത്രത്തിൽ നിന്ന്‌ വിട്ടുവീഴ്‌ചയുടെ പാഠമുൾക്കൊണ്ട ഒരു യഥാർത്ഥ മുസ്‌ലീമിനും തീവ്രവാദിയാകാൻ കഴിയില്ല.

ഇങ്ങനെ മനുഷ്വ്യന്റെ വാഗ്‌വിചാരകർമ്മങ്ങൾക്ക്‌ പുതിയ രീതി ശാസ്ര്തം സമ്മാനിച്ച പരിശീലനം തുടർജീവിതത്തിന്‌ പുതിയ വഴിത്താരകൾ സമ്മാനിക്കും. ഈ പാഠങ്ങൾ ഉൾക്കൊണ്ടവർക്ക്‌ പ്രപഞ്ചരക്ഷിതാവ്‌ നൽകിയ ആഘോഷദിവസമാണ്‌ ഈദുൽ ഫിതർ.

ഇസ്‌ലാം ഒരു പ്രത്യേക സംസ്‌കാരമാണ്‌ മനുഷ്യന്‌ പ്രദാനം ചെയ്യുന്നത്‌. എല്ലാ മേഖലകളിലും ഈ സംസ്‌കാരം പ്രതിഫലിച്ചുകാണാം. ആഘോഷത്തിനു അനുമതി നൽകിയ ഇസ്‌ലാം പക്ഷെ അതിനു ചില അതിർവരമ്പുകൾ നിശ്ചയിച്ചിരിക്കുന്നു. ശ്ലീലതയുടെയും നന്മയുടെയും അതിർത്തി ലംഘിക്കുവാനുള്ളതല്ല ആഘോഷം. മറിച്ച്‌ പ്രപഞ്ചസ്രഷ്‌ടാവിനെക്കുറിച്ചുള്ള സ്മരണകൾ അവിടെയും ഉയരണം.

Generated from archived content: essay1_oct11_07.html Author: ali_aluva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English