മോഹം

സർഗ്ഗവാസന തെല്ലുമില്ലെന്നതാവാം

നിനക്കെന്റെ കുഞ്ഞുങ്ങളെ

ലാളിക്കുവാൻ കുഞ്ഞുമ്മ നൽകി-

ചൂടുമാറോടണ്‌ക്കുവാൻ

അറിയില്ലതിന്നു നേരം തിരഞ്ഞു

നിൻ നേരം കളഞ്ഞിടാൻ

കാവ്യാവബോധമില്ലെന്നതാവാം

കുഞ്ഞുങ്ങളെയെത്ര പെറ്റുഞ്ഞാനെങ്കിലും

ഒന്നിനെപ്പോലും നിൻ മാറോടണച്ചീല.

ശ്ലാഘിക്കവേണ്ട, വെറും പേരിനായെങ്കിലും

പേരിൽ വിളിച്ചെന്റെ കുഞ്ഞുങ്ങളെ

നിന്റെ സാന്നിദ്ധ്യബോധം ധരിപ്പിക്കുവാൻ

എന്നെങ്കിലും നീ ശ്രമിച്ചിരുന്നെങ്കിൽ,

എന്നു ഞാനാശിച്ചു കൊഞ്ചിപ്പറഞ്ഞത്ര-

നാളെന്റെ തോഴീ, മറന്നുവോ നീ…?

തോഴീ നിനക്കിന്നുമജ്‌ഞ്ഞാതമോ

നിത്യമെന്നിൽ നുരയ്‌ക്കുന്ന ചോദ്യസത്യം

നിന്റെ സാമീപ്യവും മാറിലെ ചൂടും

ഏറെക്കൊതിച്ചതെൻ കുഞ്ഞുങ്ങളോ, അതോ

എന്നിലെ പാവം കലാകാരനോ….?

ഗൂഢമെൻ കാവ്യത്തിനുള്ളിൽ നിറഞ്ഞൊരെൻ

പ്രണയമോ, നഷ്‌ടശൂന്യതയോ, ഇതി-

ലേതോ ഒരുണ്മയാം ചൂണ്ടൽകൊളുത്തിൽ

കുരുങ്ങിപ്പിടഞ്ഞൊരൊറ്റപ്പരൽമീൻ

ഈ സത്യമെത്രയോ ദൂരത്തുനിന്നീ

പരൽ മീൻ മാനത്തു കണ്ടിരിക്കാം

എന്റെ ഒരോമൽക്കുരുന്നിനെ കണ്ടിട്ടൊ-

രുമ്മ നൽകിപ്പിന്നെയെന്നെത്തിരഞ്ഞവൾ

ഇക്കുഞ്ഞിനുൾത്തടം ഉണ്മയാണോ-

യെന്നൽപ്പമാത്മാർത്ഥമായ്‌ത്തന്നെ-

യാരാന്നറിഞ്ഞവൾ.

പിന്നെ ഞാൻ പെറ്റിട്ട ഓരോ കുരുന്നിലും

എന്നെത്തിരഞ്ഞവൾ കൂടുതൽ കൂടുതൽ,

എന്നിലേക്കെത്തിയെൻ ഹൃത്തിന്റെ കൈത്തലം

എത്തിപ്പിടിക്കുവാൻ ആർത്തിപുണ്ടിട്ടവൾ….!!

Generated from archived content: poem2_nov23_09.html Author: alfred_punaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English