വശീകരണ മന്ത്രം

പോർട്ട്‌ ഫ്യൂർബയ്‌ക്ക്‌ സമീപം മാൻഡ്രോയിനിലെ കുടിലുകളിൽ താമസിക്കുന്ന ജിപ്‌സികൾ ഞങ്ങൾ റോമാക്കാരിൽ നിന്നും വ്യത്യസ്‌തതയാർന്നവരാണ്‌. അനിവാര്യമായ സാഹചര്യങ്ങളിലേ റോമാക്കാർ കുടിലു കെട്ടി താമസിക്കുകയുള്ളൂ – അതായത്‌, ഒഴിവാക്കാനാകാത്ത അവസരങ്ങളിൽ മാത്രം! പക്ഷേ, പാരിയോളി ക്വാർട്ടേഴ്‌സുകളിൽ സ്വന്തം വീടുണ്ടെന്നുവന്നാൽ പോലും ജിപ്‌സികൾക്ക്‌ കുടിലുകളത്രെ ഇഷ്‌ടം എന്നുള്ളതാണ്‌ എന്റെ അഭിപ്രായം! കുടിലുകൾക്കകത്തു പ്രവേശിച്ചാൽ, ദരിദ്രരുടെ കുടിലാണെങ്കിൽ ആ വസ്‌തുത നമുക്കുടനെ മനസിലാകും; ജിപ്‌സികളുടെ കുടിലുകളിൽ ചെന്നാൽ അവർ ജിപ്‌സികളാണെന്നു നമുക്കു മനസിലാകും. നമ്മളിൽ നിന്നുമൊക്കെ അത്ര വ്യത്യസ്‌തരാണവർ! കുടിലിനകത്തെ ഒരു അലങ്കാര സാമഗ്രിയായി അവർക്കാകെ വേണ്ടത്‌ ഒരു കാർപെറ്റ്‌ മാത്രമാണ്‌! പിന്നെ സ്‌ത്രീകളും!

റോമാസ്‌ത്രീകൾ എപ്പോഴും തങ്ങളുടെ അവസ്‌ഥയ്‌ക്കനുസൃതമായി ഏറ്റവും നന്നായി വസ്‌ത്രധാരണം നടത്തുന്നു; അതായത്‌, അവർ സദാ സാധാരണ സ്‌ത്രീകളെപ്പോലെയാണ്‌ വസ്‌ത്രധാരണം ചെയ്യുന്നത്‌. പക്ഷെ ഈ ജിപ്‌സികൾ അങ്ങിനെയൊന്നുമല്ല; നീണ്ട, തിളങ്ങുകയും നിലത്തിഴയുന്നതുമായ പാവാടകളാണ്‌ അവരുടെ സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ! പിന്നെ ഷാളുകളും – രണ്ടും പരമാവധി മുഷിഞ്ഞതായിരിക്കും. തോളുകളിലൂടെ പുറകോട്ട്‌ ആഞ്ഞ്‌​‍്‌ എറിഞ്ഞിരിക്കുന്ന നീണ്ട തലമുടി. കഴുത്തുകളിലും, കൈത്തണ്ടകളിലും ധാരാളം, സ്വർണ്ണം, വെള്ളി, മുത്ത്‌ നിർമ്മിതമായ ആഭരണങ്ങൾ ധരിച്ചിരിക്കും. പുരുഷൻമാരുടേത്‌ പ്രഭുകുമാരൻമാരെ കണക്കാണ്‌ വസ്‌ത്രധാരണം! കാരണം, ഞാൻ മുൻപ്‌ പറഞ്ഞപോലെ ജിപ്‌സികൾ ദരിദ്രൻമാരല്ല. പക്ഷെ എല്ലായ്‌പ്പോഴും ഒരുതരം കണ്ണുകളിലേയ്‌ക്ക്‌ കയറിപ്പിടിക്കുന്നതും തീജ്ജ്വാലപോലെ ചുവന്ന ടൈയും, തത്തപ്പച്ച സോക്‌സും, മഞ്ഞയും നീലയും കലർന്ന കൈത്തൂവാലകളും! സ്‌ത്രീകളെപ്പോലെയവരും മിക്കവാറും കമ്മലുകൾ ധരിക്കും! ഏറ്റവും സൂര്യതാപമേറ്റവരെക്കാളുമൊക്കെ കറുത്ത നിറമായിരിക്കും അവരുടെ തൊലിക്ക്‌! ബുദ്ധിയുള്ള ആർക്കും പിടിച്ചെടുക്കാവുന്ന ഒരു വിചിത്ര ഭാഷയാണവരുടേത്‌! ഇതിനെ അവർ റോമാനി എന്നാണ്‌ വിളിക്കുന്നത്‌! ഇതിന്റെ വിവക്ഷ റോമിനെക്കുറിച്ചാണെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ജെറീമിയ പിന്നീടെന്നോട്‌ വിശദീകരിച്ചതനുസരിച്ച്‌ ഇതിന്‌ റോമുമായി യാതൊരു ബന്ധമേ ഇല്ലെന്നായിരുന്നു.

ഏതാണ്ട്‌ പതിനേഴ്‌ വയസുള്ള ഒരു ജിപ്‌സിക്കുട്ടിയായ ജെറീമിയ കുറെക്കാലം എന്റെ സുഹൃത്തായിരുന്നു. കഠിനവും, ഉന്തി നിന്നതുമായ നെറ്റിയും, ചെറിയ അളകങ്ങളുള്ള തലമുടിയാൽ സമൃദ്ധമായ ശിരസും, നീലനയനങ്ങളും, വിടർന്ന നാസാദ്വാരങ്ങളോടു കൂടിയ വളഞ്ഞ മൂക്കുമുള്ള ഒരു സുമുഖനായ ജിപ്‌സിപയ്യനായിരുന്നു നമ്മുടെ ജെറീമിയ! ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കവെയായിരുന്നു ഞങ്ങൾ ചങ്ങാത്തം പിടിച്ചത്‌; അയാൾ ഇരുന്നത്‌ എന്റെ തൊട്ടടുത്തായിരുന്നു. വിചിത്രമോതിരമുള്ള വിരലോടു കൂടിയ കൈ സീറ്റിന്റെ പിന്നിലേക്കാക്കി മുൻനിരയിലായിരുന്നു അയാൾ ഇരുന്നത്‌. തകരം കൊണ്ടു നിർമ്മിച്ചതായി തോന്നിച്ച ആ മോതിരത്തിന്റെ നടുവിൽ മുയലിന്റെ കണ്ണുപോലെയുള്ള ഒരു മഞ്ഞക്കല്ല്‌ പതിച്ചിരുന്നു. ഈ കല്ലെന്താണെന്ന്‌ ഞാനയാളോട്‌ ആരാഞ്ഞതിന്‌ മറുപടിയായി, അത്‌ തന്റെ ജൻമദിനമായ മെയ്‌ മാസത്തിന്റേതാണെന്ന്‌ അയാൾ പറഞ്ഞു. സന്ദർഭവശാൽ എന്റെ ജൻമദിനവും മെയ്‌ മാസത്തിലായിരുന്നു – മെയ്‌ 20ന്‌. ആയതിനാൽ, എന്തിനെങ്കിലും പകരമായി – ആ മോതിരം കൈമാറ്റം ചെയ്യാമോ – എന്ന്‌ ഞാൻ അയാളോട്‌ ആരാഞ്ഞു. ആദ്യം അതയാൾക്ക്‌ അസമ്മതമാണെന്ന്‌ തോന്നിയെങ്കിലും, ഒടുവിലയാൾ സിഗററ്റുകൾക്കുപകരമായി അത്‌ തരാമെന്നു സമ്മതിച്ചു. അമേരിക്കൻ സിഗററ്റിന്റെ പത്ത്‌ പാക്കറ്റുകൾ അടങ്ങിയ ഒരു കാർട്ടൺ കൊടുക്കണം. അത്‌ ഞാൻ വയദെൽഗാംസെറോയിന്റെ പരിസരത്ത്‌ പകൽസമയം സിഗററ്റ്‌ കച്ചവടം നടത്തികൊണ്ടിരുന്ന എന്റെ സഹോദരന്റെ പക്കൽ നിന്നും സമ്പാദിച്ചു. ഈ മോതിരം വിരലിൽ ധരിച്ചതോടെ എനിക്ക്‌ സ്വയം ഒരു ജിപ്‌സിയുടെ കാഴ്‌ചപ്പാട്‌ ലഭിച്ചതായി തോന്നുകയുണ്ടായി. കുറെ കഴിഞ്ഞതോടെ ഈ ഭാവം എന്നിൽ തീവ്രമായിത്തീർന്നു; അത്‌ ഞാൻ പതിവായി ജെർമിയയെ കാണാൻ തുടങ്ങിയതോടെ ആയിരുന്നു. വിയ ആപ്പിയനോവയുടെ ഏതെങ്കിലുമൊരു ഭാഗത്തെ നാടൻപ്രദേശത്ത്‌ കാൽനട സവാരി നടത്തുമ്പോഴോ, ഞാൻ താമസിക്കുന്ന ക്വാർട്ടേഴ്‌സിനു ചുറ്റും അലഞ്ഞു തിരിയുമ്പോഴോ ആയിരുന്നു ഇപ്രകാരം ഞങ്ങൾ കണ്ടുമുട്ടിയത്‌.

****

ജെറീമിയയുടെ സ്വഭാവം തന്നെ വിചിത്രതരമായിരുന്നു. ഒരു ജിപ്‌സിയാണെന്ന തോന്നൽ മനസിൽ രൂഢമൂലമായിരുന്ന അവൻ അതിൽ ഊറ്റം കൊണ്ടിരുന്നു; എന്നെ ആശ്ചര്യപ്പെടുത്തുകയും – എന്തിന്‌ – അതെ, സത്യത്തിൽ എന്നെ പരിഭ്രാന്തനാക്കുന്നതിലൂടെ താനൊരു ജിപ്‌സിയാണെന്ന്‌ അയാൾ എന്നെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചിരുന്നു. എന്റെ സ്വന്തം അഭിപ്രായത്തിൽ അവൻ പറഞ്ഞതൊക്കെ ഒരു കെട്ട്‌ നുണകൾ മാത്രമായിരുന്നു; പക്ഷെ ആ നുണകൾ തന്മയത്വപൂർവ്വം അയാൾ അവതരിപ്പിച്ചതിനാൽ, നുണയാണവയെന്ന്‌ നല്ലപോലെ അറിയാമായിരുന്നിട്ടും, എനിക്കവ വിശ്വാസയോഗ്യമായി തോന്നിച്ചിരുന്നു. ഉദാഹരണത്തിന്‌ അവൻ പറഞ്ഞ ഒരു സംഗതി തന്നെ എടുക്കാം ഃ-

ഏതോ ഒരു പതിനേഴാം തീയതി പൂർണ്ണ ചന്ദ്രനുള്ള ഒരു ചൊവ്വാഴ്‌ചദിവസം അർദ്ധരാത്രി ഒരു പ്രത്യേക ‘ജിപ്‌സിവാചകം’ ആരെങ്കിലും ഉരുവിട്ടുകൊണ്ട്‌ കരിഞ്ഞ വടികൊണ്ടും കരിക്കട്ടകൊണ്ടും ഒരു പൂർണ്ണവൃത്തം വരച്ചാൽ സാധാരണക്കാർക്ക്‌ കേവലം വായുവായി തോന്നിക്കുന്ന അന്തരീക്ഷമാകെ ഈ ശാപവചനമുതിർത്ത വ്യക്തിക്ക്‌ ഭൂതപ്രേത പിശാചുക്കളെക്കൊണ്ടു നിറഞ്ഞതായി തോന്നിക്കുമെന്നതായിരുന്നു അത്‌ – കട്ടിപിടിച്ച ജെല്ലി ദ്രവത്തിലെന്നപോലെ അവർ അന്തരീക്ഷത്തിൽ ഒട്ടിപ്പിടിച്ച്‌ കാണപ്പെടും! ഇപ്രകാരം തിരക്കുപിടിച്ച സമയത്ത്‌ ബസിൽ തിങ്ങിക്കൂടിയിരിക്കുന്ന യാത്രികരെപ്പോലെ, ഒന്നിച്ച്‌ ഒട്ടിയിരിക്കുന്ന പ്രേതാത്മാക്കളെ കണ്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന്‌ അയാളോടുള്ള എന്റെ അന്വേഷണം – അതിന്‌ അയാളുടെ മറുപടി ഇപ്രകാരമായിരുന്നു. എനിക്ക്‌ വേണമെന്നുവരികിൽ, മറ്റൊരു ‘ജിപ്‌സി വാചകം’ ഉച്ചരിക്കുന്നതോടെ ഒട്ടിപ്പിടിച്ചു നിന്ന്‌ പ്രേതാത്മാക്കളിൽ നിന്നും ഒന്നിനെ എനിക്ക്‌ വേർപെടുത്താനും, അതിനെ സുമുഖനായൊരു മഞ്ഞ പട്ടിയാക്കി രൂപാന്തരപ്പെടുത്താനും, സ്വർണ്ണം കണക്കെ അവൻ എല്ലായിടത്തും, എന്നെ അനുഗമിക്കുമെന്നും അറിയിക്കുകയുണ്ടായി. തന്നോടൊപ്പം ഇപ്രകാരമൊരു മഞ്ഞപ്പട്ടി ഉണ്ടായിരുന്ന കാര്യവും അയാൾ പറഞ്ഞു. സന്ദർഭവശാൽ ആ പട്ടി മരിച്ചുപോയി. അതിനു കാരണം, ആ പട്ടിയെ ഇപ്രകാരം ജീവനോടെ നിലനിർത്തണമെങ്കിൽ എല്ലാ സായാഹ്‌നത്തിലും അതേ ജിപ്‌സി വാചകം നമ്മൾ മറക്കാതെ ഉരുവിടേണ്ടിയിരുന്നു. ഒരു പ്രാവശ്യം താൻ അത്‌ മറന്നുപോയി. അതോടെ ആ പ്രേതാത്മാവ്‌ പട്ടിയെ വിട്ടകലുകയും, ആ സ്ഥലത്തു തന്നെ ചത്തുവീണ്‌ ശിലയായി രൂപം ഭവിയ്‌ക്കുകയാണുണ്ടായത്‌.

ഇക്കഥയിൽ അഗാധമാംവിധം ആകർഷിതനായ ഞാനാകട്ടെ, ഇപ്രകാരമൊരു ശാപവചസ്‌ ഉരുവിടാനുള്ള ആഗ്രഹം അയാളോട്‌ പ്രകടിപ്പിച്ചു. എനിക്കും അത്തരമൊരു മഞ്ഞപ്പട്ടിയെ ലഭിക്കണം! ആദ്യമൊന്നും അയാൾ അത്‌ ചെവിക്കൊണ്ടില്ല; ഒടുവിൽ അതിന്‌ പ്രതിഫലമായി താനൊരു വില നിശ്ചയിക്കുമെന്ന്‌ അയാൾ അറിയിച്ചു. അയ്യായിരം ലീറയായിരുന്നു ആ തുക. എന്റെ ആകപ്പാടെയുള്ള സമ്പാദ്യം അത്രയും തുക മാത്രമായിരുന്നു. ഏതായാലും, ഞാനത്‌ ഉടനെ സമ്മതിച്ചു. ഒരിക്കൽ, മനസ്‌ ഉറച്ചതോടെ, എന്തുവില നൽകിയും ആ ശാപവചനം ഉരുവിടണമെന്നതു തന്നെയായിരുന്നു എന്റെ വാശി!

****

വൈകുന്നേരം, പറഞ്ഞ സമയത്തു തന്നെ തന്റെ സഹോദരനിൽ നിന്നും കടം വാങ്ങിയ മോട്ടോർ-സ്‌കൂട്ടറിൽ വാഗ്‌ദാനം പാലിക്കാൻ വേണ്ടി പോർട്ട്‌ ഫ്യൂബയുടെ അതിർത്തിക്കുപുറത്ത്‌ എത്തിച്ചേർന്നു. പുറകിലെ സ്‌റ്റെപ്പിനി ടയറിൽ ഞാൻ അയാളോടൊപ്പം പിടിച്ചുകയറാനൊരുങ്ങവെ, അയാൾ നീണ്ട, നേർത്ത ഒരു പാക്കേജ്‌ കാണിച്ചുതന്നു. അതിൽ താറിൽ മുങ്ങിയ ഉണക്കച്ചുള്ളിക്കമ്പായിരുന്നു. നിശ്ചിതസമയത്തു തന്നെ ഞാൻ ഇതിന്‌ തീ കൊളുത്തണം! പിന്നെ അതിന്‌ തീ ശരിക്ക്‌ പിടിക്കുന്നതുവരെ കുറച്ചുനേരം കാത്തു നിൽക്കണം. അതുകഴിഞ്ഞ്‌ ഇരുട്ടിൽ ഞാൻ തറയിലൊരു വൃത്തം വരച്ചിട്ട്‌ ‘മൗലോ’ എന്നൊരു വാക്ക്‌ ഉച്ചരിക്കണം! ജിപ്‌സി ഭാഷയിൽ അതിനർത്ഥം മരണം എന്നായിരുന്നു. പിന്നെ കരിക്കട്ടകൊണ്ട്‌ വരച്ച വൃത്തത്തിൽ നിറയെ അനേകം ചെറുനീലവിളക്കുകൾ പ്രകാശിപ്പിക്കും; ഗ്യാസ്‌ ജെറ്റിനു മുന്നിൽ കത്തുന്ന തീപ്പെട്ടിക്കൊള്ളി ഉരച്ചുകാണിക്കുന്നതുപോലെ ആയിരുന്നു അത്‌! ഈ വെളിച്ചത്തിൽ, അന്തരീക്ഷത്തിൽ കേവലം വായുവല്ല, ഒട്ടിപ്പിടിച്ചിരിക്കുന്ന പ്രേതാത്മക്കളാണെന്ന്‌ ഞാൻ കാണും! മറ്റൊരു ജിപ്‌സിവാക്ക്‌ ഉച്ചരിക്കുന്നതോടെ (ഇപ്പോൾ ഞാനത്‌ ഓർക്കുന്നില്ല) ഉടൻതന്നെ എന്റെ കാൽക്കൽ ഒരു സുന്ദരൻ മഞ്ഞപ്പട്ടിയെ വാലാട്ടികൊണ്ട്‌ കാണുമാറാകും – അവൻ എന്നെ എല്ലാ ദിക്കുകളിലും പിന്തുടരും!

യാതൊരു വ്യതിയാനവുമില്ലാതെ, ജിപ്‌സിസഹജമായ ഗൗരവഭാവത്തിലത്രെ ജെർമിയ ഇപ്രകാരം വിശദീകരണങ്ങളൊക്കെ എനിക്കു നൽകിയത്‌. ആ സമയമൊക്കെ വയടസ്‌കൊളോണയിലെ രണ്ട്‌ നിരകളായി കിടന്ന ആധുനിക വൻകെട്ടിടനിരകൾക്കിടയിലൂടെ മോട്ടോർ-സ്‌കൂട്ടർ പറക്കുകയായിരുന്നു. പിന്നെ പട്ടണാതിർത്തി വിട്ടതോടെ, അയാൾ രണ്ടാമത്തെ ഒരു റോഡിലേക്ക്‌ വാഹനം തിരിച്ചുവിട്ടു. കുന്നിൻമുകളിലെ ഉജ്ജ്വലാകാശത്തിനു ചുവട്ടിലൂടെ ഉരുണ്ട്‌ കറുത്ത മലനിരകളിലേക്ക്‌ ഞങ്ങൾ പ്രവേശിച്ചു. പൂർണ്ണചന്ദ്രൻ ആകാശത്ത്‌ പ്രശോഭിച്ചിരുന്നു. തകരരേഖകൾ ദൃശ്യമാക്കാനായി തിരിച്ചുപിടിച്ച ഒരു ചെമ്പു ചീനച്ചട്ടിയുടെ അടുപ്പ്‌ പോലെയായിരുന്ന, അത്‌… അന്തരീക്ഷം തണുത്തിരുന്നു. ചന്ദ്രനെ നോക്കിയ ഞാൻ ചിന്തിച്ചത്‌, എന്റെയും ചന്ദ്രന്റെയും ഇടയിൽ നിരവധി ദശലക്ഷക്കണക്കിന്‌ പ്രേതാത്മാക്കൾ പരസ്‌പരം ചുറ്റിപ്പിണഞ്ഞ്‌ അന്തരീക്ഷത്തിലുണ്ടെന്നും, ആകെ ഒരൊറ്റ വാക്ക്‌ ഉച്ചരിക്കുന്നതോടെ അവയൊക്കെ ഒരു ചില്ലു ഭരണിയിലെ അച്ചാറിട്ട നാരങ്ങപോലെ ദൃശ്യമാകുമെന്നായിരുന്നു. എന്നിരിക്കിലും, ഞാൻ ജെർമിയയോട്‌ ആരാഞ്ഞു ഃ “ഈ പ്രേതാത്മാക്കൾ വല്ല സൂത്രപ്പണിയും നമ്മോട്‌ കാണിച്ചേക്കാമെന്ന അപകടം പതുങ്ങിയിരിപ്പില്ലേ?

”ഇതൊരു ദുശ്ശകുനസൂചകമായ ശാപവാക്കാണ്‌… തീർച്ചയായും അവറ്റകൾക്ക്‌ അതിന്‌ ആഗ്രഹമുണ്ടാകും… പക്ഷെ അവർക്ക്‌ അതിന്‌ കഴിവുണ്ടാകില്ല….“

ഈ കുന്നുകളിലൂടെ ചുറ്റി, ചുറ്റിക്കറങ്ങി സവാരി ചെയ്‌തശേഷം, ഒരു പാമ്പ്‌ പോലെ കിടന്നിരുന്ന റോഡിലെത്തിയശേഷം ഞങ്ങൾ രണ്ട്‌ ട്യൂഫ ഗഹ്വരങ്ങൾക്കിടയിലൂടെ പോകുന്ന ഒരു നേർവഴിയിലെത്തിച്ചേർന്നു. ഒരു അടുപ്പിന്റെ അന്തർഭാഗം കണക്കെ ഈ വഴിയിൽ അന്ധകാരമായിരുന്നു; അവിടവിടെ കമിതാക്കൾ പതുങ്ങിയിരുന്ന കാറുകൾ വിശ്രമിച്ചിരുന്നു. ഞങ്ങളെ കണ്ടതോടെ പാർശ്വഭാഗങ്ങളിലേയ്‌ക്കു കണ്ണോടിച്ച അവർ ഒതുങ്ങിയിരുന്നു; ഞങ്ങൾ കടന്നുപോകുന്നത്‌ അവർ അക്ഷമയോടെയായിരുന്നു കാത്തിരുന്നത്‌. ഒടുവിൽ ഗഹ്വരങ്ങൾ ഇല്ലാതാവുകയും, ഞങ്ങൾ തുറന്ന പാടശേഖരങ്ങളിൽ എത്തുകയും ചെയ്‌തു. റോഡിന്റെ ഒരു വളവിൽ ശുഭ്രാകാശത്തിന്‌ ബാഹ്യരേഖയായി ഉരുണ്ടു കറുത്ത ഒരു വസ്‌തു പിണ്ഡം ചുരുണ്ടുകൂടിക്കിടന്നു. പെട്ടെന്നു ബ്രേക്ക്‌ ചവുട്ടിയ ജെർമിയ പറഞ്ഞു ഃ ”ഇതാ, ഇതു തന്നെ….“

അത്‌, മുറിച്ച അപ്പക്കഷ്‌ണങ്ങളെപ്പോലെ തോന്നിച്ച, കുറ്റിക്കാടുകളാൽ നിറഞ്ഞ, ഇഷ്‌ടിക കൊണ്ടു നിർമ്മിച്ച ഒരു റോമൻ വസതിയുടെ അവശിഷ്‌ടമായിരുന്നു. കുറ്റിച്ചെടികൾക്കിടയിലൂടെ കറുത്ത്‌ വളഞ്ഞ ഒരു പ്രവേശന കവാടം എനിക്ക്‌ കണ്ടുപിടിക്കുവാൻ കഴിഞ്ഞു. അതിന്റെ വശങ്ങളിലേയ്‌ക്ക്‌ ചന്ദ്രപ്രകാശം പതിച്ചിരുന്നതിനാൽ, ഓരോ ഇഷ്‌ടികയും നമുക്ക്‌ ദൃശ്യമായിരുന്നു; അവശിഷ്‌ടങ്ങൾക്കു പിന്നിലാകട്ടെ, ധാന്യങ്ങൾ കൊയ്‌തെടുത്ത തവിട്ടു നിറമാർന്ന പാടശേഖരങ്ങൾ വിളർത്തനിറമുള്ള കച്ചികൾ ഇടവിട്ട്‌ കുന്നുകൂടി കിടക്കുന്നത്‌ കാണാമായിരുന്നു. ഈ അവശിഷ്ടങ്ങൾക്കുള്ളിൽ നിന്നുവേണം ഞാൻ മന്ത്രോച്ചാരണം നടത്തേണ്ടതെന്ന്‌ ജെർമിയ എന്നെ അറിയിച്ചു. പക്ഷെ, സമയം കുറച്ചു നേരത്തെ ആയതുമൂലം കുറെനേരം ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചു. ഒരൊറ്റ ജീവാത്മാവ്‌ പോലും ചുറ്റിനുമില്ലാതിരുന്നതുമൂലം ഞാനൽപം പരിഭ്രാന്തനായിരുന്നു; ജെറീമിയക്ക്‌ പെട്ടെന്നെങ്ങാനും ഒരു മുട്ടനാടിന്റെയോ മറ്റോ രൂപാന്തരം സംഭവിക്കുമോ എന്ന ഭീതി നിറഞ്ഞ സംശയവും എന്റെ മനസിനെ ഗ്രസിച്ചിരുന്നു – ആർക്കറിയാം? ആ മുഖഭാവത്തിനാണെന്നുവരികിൽ ഒരു മുട്ടനാടിന്റേതായ നല്ല ഛായയുമുണ്ടായിരുന്നു – അതിനാൽ റോഡിലൊരു പാദപതന ശബ്ദവും റോഡിലൊരു സ്‌ത്രീ പ്രത്യക്ഷപ്പെട്ടതും, ദൃശ്യമായതിൽ എനിന്ന്‌ തന്നെ ആശ്വാസം തോന്നിച്ചു. റോമിനു ചുറ്റിനുമുള്ള നാടൻ റോഡുകളിൽ സാധാരണ കാണാറുള്ളതരം സ്‌ത്രീകളിലൊരുത്തിയായിരുന്നു അവർ. അവർ സാധാരണ താമസിക്കുന്ന ഗ്രാമങ്ങൾ അധികം അകലെയല്ലായിരുന്നു. സ്‌കൂട്ടറിന്റെ ഒരുവശം ചാരിനിന്ന അവർ ഞങ്ങളെ സമീപിച്ചു. അവളെ ഞാൻ നല്ലതിൻവണ്ണം ഓർക്കുന്നു. കറുത്ത പാവാടയും, വെള്ള ബ്ലൗസുമണിഞ്ഞ അവൾ ഞങ്ങളെ സമീപിച്ചപ്പോൾ, അവളത്ര സുന്ദരി അല്ലെങ്കിലും, ചെറുപ്പക്കാരിയാണെന്ന്‌ ഞാൻ മനസ്സിലാക്കി. പിരമിഡ്‌ പോലെയുള്ള കറുത്ത തലമുടി! വലിയ ചുരുണ്ട അളകങ്ങൾ! അധികം പൗഡർ പൂശി നിർവികാരമായ മുഖഭാവം! ചെറിയ കണ്ണുകളും, വലിയ വസ്‌ത്രവും! പ്രത്യേകിച്ചും, അരക്ക്‌ കീഴ്‌പോട്ട്‌! കാലുകൾ നന്നെ വളഞ്ഞ്‌ ഇരുന്നതുകാരണം, മുട്ടുകൾ മടക്കി നടക്കുന്ന ഒരു പ്രതീതി അവൾ ഉളവാക്കിയിരുന്നു.

‘ഗുഡ്‌ ഈവനിംഗ്‌’ അവൾ പറഞ്ഞു. ”ഗുഡ്‌ ഈവനിംഗ്‌“ എന്ന മറുപടി ജെർമിയയും നൽകി.

”എനിക്ക്‌ നിങ്ങൾ ഒരു സിഗരറ്റ്‌ തരുമോ?“ അവൾ ആരാഞ്ഞു. ഒരക്ഷരം പറയാതെ ജെറീമിയ ഒരു സിഗരറ്റ്‌ അവൾക്കു കൊടുത്തു. അവൾ അതു കത്തിച്ച്‌ മൂക്കിലൂടെ പുക ഊതികൊണ്ട്‌ പതിവ്‌ വാചകമുരുവിട്ടു ഃ ”കൊള്ളാം… ഡാർലിംഗ്‌, നിങ്ങൾ എന്നോടൊപ്പം വരുന്നോ?“

ജെറീമിയ ഒരു വിഡ്‌ഢിവേഷം കെട്ടി. ”എന്തിനുവേണ്ടി വരണം?“ അയാൾ ആരാഞ്ഞു.

‘പ്രോത്സാഹനജനകമായൊരു നോട്ടം അയച്ചുകൊണ്ട്‌ അവൾ പറഞ്ഞുഃ ”എന്നോടൊപ്പം വന്നാൽ ഞാൻ നല്ലൊരു കഥ പറഞ്ഞുതരാം“

ഈ വാക്കുകകൾ എന്നെ ഹഠാദാകർഷിച്ചു. കാരണം, ഞാൻ പറയാം ഃ കൊച്ചുനാളിൽ, സമയത്തിന്‌ ഒരിക്കലും ഞാൻ ഉറങ്ങാൻ കിടക്കുമായിരുന്നില്ല. എന്റെ അമ്മയാകട്ടെ, എന്റെ കൈയ്‌ക്ക്‌ പിടിച്ച്‌ കഥ പറയാമെന്ന അതേ വാചകങ്ങൾ തന്നെ പറയുമായിരുന്നു. അവർ കഥയൊന്നും പറഞ്ഞ്‌ എന്നെ കേൾപ്പിച്ചിരുന്നില്ല; എന്നുവരികിലും, തല്‌ക്കാലം ഞാൻ പ്രതീക്ഷിച്ചതും, ഏതാണ്ട്‌ സന്തുഷ്‌ടനായതും കഥ കേൾക്കാമല്ലോ എന്ന്‌ കരുതിയായിരുന്നു. ഉടനെ ജെറീമിയ പ്രതിവച്ചുഃ

”ഏയ്‌! ഞങ്ങളിവിടെ എന്തിന്‌ നിൽക്കുന്നതെന്നാണ്‌ നിങ്ങൾ കരുതുന്നെ…? ഞങ്ങൾ കഥ കേൾക്കാനൊന്നുമല്ല ഇവിടെ നിൽക്കുന്നത്‌….“

”ആഹാ! നിങ്ങൾക്ക്‌ എന്റെ നല്ല കഥ കേൾക്കണമെന്നില്ല അല്ലേ?“ നിരാശാഭരിതയായ അവൾ പറഞ്ഞു. മറ്റൊരു വാക്കുമുരിയാടാതെ അവൾ സാവധാനം തിരിഞ്ഞു നടന്ന്‌ റോഡിന്റെ അങ്ങേവശത്ത്‌ പോയി നിലകൊണ്ടു. ആ നിമിഷം ഒരു കാർ വന്ന്‌ അവളുടെ മുന്നിൽ നിറുത്തി. ജെറീമീയ പറഞ്ഞു, ഇപ്പോഴും സമയം വളരെ നേരത്തെ ആണെന്ന്‌! നമുക്ക്‌ കുറച്ചുസമയം കൂടെ ചുറ്റിക്കറങ്ങണം. പറഞ്ഞതിനൊപ്പം തന്നെയായിരുന്നു അയാളുടെ പ്രവർത്തിയും. സ്‌കൂട്ടറിൽ ചാടിക്കയറി ഞങ്ങൾ കുതിച്ചുപാഞ്ഞു.

****

ഒരു കാൽമണിക്കൂർ ഞങ്ങൾ അങ്ങിനെ തന്നെ ചുറ്റിക്കറങ്ങി നടന്നു. പിന്നെ ഒരു കൃഷിക്കളത്തിനടുത്ത്‌ ചെന്നുനിന്നു. ജെറീമിയ കുറേക്കൂടി വിശദീകരണങ്ങൾ എനിക്ക്‌ നൽകിഃ അവശിഷ്‌ടങ്ങൾക്കിടയിലേക്ക്‌ ഞാൻ തനിച്ചുപോകണമെന്നും, അല്ലാത്തപക്ഷം പ്രേതാത്മക്കൾ സ്വയം പ്രത്യക്ഷപ്പെടില്ലെന്നും അയാൾ പറഞ്ഞു. ജെറീമിയയെ ഇതിനകം അവർക്ക്‌ പരിചയമായിരുന്നു. അവർക്ക്‌ അയാളോട്‌ കോപമുണ്ട്‌. ആയതിനാൽ, അയാൾക്ക്‌ ശക്തികൂടിയ മന്ത്രോച്ചാരണം നടത്തേണ്ടിവരും; എനിക്ക്‌ ഒന്നും കാണാനും സാധ്യമാകില്ലല്ലോ! അതുകൊണ്ട്‌ എന്നെ തനിച്ചാക്കിയിട്ട്‌ അയാൾ പോകും; അര മണിക്കൂർ കഴിഞ്ഞേ മടങ്ങിവരൂ! ഞാൻ എതിർത്തുഃ ”അപ്പോൾ പട്ടിയോ? നമ്മ അതിനെ എങ്ങിനെ സ്‌കൂട്ടിൽ കയറ്റും?“

താൻ സാവകാശത്തിൽ വാഹനം ഓടിക്കാമെന്നും, ആ ജീവി നമ്മുടെ പുറകെവന്നു കൊള്ളുമെന്നും ജെറീമിയ വിശദീകരിച്ചു. ” അതിനിടെ എനിക്ക്‌ 5000ലീറ തരൂ. അയാൾ പറഞ്ഞവസാനിപ്പിച്ചു.

അങ്ങിനെ ഞാൻ പണം നൽകി. പിന്നെ വീണ്ടും സ്‌കൂട്ടറിൽ കയറിയ ഞങ്ങൾ തിരികെ അവശിഷ്‌ടങ്ങളിലേയ്‌ക്ക്‌ മടങ്ങി. ഇപ്രാവശ്യം അവിടം വിജനമായിരുന്നു. ടാറിൽ മുക്കിയ ചുള്ളിക്കമ്പും ഒരു തീപ്പെട്ടിയും എന്നെ ഏൽപ്പിച്ചശേഷം ജെറീമിയ സ്ഥലം വിട്ടു.

റോഡിൽ നിന്നും അവശിഷ്‌ടങ്ങൾ വരെയുള്ള റോഡിലെ പുൽപരപ്പിൽ ആളുകളുടെ കാല്പാടുകൾ പതിഞ്ഞിരുന്നു; അനേകമാളുകൾ ഞങ്ങൾക്കു മുമ്പെ അവിടെ വന്നിരുന്നുവെന്ന്‌ ഇത്‌ കാണിച്ചു. എന്റെ ദേഹമാകെ വിറകൊള്ളുകയായിരുന്നു. എന്റെ ചെവികൾക്കിടയിലൂടെ മന്ദമായി മന്ത്രിച്ചുകൊണ്ട്‌ അടിച്ചിരുന്ന കാറ്റുപോലും എന്നെ ഭയാക്രാന്തനാക്കി. തെല്ല്‌ പ്രയാസത്തോടെ ഞാൻ പ്രവേശന കവാടത്തിൽ കൈകൾ കൊണ്ട്‌ പരതി അകത്തുകടന്നു; ദുസ്സഹമായൊരു ഗന്ധവും അവിടെ പരന്നിരുന്നു. പറയാനാവുന്നതിലേറെ ഞാനിപ്പോൾ ഭീതിദനായിരുന്നു. വിറക്കുന്ന കരത്തോടെ ഞാനൊരു കൊള്ളി ഉരച്ച്‌ ശിഖരത്തിന്‌ തീപിടിപ്പിച്ചു.

ഒരു ചുകന്ന തീജ്ജ്വാല ദൃശ്യമായി…. അനേകം മിന്നിമറയുന്ന നിഴലുകളുടെ നാക്കുകൾ എന്റെ ചുറ്റിനും ഇഷ്‌ടികഭിത്തികളിൽ ഉയർന്ന ദൃശ്യമായിരുന്നു. ഈ പ്രകാശത്തിൽ, ഞാനെന്റെ ദൃഷ്ടികൾ താഴ്‌ത്തിയതോടെ ഒരു മൂലയിലായി തറയിൽ കിടന്നിരുന്ന ഒരു സ്‌ത്രീരൂപത്തെ കാണുമാറായി. കുറച്ചു മുമ്പെ നല്ല കഥ പറയാമെന്നു പറഞ്ഞ ആ സ്‌ത്രീയായിരുന്നു അത്‌! വസ്‌ത്രങ്ങൾമൂലം ഞാൻ അവളെ തിരിച്ചറിഞ്ഞു; എന്റെ നേർക്ക്‌ തിരിഞ്ഞിരുന്ന മുഖവും ഞാൻ മനസിലാക്കി. ഒരുവശം ചരിഞ്ഞു കിടന്ന അവളുടെ പിൻഭാഗം പ്രവേശനദ്വാരത്തെ അഭിമുഖീകരിച്ചായിരുന്നുവെങ്കിലും, മന്ത്രോച്ചാരണത്തിൽ ലയിച്ചിരുന്ന ഞാൻ ആ നിമിഷം കരുതിയത്‌ ഒരു പ്രേതാത്മാവ്‌ ഈ സ്‌ത്രീരൂപത്തെ പ്രാപിച്ചിരിക്കാമെന്നായിരുന്നു. ഒരു സൂത്രപ്പണിക്കു പകരമായി മറ്റൊരു സൂത്രപ്പണി! പക്ഷെ ഞാൻ കുറെക്കൂടി അടുത്തുനോക്കിയപ്പോൾ, തന്റെ തോളിനു കീഴെയായി, അവളുടെ ബ്ലൗസിൽ ഒരു ചുകന്നിരുണ്ട രക്തക്കറ ഞാൻ കണ്ടുപിടിച്ചു. ആ തുറന്നിരുന്ന കണ്ണുകൾ തിളങ്ങിയിരുന്നെങ്കിലും, കാഴ്‌ചശക്തി ഇല്ലെന്ന വസ്‌തുത ഞാൻ ശ്രദ്ധിച്ചു – അത്‌ രണ്ട്‌ ചില്ലുകഷ്ണങ്ങൾ പോലെ ആയിരുന്നു. അപ്പോഴാണ്‌ ഞാൻ മനസിലാക്കിയത്‌, അവളുടെ ദേഹത്തെ കറ, രക്തക്കറകളാണെന്ന്‌! അന്നേരം ഞാൻ ചുള്ളിക്കമ്പ്‌ താഴെയിട്ട്‌ ഓടി മറഞ്ഞു….

അനന്തമെന്നു തോന്നിച്ച ആ റോഡിലൂടെ ഞാനെങ്ങിനെ ഓടി മറഞ്ഞെന്ന കാര്യം, എനിക്ക്‌ ഇപ്പോഴും അറിയാൻ വയ്യ. പക്ഷെ, പെട്ടെന്നു തന്നെ ഞാൻ വയ ആപ്പിയ ആന്റിക്കയിൽ എത്തിച്ചേർന്നു. സമനില നഷ്ടപ്പെട്ട ഞാനാകമാനം ഭീതി പൂണ്ടിരുന്നു…. പ്രേതാത്മാക്കളെ കുറിച്ചുള്ള ചിന്തകൾക്കുപരിയായി, കൊലപാതകത്തിൽ ഉൾപ്പെട്ടേക്കുമോ എന്ന ഭീതിയായിരുന്നു എന്നിൽ അധികവും നിറഞ്ഞു നിന്നത്‌. പക്ഷെ അതേ സമയം, പ്രേതാത്മക്കളെ കുറിച്ചുള്ള ആശയം എങ്ങിനെയാണ്‌ കൊലപാതക കുറ്റകൃത്യത്തെപ്പറ്റിയുള്ള ചിന്തകളുമായി കൂടിക്കുഴഞ്ഞതെന്ന കാര്യം എനിക്കിന്നും അറിയില്ല – ഞാനൊരു മഞ്ഞപട്ടിയെ പ്രതീക്ഷിച്ച സ്ഥലത്ത്‌ മരിച്ച ഒരു സ്‌ത്രീയുടെ മൃതദേഹം അവശേഷിപ്പിച്ചത്‌ ആ പ്രേതാത്മക്കൾ എന്റെ നേർക്കൊരു സൂത്രപ്പണി പ്രയോഗിച്ചതുപോലെയായിരുന്നു അത്‌ തോന്നിച്ചത്‌! ചുരുക്കിപ്പറഞ്ഞാൽ, ആ സ്‌ത്രീ കൊലചെയ്യപ്പെട്ടെന്ന വസ്‌തുതയെക്കുറിചച്ച്‌ നടത്തിയത്‌ പ്രേതാത്മക്കളാണോ, എന്ന വസ്‌തുതയെ കുറിച്ച്‌ എനിക്ക്‌ തറപ്പിച്ചു പറയാനാവില്ല….

****

അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. അതിരാവിലെ ജെനീസ്സോനോവിൽ ഒരു കൃഷീവലനായിരുന്ന എന്റെ ഒരമ്മാവന്റെ അടുത്തേക്കു പോവുന്നതായി ഞാനെന്റെ മാതാപിതാക്കളെ അറിയിച്ചു. തീവണ്ടിയിൽ വച്ച്‌ ഞാൻ ദിനപത്രം വെട്ടത്തു നിവർത്തിയപ്പോൾ, ആ കുറ്റകൃത്യത്തെപ്പറ്റി വായിക്കാനിടയായി. ഇത്രയിത്ര കിലോമീറ്റർ ദൂരത്തുവച്ച്‌, ഇന്നയിന്ന അവശിഷ്‌ടങ്ങൾക്കിടയിൽ, ഒരു വേശ്യയുടെ മൃതദേഹം കണ്ടെത്തിയതെന്നായിരുന്നു ആ വാർത്ത. ഈ പാവം സ്‌ത്രീ തന്റെ സുന്ദരമായ കഥ ഏതെങ്കിലും ഒരു പുരുഷനോട്‌ പറയാൻ ശ്രമിച്ചിരിക്കാമെന്ന്‌ ഞാൻ ചിന്തിച്ചുപോയി. അയാളാകട്ടെ, പകരമായി തന്റെ സ്വന്തം കഥ അവളോട്‌ പറഞ്ഞു തീർത്തത്‌, ഒരു കത്തി അവളുടെ ദേഹത്തുകൂടെ പ്രയോഗിച്ച്‌ അവളുടെ കഥ കഴിച്ചുകൊണ്ടാണെന്ന്‌ ഞാനോർമ്മിച്ചു.

****

’വല്ലാതെ പേടിച്ചരണ്ടുപോയ ഞാൻ ഏതാനും ആഴ്‌ചകളോളം, ജെനിസ്സോവിൽ തന്നെ കഴിച്ചുകൂട്ടി. പിന്നെ ഞാൻ തിരികെ റോമിൽ എത്തിച്ചേർന്നു. പക്ഷെ എന്റെ മാതാപിതാക്കളുടെ അടുക്കലേയ്‌ക്ക്‌ – അതായത്‌ പോർട്ട ഫ്യൂർബയിലേക്ക്‌ – ഞാൻ പോയില്ല. അതിനു പകരം, പട്ടണത്തിന്റെ മറുവശത്തെ പ്രൈമപോർട്ടയിലെക്കാണ്‌ ഞാൻ തിരിച്ചത്‌; അവിടെ ഒരു നാടൻ ഹോട്ടലിൽ ഒരു വെയ്‌റ്റർജോലി ഞാൻ സമ്പാദിച്ചു.

വീണ്ടും ജെറീമിയയെ കാണണമെന്നു ഒരു മോഹവും എന്നിലില്ലായിരുന്നു. അതിനു കാരണം, ഭാഗീകമായി ഞാനയാൾക്കു നൽകിയ 5000ലീറയും, ഭാഗീകമായി അന്നത്തെ രാത്രിയെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മകളാലുമായിരുന്നു. അങ്ങിനെ അയാളുമായുള്ള സമ്പർക്കം എനിക്ക്‌ ഇല്ലാതെ ആയി. പക്ഷെ, ഇപ്പോഴും, എന്റെ വിരലിൽ ആ മഞ്ഞക്കല്ലു പതിച്ച ലോഹമോതിരം ഞാൻ ധരിക്കാറുണ്ട്‌.

Generated from archived content: story1_feb27_07.html Author: alberto_moraviya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here