ഒരേ സമയത്ത് നിങ്ങൾക്ക് രണ്ട് അഭിനിവേശങ്ങളുണ്ടാവുകയെന്ന് അസാധ്യമത്രെ! ഒരു കാർ വാങ്ങാനുള്ള എന്റെ അഭിനിവേശം സാധ്യമായിത്തീർന്നപ്പോൾ, ആ നിമിഷം തൊട്ട്, അത് ഞാൻ വിവാഹനിശ്ചയം നടത്തണമെന്നാഗ്രഹിച്ച പെൺകുട്ടിയായ ഇന്നസ്സിനോടുള്ള വൈകാരികപാരവശ്യത്തിൽ നിന്നും എന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചു. കാര്യങ്ങൾ, അപ്രകാരമിരിക്കെ എന്റെ വലിയ സുഹൃത്തായ ട്യൂലിയോവാകട്ടെ, എന്റെയും ഇന്നസ്സിന്റെയും ഇടയിൽ കടന്ന്, അവളെ എന്നിൽ നിന്നും അകറ്റുന്നതിന് ശ്രമിച്ചുകൊണ്ടേയിരുന്നു. സുഹൃത്തുക്കൾ – എപ്പോഴും ഈ സുഹൃത്തുക്കൾ കാരണമാണ് – വേണ്ട; അതെക്കുറിച്ചിനി അധികമൊന്നും പറയാതിരിക്കുകയാണ് ഭേദം! ഇനി അഥവാ, എന്തെങ്കിലും പറഞ്ഞേ തീരൂ – എന്നാണെങ്കിലോ – സ്ര്തീകൾ ഇടയ്‌ക്കുകയറുന്നില്ലെങ്കിൽ സുഹൃത്‌ബന്ധമെന്നത് വളരെ നല്ല, ഉജ്ജ്വലമായ ഒരു സംഗതിയാണെന്ന വസ്തുത നാം സമ്മതിക്കാൻ നിർബന്ധിതരാകുന്നു… നിങ്ങൾ ഒരു സംഘം കോഴികളെ ഒന്ന് നിരീക്ഷിക്കുകയേ വേണ്ടൂ – രണ്ട് പൂവൻകോഴികൾ ചേർന്ന് ഒന്നിച്ചു കൂവുകയും, ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യും – ഒന്നിച്ചുറങ്ങുകയും! പക്ഷേ അതിനിടയില്ലേക്ക് ഒരു പിടക്കോഴി – അല്പം ചുകന്ന അങ്കവാലുള്ള വെള്ള ഇനം കോഴികൾ! അതോടെ എല്ലാ ശാന്തിയും അസ്തമിക്കുന്നു… രണ്ട് പൂവൻകോഴികളും പരസ്പരം വേർപിരിഞ്ഞ് കണ്ണിൽ പെടാത്ത ദിക്കുകളിൽ പോയി നിൽക്കും…
ഈ ചിന്തയെന്നു പറയുന്നത്, എന്തൊരു വിചിത്രമായ സംഗതിയാണ്? നടക്കാനിറങ്ങിയാലും, ജോലി ചെയ്യുന്നതിനിടയിലും, ഒറ്റയ്‌ക്കായാലും, കൂട്ടുകെട്ടിലായാലും, ഈ ചിന്ത ദുർഗ്രാഹ്യമാം വിധം നിങ്ങളിലേയ്‌ക്ക് കടന്നുവരുന്നതിനാൽ, (ചുമ്മാ അത് നമുക്ക് ഉൾക്കൊള്ളാനാവാത്തതിനാൽ) എല്ലാ ദിശകളിലും അതിങ്ങനെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും – ഒരിക്കലും ചുറ്റിത്തിരിയാതെ ഇരിക്കുകയുമില്ല… കാർ വാങ്ങുന്നതുവരെ, ഇന്നസ്സിന്റെ കാര്യത്തിലും എന്റെ അവസ്ഥ ഇപ്രകാരം തന്നെ ആയിരുന്നു; കാർ വാങ്ങിക്കഴിഞ്ഞപ്പോൾ, അതോടൊപ്പമുള്ള കാര്യങ്ങളായി പിന്നെ സംഭവിക്കുന്നത്… ചില കാര്യങ്ങൾ തീർച്ചയായും, പറയാതെ തന്നെ നടന്നുകൊണ്ടേയിരിക്കും… മജ്ജയും മാംസവും കൊണ്ടാണ് ഇന്നസ്സിന് ഉരുണ്ട മനോഹരമായ മുഖവും, അഴകുറ്റ കറുത്ത നയനങ്ങളും, മന്ദഹാസഭരിതമായ വക്ത്രവും എല്ലാം ഉണ്ടായിരുന്നു… ഒരു കാറാകട്ടെ, ബംബറും മറ്റും കൊണ്ട് സുദൃഢമാംവിധം ഘടിപ്പിച്ച ഏതോ ജന്തുവിന്റെ പല്ലുകൾപോലെ തോന്നിച്ചിരുന്നു. ഇന്നസ്സ് ഹൃസ്വ ആകാരമായിരുന്നെങ്കിലും അടി മുതൽ മുടിവരെ സുഭഗമായ ശരീരഭംഗി നിലനിർത്തിയിരുന്നു. അതേ സമയം, ഈ കാറാകട്ടെ, മറ്റ് എല്ലാ കാറുകളെയുംപോലെ, വലിയൊരു പാക്കിങ്ങ് കേസ് കണക്കെ ആയിരുന്നു; എന്നിരുന്നാലും കുറേശ്ശെകുറേശ്ശെയായി ഈ കാറിനെ ചുറ്റിപ്പറ്റിയുള്ള ചിന്ത ഇന്നസ്സിനെ എന്റെ മനസ്സിൽ നിന്നും അകറ്റി. ചുരുങ്ങിയപക്ഷം, ആ ചിന്തയിൽ ഞാൻ സന്തുഷ്ടനെങ്കിലുമായിരുന്നു…!
പക്ഷെ കുഴപ്പമെന്താണെന്നുവച്ചാൽ, അക്കാര്യങ്ങളെപ്പറ്റി ഞാൻ സംസാരിച്ചു എന്നതായിരുന്നു! മറ്റാളുകളാകട്ടെ, ഞാൻ സങ്കല്പിച്ചതിനെക്കാളൊക്കെ ഏറെയായി അതെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇന്നസ്സിന്റെ സാന്നിധ്യത്തിൽ വച്ച് ഒരുദിനം ട്യൂലിയോ എന്നോട് പറഞ്ഞു ഃ “എന്ത്, ജീജീ, ഇപ്പോൾ എല്ലാവരും ഈ കാറിനെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്! ഞാനാണ് നിങ്ങളുടെ സ്ഥാനത്തെങ്കിൽ, ഇന്നസ്, എനിക്ക് അസൂയയുണ്ടാക്കുമായിരുന്നു….”
ഉടനെ മന്ദഹാസത്തോടെ ഇന്നസ്സ് പറഞ്ഞു.
“ജീജീ, നിങ്ങളുടെ കണ്ണുകൾ മൂടുക” എന്താണ് കാണുന്നതെന്ന് എന്നോട് പറയൂ – രണ്ട് കാലുകളോ, നാല് ചക്രങ്ങളോ?“
തീർച്ചയായും എന്റെ മറുപടി ‘രണ്ടു കാലുകൾ’ എന്നായിരുന്നു. പക്ഷെ സത്യം പറഞ്ഞാൽ, ഞാൻ നുണ പറയുകയായിരുന്നു. നാല് ചക്രങ്ങളായിരുന്നു ഞാൻ കണ്ടത് – പുതിയ ടയറുകളോടുകൂടിയ മനോഹരങ്ങളായ നാല് ചക്രങ്ങൾ – എനിക്കറിയാമായിരുന്നപോലെ, അവിടെ നടന്നത് എന്റെ ഇഷ്ടപ്രകാരം എവിടെയും എന്നെ കൊണ്ടുപോകാൻ തയ്യാറായി, ആ തെരുവ്‌മൂലയിൽ കിടന്നിരുന്നു…
ശരി – ഒരു പ്രഭാതത്തിൽ – അതൊരു ഞായറാഴ്‌ചയായിരുന്നു – ഇന്നസ്സിനെ ഞാൻ വന്ന് കടൽക്കരയിൽ കൊണ്ടുപോകാൻ ചെല്ലുമെന്ന് അവളെ ടെലഫോണിൽ അറിയിച്ചു. അവളുമായി ഒറ്റക്കായിരിക്കണമെന്നാണെന്റെ ആഗ്രഹമെന്നും ഞാൻ സൂചിപ്പിച്ചു. ഞങ്ങളുടെ വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സംതൃപ്തിയോടെയും, ആഹ്ലാദത്തോടെയും ഞാൻ താമസിക്കുന്നതിനു മുകളിലുള്ള ഗ്യാരേജിലേക്ക് കയറി എന്റെ മനോഹരമായ വെള്ളയും നീലയും കലർന്ന നിറമുള്ള കാറെടുത്ത്, ആദ്യംതന്നെ വയകാൻഡിയായുടെ മൂലയിലുള്ള ഗ്യാരേജിലേക്ക് തിരിച്ചു; അവിടെ ഞാനത് പൂർണ്ണമായൊരു സർവീസിംഗിനു കൊടുത്തിരുന്നു; പെട്രോൾ, വെള്ളം, ഓയിൽ, ടയറുകൾ, എന്തിന് ബാറ്ററിയിലെ ശുദ്ധജലവും, വിൻഡ്‌സ്‌ക്രീൻ വൃത്തിയാക്കലുമൊക്കെ ചെയ്യാനേല്പിച്ചിരുന്നു. പിന്നെ ഞാൻ വീണ്ടും കാറിൽ കയറി, ആദ്യം താഴ്‌ന്ന ഗിയറിലും പിന്നെ രണ്ടാം ഗിയറിലും, പിന്നെ മൂന്നിലും, അതുകഴിഞ്ഞ് വയാലിക്കിയുലിയോ മുഴുവനും സെസ്സാറിൽ ഉയർന്ന ഗീയറിലും ചുറ്റിക്കറങ്ങി; അത് അത്ഭുതകരമായിരുന്നു. ആ കാർ ചുമ്മാ ചലിക്കുകയായിരുന്നില്ല – തെരുവ് മുഴുവനും നക്കിക്കുടിക്കുകയായിരുന്നു. വസന്തകാലത്ത് പുഷ്പനിബിഡമായ പുൽമേട്ടിലെ തേനീച്ചകൾ പുറപ്പെടുവിക്കുന്നതുപോലെയുള്ള സുഖകരമായ ഇരമ്പൽ ശബ്ദം കാമോദ്ദീപകമാംവിധം അതിൽ നിന്നും പുറപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ ഞാൻ പിയാസ്സഡെല്ല ലിബർഷ്യമിലേക്കു തിരിഞ്ഞപ്പോൾ കണ്ടത്, ഇന്നസ് ഒറ്റക്കല്ല വന്നതെന്നായിരുന്നു.
ഇതെന്റെ സമനില തെറ്റിച്ചു – കാരണം അവരോടൊപ്പം ഞാൻ ഒറ്റക്കായിരിക്കണമെന്ന കാര്യം ഞാനവൾക്ക് മുൻപെ താക്കീത് നൽകിയതായിരുന്നു. എന്റെ സമനില തകരാനുള്ള മറ്റൊരു കാരണം, അവളുടെ കൂടെ ഉണ്ടായിരുന്നത് ട്യൂലിയോ ആയിരുന്നെന്ന വസ്തുതയാലുമായിരുന്നു – എന്റെ പങ്കാളിയും, ചങ്ങാതിയും എന്റെ കാറിൽ…! കാർ സാമഗ്രികളുടെ എന്റെ വ്യാപാരത്തിലെ പങ്കാളിയും എന്റെ സുഹൃത്തുമായ ട്യൂലിയോവിന് ഒരു കണ്ണുണ്ടായിരുന്നെന്ന വസ്തുത എനിക്ക് ഇതിനകം ബോധ്യം വന്നിരുന്നു. ആ പ്രഭാതത്തിലെ അയാളുടെ സാന്നിധ്യം തന്നെ അതിന്റെ ഒരു സ്ഥിരീകരണം ആയിരുന്നു. ഒരു കാര്യം കൂടി എനിക്കിവിടെ കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു – അതായത് ഞങ്ങൾ രണ്ടുപേരിലുംവച്ച് ശക്തനും സുമുഖനും ട്യൂലിയോ ആയിരുന്നു. വീതിയേറിയ തോളുകളും, നല്ല ഉയരവും, ഒരു വിത്തുകാളയുടേതുപോലെയുള്ള കഴുത്ത് ശരിയാംവിധം ഉറച്ചിരുന്നതും, ചെറിയ ശിരസ്സുമൊക്കെ അയാൾക്കുണ്ടായിരുന്നു. നേരെ മറിച്ച് ഹൃസ്വാകാരനും, കാഴ്‌ചയ്‌ക്കു കുറുകിയവനുമായ എനിക്കാക്കെ ഉണ്ടായിരുന്നത് ധിഷണ ജ്വലിച്ചിരുന്ന എന്റെ സൂക്ഷ്മ ചലനങ്ങൾ മാത്രമായിരുന്നു – അതാകട്ടെ, ഈ ലോകത്തിൽ ഏറ്റവുമധികം വേണ്ടത് ശക്തിമാത്രമൊന്നുമല്ലെന്ന് ആളുകളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ട്യൂലിയോ, ചുകപ്പും നീലയും വരകളുള്ള സ്വെറ്ററും, തിളങ്ങുന്ന നീല സെല്ലർ ട്ര്സറുമണിഞ്ഞ് പതിവിലുമേറെ പരുക്കൻ മട്ടിലാണെന്നകാര്യം ഞാനല്പം അനഭിരുചിയോടെ ശ്രദ്ധിച്ചു. അവരുടെ ഒപ്പമെത്തിയപ്പോൾ ഞാൻ കാർ നിറുത്തി വാതിൽ തുറന്ന് വരണ്ടസ്വരത്തിൽ പറഞ്ഞു.
”ഹലോ ട്യൂലിയോ…?“
ഇന്നസ് ആഹ്ലാദപൂർവ്വം വിശദീകരിച്ചു ഃ
”ട്യൂലിയൊ എന്നെ ടെലഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു അയാളോടും വരാൻ…“
ട്യൂലിയോ അവഗണനാഭാവേന പറഞ്ഞു.
”അതൊന്നും നിങ്ങൾക്കൊരു പ്രശ്നമല്ല – അല്ലേ? ആകെ നിങ്ങൾക്കുള്ള ഒരേ ഒരു ശ്രദ്ധ കാർ ഡ്രൈവിങ്ങിലാണ് – അല്ലേ?“
ഉത്തരം അപലപനീയമായ വാക്കുകൾ അന്നേരം എന്നെ വിഷലിപ്തമാക്കുകയായിരുന്നു. ജാള്യത ഒളിച്ചുവച്ചിട്ട് ഞാൻ പറഞ്ഞു. ”തീർച്ചയായും – ഞാനാകെ ഗൗനിക്കുന്നത് ഈ കാറിന്റെ കാര്യം അങ്ങിനെ അവർ അകത്തു കടന്ന്, ഇന്നസ്സ് പിൻസീറ്റിലേക്കും, ട്യൂലിയോ എന്റെ അരകിലും ഇരിപ്പായി. ഈ ഏർപ്പാട് ആദ്യം എനിക്ക് നന്നെ രസിച്ചു പക്ഷെ അധികം താമസിയാതെ ഞാൻ മനസ്സിലാക്കി. അക്കാര്യത്തിൽ എനിക്കൊരു സന്തോഷത്തിനുമുള്ള വകയില്ലെന്ന്! ട്യൂലിയോ ഏതാണ്ട് ഉടനെതന്നെ ഇന്നസ്സിന്റെ നേരെ തിരിഞ്ഞു തുടങ്ങിയിരുന്നു. അങ്ങിനെ ഞാൻ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ, അവർ ആത്മബന്ധം കലർന്ന സൗഹൃദഭാഷണത്തിലേക്ക് എടുത്തുചാടി. അത് ഒരു ജോടി കമിതാക്കളുടേതുപോലയോ, കമിതാക്കളാകാൻ പോകുന്നവരുടേതുപോലെയോ ആയിരുന്നു. എന്താ അവർ പറഞ്ഞിരുന്നത്? ഓ! ശരി! എല്ലാ കാര്യങ്ങളും കുറേശ്ശെ – തമാശകൾ, വ്യംഗ്യോക്തികൾ, ഉപചാരങ്ങൾ, സൂചനകൾ, പാതിവാക്കുകൾ, അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട പ്രയോഗങ്ങൾ… എല്ലാം തന്നെ! പക്ഷെ എന്നെ ഏറ്റവുമധികം ജുഗുപ്സാവഹനാക്കിയത് ആ സംസാരച്ചുവ ആയിരുന്നു. – ഉത്തേജകവും, വശീകരണമട്ടിലും, നാണം കുണുങ്ങിയും പരസ്പരധാരണയിലുമുള്ള രണ്ടാളുകളുടേതുപോലുള്ള സംസാരം – ഈ രഹസ്യധാരണമൂലം അവർ പറയുന്നതെന്താണെന്നതിന് നാമമാത്രമായ പ്രസക്തിയെ ഉണ്ടായിരുന്നുള്ളൂ…
ഇതിനകം, റോമിനു പുറത്തായ ഞങ്ങൾ വയ ഓറിലീയവിലൂടെ ഓടുകയായിരുന്നു. സാന്റെമറീനിലയിലെത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സമയം വൈകിയിരുന്നതിനാൽ ഞാൻ കാറിന്റെ വേഗത കൂട്ടി. ഇങ്ങിനെ വേഗത കൂട്ടിയെന്ന് പറയുന്നത് ഒരു ചുമ്മാ പറച്ചിൽ മാത്രമേ ആകുന്നുള്ളൂ. റോഡിൽ ഉടനീളം, ഓരോ കാറിനേയും പിന്തുടർന്ന് മറ്റൊന്ന് വീതം വന്നുകൊണ്ടേയിരുന്നു; വലിയ കാറുകൾ, ചെറിയ കാറുകൾ, ഇറ്റാലിയ കാറുകൾ, വിദേശകാറുകൾ, ആർഭാടഭരിതക്കാരുടെ വാഹനങ്ങൾ, സാധാരാണക്കാരുടെ വാഹനങ്ങൾ – എന്നിവയൊക്കെതന്നെ… ഇടയ്‌ക്കിടെ ഒരു പാൽവണ്ടിയോ, ഒരു വൻലോറിയോ കടൽത്തീരത്തെ കോളനികളിൽ നിന്നും ഏതെങ്കിലും ഭ്രാന്തന്മാർ ഓടിച്ചുകൊണ്ടുവരുന്നുണ്ടായിരിക്കും. അവർ സകല കാറുകളെയും മറികടന്നുകൊണ്ടിരുന്നു. (ഓവർടേക്ക് ചെയ്തുകൊണ്ടുമിരുന്നു എന്നർത്ഥം). ഏതോ മോട്ടോർ ബൈസിക്കിളിൽ പായുന്നതുപോലെയായിരുന്നു അത്. അതിനാൽ ഞാൻ വേഗത തന്നെ കുറച്ച്, അതേ കുറഞ്ഞ വേഗത പാലിച്ച് ഓടിച്ചുകൊണ്ടിരുന്നു. ആ മറ്റ് രണ്ടുപേർ എന്റെ തൊട്ടരുകിലിരുന്ന് വിശേഷങ്ങൾ പറച്ചിലുകൊണ്ട് എന്റെ ക്ഷമ കെടുത്തിയിരുന്നില്ലെങ്കിൽ, ഞാൻ ആ കുറഞ്ഞ വേഗതയിൽ തന്നെ വാഹനം ഓടിച്ചുകൊണ്ടിരുന്നേനെ – പക്ഷെ ഏത് കാരണത്താലോ (എന്താണെന്നെനിക്കറിയില്ല) അസൂയയുടെതായ അസ്വാസ്ഥ്യം എന്റെ ഡ്രൈവിംഗിനെ ബാധിച്ചതിനാൽ, ഞാൻ ആക്സിലെറ്ററിൽ ആഞ്ഞ് ചവിട്ടാനും, ഒരുപക്ഷെ കഴിവിലും വേഗതയിൽ സാന്റെ മറീനീലയിലെത്തുകവഴി അവരുടെ രഹസ്യഭാഷണങ്ങൾ അവസാനിപ്പിക്കാമെന്നും കരുതി വാഹനത്തിന്റെ വേഗത തന്നെ വർദ്ധിപ്പിച്ചു. ആയതിനാൽ ഒന്നിനു പിറകെ ഒന്നായി ഞാൻ അനേകം കാറുകളെ മറിക്കടക്കാനാരംഭിച്ചു. ഒരു ചരടിൽ മുത്തുകോർക്കുന്നതുപോലെയായിരുന്നു അത്. എന്റെ തുടർച്ചയായ ഹോണടിശബ്ദം കാരണം ചിലരൊക്കെ ഉടനെ തന്നെ ഒരു വശത്തേക്ക് അവരുടെ വാഹനത്തെ തിരിച്ചിരുന്നു; ഇവരൊക്കെ റോഡ് നിയമങ്ങൾ ശരിയാംവണ്ണം പാലിച്ചവരായിരുന്നു. പക്ഷെ മറ്റു ചില കാറുകളാകട്ടെ ഏതു കാരണവശാലും മറികടക്കാൻ സമ്മതിക്കുമായിരുന്നില്ല. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു – ഏറ്റവും നല്ല പെരുമാറ്റമുള്ള കാറുകൾ ഏറ്റവും ശക്തമായ കാറുകളായിരുന്നു – വലിയ ആർഭാടഭരിതമായ കാറുകൾ – മറികടക്കപ്പെടുന്നതിൽ അണുവിട ശ്രദ്ധപോലുമില്ലാത്ത ആളുകളായിരുന്നു അവ ഓടിച്ചിരുന്നത്. ആവശ്യമെന്നു വന്നാൽ, മറ്റാരെക്കാളേറേ വേഗതയിൽ തങ്ങൾക്കു പോകാൻ കഴിയുമെന്ന് അവർക്ക് തികച്ചും അറിയാമായിരുന്ന ഒരു കാര്യമായിരുന്നു. അതിൽ വച്ചേറ്റവും വില കുറഞ്ഞവ നിറച്ചും കുട്ടികളെയും, പെണ്ണുങ്ങളെയും കയറ്റി കുടുംബനാഥൻ ഓടിച്ചിരുന്ന ചെറിയ കാറുകളായിരുന്നു. തങ്ങളുടെ ഭാര്യമാരുടേയും, കുട്ടികളുടെയും മുന്നിൽ തങ്ങൾ ഊർജ്ജസ്വലരും കായികാഭ്യാസികളുമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത രൂഢമൂലമുയർന്നു. അക്കാരണത്താൽ, മറികടക്കാനുള്ള ശ്രമത്തിന്റെ നിമിഷത്തിൽ, വേഗത കുറച്ച് യാഹനം ഒരുവശത്തേക്ക് ഒതുക്കുന്നതിനു പകരം, അവർ വേഗത കൂട്ടിയിരുന്നു. അവന്മാരെയൊക്കെ ഞാൻ കൊന്നുകളഞ്ഞേനെ! പ്രത്യേകിച്ചും അവർ തയ്യാറെടുത്ത ദുർമുഖവുമായി തങ്ങളുടെ കടം വാങ്ങിച്ച കാറുകളുടെ നിയന്ത്രണ ചക്രത്തിൽ നുള്ളിപ്പിടിച്ചുകൊണ്ട് കാറിന്റെ പരമാവധി വേഗതയിൽ നയിക്കുകയും, അകത്തിരിക്കുന്ന കുടുംബക്കാരൊക്കെ പരിഹാസ്യവും, വിജയസൂചകവുമായ ചിരിയോടെ ഇപ്രകാരം പറയുമ്പോലെ തുറിച്ചു നോക്കിക്കൊണ്ടിരിക്കയും ചെയ്യുമ്പോൾ ഃ “ഞങ്ങൾ നിങ്ങളെ കടത്തിവെട്ടി. ഞങ്ങളുടെ പപ്പ നിങ്ങളേക്കാളേറെ സമർത്ഥനാണ്…” അവരെ നോക്കിയ ഞാൻ അത്ഭുതപ്പെട്ടത്, ഒരു കടയിലോ, തെരുവിലോ വച്ചായിരുന്നു കണ്ടതെങ്കിലെനിക്ക് തികച്ചും അരസികവും, ഒരുപക്ഷെ ആകർഷകമായോ തോന്നിയേക്കാവുന്നത്, ഒരു കാർ ജനാലയിലൂടെ കാണുമ്പോൾ, എന്താണിത്രമാത്രം പൂർണ്ണമായും വിചിത്രതരമായും തോന്നിക്കുന്നതെന്ന വസ്തുതയായിരുന്നു. ഇതിനിടെ ഹ്രെജീനിലേക്കു തിരിഞ്ഞ ഞങ്ങൾ ലാഡിസ്‌പോളിയിലേക്ക് കടക്കുവാൻ തുടങ്ങുകയായിരുന്നു….
ഇന്നസ്സിന്റെയും, ട്യൂലിയോവിന്റെയും ജല്പനങ്ങൾക്കുപരി, ഞായറാഴ്‌ച സവാരിക്കാരായ കുടുംബാംഗങ്ങളുടെ പ്രകോപനപരമായ മുഖങ്ങൾക്കും പുറമെ, മറ്റൊരു കാര്യം കൂടി എന്റെ സ്വാസ്ഥ്യം കെടുത്തിയിരുന്നു – ഇന്നസ്സ് മുഖാന്തിരം ദയാർദ്രമായൊരു ഹൃദയത്തോടെ മുന്നിലെ ഏതെങ്കിലുമൊരു വാഹനത്തെ മറികടക്കാൻ എന്നെ പ്രേരിപ്പിക്കാൻ വേണ്ടി കൂടക്കൂടെ ട്യൂലിയോ വിശേഷവർത്തമാനങ്ങൾ തടസ്സപ്പെടുത്തിയതായിരുന്നു ആ സംഗതി….
“ഇനി… ജിജീ….” അയാൾ പറയും ഃ “ ആ ചെറിയ കാറിനെ കടന്നു പോകൂ…” എന്നോ, അല്ലെങ്കിൽ “വരൂ – അയാളെ മറികടന്നുപോകാം. എന്തിനുവേണ്ടി നിങ്ങൾ കാത്തിരിക്കുന്നു…!”വെന്നോ അഥവാ വീണ്ടും, “വരൂ… എന്തിനു നിങ്ങൾ ഭയക്കുന്നു….? മൂന്നാമത്തെ റോഡിലേക്ക് കയറി അയാളെ മറികടക്കൂ -”
ഞങ്ങൾ മാത്രമെ റോഡിലുണ്ടായിരുന്നുള്ളൂ എങ്കിലും ഒരു കുഴപ്പവുമില്ലായിരുന്നു – ഒരു മത്സര ഓട്ടം ചിലപ്പോഴൊരു തമാശയുമായേക്കാം -. പക്ഷെ ഇന്നീസ് കൂടെയുണ്ട്; ഈ ഓവർടെക്കിംഗിനൊക്കെ ട്യൂലിയ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊന്നിനുമല്ല, സദാസമയവും ഞാൻ ഏകാഗ്രതയോടെ ചിരിക്കാനും, എന്റെ ശ്രദ്ധ ഒട്ടും തന്നെ വ്യതിചലിക്കാതെയുമാവുമ്പോൾ അയാൾക്ക് ഇഷ്ടംപോലെ അവളുമായി എന്തുമാകാമല്ലൊ എന്നായിരുന്നു സംഗതിയെന്ന് എന്റെ തലയിൽ കയറിപ്പറ്റിയിരുന്നു. ഈ വ്യാപാരത്തിൽ തെല്ലൊരു അപഹാസ്യഭാവം കൂടി ഉണ്ടായിരുന്നുവെന്നതായിരുന്നു സത്യം! ഒരു അനാഥകുഞ്ഞിനോട് ഒരു പൊതു പൂന്തോട്ടത്തിൽവച്ച് ഒരു ജോടി കമിതാക്കൾ ഃ “വരൂ…. നല്ല കുട്ടിയായി പോയി പന്ത് കളിക്കൂ…” എന്ന് പറയുന്നതുപോലെയായിരുന്നത്. എനിക്ക് കോപം വന്നു; വേഗതകുറച്ച് സാവധാനം ഡ്രൈവ് ചെയ്യുന്നതിനുപകരം, ഞാൻ വല്ലാതെ കോപത്തിന് അടിമപ്പെട്ടതിനാൽ, അയാളുടെ നിർദ്ദേശങ്ങൾക്കു വഴങ്ങി ഞാൻ ഒന്നിനു പുറകെ ഒന്നായി കാറുകളെ മറകടന്നു തുടങ്ങി ഃ കൂടുതലിങ്ങനെ ചെയ്യുന്തോറും, എന്റെ ക്രോധവും വർദ്ധിച്ചുകൊണ്ടേയിരുന്നു; ട്യൂലിയോയുടെ മുന്നിലൊരു കളിപ്പാട്ടമായി മാറിയോ ഞാനെന്ന ചിന്തയായിരുന്നു എന്റെ മനസ്സ് നിറയെ – അയാളെന്നെ വെറുമൊരു ‘ഭോഷ്‌കൻ’ ആയി കണക്കാക്കി; തന്റെ പെൺകുട്ടിയെ ഞോണ്ടാനും, പിച്ചാനുമായി മറ്റൊരാളെ അനുവദിച്ചുകൊണ്ട് ചുമ്മാ സ്‌റ്റീയറിംഗ് വീലിനു പിന്നിലിരിക്കുന്ന ഒരുവനെപ്പോലെ…
പക്ഷെ, ഞാനെന്റെ ദൃഷ്ടികൾ അവരിൽ തന്നെയാണ് പതിപ്പിച്ചിരുന്നത്. ട്യൂലിയോ, തന്റെ സീറ്റിൽ നേരെ വലത്തോട്ട് വളഞ്ഞൊടിഞ്ഞിരുന്നു; അയാളുടെ ഒരു കാൽ കുഷ്യന്റെ പിന്നിലേക്ക് വളച്ചും, ഇരുകരങ്ങളാലും സീറ്റിന്റെ പിന്നിൽ അള്ളിപ്പിടിക്കുകയുമായിരുന്നു. ഇന്നീസ്സ് അയാളുടെ നേർക്ക് മുന്നോട്ടാഞ്ഞിരുന്നു; അവരും തന്റെ കരം സീറ്റിന്റെ പിന്നിലേക്കായിരുന്നു വച്ചിരുന്നത്. പക്ഷെ, അതിന്റെ ഒരാവശ്യവുമില്ലായിരുന്നു. ഒരു പ്രത്യേകനിമിഷത്തിൽ, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ ഞാൻ, ഡ്രൈവിംഗ് കണ്ണാടി ഒരു പ്രത്യേക നിലയിലാക്കിയതിനാൽ, എന്റെ പിന്നിലെ റോഡ് കാണാതെ, ഞാൻ, അവരുടെ കരങ്ങൾ വിശ്രമിച്ചിരുന്ന സീറ്റിന്റെ ഭാഗങ്ങളായിരുന്നു കണ്ടുകൊണ്ടിരുന്നത്. തെല്ല് നേരത്തിനു ശേഷം, ട്യൂലിയോയുടെ കരം, വളരെ സാവധാനം ഇന്നീസിന്റെ കൈയ്യെത്തിപ്പിടിക്കുന്നതുവരെ നീണ്ടതും. താമസിയാതെ, ഒരു റോഡിലെ വളവിലെത്തിയപ്പോൾ മുഴുവനായി മുട്ടുകയുമാണുണ്ടായത്. അതേ നിമിഷം തന്നെ ട്യൂലിയോ എന്നോട് പഞ്ഞു ഃ “വരൂ… ജീജീ… ആ ചെറിയ കാറിനെ മറികടക്കൂ – എന്തിനുവേണ്ടി നിങ്ങൾ കാത്ത് നിൽക്കുന്നു…?”
ഞാൻ റോഡിലേക്കു നോക്കി; ട്യൂലിയോ പറഞ്ഞ കാർ, എന്റെ തൊട്ടടുത്തായിരുന്നു – അത് അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. മോന്തായത്തിൽ കെട്ടിവച്ച ഒരു കുഞ്ഞിന്റെ ചെറിയൊരു എലിക്കെണിപോലെയായിരുന്നു അത്! അതിനകത്ത് പതിവുപോലെ തന്നെ സ്ര്തികളെയും കുട്ടികളെയും കാണാമായിരുന്നു; ഡ്രൈവറുടെ പിൻസീറ്റിൽ പതിവനുസരിച്ച് ഒരു പാവപോലെ തടിച്ച ചതുരൻ തല കഴുത്തിനോടുറപ്പിച്ച കുടുംബനാഥനും ഇതിലുണ്ട്! കറുത്ത രോമനിബിഡമായ ആ കരങ്ങൾ ചക്രം തിരിച്ചുകൊണ്ടിരുന്നു. ആദ്യം ഞാൻ കണ്ട സംഗതി ഡ്രൈവറെ ആയിരുന്നില്ല – ട്യൂലിയോവിന്റെയും ഇന്നസിന്റെയും കൈകളിൽ നിന്നും ദൃഷ്ടികളകറ്റി എന്റെ മുന്നിലെ എലിക്കെണിയിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ, ആദ്യം ഞാൻ കണ്ടത് നൂറുവയസുള്ള വിളർന്ന് വിരൂപനായ ഒരു ആൺകുട്ടിയെ ആയിരുന്നു – അവന്റെ ചെവികൾ വിശറിപോലെയായിരുന്നു – അവൻ ചുകന്നമുഖവും, നാക്കും എന്റെ നേർക്ക് നീട്ടിക്കൊണ്ടിരുന്നു. തന്റെ അച്ഛൻ എന്നെ ബഹുദൂരം മറികടന്നതിൽ ഞാൻ കോപിഷ്ടനായിരിക്കാമെന്ന ധാരണയാലായിരുന്നു അവൻ എന്നെ കളിയാക്കി നോക്കിയത്. പക്ഷെ, എന്ത് കാരണത്താലോ, ട്യൂലിയോവിന്റെയും ഇന്നസിന്റെയും കാര്യത്തിലാണവൻ എന്നെ പരിഹസിക്കുന്നതെന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഞാൻ അവനെനോക്കി നമ്രമുഖനായി. അമ്മയുടെ കരങ്ങൾ നെഞ്ചിലമർത്തി, നാസിക ജനാല ചില്ലിനോടു ചേർത്തുവച്ചിരുന്ന അവനാകട്ടെ, വീണ്ടും എന്റെ നേരെ നോക്കി നാക്ക് നീട്ടികാണിച്ചു. വീണ്ടും ഞാൻ ഡ്രൈവറുടെ കണ്ണാടിയിലേക്കു ശ്രദ്ധിച്ചപ്പോൾ ട്യൂലിയോവിന്റെ കരം ഇന്നീസിന്റെ കൈയ്യിൽ നിന്നും കൈത്തണ്ടയിലേക്കു നീങ്ങുന്നതായും അവിടെ നിന്നും കൈപ്പത്തിയിലേക്കു ചലിക്കുന്നതായും കണ്ടു. ട്യൂലിയോ, മനുഷ്യവിദ്വേഷപരമായി എന്നോട് പറഞ്ഞു ഃ “എന്താണു കാര്യം? നിങ്ങൾ സ്വപ്നം കാണുന്നോ? എന്തുകൊണ്ട് വേഗതകൂട്ടുന്നില്ല?”
വൈകാരിക ഉത്തേജനത്തോടെ മൃദുസ്വരത്തിൽ ഇന്നീസാകട്ടെ, അയാളെ പിൻതാങ്ങി ഃ “ നമ്മൾ നന്നെ സാവധാനത്തിലാണ് പോകുന്നത്…” അവൾ പറഞ്ഞു ഃ “ ഈ വേഗതയിലാണെന്നുവരികിൽ നമ്മൾ സാന്റെമറീനിലയിൽ എന്നാൽ പോകുന്നില്ല -”
“ഓഹൊ!” ഞാൻ പ്രതിവചിച്ചു.
“നല്ല വേഗതയിലല്ലെ പോകുന്നത്? ശരി. നമുക്ക് കാണാം…”
ഒരു കുന്നിൽ ചെന്നവസാനിക്കുന്ന ഋജുവായിക്കിടന്ന ഒരു റോഡിലായിരുന്നു ഞങ്ങൾ അന്നേരം! തീരത്തിനു മുകളിലായി വലതുവശം ചേർന്നൊരു കൈയ്യാല ഉണ്ടായിരുന്നു; ഇടതുവശത്താകട്ടെ, ഒരു നിര പ്ലെയ്‌ൻ വൃക്ഷങ്ങൾ റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്നു. അവയുടെ കാണ്ഡങ്ങളിൽ വെളുത്ത വള്ളികൾ ചുറ്റിപ്പിണഞ്ഞിരുന്നു. ഞാൻ മൂന്നാം ഗിയറിലേക്കു മാറ്റി, ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടി ഹോണടിച്ച് എഞ്ചിൻ അലറി ശബ്ദമുണ്ടാക്കി മുന്നോട്ടുപാഞ്ഞുകൊണ്ടിരുന്നു. പക്ഷെ നിങ്ങളിത് വിശ്വസിക്കുമൊ? എന്റെ ഹോണടി കേട്ട് വലതുവശത്തേക്ക് തന്റെ കാർ തിരിക്കേണ്ടതിനു പകരം, അയാളാകട്ടെ, റോഡിന്റെ നടുക്കു കൂടിതന്നെ ഓടിച്ചുകൊണ്ട് ആക്സിലെറ്റർ ചവുട്ടി വേഗതകൂട്ടി. അതിനാൽ അയാളുടെ തൊട്ടുമുന്നിലൂടെ പോകാൻ ഞാൻ നിർബന്ധിതനായി. ട്യൂലിയോ പറഞ്ഞു ഃ “ഈ ഭൂലോകത്ത് നിങ്ങൾ എന്താണീ കാണിക്കുന്നത്? നിങ്ങൾ നാണമില്ലേ?”
പിന്നെ ഞാൻ നോക്കിയപ്പോൾ ആ പയ്യൻ എന്റെ നേർക്ക് നാക്ക് നീട്ടുന്നതായി ഞാൻ കണ്ടു. അതിനാൽ ഞാൻ വീണ്ടും റോഡിന്റെ ഇടതുവശത്തേക്കു കടന്ന് അപ്പോഴും ഹോൺ മുഴക്കിക്കാണ്ട് മറ്റെ കാറിനോടൊപ്പം ചേർന്ന് പോവുകയായിരുന്നു. കുന്ന് കയറാനാവുന്ന റോഡിന്റെ അറ്റത്ത് ഞങ്ങൾ എത്താറായിരുന്നു. കുടുംബനാഥൻ വേഗത കൂട്ടിക്കൊണ്ടേയിരുന്നു; അയാളെ എനിക്ക് നല്ലതുപോലെ കാണാനായില്ല. ഞാനാണെങ്കിൽ കോപം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. പിന്നെ, പെട്ടെന്ന്, ഞാൻ വേഗതകൂട്ടാനാരംഭിച്ചു. പക്ഷെ, കഷ്ടം! നോക്കണേ! ആ നിമിഷം തന്നെ, റോഡിന്റെ വളവിലായി മറ്റൊരു കാറ് അസാമാന്യ വേഗതയിലാണെങ്കിലും, ആദ്യത്തെ കാറിനെ മറികടക്കുന്നതിൽ നിന്നും അന്തിമമായി എന്നെ തടയത്തക്കവിധം വേഗതയിൽ വരുന്നുണ്ടായിരുന്നു. ശ്രമം വെടിഞ്ഞ് ഞാൻ പഴയപടി വേഗതയിലാവേണ്ടതായിരുന്നു. പക്ഷെ ഏതോ ഒരു പിശാചോ മറ്റൊരുത്തനോ എന്നോട് മന്ത്രിച്ചത്, വേഗത കൂട്ടിക്കൊള്ളാനായിരുന്നു. അതെ സമയം തന്നെ കുടുംബനാഥനും വേഗത കൂട്ടി. ഒരു കൂട്ടിയിടി ഒഴിവാക്കാനായി ഇടത്തോട്ട് വെട്ടിച്ച് ഒരു കുഴിയിലേക്കിറങ്ങുന്നതിനുള്ള സമയം മാത്രമെ കഷ്ടിച്ച് എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു പ്ലെയ്‌ൻ വൃക്ഷകാണ്ഡം എന്റെ നേർക്കടുക്കാൻ കുതിച്ചു നിൽക്കുന്നത് ഞാൻ കണ്ടു….
ട്യൂലിയോവിന്റെ സ്വരം ഇപ്രകാരം അട്ടഹസിക്കുന്നത് കേട്ടെന്നാണ് ഞാൻ കരുതിയത് –
“ബ്രേക്ക്! ബ്രേക്ക്….!”
പിന്നെ എനിക്ക് ഒരു ബോധവുമുണ്ടായിരുന്നില്ല…
******
അതു കഴിഞ്ഞുണ്ടായ സംഗതികളൊക്കെ വിവരിക്കുക തികച്ചും പ്രയോജനരഹിതമായൊരു കാര്യം തന്നെയാണ്. തിങ്കളാഴ്‌ചത്തെ പത്രം നിങ്ങൾ കാണാനിടവന്നെങ്കിൽ, അതിന്റെ വിശദാംശങ്ങളൊക്കെ നിങ്ങൾക്കു മനസ്സിലാവും. ആകെ ഒരു കാര്യം ഞാൻ പറയാനാഗ്രഹിക്കുന്നത്, എനിക്ക് മാത്രമേ നേരിയ പരുക്ക് പറ്റിയുള്ളൂ എന്ന വസ്തുതയത്രെ!
പത്തു ദിവസങ്ങൾ!
ഭാഗ്യവശാൽ മറ്റ് സങ്കീർണ്ണതകളൊന്നും കൂടാതെ തന്നെ തരണം ചെയ്യാൻ കഴിഞ്ഞു.
പക്ഷെ ട്യൂലിയോവിന്റെ ഒരു കാൽ ഒടിഞ്ഞിരുന്നു. അയാൾ രണ്ട് മാസം ആശുപത്രിയിൽ കഴിഞ്ഞു.
അവിടെ ഞാൻ നിത്യേനയെന്നോണം അയാളെ സന്ദർശിക്കാൻ പോയിരുന്നു.
-ഇന്നീസിന്റെ കാര്യമാണെന്നുവരികിൽ, അവളുടെ ഒരു കൈ ഒടിഞ്ഞു – ട്യൂലിയോവിന്റെ പരിലാളനകൾക്ക് കീഴടങ്ങിയ അതേ തരം തന്നെ – ഒരു മാസത്തിലേറെ അവൾ അതൊരു സ്ലിംഗിൽ ഇട്ടുകൊണ്ടുനടന്നു.
ഇനി എന്റെ കാറിന്റെ കാര്യമാണെങ്കിൽ, അത് പറയാതിരിക്കുകയാവും ഭേദം! അധികം താമസിയാതെ ഞങ്ങളത് ഇരുമ്പ് വിലക്ക് വിൽക്കും!
പക്ഷെ, ട്യൂലിയോവെ ശുശ്രൂഷിച്ച ഡോക്ടർ ഫ്രോൺ ടിയാനി എന്ന പ്രസന്നനായ ഭിഷഗ്വരൻ, അപകടം സംഭവിക്കുന്നതിനിടയാക്കിയ എന്റെ മുഴുവൻ കഥയും കേട്ടുകഴിഞ്ഞ് പറഞ്ഞതെന്തെന്നോ ഃ-
“താങ്കളുടെ ഉപബോധമനസ്സിൽ, ഇന്നീസ്സിനെ സ്നേഹിക്കുന്നതിൽ നിന്നും നിങ്ങളെ തടഞ്ഞ ആ കാറ് നശിക്കണന്നൊയിരുന്നു ആഗ്രഹം മുഴുവനും!
അസൂയമൂലം, നിങ്ങൾ സുഹൃത്തിനെ കൊല്ലാനും ആഗ്രഹിച്ചു.
സ്നേഹിക്കപ്പെടാതിരുന്ന നൈരാശ്യത്താൽ നിങ്ങൾ സ്വയം മരിക്കാനും ആഗ്രഹിച്ചു.
അപ്രകാരം നിങ്ങളോട് അവിശ്വസ്തയായിരുന്നതിന് ഗേൾ ഫ്രണ്ടിനെ നശിപ്പിക്കാനും… ഭാഗികമായി നിങ്ങൾ വിജയിച്ചു…”
ഞാൻ ചോദിച്ചു ഃ “-പക്ഷെ, എനിക്കറിയേണ്ടത് ഈ ഉപബോധമനസ്സെന്നു പറയുന്നത് എന്താണെന്നാണ്?”
അദ്ദേഹം പ്രതിവചിച്ചു ഃ “അത് ഞങ്ങൾക്കു തന്നെയും ശരിക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമത്രെ!”
“അതെങ്ങിനെയുമാവട്ടെ-” ഞാൻ പറഞ്ഞു.
“ഞാനൊരു കാർ ഓവർടേക്ക് ചെയ്യാനാഗ്രഹിച്ചു… അതിൽ ഞാൻ വിജയിച്ചതുമില്ല – അത്രയേയുള്ളൂ…”
എന്നിരിക്കിലും, ഈ അപകടത്തെ തുടർന്ന് ഞാൻ ഡ്രൈവിംഗ് അപ്പാടെ ഉപേക്ഷിച്ചു; ഞാൻ ഇന്നീസുമായി – വിവാഹനിശ്ചയവും നടത്തി. ട്യൂലിയോവും മുൻപിലത്തെപ്പോലെ തന്നെ വീണ്ടും ചങ്ങാതിമാരായി തുടർന്നു….
Generated from archived content: story1_aug20_07.html Author: alberto_moraviya