മരണമില്ലാത്ത ഒരനർഘ നിമിഷം

ജയിലിൽ പൂന്തോട്ടമുണ്ടാക്കാമെന്നു കണ്ടുപിടിച്ചത്‌ ബഷീറാണ്‌. അതുവരെ, വ്യവസ്‌ഥയുടെ അധികാരികൾക്ക്‌ വരുതിയിലൊതുങ്ങാത്ത സ്വാതന്ത്ര്യദാഹികളെ അടച്ചിടാനുള്ള ഇരുട്ടറകളായിരുന്നു ജയിലുകൾ. എന്നിട്ടവർ സ്വന്തം പൂന്തോട്ടങ്ങളിൽ ഭയത്തിന്റെയും സ്വാർത്ഥത്തിന്റെയും തടവറകൾ തീർത്തു.

ജയിലിലെ പൂന്തോട്ടങ്ങളിലിരുന്നാണ്‌ ബഷീർ പ്രണയത്തിന്റെ അടയാളം മതിലുകളാണെന്നു കണ്ടുപിടിച്ചത്‌. ജന്മംകൊണ്ടുതന്ന ‘ജീവിതം എന്ന ഏകാന്തതയുടെ തടവറ വിധിക്കപ്പെട്ട മനുഷ്യനു പ്രണയിക്കാൻ സ്‌ത്രീ ശരീരം വേണ്ടെന്നും പ്രണയാതുരമായ അവളുടെ ശബ്‌ദം മാത്രം മതിയെന്നും ബഷീർ കണ്ടെത്തി.

പ്രണയം ബഷീറിനു അറിവും അഴകും അലിവും ഉന്മാദവും സമരവും സ്വാതന്ത്ര്യവും മരണവുമായിരുന്നു.

’കന്യകേ നിന്റെ കണ്ണുകളിൽ നിന്നാണു അറിവിന്റെ ആദ്യത്തെ കിരണം എന്റെ ഹൃദയത്തെ ചുംബിച്ചത്‌.

‘രക്തനക്ഷത്രം പോലെ കടും ചെമപ്പായ ഈ പൂവ്‌ തന്റെ ഹൃദയം തന്നെയാണെന്ന്‌ പിംഗള കേശിനിയായ ജീവിതകാമുകിക്ക്‌ പ്രണയസമ്മാനം നൽകുമ്പോൾ ബഷീർ ഓർമ്മിപ്പിച്ചു.

അതുകൊണ്ടുതന്നെ ബഷീറിന്റെ കഥാപാത്രങ്ങളാരും മരിച്ചില്ല. ലോകത്തിലെ കാമുകീ കാമുകരാരും മരിക്കുന്നില്ലെന്ന്‌ ബഷീറിനറിയാമായിരുന്നു. അത്യുദാത്തമായ അനർഘ നിമിഷം മരണത്തിനു തോൽപ്പിക്കാനാവാത്ത അനന്ത പ്രണയത്തിന്റേതാണ്‌. ഒരൊറ്റ നിമിഷത്തിൽ അനേകം കോടി ജന്മങ്ങളുടെ പ്രണയോന്മാദം ഭൂമിയുടെ അവകാശികൾ ഈ പ്രണയികളാണ്‌.

ഉന്മാദത്തേക്കാൾ വലിയ സ്വതന്ത്ര്യമില്ല എന്നും ബഷീർ അറിഞ്ഞിരുന്നു. വ്യവസ്‌ഥ വെച്ചു നീട്ടിയ സ്വാതന്ത്ര്യത്തോട്‌ ’ ആർക്കുവേണം ഈ സ്വതന്ത്ര്യം‘ എന്നു ചോദിക്കാൻ ബഷീറിനേ കഴിയൂ.

സൂഫിയും സന്ന്യാസിയുമായ ബഷീറുണ്ട്‌, പത്രം വിറ്റു നടക്കുകയും പുസ്‌തകശാല നടത്തുകയും ചെയ്‌ത ബഷീറുണ്ട്‌. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും പട്ടിണി കിടക്കുകയും ഗാന്ധിജിയെ തൊടുകയും ജയിലിൽ പോവുകയും ചെയ്‌ത ബഷീറുമുണ്ട്‌.

ഞങ്ങൾ കുറേപ്പേർ വെള്ളം കുടിച്ചു. പിറ്റേന്ന്‌ പാത്രത്തിൽ ചോരയായിരുന്നു എന്നു പറഞ്ഞതും ബഷീറാണ്‌.

നരകയാതനകളുടെ ചോര കുടിച്ചാണ്‌ ബഷീർ വളർന്നത്‌. പലപലമഹായുദ്ധങ്ങളിൽ കൂടി ഏകാന്തവിക്ഷുബ്ധതകളിൽ കൂടി, പ്രണയോന്മാദങ്ങളിൽ കൂടി, ഒറ്റക്ക്‌.

പോക്കറ്റടിക്കാരും കള്ളന്മാരും മുച്ചീട്ടുകളിക്കാരും വേശ്യകളും കൂട്ടിക്കൊടുപ്പുകാരും ഹിജഡകളും ബഷീറിനു കൂട്ടുകാരായിരുന്നു.

ജീവിതത്തിൽ പുറമ്പോക്കിലാണു യഥാർതഥ സ്‌നേഹം എന്നും മുഖ്യാധാരാജീവിതം തെരുവിൽക്കളയുന്നതിനെ വീണ്ടെടുക്കുമ്പോഴാണു സ്‌നേഹത്തിന്റെ അനർഘ നിമിഷത്തിലെത്തുന്നത്‌ എന്നും ബഷീർ ഉപദർശിച്ചു.

’ശബ്‌ദങ്ങളിലെ‘ അന്ധനായ തെരുവ്‌തെണ്ടി ചോദിക്കുന്നു.

’കയ്യീകാശും തൊണക്കാളും ആഹാരത്തിനും വഴീം ഇല്ലാതെ പണ്ടൊരുകാലത്ത്‌ ഞാനൊരു വഴിയമ്പലത്തിൽ ഇരുന്നു. നമ്മുടെ നാടിനു സ്വതന്ത്ര്യം കിട്ടിയ ദെവസം…. അന്നു ഞാൻ ഓർത്തു…… ചോദിച്ചാ എന്തിനാ ജീവിക്കണത്‌?‘

ഈ ചോദ്യത്തിനുള്ള ഉത്തരമാണു ബഷീർ സാഹിത്യം മുഴുവൻ.

’ഇല്ലായ്‌മ അപ്രധാനമായ ഒരു സംഭവം. അതോ അതിപ്രധാനമായതോ? എന്തോ ഉണ്ടായി, അതാണോ പ്രധാനം? എന്തായാലും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ അനർഘ നിമിഷമാണു ഞാൻ‘

ഈ അനർഘ നിമിഷത്തിനു മരണമില്ല.

Generated from archived content: essay2_july2_09.html Author: alamkode_leelakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here