എത്ര അത്ഭുതകരം ഈ പ്രകൃതി വിഹാരം

ഹിമാലയം- ദേവതാത്മാവായ ആ പര്‍വതരാജന്‍ ഭാരതീയരായ നമുക്ക് എന്തെല്ലാമാണ്! നൂറ്റാണ്ടുകളായി ഭാരത ഖണ്ഡത്തിന്റെ രക്ഷോശക്തികള്‍ കുടികൊള്ളുന്ന അധിഷ്ഠാനം ഈ മാതൃഭൂമിയെ സമ്പുഷ്ടമാക്കിയ കലകളുടെയും വിജ്ഞാനത്തിന്റെയും മഹാഭാഗീരഥികള്‍ പിറവികൊണ്ടത് ആ ശീതള ഭൂമിയില്‍ നിന്നാണ്. നാഗരീകത ഭ്രാന്തു പിടിപ്പിച്ചപ്പോഴൊക്കെ ഈ തപോഭൂമിയിലേക്ക് പിന്മാറിയാണ് ഋഷീശ്വരന്മാര്‍ ആത്മാവിന്റെ അതിജീവനമന്ത്രങ്ങള്‍ ധ്യാനിച്ചുണര്‍ത്തിയെടുത്തത്. ഭൂഗോളത്തിന്റെ ആ ഉത്തുംഗബിന്ദുവിലാണ് ഇപ്പോഴെന്റെ മനസ്. ഒരുപാട് മോഹിച്ചിട്ടും ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ലാത്ത ഹിമഗിരിനിരകളുടെ മഹാ സൗന്ദര്യത്തിലേക്ക് ജീവിതത്തിന്റെ ഈ സായംകാലത്തില്‍ വായനയുടെ വിമാനമേറി ഞാനുമൊരു തീര്‍ഥയാത്ര ചെയ്യുന്നു. പി.ജി. രാജേന്ദ്രന്‍ എഴുതിയ ‘ ഹിമാലയ വിഹാര’ ത്തിലൂടെയാണ് എന്റെ ഈ ഭാവനാ സഞ്ചാരം.

ഹിമാലയത്തിലൂടെയുള്ള യാത്ര എന്ന ആശയം എന്നില്‍ മോഹവും സ്വപ്‌നവുമൊക്കെയാക്കി വളര്‍ത്തിയത് അനശ്വരനായ ഉറൂബാണ്. ഞങ്ങള്‍ 1947ല്‍ തൃശൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് തപോവനസ്വാമികളുടെ ‘ഹിമഗിര വിഹാരം’ എടുത്തുതന്ന് ഉറൂബ് പറഞ്ഞു ‘ ഇതു വായിക്കൂ, നമ്മുടെ സംസ്‌കാരത്തെ മനസിലാക്കാന്‍ പറ്റിയ മറ്റൊരു പുസ്തകമില്ല’ വായിച്ചപ്പോള്‍ സംഗതി സത്യമാണെന്നു മനസിലായി. ഹിമാലയത്തിന്റെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ലോകത്തെ നിര്‍മിക്കാന്‍ ഋഷികള്‍ പശമണ്ണെടുത്തതെന്നു വയലാര്‍ കവിതയില്‍ പാടി. ആ ഊറ്റം മനസില്‍ നിറഞ്ഞപ്പോഴാണ് ‘ മിസ്റ്റര്‍ എലിയറ്റിന് ഒരു കത്ത്’ എന്ന കവിതയില്‍, ‘ ഞാനും അങ്ങയും തമ്മില്‍ ഒരു ഹിമവന്തിന്റെ ദൂരം’ എന്നു യശഃശരീരനായ കക്കാട് കുറിച്ചത്. ബ്രഹ്മപുത്ര മുതല്‍ സിന്ധു വരെ രണ്ടായിരത്തിയഞ്ഞൂറില്‍പരം കിലോമീറ്ററില്‍ പരന്നു കിടക്കുന്നതാണ് ഹിമാലയം എന്ന ആദിസംസ്‌കാരസ്ഥാനം. കുട്ടിക്കാലം മുതല്‍ കേട്ടും വായിച്ചും അറിഞ്ഞ അതിന്റെ ഭാവ ദൃശ്യങ്ങള്‍ ഈ പുസ്തകത്തിന്റെ പേജുകളില്‍ പ്രത്യക്ഷാനുഭവം പോലെ മനസിലാവാഹിക്കാം. മഞ്ഞുമൂടിയ ഉന്നത ഗിരിയിലെ ഉദയാസ്തമയങ്ങള്‍, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ശാരദ, കാളിന്ദി, തുടങ്ങിയ മഹാനദികളുടെ പ്രഭവസ്ഥാനങ്ങള്‍, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നമ്മുടെ സഹോദരഭാവമാളുന്ന ഗിരിവംശജരുടെയും ഗോത്രമനുഷ്യരുടെയും ജീവിത രംഗങ്ങള്‍- ഇങ്ങനെ വിപുലവും വൈവിധ്യപൂര്‍ണവുമാണ് ഈ പുസ്തകം കാഴ്ചവയ്ക്കുന്ന ഭാവദൃശ്യങ്ങള്‍.

ഈ ദൃശ്യങ്ങള്‍ക്കപ്പുറം ഹിമവാന്‍ ഭാരതീയ സംസ്‌കൃതിയുടെ അഖണ്ഡമായ വശ്യ പ്രതീകമാണെന്നു ശ്രീ രജേന്ദ്രന്‍ ബോധ്യപ്പെടുത്തുന്നു. തിബത്തന്‍ ഭാഷയില്‍ ബ്രഹ്മപുത്രയ്ക്കു ‘തസംഗവോ’ എന്നൊരു പേരുണ്ട് എന്ന അറിവ് ആഷാമേനോനെ പോലെ എന്നെയും ആലോചനാമഗ്നനാക്കുന്നു. കാരണം ആ വാക്കിന്റെ അര്‍ഥം ‘ പവിത്രം’ എന്നാണ്. പവിത്രമെന്നാല്‍ പുണ്യമുള്ളത്. പുണ്യസമ്പാദനം പരമലക്ഷ്യമാക്കി കരുതിയ ഒരു ജനതയാണ് ഈ ഗിരിസാനുക്കളില്‍ ജീവിക്കുന്നതെന്ന അറിവ് ഉന്മേഷദായകമാണ്. ഭാരത സംസ്‌കാരത്തിന്റെ മഹിമയും സൗന്ദര്യവും വിശാലമായ അതിന്റെ മനോഭാവമാണെന്ന് പുസ്തകം ഓര്‍മപ്പെടുത്തുന്നു. നാടുകടത്തപ്പെടുന്നവര്‍ക്ക് രക്ഷാസ്ഥാനമാകുവാന്‍ ഭാരതത്തിന് ഇന്നും കഴിയുന്നുണ്ട്. ദലൈലാമ ഇന്ത്യയില്‍ അഭയം പ്രാപിച്ചത് ഇതിനു ദൃഷ്ടാന്തമാണ്.

ഈ പുസ്തകത്തിന്റെ മുന്‍ജന്മം എന്നു പറയാവുന്ന ‘ ഹിമഗിരിയില്‍ ഒരു യാത്ര’ ആറു വര്‍ഷം മുന്‍പ് ഇറങ്ങിയപ്പോള്‍ രാജേന്ദ്രന്‍ ഒരു കോപ്പി എനിക്കു തന്നിരുന്നു. ആ പുസ്തകം അടിമുടി പരിഷ്‌കരിച്ചാണ് ഈ ‘ഹിമാലയന്‍ ലയവിന്യാസം’ ഒരുക്കിയത്. ഈ പരിഷ്‌കരണം ആവശ്യമായിരുന്നു. നമ്മുടെ സഹ്യാദ്രിയെ ദര്‍ശിച്ചപ്പോള്‍ എന്റെ മനസില്‍ ഉണര്‍ന്ന വികാരം പണ്ടു ഞാന്‍ ഇങ്ങനെയെഴുതി:

എത്ര മനോഹരമത്ഭുതകരമീ

വസ്തൃതസര്‍ഗ്ഗവ്യാപാരം

ആത്മപ്രതികരണാവിഷ്‌ക്കൃതിനിര-

താദ്യന്തോല്‍ബണവാസനയാല്‍

വൃഷ്ടികള്‍ കൈക്കൊള്ളുവതായ്ക്കാണ്‍മൂ സ-

മഷ്ടിവിലീനത മമ മുന്നില്‍.

സ്ഥലകാലങ്ങളിണക്കി മുതിര്‍ക്കും

സ്വരതാളങ്ങള്‍ക്കനുകൂലം.

ശക്തി വിശാലബ്രഹ്മാണ്ഡത്തില്‍

സര്‍ഗ്ഗകലാകൃതി ചെയ്യുമ്പോള്‍

അണുതലണുവരെ നിഖാലാത്മാക്കളി-

ലഭിനവചേതന, തിരവെപ്പൂ!

മഷികലരാതെ, പ്പുകചിതറാത,തി-

മധുരോജ്ജ്വലമാ നാളങ്ങള്‍

ഭൂതദയാമയമേകതപോലൊരു

ബോധം ദിശി ദിശി വീശൂന്നു!

ഓജഃപൂര്‍ണ്ണ, മനഭിധാനം, തല്‍

തേജസ്സിന്റെ കലാധാനം,

നഭൃതശ്രേയസ്സണിയിക്കുന്നു

നിയതപ്രകൃതിവിഹാരത്തെ!’

-ഈ വികാരം രാജേന്ദ്രനും അനുഭവിച്ചിട്ടുണ്ടെന്നു ഗ്രന്ഥാവസാനം വെളിവാക്കുന്നു. ഹിമവദ് വിഭൂതികളാല്‍ എല്ലാ മനസുകളും പരിപൂരിതമാക്കപ്പെടട്ടേ..

ഹിമാലയവിഹാരം

പി.ജി. രാജേന്ദ്രന്‍

ഡിസി ബുക്‌സ്

വില: 250 രൂപ

Generated from archived content: book1_may16_13.html Author: akkitham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here