അമ്മയ്‌ക്കൊരു താരാട്ട്‌

മാസങ്ങളായി എന്റെ മുമ്പിലിരുന്ന്‌ എന്നോട്‌ ചോദിക്കുന്നു, ശ്രീ ശ്രീകുമാരൻതമ്പിയുടെ പുതിയ കവിതാപുസ്‌തകം, ‘അമ്മയ്‌ക്കൊരു താരാട്ട്‌’ഃ “സത്യം പറയാൻ താങ്കൾക്ക്‌ ധൈര്യമുണ്ടോ? രാജാവു മുണ്ടുടുത്തിട്ടില്ല എന്നു വിളിച്ചു പറയാൻ കഴിയുന്നവനല്ലാതെ, ഈ കവിതാസമാഹാരത്തെ അവതരിപ്പിക്കാനധികാരമില്ല.”

ഞാനിവിടെ പറയുന്നത്‌ രാജാവ്‌ മുണ്ടുടുത്തിട്ടില്ല എന്നുതന്നെയാണ്‌. ചില മാസങ്ങൾക്കുമുമ്പ്‌ കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കാര്യദർശിക്കും ഞാൻ എഴുതിക്കൊടുത്ത കുറിപ്പുകളുടെ പകർപ്പാണ്‌ ചുവടെ ചേർക്കുന്നത്‌ഃ

“അച്ചടി നിലവിൽ വന്നതുമുതൽ മുഴുവൻ മലയാളഭാഷയെ, സാഹിത്യത്തെയും ഭരിച്ചത്‌ ‘മലയാള മനോരമ’യായിരുന്നുവല്ലോ. എന്നാൽ ‘മാതൃഭൂമി’ ആഴ്‌ചപ്പതിപ്പ്‌ നിലവിൽ വന്നതുമുതൽ ആ പദവി മാതൃഭൂമിക്കായി. എൻ.വി., എം.ടി. എന്നീ സാഹിത്യകാരന്മാരുടെ കാലത്ത്‌ ആഴ്‌ചപ്പതിപ്പിന്റെ സേവനം പരമാവധിയിലെത്തി. എന്നാലും കേരളസാഹിത്യ അക്കാദമി ഉണ്ടായിത്തീർന്നതുമുതൽ ആ സ്ഥാനം അക്കാദമിക്കു വേണ്ടിയിരുന്നു. സാരമില്ല, മേലിലെങ്കിലും അങ്ങനെ ആവേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അക്കാദമിയുടെ നിലനില്‌പിന്‌ ന്യായീകരണം പോരാതെവരും. അതായത്‌ അക്കാദമി ഉടനെ വാരിക തുടങ്ങി, സാഹിത്യത്തെ അതിന്റെ വേരായ കവിതയെ, അതിന്റെ വേരായ അർത്ഥത്തെ, അതിന്റെ ആനന്ദാംശമായ സംഗീതത്തെ, നിലനിർത്തുന്നില്ലെങ്കിൽ ഗ്ലോബലൈസേഷന്റെ ഭാഗമായ ജേർണലിസത്തിന്റെ ചവിട്ടടയിൽ പെട്ട്‌ സർഗ്ഗാത്മക സാഹിത്യം അരഞ്ഞ്‌ ഇല്ലാതാവുകയും ‘സ്‌നേഹമാണഖിലസാര’മെന്ന വസ്‌തുത ഭാവികേരളം മറക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കുന്നതിനുവേണ്ടി ‘അർത്ഥമില്ലാത്ത വാക്കുകൾ കവിതയല്ല’ എന്നു മനസ്സിലാക്കിയ സാഹിത്യകാരന്മാരുടെ -”വാഗർത്ഥാവിവസംവൃക്തൗ വാഗർത്ഥ പ്രതിപത്തയേ ജഗതഃ പിതരൗ വന്ദേ പാർവ്വതീ പരമേശ്വരൗ“? എന്നറിയുവാൻ ഇടവന്നിട്ടുളളവരുടെ- ഒരു താത്‌കാലികസമിതിയെ അക്കാദമി അഥവാ ഗവൺമെന്റ്‌ ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്നത്തെ നില തുടർന്നാൽ കവിത മാത്രമല്ല, സർഗ്ഗാത്മകസാഹിത്യം മുഴുവൻ അവിദൂരഭാവിയിൽ നാമാവശേഷമാകും. മലയാളം ലിപി വേണ്ട, ഇംഗ്ലീഷ്‌ ലിപി മതി ഇനിമേലിൽ മലയാളത്തിന്‌ എന്നൊരു ധാരണയിലേക്കാണ്‌ ഇന്നു കേരളത്തിൽ പടർന്നുപിടിച്ചിട്ടുളള ഇംഗ്ലീഷ്‌ മീഡിയം വിദ്യാഭ്യാസരീതി നമ്മെ എത്തിക്കാൻ പോകുന്നത്‌.

ഇപ്പോൾത്തന്നെ നടപ്പിൽവരാൻ തുടങ്ങിയിട്ടുളള സകാരദ്വിത്വതിരസ്‌കാരത്തിന്റെ സ്ഥിതി നമ്മെ അമ്പരപ്പിക്കേണ്ടതാണ്‌. ”തപസ്സ്‌, വയസ്സ്‌, മനസ്സ്‌“ എന്നിവ നോക്കുക. മഹാകവി ഉളളൂരിന്റെ പ്രസിദ്ധമായ ഒരു ശ്ലോകമുണ്ടല്ലോഃ

‘സുഖം സുഖം ഭൂമിയെ നാകമാക്കാൻ

വേധസ്സു നിർമ്മിച്ച വിശിഷ്‌ട വസ്‌തു

അതെങ്ങതെങ്ങെന്നു തിരഞ്ഞുതന്നെ

ആയസ്സു പോക്കുന്നു ഹതാശർ നമ്മൾ.’

ഈ ശ്ലോകം ഇനിമേൽ അച്ചടിക്കുന്നത്‌ ‘വേധസു, ആയസു’ എന്നൊക്കെ ആയിരിക്കുമല്ലോ. അപ്പോൾ വൃത്തം തെറ്റും. പക്ഷേ, വൃത്തം തെറ്റിയാലെന്ത്‌? അതൊരു ചോദ്യംതന്നെയാണ്‌. ചോറിന്നിടയിൽ ഇടയ്‌ക്കോരോ കല്ലുകടി അനുഭവപ്പെട്ടാലെന്ത്‌? അതും ഒരു ചോദ്യംതന്നെ.

ഇതിനൊക്കെ ഇവിടെ പ്രസക്തിയെന്ത്‌? എന്നാണെങ്കിൽ, ഞാനെന്ന അഹങ്കാരത്തിൽനിന്ന്‌ വിടുതി ലഭിക്കുമ്പോൾ മാത്രമേ നമുക്ക്‌ ആനന്ദാനുഭൂതി ഉണ്ടാകയുളളൂ. ഈ ആനന്ദാനുഭൂതിയാണ്‌ അമ്പലത്തിൽ കൈകൂപ്പി നിന്നു കണ്ണടയ്‌ക്കുമ്പോളെന്നപോലെ ഉത്തമ സാഹിത്യകൃതിയിൽനിന്നു ലഭിക്കുന്നതും. വൃത്തബദ്ധമായ കവിതയിൽനിന്നു ലഭിക്കുന്ന ആനന്ദത്തെ അതിവർത്തിക്കുന്ന ഒരാനന്ദമുണ്ടെങ്കിൽ അതു സംഗീതത്തിൽനിന്നാണു നമുക്കു ലഭിക്കുക. സംഗീതത്തിൽനിന്നു ലഭിക്കുന്ന ആ നിർവൃതി നൽകുന്ന സാഹിത്യമാണു കവിത. അതു നഷ്‌ടപ്പെട്ടുപോയാൽ പിന്നെ അധികം താമസിയാതെ ചെറുകഥയും നോവലും എല്ലാം അപ്രസക്തമാവും.

ഇങ്ങനെയൊരു പരിതഃസ്ഥിതിയിലേക്കാണല്ലോ ‘അമ്മയ്‌ക്കൊരു താരാട്ട്‌’ കടന്നുവരുന്നത്‌ എന്നോർക്കുമ്പോഴാണ്‌ ഞാൻ ദുഃഖിതനായിത്തീരുന്നത്‌. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച കവികളിലൊരാൾ ശ്രീകുമാരൻ തമ്പിയാണെന്ന്‌ എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ ഒരു മികച്ച പുസ്‌തകം അവതരിപ്പിക്കുമ്പോൾ ഒരുതരത്തിൽ ദുഃഖിതനായിത്തീരുന്നുണ്ടെങ്കിലും മറ്റൊരുതരത്തിൽ അതീവ ആഹ്ലാദിക്കുകയും ചെയ്യുന്നു. കാരണം; ആനന്ദാനുഭൂതിയരുളാത്ത ഒറ്റക്കവിതപോലും ഈ കൃതിയിലില്ല. 61 കവിതകളുളള ഒരു സമാഹാരത്തിൽ എല്ലാ കവിതകളിലും കാവ്യാനുഭൂതി ഓളംവെട്ടുന്നു എന്നു പറയാൻ എന്നെ ശക്തനാക്കുന്നു ശ്രീകുമാരൻതമ്പിയുടെ സർഗ്ഗാത്മകത. മലയാളത്തിൽ ആധുനികം, അത്യന്താധുനികം, ആധുനികോത്തരം എന്നീ ഗോഷ്‌ടികളെല്ലാം കഴിഞ്ഞിട്ടും കവിത നിലനില്‌ക്കുന്നു എന്നാണല്ലോ ശ്രീകുമാരൻതമ്പിയുടെ ഈ കൃതി ദൃഷ്‌ടാന്തവത്‌കരിച്ചിരിക്കുന്നത്‌.

അമ്മയ്‌ക്കൊരു താരാട്ട്‌

ശ്രീകുമാരൻതമ്പി

വില – 55 രൂപ

ഡി സി ബുക്‌സ്‌

(പുസ്‌തകം വാങ്ങിക്കാൻ dcbookstore.com സന്ദർശിക്കുക)

Generated from archived content: book1_apr30_08.html Author: akkitham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here