വലംപിരിശംഖ്‌

വളരെ സാവധാനത്തിലാണ്‌ നാരായണൻ നായർ കൽക്കെട്ടുകൾ കയറിയത്‌.

എന്നിട്ടും നേർത്ത കിതപ്പ്‌.

അറുപതുകൾ താണ്ടിയിട്ട്‌ അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നല്ലോ.

ഞാൻ വൃദ്ധനായിക്കഴിഞ്ഞു.

അത്‌ ഇത്തരത്തിലൊക്കെ കാലം ഓർമ്മപ്പടുത്തുന്നുണ്ട്‌.

ആ തോന്നൽ മനസിനെ കീഴ്‌പ്പെടുത്തിയത്‌ കൊണ്ടാവാം വൈകിയ വേളയിൽ ഇവിടേക്കൊരു വരവ്‌.

അതും ഓർക്കാപ്പുറത്ത്‌.

ഒരടുത്തബന്ധുവിന്‌ ശുചിന്ദ്രത്തെ ഹനുമാൻ സ്വാമിക്ക്‌ വടമാല നേർച്ച. കൂട്ടുവരാൻ ക്ഷണിച്ചപ്പോൾ മടി പറഞ്ഞില്ല. മൂന്നു കടലുകളുടെ സംഗമം ഏറെയില്ലെന്നറിഞ്ഞപ്പോൾ കാണണമെന്നൊരാഗ്രഹം. ബന്ധുവിന്‌ ഉടനെ തിരിച്ചുപോകേണ്ടതിനാൽ യാത്ര തനിച്ചായി. ഇങ്ങോട്ടേയ്‌ക്ക്‌ വന്ന്‌ ഇവിടെ സത്രത്തിൽ താമസം. രാവിലെ ഭഗവതിയെ തൊഴുതിട്ട്‌ കടൽ കരയിലൂടെ വെറുതെ നടന്നു.

എത്രകാലത്തെ മോഹമാണിത്‌.

ഇരുപത്തിരണ്ടാം വയസ്‌സിൽ, കേന്ദ്രഗവൺമെന്റിലെ ഉദ്യോഗസ്ഥനായത്‌ മുതലുളള ആഗ്രഹം.

ജീവിതവ്യഗ്രതകൾക്കിടയിൽ ഒന്നും സാദ്ധ്യമായില്ലെന്നുളളതാണ്‌ പരമമായ സത്യം.

സാരമില്ല.

ജന്മത്തിന്റെ ഉച്ച കഴിഞ്ഞ നേരത്തെങ്കിലും ഇത്‌ തരപ്പെട്ടല്ലൊ.

നിത്യകന്യകയാണ്‌ ദേവി.

മംഗല്യം മുടങ്ങിയെങ്കിലും അതിൽ മനസ്താപപ്പെടാതെ തന്നെ ഭജിയ്‌ക്കാനെത്തുന്നവർക്ക്‌ കാരുണ്യദായകിയാവുകയാണ്‌.

അതോർത്തപ്പോൾ ഉൾമനം വിതുമ്പുന്ന ഒരനുഭവം നാരായണൻ നായർക്കുണ്ടായി.

കൽക്കെട്ടുകൾക്ക്‌ മുകളിലുളള അരഭിത്തിയിൽ അല്പനേരമിരുന്നു. എന്തോ – വലിയ തിരക്കനുഭവപ്പെടുന്നില്ല. സുനാമിയുടെ ഭീകരത ഭയന്നിട്ടാവും ടൂറിസ്‌റ്റുകൾ അന്യമാകുന്നത്‌. കച്ചവടങ്ങളിലും മാന്ദ്യത ബാധിച്ച മട്ട്‌.

കൂടുതൽ സന്ദർശകരും ചെറുപ്പക്കാരാണ്‌.

പരിസരം മറന്ന്‌, മുട്ടിയുരുമ്മി, സൊറ പറഞ്ഞ്‌ അവർ നടന്ന്‌ നീങ്ങുന്നു. അവർക്ക്‌ പങ്കുവയ്‌ക്കാൻ ഹൃദയരഹസ്യങ്ങളുണ്ട്‌. ആസ്വദിക്കാൻ സഹകാരത്തിന്റെ മാധുര്യമുണ്ട്‌. അവർ അവരെത്തന്നെ മറക്കുന്ന നിമിഷങ്ങളുണ്ട്‌.

ദേവി അവർക്കെന്നും നിത്യസന്തോഷം വിധിയ്‌ക്കട്ടെ.

അയാൾ സിമന്റ്‌ഭിത്തിയിൽ നിന്നെഴുന്നേറ്റ്‌ കച്ചവടസ്ഥലങ്ങളിലേക്ക്‌ നടന്നു. ഒരു വലംപിരിശംഖ്‌ വാങ്ങണമെന്നുണ്ട്‌. അത്‌ കുടുംബൈശ്വര്യം തരുമെന്ന്‌ ഏതോ ഒരു ജോത്സ്യൻ പറഞ്ഞത്‌ ഓർമ്മയിലുണ്ട്‌.

അതിന്‌ കച്ചവടക്കാരൻ പറഞ്ഞവില അധികമാണെന്ന്‌ തോന്നി.

പിന്മാറാനയാൾ സമ്മതിയ്‌ക്കുന്നതുമില്ല.

ചെറിയവില പറഞ്ഞുകൊണ്ടാണ്‌ പേശിയത്‌.

അവസാനം കച്ചവടമാക്കി.

ശംഖിന്റെ പൊതി വാങ്ങി തിരിഞ്ഞതും മിഴികളിൽ ഒരു പാലും വെളളരി തൂവിയതും ഒരുമിച്ചായിരുന്നു.

മുന്നിൽ അവൾ – തങ്കം – എന്റെ തങ്കം

“നാരായണേട്ടനല്ലെ?”

അടർന്നുവിണ ശബ്ദത്തിനു മുന്നിൽ നാരായണൻനായരുടെ കരൾ പിടച്ചു. നാല്‌പതുവർഷങ്ങളുടെ ഇടവേള തങ്കത്തിന്‌ ഒന്നുമല്ലന്നൊ.

“ഏട്ടനെന്നെ മനസ്‌സിലായില്ലെ?”

അവളുടെ മയക്കുന്ന ചിരി.

“ഞാൻ തങ്കമാ ഏട്ടാ. വല്ല്യേടത്തെ തങ്കം”

“അതിലും നല്ലത്‌ എന്റെ മുറപ്പെണ്ണെന്ന്‌ പറയുന്നതല്ലെ?”

അയാളിലും ഒരു കുസൃതിയുണ്ടായി.

“അത്‌ പറയാതെതന്നെ അറിയാല്ലോ. ഏട്ടനെന്താ ഒറ്റയ്‌ക്കിവിടെ? ഒപ്പം വീട്ടുകാരില്ലെ?”

“ഒറ്റയ്‌ക്കാ വന്നത്‌. ഒരു മോഹം തോന്നീട്ട്‌.”

“നന്നായി. ഏട്ടനെ എനിക്ക്‌ കാണാൻ കഴിഞ്ഞൂല്ലോ. അതും ഒരു മോഹാരുന്നു!!”

തങ്കത്തിന്റെ ശബ്ദത്തിന്‌ ചിലമ്പലുളളതായി അയാൾക്കനുഭവപ്പെട്ടു. പറയണമെന്നുണ്ടായിരുന്നു. നിന്നെ ചേർത്ത്‌ പിടിച്ച്‌, നിന്റെ മിഴികളിലേക്കുറ്റു നോക്കി ഈ പഞ്ചാരമണലിലൂടെ നടന്നുപോകാൻ കൊതിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അത്‌ മനസ്‌സിലാക്കിയിട്ടും അന്ന്‌ നീ അന്യത നടിച്ചു പിന്മാറി.

പക്ഷെ ഇപ്പോൾ ഇവിടെ ഓർക്കാപ്പുറത്ത്‌ –

എന്തൊരതിശയം!

“വാ ഏട്ടാ. നമുക്കവിടെപ്പോയിരിക്കാം.”

തങ്കം ഗാന്ധിസ്മാരകത്തിന്റെ നേർക്ക്‌ വിരൽചൂണ്ടി.

“നല്ല തണുപ്പുണ്ടവിടെ. നിഴലും”

അടുത്തടുത്ത്‌, എന്നാൽ ഒട്ടും സ്പർശിയ്‌ക്കാതെ അങ്ങോട്ടേയ്‌ക്ക്‌ നടക്കുമ്പോൾ അയാളോർത്തത്‌ തങ്കത്തെ കുറിച്ചായിരുന്നു. അൻപത്താറായിട്ടുണ്ട്‌ തങ്കത്തിന്‌. മുഖത്ത്‌ വല്ലാത്ത കരുവാളിപ്പ്‌. നരച്ചിട്ടില്ല ഒട്ടും. പക്ഷെ ഉടലൊക്കെ വാടിപ്പോയി.

വിരിഞ്ഞ ചൊട്ടയിലെ സ്വർണ്ണ നിറമാർന്ന പൂക്കില.

അതായിരുന്നു തങ്കം പണ്ട്‌.

അച്ഛൻ പെങ്ങളുടെ മകൾ.

പക്ഷെ സാമ്പത്തികം അകറ്റിയ വീട്ടുകാരായിരുന്നു.

എന്നാലും തങ്കത്തിനെ മോഹിച്ചു. ഒരുപാടൊരുപാട്‌. അതുകൊണ്ടു തന്നെ ജോലി കിട്ടിയപ്പോൾ അവളെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചു.

അന്നവൾ ഡിഗ്രി ക്ലാസിൽ പഠിക്കുകയാണ്‌.

“വീട്ടിലുളേളാർക്കിഷ്ടാണേൽ എനിക്കും ഇഷ്ടാ”

എങ്ങും തൊടാത്തമട്ടിൽ തങ്കം മൊഴിഞ്ഞു.

“അല്ലാണ്ട്‌ ഇറങ്ങിവരാനൊന്നും ഞാനില്ല. അത്‌ തെറ്റാ”

വീട്ടിലുളളവർ സമ്മതിയ്‌ക്കാത്തത്‌ കൊണ്ടാവും അവൾ മറ്റൊരാളിന്റെ ഭാര്യയായത്‌.

അന്നനുഭവിച്ച പരമസങ്കടം.

കടിച്ചുപിടിച്ച്‌ സഹിച്ചു. അല്ലാതെ നിവർത്തിയില്ലല്ലോ.

പിന്നെ കാലത്തിന്റെ കുത്തൊഴുക്ക്‌.

വിജയമ്മയുടെ ഭർത്താവായി. അവൾ പ്രസവിച്ച മൂന്നു മക്കളുടെ അച്ഛനായി.

എന്നിട്ടും ആദ്യമോഹത്തിന്റെ അവിസ്മരണീയ ലഹരിയിലേക്ക്‌ മനസ്‌ പലപ്പോഴും കൂപ്പുകുത്തും. തങ്കത്തിനെ ഒന്ന്‌ കാണാൻ കഴിഞ്ഞെങ്കിൽ – ഒന്ന്‌ ചേർത്തു പിടിച്ച്‌ – ഛെ! മനസ്‌സിനെ ശാസിയ്‌ക്കും. തങ്കം എന്റെ പെണ്ണല്ലല്ലൊ. എന്റെ ആരുമല്ലല്ലോ.

ആ മിഴികളിലുമ്മ വച്ച്‌ – ആ അധരങ്ങളിൽ വിരലോടിച്ച്‌ – മയങ്ങാൻ കൊതിയ്‌ക്കുന്ന പ്രായവും ഞാൻ പിന്നിട്ടു.

“നമുക്കിവിടിരിയ്‌ക്കാം”

തങ്കത്തിന്റെ ശബ്ദം. അയാൾക്കത്ഭുതം തോന്നി. അവളിരിയ്‌ക്കുന്നത്‌ ഇപ്പോൾ തന്റെ തൊട്ടരികിൽ –

“എത്ര ദിവസമായി തങ്കം വന്നിട്ട്‌?”

തിരക്കി.

“വല്ല നേർച്ചയുമാണോ?”

“ഉം”

അവൾ തലകുലുക്കി.

“ഒരു പ്രായശ്ചിത്ത നേർച്ച”

“നിന്റെ വിവരങ്ങളൊക്കെ മാധവിചേച്ചി പറഞ്ഞറിഞ്ഞു. ഒക്കെ ദൈവത്തിന്റെ കളി. സഹിയ്‌ക്കാതെ നിവർത്തിയില്ലല്ലോ.”

അവൾ തലയുയർത്തി നോക്കിയപ്പോൾ മനസ്‌സ്‌ പതറി. രണ്ടു മരണങ്ങൾ കണ്ട പെണ്ണ്‌. മകളും ഭർത്താവും. ബാക്കിയായ രണ്ടാൺമക്കൾക്ക്‌ തങ്കം അധികപ്പറ്റായിക്കഴിഞ്ഞു.

പെൻഷനുളളതുകൊണ്ട്‌ ആരെയും ആശ്രയിക്കാതെ ജിവിയ്‌ക്കാം. എന്നാലും –

“എനിയ്‌ക്കിപ്പോൾ ആരൂല്ല നാരായണേട്ടാ”

അവളുടെ മിഴികൾ തുളുമ്പിത്തൂവി.

“പാർക്കാൻ വീടൂല്ല. അതും അവർ വിറ്റു.”

അവളുടെ കൈപ്പത്തികൾ കൂട്ടിപ്പിടിയ്‌ക്കുമ്പോൾ എതിർക്കുമെന്നു കരുതി. ഉണ്ടായില്ല. അതവൾ കൊതിച്ചിരുന്ന ഭാവം.

എത്രയോ നിമിഷങ്ങൾ.

അവളെ പതുക്കെ തോളിലെക്ക്‌ ചേർത്തു. എന്റെ പെണ്ണല്ലെ ഇത്‌. ഞാൻ കൊതിച്ച – മോഹിച്ച – ഞാൻ സങ്കല്പത്തിൽ വാരിപ്പുണർന്ന എന്റെ മാത്രം പെണ്ണ്‌.

പരിസരബോധം ഉൾക്കൊണ്ടതിനാലാവാം അവൾ പിടഞ്ഞുമാറി.

“തങ്കം വിഷമിയ്‌ക്കണ്ട”

അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട്‌ പറഞ്ഞു.

“ഞാനുണ്ട്‌ നിനക്ക്‌ ഏത്‌ സഹായത്തിനും.”

അവളുടെ ചുണ്ടിലൊരു നിന്ദാഹാസം കുരുങ്ങിയത്‌ പോലെ തോന്നി.

“നമുക്കൊരുമിച്ച്‌ പോവാം. നാളെ രാവിലെ. നാട്ടിൽ നിന്നു മാറി ഒരു വീട്‌ വാടകയ്‌ക്കെടുത്ത്‌ നിന്നെ പാർപ്പിക്കാം. ഇനി ഇങ്ങനെ അലയണ്ട. നീ ഇപ്പോഴും എനിയ്‌ക്ക്‌ പഴയ തങ്കം തന്നെ.”

അതവൾ കേട്ടെങ്കിലും അവളുടെ മിഴികൾ അങ്ങ്‌ കടലിന്റെ അനന്തസീമകളിലായിരുന്നു.

പിന്നെയും ജീവിതത്തെക്കുറിച്ചുളള സംസാരങ്ങളിലായി.

തങ്കം ഒക്കെറ്റിനും സമ്മതം മൂളി.

അത്‌ പ്രതീക്ഷിച്ചതല്ല.

ഇപ്പോൾ തന്റെ സാമീപ്യം അവൾ ആഗ്രഹിയ്‌ക്കുന്നുണ്ടാവും.

അസ്തമയം കാണാൻ ആളുകളുടെ തിരക്ക്‌.

എഴുന്നേറ്റു.

അവളുടെ കൈകളിൽ പിടിച്ചുകൊണ്ട്‌ കടലിന്‌ നേർക്ക്‌ നടന്നു. മൂന്നു കടലുകൾ ഒത്തുചേർന്ന്‌ നാലു കാല്പാദങ്ങളെ നക്കി നനച്ചപ്പോൾ പരസ്പരം പെയ്തിറങ്ങുന്ന മന്ദഹാസം. സ്വയം മന്ത്രിച്ചു. നിത്യകന്യകയായ ദേവി മൃദുലമാനസയാണ്‌. വെയിൽ അണയാറായ നേരത്ത്‌, ഒരു തണലായി എന്റെ തങ്കം എന്നരികിൽ.

അവളുടെ ഒപ്പം താമസസ്ഥലത്തേക്ക്‌ ചെല്ലാൻ തുനിഞ്ഞെങ്കിലും അവൾ വിലക്കി. നാളെ രാവിലെ പോകാൻ തയ്യാറായി നിൽക്കും. വന്നാൽ മതി. ഒരുമിച്ചുളള യാത്രയുടെ ആരംഭമാകാം.

അതൊരു അനിവാര്യമായ വിധിയാകും.

രാത്രിയിൽ ഒരു പോളക്കണ്ണടയ്‌ക്കാനാകാതെ നാരായണൻ നായർ തിരിഞ്ഞും പിരിഞ്ഞും കിടന്നു. വിജയമ്മയെ വഞ്ചിക്കുകയാണോ. അഗ്നിസാക്ഷിയായി താലികെട്ടിയത്‌ അവളെയാണ്‌, എന്നും പരിചരിച്ചതവളാണ്‌. തന്റെ സുഖവും ദുഃഖവും മുത്തിയെടുത്തതവളാണ്‌.

എന്നാലും തങ്കം –

അവൾ തളർന്നു തുടങ്ങുമ്പോൾ താങ്ങു കൊടുക്കാൻ തനിയ്‌ക്കൊരു കടമയില്ലെ.

അവൾ മനസുകൊണ്ടു​‍്‌ ഭാര്യയായവളല്ലെ.

അന്നും ഇന്നും എപ്പോഴും അവളെ ആഗ്രഹിച്ചിരുന്നതല്ലെ.

വയ്യ – അവളെ പെരുവഴിയിലുപേക്ഷിയ്‌ക്കാൻ തനിയ്‌ക്കുവയ്യ.

വിജയമ്മയോടു അനീതി കാട്ടുന്നില്ലല്ലോ ഞാൻ.

ആ ആമന്ത്രണത്തിന്റെ ബലത്തിലാണ്‌ നാരായണൻ നായർ നേരം വെളുപ്പിച്ചത്‌.

കുളിച്ച്‌ വേഷം മാറി.

ബാഗൊരുക്കി തോളിലിട്ടു.

തങ്കത്തിന്റെ ലോഡ്‌ജിലെ കൗണ്ടറിൽ ഒരു പയ്യനാണിരിയ്‌ക്കുന്നത്‌. മാനേജരാകുമോ – ആവില്ല – ബോയികളിലാരോ ആവാം.

“റൂം മുപ്പത്തിയാറിലെ തങ്കത്തിനെ വിളിയ്‌ക്കണം. നാരായണേട്ടൻ വന്നിട്ടുണ്ടെന്ന്‌ പറഞ്ഞാൽ മതി.”

“അന്ത അമ്മ റൂം വെക്കേറ്റ്‌ പോയാച്ച്‌”

പയ്യന്റെ തമിഴ്‌ ചുവയുളള വാക്കുകൾ.

“ആമാ ഉങ്കൾക്ക്‌ തരാനൊരു കടിതം തന്നിട്ടുണ്ട്‌. ഇന്നാ”. അവൻ പേപ്പർ വെയിറ്റിനടിയിൽ നിന്നും ഒരു ലെറ്ററെടുത്ത്‌ നീട്ടി.

കത്തു വാങ്ങി. നെഞ്ചിടിയ്‌ക്കുകയാണ്‌. പറയാൻ വയ്യാത്തതെന്താണ്‌ തങ്കം അക്ഷരങ്ങളാക്കിയത്‌. ഒരു യാത്രാമൊഴിപോലും തരാതെയാണല്ലോ അവൾ പോയത്‌.

ഗാന്ധിസ്മാരകത്തിൽ തലേന്നിരുന്ന സ്ഥലത്ത്‌ പോയിരുന്നാണ്‌ കത്ത്‌ പൊട്ടിച്ചത്‌.

നാരായണേട്ടന്‌,

വിധിയും കൊതിയും വെറും സമാന്തരങ്ങളാണെന്ന്‌ അനുഭവിച്ചറിഞ്ഞുട്ടളളവരാണ്‌ നമമൾ. ആ വിധിയെ ഈ വൈകിയ വേളയിൽ നമുക്ക്‌ തിരുത്തിക്കുറിയ്‌ക്കണ്ട.

ഒരു തീത്തുളളിയായി നാരായണേട്ടനെ പൊളളിയ്‌ക്കാൻ മാത്രമാണ്‌ അന്നും ഇന്നും എനിയ്‌ക്കുളള നിയോഗം. അതൊരു അഗ്നിക്കൂനയാക്കി ഏട്ടനെ ദഹിപ്പിയ്‌ക്കാൻ ഞാനാഗ്രഹിയ്‌ക്കുന്നില്ല. എന്റെ വഴിയുടെ അന്ത്യം ഞാൻ കണ്ടു കഴിഞ്ഞു. ഞാൻ പോകട്ടെ.

ഇനിയൊന്നുമില്ല.

സ്വന്തം തങ്കം.

കത്ത്‌ കൈയ്‌ക്കുളളിലിരുന്ന്‌ വിറച്ചു. ഒടുവിലുമവൾ എന്നെ തോല്പിച്ചുകളഞ്ഞല്ലോ.

മുഖം തുടയ്‌ക്കാൻ കർചീഫെടുത്തപ്പോൾ വലംപിരിശംഖ്‌ കയ്യിൽ തടഞ്ഞു. എത്‌ തങ്കത്തിന്‌ കൊടുക്കാമായിരുന്നു. ഐശ്വര്യത്തിനായി.

ഇപ്പോൾ എവിടെ എത്തിയിരിക്കും.

ചിന്താനാകാത്ത കണ്ണുനീരിന്റെ മുൾമുനകൾ നെഞ്ചിൽ തേക്കങ്ങളാവുകയാണ്‌. ദൈവമേ ഇനിയൊരിയ്‌ക്കലും ഞാൻ തങ്കത്തിനെ കാണില്ലന്നൊ – എന്റെ പെണ്ണിനെ –

നിത്യകന്യകയായ ദേവി അവളെ ആവാഹിച്ച്‌ ആത്മാവിലണച്ചാലും, ഒരു പാഥേയവുമായി ജന്മത്തിന്റെ അന്ത്യം വരെ എനിയ്‌ക്ക്‌ കാത്തിരിയ്‌ക്കണം.

അവൾക്കായി.

Generated from archived content: story1_oct20_2006.html Author: akhila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here