വരം

മയങ്ങുന്ന കുഞ്ഞ്‌.

മകന്റെ പിഞ്ചുമുഖത്തേയ്‌ക്കു നോക്കി സുമിത്ര അല്പനേരം സ്വയം മറന്നുനിന്നു.

എന്റെ പൊന്നുമോൻ – എന്റെ – എന്റെ –

അവൻ ഭൂമിയിലെ വെളിച്ചം കണ്ടിട്ട്‌ ഇന്നേയ്‌ക്ക്‌ ഇരുപത്തിയൊന്നു ദിവസം മാത്രം.

കുഞ്ഞിന്റെ ചരടുകെട്ട്‌ കെങ്കേമമായി കഴിയ്‌ക്കണമെന്നാണ്‌ നന്ദേട്ടന്റെ വീട്ടുകാരുടെ നിർബന്ധം. മസ്‌ക്കറ്റിൽ നിന്നും മറ്റെന്നാളെത്തുന്ന നന്ദേട്ടന്‌, മകനെ കാണാൻ അദമ്യമായ ത്വരയാണെന്ന്‌ ഫോണിലൂടെ വ്യക്തമായിട്ടുണ്ട്‌. വിവാഹം കഴിഞ്ഞ്‌ എട്ടാം വർഷം മാത്രം പിതാവായതിന്റെ മനഃക്കുതിപ്പ്‌.

ഈശ്വരാ-

നെഞ്ചിലൊരു കുറ്റബോധത്തിന്റെ കുറുകൽ!

ഉൾക്കുതിപ്പോടെ മകന്റെ നെറ്റിയിൽ മെല്ലെ തലോടി. എന്ത്‌ സമൃദ്ധമായ മുടി. നന്ദേട്ടന്‌ മുടി കുറവാണ്‌. മുപ്പതിലെത്തിയപ്പോൾ തന്നെ കഷണ്ടിയുടെ കടന്നാക്രമണവും തുടങ്ങി.

ഉറക്കത്തിൽ ചിരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ പാൽചുണ്ടിൽ ഒരിളം മന്ദസ്മിതം പതയുന്നു. അതിന്‌ നന്ദേട്ടന്റെ ഛായയുണ്ടോ!

ആ ഓർമ്മയിൽ മനസ്സിലൊരു ബഡവാഹ്‌നിയുടെ ചൂടും ചൂരും. കണ്ണടച്ചപ്പോൾ നീർമുത്തുകൾ കവിളിനെ നനയ്‌ക്കുന്നതായി സുമിത്ര അറിഞ്ഞു. പ്രതീക്ഷിച്ചതുപോലുള്ള സായൂജ്യത തനിക്കു ലഭ്യമായൊ! സ്വയം മറവിയാക്കാൻ ശ്രമിക്കുന്ന ഒരു തീവ്രവേദനയുടെ തീഷ്ണത സ്വന്തം മനസ്സിൽ നിന്നു തന്നെയെടുത്ത്‌ ആത്മാവിലണയ്‌ക്കാതെ ഇപ്പോൾ നിവർത്തിയില്ല.

“സുമിത്രയക്കാ. കടയിൽ പോവണ്ടെ”?

പണിക്കാരി രുഗ്മിണിയാണ്‌. പച്ചക്കറികൾ വാങ്ങണം. അത്യാവശ്യത്തിനു മതി. നന്ദേട്ടൻ വന്നാൽ തിരിച്ചുപോകുന്നതുവരെ

തറവാട്ടിലായിരിക്കുമല്ലൊ താമസം.

രുഗ്മിണിക്കു പൈസയെടുത്തു കൊടുത്തു. അവളുടെ മുഖത്തെപ്പോഴും കരിങ്കൽപടികളുടെ നിരാർദ്രതയാണ്‌.

സംസാരങ്ങളും കുറവ്‌. രുഗ്മിണി ഗേറ്റുകടന്ന്‌ പോകുന്നത്‌ വെറുതെ ജനാലയഴികളിൽ പിടിച്ച്‌ നോക്കിനിന്നു.

ക്ലോക്കിൽ മണി മുട്ടുന്നു. എണ്ണി. ഒൻപത്‌.

ക്ലോക്ക്‌ കൃത്യലോപം വരുത്തില്ല. എല്ലാം കണ്ടും കേട്ടും കടന്നു പോകുന്ന കാലത്തിന്റെ കാലൊച്ചയുമായി അത്‌ മാറ്റങ്ങളുടെ സാക്ഷിയാകുന്നു –

ഇപ്പോൾ എവിടെയായിരിക്കും.

എവിടെ? എവിടെ?

കോളിംങ്ങ്‌ബല്ലിന്റെ ശബ്ദം. ഉള്ളൊന്നു പിടഞ്ഞു. ആരായിരിക്കും സന്ദർശകൻ.

പതറുന്ന മനസ്സോടെയാണ്‌ കതകിന്റെ കൊളുത്തെടുത്തത്‌. ഹല്ല – വിചാരിച്ച ആളല്ല. ആശ്വാസം. അടുത്ത കൂട്ടുകാരി ഊർമ്മിളയാണ്‌. അവളാകെ കോലം കെട്ടിരിക്കുന്നു. കരഞ്ഞു തളർന്ന ഭാവം. മുടി പാറി പറന്ന്‌ – ചുണ്ടുകൾ കരിവാളിച്ച്‌ –

“കുറച്ചുവെള്ളം”-

അവൾ സ്വയമേവ അകത്തേയ്‌ക്കു കടന്നു സെറ്റിയിലിരുന്നുകൊണ്ട്‌ പറഞ്ഞു.

“തല കറങ്ങ്‌ണ പോലെ.”

ഫ്രിഡ്‌ജിലെ തണുത്ത വെള്ളം അവൾക്കു നേരെ നീട്ടുമ്പോൾ സുമിത്രയുടെ കൈകളും വിറയ്‌ക്കുന്നുണ്ടായിരുന്നു. നല്ലആത്മബലമുള്ളവളാണ്‌ ഊർമ്മിള. അവളെ തളർത്താൻ തക്കവണ്ണം എന്തു കാര്യമാണിപ്പോൾ സംഭവിച്ചിട്ടുണ്ടാവുക.

മൗനമുദ്രിതമായ നിമിഷങ്ങൾ –

അവൾ ക്രമേണ ക്രമേണയായി സംയമനത്തിലെത്തിയ ഭാവം.

“നിനക്കു ചായയെടുക്കട്ടെ?”

സുമിത്ര ചോദിച്ചു.

“നിന്റെ ഭാവം കണ്ടിട്ട്‌ ഒന്നും കഴിച്ച മട്ടില്ലല്ലോ”

“ചായ പിന്നെ മതി. നീയിവിടിരിക്ക്‌”.

പാറിപ്പറന്ന മുടി ഊർമ്മിള പിന്നോക്കം മാടി.

“ഒരു ബാഡ്‌ന്യൂസുണ്ട്‌. രാവിലെ അറിഞ്ഞതാ”

“എന്താണ്‌?”

“നമ്മുടെ അശോക്‌ പോൾ മരിച്ചു”

“മൈ ഗോഡ്‌. എങ്ങനെ? എപ്പോൾ?”

“ഹീ കമ്മിറ്റഡ്‌ സൂയിസൈഡ്‌. രാവിലെ ചിന്നിച്ചിതറിയ ദേഹം റയിൽ പാളത്തിലാണ്‌ കണ്ടത്‌. രാത്രിയിലെപ്പോഴോ സംഭവിച്ചതാകും”.

മുഴുവനും കേട്ടോ – സംശയം. നെഞ്ചിൽ പെരുമ്പറകളുടെ മുഴക്കം. കേട്ടത്‌ സത്യമാകരുതെ എന്ന്‌ ഒരു നിമിഷം പ്രാർത്ഥിച്ചു. സ്വയം മരിക്കാൻ തക്കവണ്ണം എന്തുണ്ടായി അശോകിനെന്ന്‌ ചിന്തിക്കുമ്പോൾ ഉള്ളിനൊരു നെരുപ്പോടിന്റെ തീഷ്ണത. അതൊരു ന്യായീകരമാവാം. ചതിക്കുന്നവർക്കും ദ്രോഹിക്കുന്നവർക്കും അവരുടേതായ നീതിശാസ്‌ത്രങ്ങളുണ്ടല്ലൊ. ആ നീതീകരണത്തിന്റെ മുൻപിൽ സത്യം പറഞ്ഞവനും ന്യായം ചെയ്തവനും പരുങ്ങുന്നു. അതിനൊക്കെ സാക്ഷിയായിട്ട്‌ ഒരു മുഴുവൻ ദിവസവും തീർന്നില്ലല്ലോ ഭഗവാനെ.

“ഞാനിതു നിന്നോടു പറയാനായിട്ടാ വന്നത്‌”

ഊർമ്മിള എഴുന്നേറ്റു.

“ബോഡി പോസ്‌റ്റുമാർട്ടത്തിനു കൊണ്ടുപോയിട്ടുണ്ട്‌. ഓഫീസുകാരാ എല്ലാത്തിനും മുൻകൈ എടുക്കുന്നത്‌. പോസ്‌റ്റുമോർട്ടം കഴിഞ്ഞാലുടൻ ശരീരം സെന്റ്‌ മേരീസ്‌ ഓർഫനേജിൽ പൊതുദർശനത്തിനു വയ്‌ക്കും. അവരുടെ പള്ളിയിൽ തന്നെ അടക്കവും”.

“ചായ”-

ചുണ്ടുകളിൽ അസ്പഷ്ടത.

“വേണ്ട. ഒന്നും ഇറങ്ങില്ല. ഞാൻ ഓർഫനേജിലേക്കു പോവുകയാണ്‌. നിന്നെ വിളിക്കുന്നില്ല. നീയാ ശരീരം കാണണ്ടാ.”

“എന്താ കാരണമെന്നോ മറ്റോ -”

“ഒന്നുമറിയില്ല. ആത്മഹത്യാക്കുറിപ്പിൽ ഞാൻ വീണ്ടും അനാഥനായതിനാൽ ഈ ലോകം വിടുകയാണ്‌. എന്റെ മരണത്തിൽ എനിക്കു മാത്രമാണ്‌ ഉത്തരവാദിത്വം എന്നുമാത്രം എഴുതിയിട്ടുണ്ട്‌.”

ഊർമ്മിള ഗെറ്റു കടക്കുന്നത്‌ ഒരു ബിംബംപോലെ നോക്കി നിൽക്കുമ്പോൾ ഉള്ളിൽ കരിങ്കാറുകളിളകി. അശോക്‌ ഇല്ലാതായി എന്ന സത്യവുമായി ഞാനെങ്ങനെ പൊരുത്തപ്പെടും. ഇനിയുള്ള ജീവിതത്തിൽ എനിക്കതിനാകുമോ!

തൊട്ടിലിനകത്തു കിടന്നു കൈകാൽ കുടയുന്ന പൊന്നുമോന്റെ ഞീളൽ.

ചെറുതായി തൊട്ടിലാട്ടിയപ്പോൾ അവൻ വീണ്ടും മയക്കത്തിലേക്കൂർന്നു. പാവം. എന്റെ മകൻ – അവൻ ഒന്നുമറിയുന്നില്ലല്ലൊ. അതൊരു ഭാഗ്യം.

കതകടച്ചിട്ട്‌ കട്ടിലിൽ വന്നിരുന്നു.

ഇല്ലാതായിപ്പോയല്ലോ അശോക്‌.

മനസു മന്ത്രിക്കുന്നു.

ഇല്ലാതായിപ്പോയതല്ല. ഇല്ലാതാക്കിയതാണ്‌.

പാലക്കാട്ടെ ഓഫീസിലേയ്‌ക്ക്‌ മാറ്റമായപ്പോൾ യാത്രയ്‌ക്ക്‌ ട്രെയിനിനെ ആശ്രയിക്കേണ്ടിവന്നു. രണ്ടുമണിക്കൂർ നേരത്തെ വിരസമായ യാത്ര. വായനയിലൂടെയാണ്‌ അത്‌ അലിയിച്ചുകൊണ്ടിരുന്നത്‌. പക്ഷെ സഹയാത്രികരുടെ മമതാപൂർണ്ണതയിലേക്ക്‌ മനസ്സു ക്രമേണയായി കൂപ്പുകുത്താൻ തുടങ്ങി. അങ്ങനെയാണ്‌ അന്ത്യാക്ഷരിമേളത്തിൽ ഉൾപ്പെടാനായത്‌.

അതിന്റെ നേതാവായിരുന്നു അശോക്‌. പിന്നെ ഊർമ്മിള, മനു, ലളിത, സിസിലി എന്നിവർ.

മുപ്പത്തഞ്ചോളമെത്തിയിട്ടും അവിവാഹിതനാണ്‌ അശോക്‌ എന്ന്‌ ഊർമ്മിള പറഞ്ഞറിഞ്ഞു. മാത്രമല്ല അനാഥനുമാണ്‌. സെന്റ്‌ മേരീസ്‌ ഓർഫനേജിന്റെ പിള്ളത്തൊട്ടിയിൽ വീണ പിഞ്ചുകുഞ്ഞിനെ ഫാദർ മൈക്കിൾ ഏറ്റെടുത്തു വളർത്തി പഠിപ്പിച്ചു. പാലക്കാട്ടെ ഇലക്ര്ടിസിറ്റി ബോർഡിലാണ്‌ അശോകിനു ജോലി. താമസം തൃശൂരിലെ ഓർഫനേജിൽ തന്നെ. അസ്സലായി പാട്ടുപാടും. പാട്ടിനോടുള്ള തന്റെ കമ്പം അശോകിനു മനസ്സിലാകുകയും ചെയ്തു.

ഊർമ്മിളയ്‌ക്ക്‌ അശോകിനെ ഇഷ്ടമാണെന്ന്‌ ചില സൂചനകളിലൂടെ വ്യക്തമായി. അതിനെപ്പറ്റി ഒരിക്കലവളോടു സംസാരിക്കുകയും ചെയ്തു.

“എനിക്കിഷ്ടാ അശോകിനെ”.

അവൾ സമ്മതിച്ചു.

“പക്ഷെ വീട്ടിൽ സമ്മതിക്കില്ല. രണ്ടു ജാതിയല്ലെ. പോരെങ്കിൽ അശോകൻ ഓർഫനും”.

അതുപറയുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.

ആരൊക്കെ എതിർത്താലും അശോക്‌ വിളിച്ചാൽ അവളിറങ്ങിച്ചെല്ലുമെന്ന്‌ തീർത്തു പറഞ്ഞു.

നന്ദേട്ടൻ ലീവിനു വന്നപ്പോൾ അശോകിനെ പരിചയപ്പെടുത്തി. അയാളുടെ പതിഞ്ഞ പ്രകൃതം നന്ദേട്ടന്‌ ഒരുപാടൊരുപാടിഷ്ടമാവുകയും ചെയ്തു.

നന്ദേട്ടൻ തന്റെ മുറച്ചെറുക്കാണന്നറിഞ്ഞപ്പോൾ അശോകിന്‌ അമ്പരപ്പായി. രക്തബന്ധത്തിലുള്ളവർ തമ്മിൽ വിവാഹിതരാകുന്ന കാര്യം അശോകിന്‌ അറിവില്ലായിരുന്നു.

വിവാഹം കഴിഞ്ഞിട്ടു വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്ത ദുഃഖം നന്ദേട്ടൻ ഒരിക്കൽ സൂചിപ്പിച്ചു. ഓർഫനേജിൽ നിന്നും

ഒരു കുഞ്ഞിനെ ദത്തെടുത്തുകൂടെ എന്നായിരുന്നു അശോകിന്റെ ചോദ്യം.

“എന്റെ സുമിത്ര പ്രസവിക്കുന്ന കുഞ്ഞിനെയല്ലാതെ മറ്റൊരു കുഞ്ഞിനെ എനിക്കു സ്നേഹിക്കാനാവില്ല.”

നന്ദേട്ടന്റെ സ്വരം പതറി.

“അങ്ങനെയുണ്ടാവും. ഒറപ്പാ. ഞങ്ങളപേക്ഷിക്കുന്നതൊക്കെ ഭഗവാൻ കേൾക്കുന്നുണ്ടല്ലൊ.”

നെഞ്ചു പൊട്ടിപ്പിളരുന്നതുപോലെ തോന്നി അതു കേട്ടപ്പോൾ. തെളിഞ്ഞമാനം കാട്ടി മനുഷ്യരെ കോമാളികളാക്കി മാറിനിന്ന കൊടുങ്കാറ്റ്‌ വീണ്ടും ചീറിയടിക്കുന്ന ഒരവസ്ഥ. ഞാൻ – ഞാൻ മാത്രമറിയുന്ന ഒരു പരമരഹസ്യത്തിന്റെ

പുറംതോടു പൊട്ടിക്കാൻ ഒരിക്കലുമെനിക്കാവില്ലല്ലൊ. എന്റെ യോഗം അങ്ങനെയാകാൻ ഞാനെന്തു പാപം ചെയ്തു.

ഒന്നിച്ചു പഠിക്കുമ്പോൾ തന്നെ സുബൈദ അടുത്ത കൂട്ടുകാരിയായിരുന്നു. അവൾ തിരക്കേറിയ ആശുപത്രിയിലെ

പ്രസിദ്ധിയാർജ്ജിച്ച ഡോക്ടറായി വന്നപ്പോൾ ചില്ലറയായിരുന്നില്ല സന്തോഷം. അതറിഞ്ഞിട്ട്‌ നന്ദേട്ടനും ആഹ്ലാദം. രണ്ടാളും

അവളെ ചെന്നു കണ്ടു. വിദഗ്‌ദ്ധമായ പരിശോധനകൾ. മികച്ച ഡോക്ടർമാരുടെ അഭിപ്രായങ്ങൾ –

“രണ്ടാൾക്കും തകരാറൊന്നുമില്ല. മരുന്നു കഴിച്ചാൽ മാത്രം മതി”.

സുബൈദയുടെ വിടർന്ന ചിരി.

“എങ്കിലും മുകളിലൊരാളുണ്ടല്ലോ. അദ്ദേഹത്തിന്റെ ഇച്ഛപോലെയേ എന്തും നടക്കൂ. ഉള്ളുരുകി പ്രാർത്ഥിച്ചാൽ മതി. അദ്ദേഹം കനിയും”.

വീണ്ടും പുത്തൻ പ്രതീക്ഷകളുടെ നാമ്പുകൾ.

പിറ്റേന്നു സുബൈദ വീട്ടിലേയ്‌ക്ക്‌ വന്നു. നന്ദേട്ടൻ അപ്പോഴവിടെ ഇല്ലായിരുന്നു. കുശലപ്രശ്നങ്ങളും നർമ്മ സംഭാഷണങ്ങളും നടന്നു. ഒടുവിൽ പോകാനിറങ്ങിയപ്പോൾ അവൾ തന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു.

“സുമിത്രേ, ഞാനൊരു സത്യം പറയാൻ പോവുകയാണ്‌. നീ പതറരുത്‌”.

“എന്താണ്‌?”

“രണ്ടാൾക്കും കുഴപ്പമില്ലെന്ന്‌ ഞാൻ പറഞ്ഞത്‌ കളവാണ്‌. നിനക്കു യാതൊരു തകരാറുമില്ല… പക്ഷേ…”

“പക്ഷേ…? എന്താണേലും തുറന്നു പറയെടീ! ”

“നന്ദേട്ടന്‌ – നന്ദേട്ടന്‌ ഒരച്ഛനാകാനുള്ള കഴിവില്ല. ഒരു ചികിത്സയ്‌ക്കും അതു മാറ്റാനുമാവില്ല.”

തല ചുറ്റുന്നതുപോലെ തോന്നി. സുബൈദ താങ്ങി കട്ടിലിൽ കിടത്തി. എവിടെ എന്റെ മകൻ – എന്റെ മാത്രം മകൻ – അവന്റെ ചോരിവായിലേക്കു നീളാൻ എന്റെ മുലക്കണ്ണുകൾ എന്നേ ത്രസിച്ചു തുടങ്ങി.

സുബൈദയുടെ കുറെ സാന്ത്വനങ്ങൾ കേട്ടു. ഒരു മിറക്കിൾ സംഭവിച്ചാൽ അതിനൊരു പരിഹാരമാവും എന്നവൾ സ്ഥാപിച്ചു. രണ്ടുവർഷം മുമ്പ്‌ സുബൈദ അമേരിക്കയിലേക്കു പോയപ്പോഴും അതേ അനുഗ്രഹം നാവിൻതുമ്പിൽ ഉരുണ്ടുകളിച്ചു.

നന്ദേട്ടൻ ഗൾഫിലേയ്‌ക്കു പോയതിന്റെ പിറ്റേ ദിവസം അശോക്‌ വീട്ടിലേയ്‌ക്കു വന്നു. താനാവശ്യപ്പെട്ട ബിമൽമിത്രയുടെ

ഒരു നോവൽ കൊണ്ടുതരാനായിരുന്നു അത്‌.

രുഗ്മിണി അന്ന്‌ വീട്ടിൽ പോയി. ഞായറാഴ്‌ചകളിൽ അവൾക്കങ്ങനെയൊരു പോക്കുണ്ട്‌.

പതിവില്ലാതെ സ്വന്തം അനാഥത്വത്തെപ്പറ്റി അശോക്‌ പലതും പറഞ്ഞുവിതുമ്പി. ഊർമ്മിളയെ അയാൾക്കിഷ്ടമാണ്‌. പക്ഷെ

അവളെ വിവാഹം കഴിച്ചാൽ അതു വിജയിക്കുമോ എന്ന ഭയം! അവളുടെ വീട്ടുകാർ അയാളെ നിന്ദിച്ചാലോ എന്ന വേദന.

അതിനൊരു മറുപടി കൊടുക്കാൻ തന്റെ നാവിൻതുമ്പിൽ ഒന്നും ഉരുണ്ടുണർന്നില്ല.

ഒടുവിൽ –

അമ്മയാകാനാകാത്തതിന്റെ സങ്കടം പറഞ്ഞ്‌ അശോകിന്റെ വിഷമങ്ങൾ ദ്രവിപ്പിക്കാമെന്നാണ്‌ വിചാരിച്ചത്‌. അത്‌ കേട്ടിരുന്നപ്പോഴുള്ള അശോകിന്റെ മുഖഭാവം! പറഞ്ഞുതീർന്നപ്പോഴേക്കും താൻ പൊട്ടിക്കരഞ്ഞുപോയി. അശോകന്റെ സ്പർശനം – ആ കൈക്കുള്ളിലൊരു പുന്തളിരായ നിമിഷം – ഈശ്വരാ – ആ സ്പന്ദനത്തിന്റെ ചൂടിൽ ഹിമശൈലസാനുക്കളിലെ മഞ്ഞുരുകി താഴേയ്‌ക്കൊഴുകിയില്ലെ.

അശോക്‌ യാത്ര പറഞ്ഞില്ല. പോകുമ്പോൾ –

എന്റെ പൊന്നേ എന്നുള്ള ആ ആമന്ത്രണം!

അശോക്‌ തന്നെ ഒരുപാട്‌ സ്നേഹിച്ചിരുന്നോ!

ഒരാഴ്‌ചത്തെ ലീവിനു വിളിച്ചു പറഞ്ഞിട്ട്‌ സ്വയം ഫ്ലാറ്റിലൊരു തടവറ തീർത്തു. വയ്യ ആരെയും നേരിടാൻ വയ്യ – സുമിത്ര

ഇനി ആരുടേതാണെന്ന ചോദ്യം ഉള്ളിൽ ചുഴലിക്കാറ്റുകളിളക്കുന്നു. അവൾ നന്ദേട്ടന്റേതാണോ – അതോ – അതോ –

അശോകിന്റേതോ – പ്രതീക്ഷിച്ചയാൾ പിന്നീടു വന്നില്ല. വരില്ലായിരിക്കും. സുഖമില്ലെന്നു പറഞ്ഞ്‌ നീണ്ട അവധി.

ആ സുഖമില്ലായ്മ ഒടുവിൽ സത്യമാണെന്നുറപ്പായപ്പോൾ താനനുഭവിച്ച ആത്മസംഘർഷം –

സുമിത്ര ഒരമ്മയാകാൻ പോകുന്നു.

വീട്ടുകാരറിഞ്ഞു. നന്ദേട്ടനറിഞ്ഞു. അഭിനന്ദനങ്ങൾ – ആശീർവാദങ്ങൾ – സ്നേഹസൂക്തങ്ങൾ – അപ്പോഴും ആശിച്ച ആ മുഖം കാണാനായില്ല.

ഊർമ്മിള വന്നപ്പോഴാണറിഞ്ഞത്‌ അശോകിന്‌ സ്ഥലം മാറ്റമായെന്ന്‌. വയനാട്ടിലേയ്‌ക്ക്‌ മനഃപൂർവം ചോദിച്ചു

വാങ്ങിയതാണത്രെ.

“എന്നിൽ നിന്നും ഒളിച്ചോടിയതായിരിക്കും.”

ഊർമ്മിള വിതുമ്പി.

“പക്ഷേ ഊർമ്മിളയിനി മറ്റൊരാളെ സ്നേഹിക്കില്ല. ഇന്നും എന്നും ഈ ജന്മം മുഴുവനും അശോകല്ലാതെ മറ്റൊരാൾ ഈ

ജീവിതത്തിലുണ്ടാവില്ല”.

അവൾ ആരോടാണിതു പറയുന്നതെന്ന്‌ ഒരു മാത്ര ചിന്തിച്ചു. അശോകിന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്ന

സുമിത്രയോട്‌.

ആ മുഖമൊന്നു കാണാൻ അദമ്യമായ കൊതി.

എന്റെ കുഞ്ഞിന്‌ ജന്മം നൽകിയവന്റെ മുഖം.

ആ മുഖം കൈക്കുമ്പിളിലൊതുക്കി, ആ കണ്ണുകളിലേയ്‌ക്കുറ്റു നോക്കി, എന്റെ ഉദരത്തിൽ അങ്ങയുടെ ശിശുവാണെന്നു

പറയാൻ എനിക്ക്‌ സ്വാതന്ത്ര്യവുമില്ലല്ലൊ.

പ്രസവത്തിനു നാട്ടിലേയ്‌ക്കു പോയില്ല. ഇവിടത്തെ ആശുപത്രിയിൽ മികവുറ്റ ഡോക്ടർമാരുടെ സേവനത്തിൽ എന്നിൽ നിന്നടർന്ന എന്റെ പൊന്നുണ്ണി. പ്രസവം കഴിഞ്ഞ്‌ നേരെ ഇങ്ങോട്ട്‌ – തറവാട്ടിൽ നിൽക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. നന്ദേട്ടനെത്തിയിട്ട്‌ അതാവാം എന്നു പറഞ്ഞു.

ഇന്നലെ വൈകുന്നേരം –

രുഗ്മിണി പുറത്തുപോയിരുന്നതിനാൽ മുൻകതക്‌ അടച്ചിരുന്നില്ല. അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌

കുഞ്ഞിന്റെ നറും ശബ്ദം കേട്ടത്‌. വന്നുനോക്കുമ്പോൾ കുഞ്ഞിനെ കയ്യിലെടുത്ത്‌ അശോക്‌.

“എന്റെ കുഞ്ഞിനെ കൊണ്ടു പോകാനാണ്‌ ഞാൻ വന്നത്‌”

മുഖവുരയില്ലാത്ത സംസാരം.

“പൂർണ്ണമനസ്സാണെങ്കിൽ സുമിത്രയ്‌ക്കും വരാം. ഒരു സങ്കടവും ഞാൻ വരുത്തില്ല”.

“നിങ്ങടെ കുഞ്ഞൊ! ആരു പറഞ്ഞത്‌.”

അശോക്‌ നിന്ദാഭാവത്തിൽ പുഞ്ചിരിച്ചു.

അതിനർത്ഥം –

“കുഞ്ഞിനെ അവിടെ കിടത്തൂ.”

ഞാൻ ചീറി.

“എന്നിട്ട്‌ അശോക്‌ പുറത്തേയ്‌ക്കുപോ. മേലാലിവിടെ വരരുത്‌”.

അത്‌ അവഗണിച്ചുകൊണ്ട്‌ നടക്കാൻ തുടങ്ങിയ അശോകിനെ താൻ തടഞ്ഞു. ഒടുവിൽ കുഞ്ഞിനു വേണ്ടി പിടിവലിയായി.

“അനാഥാലയത്തിലെ പിള്ളത്തൊട്ടിക്ക്‌ ഒരുപാടു വ്യാപ്തിയുണ്ടല്ലൊ. പക്ഷെ നിങ്ങളതിൽ കിടന്നപോലെ എന്റെ കുഞ്ഞതിൽ കിടക്കണ്ട. എന്നെ അപമാനിക്കാനാണു ശ്രമമെങ്കിൽ ഈ കുഞ്ഞിനേയും കൊണ്ട്‌ ഞാൻ ആത്മഹത്യ ചെയ്യും.

എന്നാലും ശരി നിങ്ങളെപ്പോലൊരാൾക്ക്‌ എന്റെ കുഞ്ഞിനെ ഞാൻ തരില്ല.”

അശോകൻ ആ നിൽപു നിന്നു. കുറെനേരം.

പിന്നെ കുഞ്ഞിനെ കിടക്കയിലേയ്‌ക്കു കിടത്തി.

താനവനെ വാരിയെടുത്തുകൊണ്ട്‌ അകത്തേയ്‌ക്കോടി.

അമ്മിഞ്ഞ കൊടുത്തവന്റെ വിശപ്പടക്കി.

പിന്നെ പൊന്നുമ്മകൾ.

തിരിച്ചു ഹാളിലേയ്‌ക്കു വന്നപ്പോൾ അവിടം ശൂന്യം.

അശോക്‌ – എന്റെ പൊന്നുമോന്റച്ഛൻ!

പോയി – പോയി.

അതുൾക്കൊണ്ടുകൊണ്ടു തന്നെ മിഴികൾ അന്വേഷണത്വരയോടെ നാലുപാടും പായിച്ചു. ഇല്ല – ആരുമില്ല – നിഴലുപോലും.

നിറഞ്ഞ മിഴികൾ പുറംകൈ കൊണ്ടൊപ്പിയിട്ട്‌ ജനാലയ്‌ക്കരികിൽ ചെന്നുനിന്നു.

ആകാശനീലിമയുടെ അനന്തവിസ്‌തൃതികളിലെവിടെയെങ്കിലും താൻ കൊതിക്കുന്നൊരു പൗരുഷമുഖമുണ്ടോ!

ചക്രവാളച്ചെരിവിലെവിടയൊ ഒരു സ്നേഹസാന്ത്വനം.

കാറ്റിനുള്ളിൽ ഭഗ്നസ്നേഹത്തിന്റെ ചിലമ്പൽ.

ആരോടെന്നില്ലാതെ സുമിത്രയുടെ മനസ്സു യാചിച്ചു.

എന്നോടു പൊറുക്കണം.

അതല്ലാതെ എനിക്കുവേറെ നിവർത്തിയുണ്ടായില്ല.

ഏതു കാണാമറയത്തേയ്‌ക്കോടിപ്പോയാലും, താഴെ ഒരു കുരുന്നു മൊട്ട്‌ കൈകാലുകളിളക്കുന്നത്‌ കാണുന്നുണ്ടാവുമല്ലൊ.

സ്വന്തം രക്തത്തിന്റെ ഒരംശം.

വന്നോളൂ – ഞാൻ തരാം – സ്വന്തമാക്കാൻ തരാം.

സുമിത്ര ഭിത്തിയിൽ തലയുരുട്ടി – പെയ്തിറങ്ങുന്ന കണ്ണിർ മഴ.

ഫോണിൽ മണി മുഴങ്ങുന്നു.

സുമിത്ര ഞെട്ടി. ഇനി ആരുടെ നാവിൽ നിന്നാവും ആ വാർത്ത.

ഒളിക്കാൻ എനിക്കൊരു വാല്മീകം കിട്ടിയെങ്കിൽ –

കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ട്‌ സുമിത്ര ഇരുകൈകളും കൊണ്ടു മുഖം പൊത്തി. ചുറ്റും ആർത്തിരമ്പുന്ന കാടുങ്കാറ്റിന്റെ തീഷ്ണത കുറേശ്ശെയായി ഇല്ലാതാവുകയാണോ. അതിന്റെ ചുഴിയിൽ നിന്നടർന്നുവീണ നക്ഷത്രങ്ങളുടെ തിളക്കം ഇതാ എന്റെ പൊന്നുമോന്റെ മുഖത്ത്‌ –

പ്രപഞ്ചദൈവങ്ങളെ – അത്‌ തിരിച്ചെടുക്കരുതെ!

ഇല്ലാതാക്കരുതെ –

അത്‌ നഷ്ടപ്പെട്ടാൽ സുമിത്രയ്‌ക്കു വേറൊരു ലോകമില്ല. ഒന്നുമില്ല.

Generated from archived content: story1_july30_07.html Author: akhila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here