അന്നും ജോലി കഴിഞ്ഞു നേരെ പോയത് ഉസ്‌മാന്റെ സ്‌റ്റുഡിയോലേക്ക് ആയിരുന്നു, ആഗോള സാമ്പത്തിക മാന്ദ്യവും, തുടർന്നുണ്ടായ വ്യാപാര തകർച്ചയും കഴിഞ്ഞ കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയിലെ അന്തഃഛിദ്രങ്ങളിലേക്ക് കടക്കുന്നതിനുമുമ്പായാണ് ആ ചെറുപ്പക്കാരൻ കയറി വന്നത്. നാട്ടിലെ ജമാഅത്ത് ഇസ്ലാമിക്കാരന്റെ എളിമയും വിനയവും നടത്തത്തിൽ പോലും വെളിവായിരുന്നു. 800 ദിർഹമാണ് ശമ്പളമെന്നു പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഉസ്‌മാന്റെ കണ്ണുകൾ കാശ് വലിപ്പിൽ പതിഞ്ഞത് ഞാൻ കണ്ടിരുന്നു. വിളറിയ മുഖത്തോടെ ചെറുപ്പക്കാരൻ തുടർന്നു. നാട്ടിൽ രണ്ടു പെൺകുട്ടികൾ ഉണ്ട് കൂട്ടത്തിൽ സുഖമില്ലാതെ കിടക്കുന്ന ഉമ്മയും, ഉസ്‌മാൻ കാശ് വലിപ്പ് വലിക്കുന്നതിനു മുമ്പായിരുന്നു ചെറുപ്പക്കാരന്റെ അടുത്ത ചോദ്യം. ഈ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മുഖത്ത് കാണാത്ത രീതിയിൽ ഒരു ഫോട്ടോ എടുത്തു തരുമോ?
എടുത്ത ഫോട്ടോക്ക് പൈസ വാങ്ങാതെ ആ ചെറുപ്പക്കാരനെ പറഞ്ഞയച്ചപ്പോൾ ഞാൻ ഉസ്‌മാനോടു ചോദിച്ചു, നീ എന്തെ പൈസവാങ്ങാത്തത് എന്ന്, ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല ഫോട്ടോ ആണ് അതെന്നു പറഞ്ഞുതീരുന്നതിനു മുമ്പ്, ഞാൻ ഇറങ്ങി നടന്നു. ആളുകളെ കണ്ടപ്പോൾ തന്നെ അവരെ മനസിലാക്കിയ എന്റെ “അപാര” കഴിവിനെ ആലോചിച്ചു…..
Generated from archived content: story1_july16_10.html Author: akbar_parammel