ബർമ്മകുമാരന്റെ ഭാര്യ മാണിയെ പാട്ടിലാക്കാൻ കുന്നുമ്പുറത്തെ കശുമാവിൻതോട്ടത്തിലൂടെ പോകുന്നതിന് ആ ദിവസം തന്നെ തെരഞ്ഞെടുക്കാൻ പറമ്പത്ത് പവിത്രനെ തോന്നിച്ചതെന്താവും?
ഏതായാലും പാത്തും പതുങ്ങിയും ആളങ്ങനെ തോട്ടത്തിലൂടെ നീങ്ങുമ്പോൾ അതാ കാണുന്നു-ആശാരിക്കലെ മാവിൽ ഒരു ചീനഭരണി തൂങ്ങുന്നു. സൂക്ഷിച്ചുനോക്കുമ്പോൾ കുമാരേട്ടൻ!
കുമാരേട്ടനെ പവിത്രൻ രക്ഷിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ.
ഒരു ചീനഭരണിയുടെ ആകൃതിയാണ് കുമാരേട്ടനെന്ന് ശ്രദ്ധിച്ചുകാണും. മെലിഞ്ഞ കൈകാലുകൾ. നല്ല കുടവയർ. പറ്റെ വെട്ടിച്ച നരച്ച മുടി. താടിയും മീശയുമില്ല. കാതിൽ കടുക്കൻ, മെതിയടി, നന്നായി മുറുക്കുന്ന സ്വഭാവം.
കോണകവും മണ്ണിന്റെ നിറമുളള തോർത്തുമുണ്ടുമുടുത്ത് തൊടിയിൽ എന്തെങ്കിലും പണിയിലേർപ്പെട്ട നിലയിലാണ് മിക്കവാറും കുമാരേട്ടനെ കാണുക. ആൾ ഒന്നുകിൽ വാഴയ്‌ക്കു കിടയ്‌ക്കുകയാവും അല്ലെങ്കിൽ തെങ്ങിനു തടമെടുക്കുന്നുണ്ടാവും. ചിലപ്പോൾ കയ്പപ്പന്തലുണ്ടാക്കുകയോ, വലിയ ഒരു മുളങ്കോലിൽ അരിവാൾ വരിഞ്ഞുകെട്ടി ഉയരമുളള മുരിങ്ങാമരത്തിൽ നിന്നും കായ പറിക്കുകയോ ആവും. മറ്റു ചിലപ്പോൾ ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത ഒരു പശുവിനെ മേച്ചുകൊണ്ടാവും ആളെ കാണുക.
ഭയങ്കര തടിമിടുക്കും സാമ്പത്തികശേഷിയുമുളള കുമാരേട്ടന് ചെറിയ ഒരു ദുശ്ശീലമുണ്ടായി. അയാൾ അത്യാവശ്യം പത്രം വായിക്കാൻ തുടങ്ങി. വായന മുറുകിയപ്പോൾ കേളപ്പജിയായി ആദർശപുരുഷൻ. ആളുപിന്നെ മൗനവ്രതം ശീലിച്ചു, ആട്ടിൻപാൽ കുടിച്ചു.
“ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാരാണ്, ബ്രിട്ടീഷുകാരല്ല.”
കുമാരേട്ടൻ കൂട്ടുകാരോടും നാട്ടുകാരോടും പറയാനാരംഭിച്ചു. സഭാകമ്പം കൊണ്ട് സ്‌റ്റേജിൽ കേറി പ്രസംഗിക്കാറില്ലെങ്കിലും പ്രസംഗകരേക്കാൾ ശത്രുക്കളുണ്ടായത് കുമാരേട്ടനാണ്.
“നമ്മള് നേർമര്യാദക്ക് ജീവിച്ച് പോവുമ്പോ ഓരോ കുലുമാലുണ്ടാക്കാൻ നടക്കുന്നു!”
നാട്ടുകാർ കുമാരേട്ടനെപ്പറ്റി പറഞ്ഞതങ്ങനെയാണ്. സ്വാതന്ത്ര്യസമരം ഇന്ത്യക്കെതിരെയുളളതാണെന്ന് വിചാരിച്ചവരായിരുന്നു നാട്ടുകാരിലധികം. അവർക്കെപ്പോഴും മുഖാമുഖത്തിന് കിട്ടുന്നത് കുമാരേട്ടനെയാകായാൽ കിട്ടുന്ന എല്ലാ അവസരങ്ങളിലും അവർ അയാളെ ശീട്ടുപോലെ കശക്കി. കീഴരിയൂർ ബോംബുകേസ് വന്നതോടെ പിഞ്ഞാണപ്പീടികയിൽ കേറിയ മൂരിക്കുട്ടന്മാരാണ് കോൺഗ്രസുകാരെന്ന് അവർ വിശ്വസിച്ചു.
ഇതിനിടയിൽ കുമാരേട്ടൻ സ്വത്ത് മുഴുവൻ കോൺഗ്രസിനുവേണ്ടി വിറ്റു കഴിഞ്ഞിരുന്നു. ദേശമൊട്ടുക്ക് വയലും പറമ്പുമുണ്ടായിരുന്ന ആൾ എല്ലാം വിറ്റുതുലച്ചുവെന്ന് നാട്ടുകാർ. ‘ഇവനെന്താ പിരാന്തുണ്ടോ?“ അവർ പരസ്പരം ചോദിച്ചു. ’പെരാന്തെന്നാൽ പൊട്ടുംപൊളിയുമല്ല. ഇതുതന്നെ പെരാന്ത്‘- അവർതന്നെ ഉത്തരവും കണ്ടെത്തി.
ഈ ചോദ്യോത്തരങ്ങൾ നടക്കുമ്പോൾ കുമാരേട്ടൻ കേളപ്പജിയിൽ നിന്ന് സുഭാഷ്‌ചന്ദ്രബോസിലെത്തിയിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ കടുത്ത ആരാധകനായിത്തീർന്നു അയാൾ. ഫലംഃ കൊയിലാണ്ടി അംശക്കച്ചേരി കത്തിച്ചതിനും ഉളളിവേരിമുക്കിലെ പാലം ബോംബുവെച്ചതിനും മുന്നിൽ കുമാരേട്ടൻ!
കൊയിലാണ്ടി അംശക്കച്ചേരി കത്തിച്ചപ്പോൾ കുമാരേട്ടൻ അറസ്‌റ്റു ചെയ്യപ്പെട്ടു. ലോക്കപ്പിൽ വെച്ച് നല്ല തല്ലുകിട്ടി ഇയാൾക്ക്.
”നീ കൊടിപിടിക്കുന്ന കയ്യല്ലെടാ ഇത്?“
ലാടം വെച്ച ബൂട്ടുകൊണ്ടായിരുന്നു ചവിട്ട്. ചവിട്ടു കിട്ടിയ ചില ഞരമ്പുകൾ മൃതമായി. വലതുകൈ പിന്നെ ഉയർന്നില്ല.
വീടുപോയി, പറമ്പുംപാടവും പോയി. ആരോഗ്യം പോയി. എന്നിട്ടും കുമാരേട്ടൻ ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെ സ്വപ്‌നം കണ്ടു.
ആ സ്വപ്നത്തിനിടയിൽ ഒരുനാൾ തുണിയിൽ കല്ലുകെട്ടിക്കൊണ്ടുളള ഇരുട്ടടിയും കിട്ടി ഇയാൾക്ക്. അത് നാട്ടുകാരുടെ വകയായിരുന്നു. ശബ്‌ദം കൊണ്ട് ഇയാൾ തിരിച്ചറിഞ്ഞു, ഇരുട്ടടിക്ക് നേതൃത്വം നൽകിയത് സ്വന്തം അയൽക്കാരായ കോമപ്പൻനമ്പ്യാരും കൃഷ്ണേട്ടനുമാണ്.
പക്ഷേ, കുമാരേട്ടന്റെ സ്വപ്‌നം സഫലമാവുക തന്നെ ചെയ്തല്ലോ! ഇന്ത്യ സ്വാതന്ത്ര്യം നേടുകതന്നെ ചെയ്തല്ലോ!
”എന്തു ഭ്രാന്താ കുമാരേട്ടാ, നിങ്ങളീ കാണിച്ചത്?“
അത്ഭുതത്തോടെ, അവിശ്വസനീയതയോടെ പവിത്രൻ ചോദിച്ചു.
”എന്തിനാ മോനേ ഇനി ജീവിക്കുന്നത്? ഗാന്ധിജി പോയില്ലേ? എല്ലാം പോയില്ലേ?“ – കുമാരേട്ടൻ വിതുമ്പിക്കരയുകയാണ്.
മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ദിവസമാണതെന്ന് പവിത്രൻ ഓർത്തതപ്പോഴാണ്. എല്ലാവരും ഗാന്ധിജിക്കുപിന്നാലെ പോകുമെന്നുളളതുകൊണ്ടാണ് താൻ മാണിയെ വശത്താക്കാൻ ഈ ദിവസം തിരഞ്ഞെടുത്തതെന്നും പവിത്രൻ ഓർത്തുപോയി.
സംഭവത്തിനുശേഷം പവിത്രനെ ആരും ബർമ്മകുമാരന്മാരില്ലാനേരത്ത് മാണിമാരുടെ ചെറ്റകളുന്തുന്നതിന്റെ പേരിൽ മർദ്ദിച്ചിട്ടില്ല. കുമാരേട്ടനെ രക്ഷിച്ചതിലൂടെ പവിത്രൻ ചെയ്തത് രാഷ്‌ട്രത്തോടുളള നീതിയായിരുന്നു. പവിത്രൻ ഗാന്ധിജിക്കൊപ്പം ആദരിക്കപ്പെടുമെന്ന നിലയായി. നാട്ടുകാരിപ്പോൾ ഇന്ത്യക്കാരായല്ലോ? സ്വാതന്ത്ര്യസമരം ഇന്ത്യക്കു വേണ്ടിയായിരുന്നല്ലോ.
കുരച്ചും ചോരതുപ്പിയും കുമാരേട്ടന്റെ ആയുസു നീണ്ടു. കാലം എൺപതുകൾ. കുമാരേട്ടന് സ്വാതന്ത്ര്യസമര പെൻഷനും താമ്രപത്രവും നൽകാൻ ധാരണയായി.
”എല്ലാം രാഷ്‌ട്രത്തിനുവേണ്ടി നൽകിയവനല്ലേ കുമാരാ നീ. വിവാഹം പോലും നീ വേണ്ടാന്നുവെച്ചു. ഇനി ഈ വയ്യാകാലത്ത് രാഷ്‌ട്രം നിനക്ക് ജീവിക്കാനുളള ഒരു വഴി തുറന്നുതന്നിരിക്കുന്നു. ആ സന്തോഷവാർത്ത അറിയിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.“
കോമപ്പൻ നമ്പ്യാരും കൃഷ്ണേട്ടനുമാണ്. അവർ വിവരം പറഞ്ഞു.
”ഫ“ കഫവും ചോരയും ചേർന്ന ഒരു തുപ്പൽ. ”ജനനി ജന്മഭൂമിശ്ച സ്വർഗ്ഗാദപിഗരീയസീ. പെറ്റ തളളക്ക് വല്ലാതാവണകാലത്ത് ഇത്തിരി കഞ്ഞിവെളേളാം നാണം മറക്കാൻ കോടിമുണ്ടും കൊടുത്തതിന് ആ തളളയോട് പ്രതിഫലം പറ്റുമോ നായ്‌ക്കളേ…“ കുമാരേട്ടൻ ഗർജ്ജിച്ചു.
അക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിലെ പായസദാനത്തിന് പായസം കുടിക്കാൻ ക്യൂ നിൽക്കുന്നവരുടെ കൂട്ടത്തിൽ എല്ലുംതോലുമായി കുമാരേട്ടനുമുണ്ടായിരുന്നു. ഇയാളെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് കോമപ്പൻ നമ്പ്യാരും കുഷ്ണേട്ടനും പ്രസംഗവേദിയിലേക്കു പോയി. അവരെ കണ്ടു കുമാരേട്ടൻ ക്യൂവിൽ നിന്നു മാറിയത് അവർ പക്ഷേ കണ്ടില്ല.
”വലിയ ആദർശശാലി. അനുഭവിക്കട്ടെ.“ നമ്പ്യാർ പറഞ്ഞു.
”ഓരോരുത്തനും പറഞ്ഞ ജീവിതം അവനവർ തന്നെ അനുഭവിച്ചേ പറ്റൂ. ആരു വിചാരിച്ചാലും അതു മാറ്റാനാവില്ല. നീ…വാ..“
കൃഷ്ണേട്ടൻ മുറുമുറുത്തു.
ഇവരാണല്ലോ ഇന്നത്തെ പ്രമുഖ പ്രാസംഗികർ. ഇവരാണല്ലോ ഇന്ന് പുതിയ തലമുറയെ അഭിസംബോധന ചെയ്യുക.
വഴിയേ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നാടുനീളെ വിവരം പരന്നു.
അമ്മദ്‌ഹാജിയുടെ അനാളിപ്പീടികയിൽ റേഡിയോവിനു ചുറ്റും ആളുകൾ. എന്താണു രാജ്യത്തു സംഭവിക്കുന്നതെന്ന് ആർക്കും ഒരുപിടിയുമില്ലാത്തതുപോലെ….
കുമാരേട്ടൻ കിതച്ചുകൊണ്ട് ഒതുക്കുകൾ കയറുകയാണ്. അയാളെ ആരോ കൈപിടിച്ചു സഹായിച്ചു.
”ഹാജ്യാരേ, കുറച്ച് ഉണ്ട ശർക്കരവേണം… പൈസ ഞാൻ നാളെ എത്തിക്കാം.“ കുമാരേട്ടൻ പറഞ്ഞു.
”എന്തിനാ കുമാരേട്ടാ ഉണ്ടശർക്കര?“
തൊട്ടടുത്തുണ്ടായിരുന്ന പവിത്രൻ ചോദിച്ചു.
”വാറ്റാൻ. ചാരായം വാറ്റാൻ. മരിക്കാൻ നീ സമ്മതിച്ചില്ലല്ലോ. ഇതുവരെ ഒരുവിധം ജീവിച്ചു. ഇനിയുളള കാലം കുറെക്കൂടി മാന്യമായി ജീവിക്കണ്ടേ?“
പവിത്രനുൾപ്പെടെ എല്ലാവരും സ്തബ്ധരായി. ആരും അനങ്ങുന്നില്ല. റേഡിയോവിന്റെ നേർത്ത ഒച്ച മാത്രം.
അപ്പോഴാണ് പോസ്‌റ്റ്‌മാൻ മാധവനെ കുമാരേട്ടൻ കാണുന്നത്.
”ആ ബ്രിട്ടീഷുകാരുടെ മേൽവിലാസം ഒന്ന് തർവോ? അവരെ വീണ്ടും വിളിച്ചു വരുത്താനാ… മാപ്പു ചോദിക്കാൻ.“
കുമാരേട്ടന്റെ വാക്കുകൾക്കുമുമ്പിൽ സദസ്സാകെ പതറി. ഒരു പോലീസ് വാഹനത്തിന്റെ വരവറിയിപ്പ് അകലെ…
Generated from archived content: story1_aug31_06.html Author: akbar_kakkattil