വരൂ… അടൂരിലേക്കു പോകാം

വളരെ വ്യത്യസ്തമായി, അടൂരിനെക്കുറിച്ചൊരു പുസ്‌തകം ചെയ്യുക ഏറെ വർഷങ്ങളായി ഒരു മോഹമായിരുന്നു. അതിന്‌ ഒരു രൂപം അന്വേഷിച്ചു നടക്കുകയുമായിരുന്നു. ഒരു കഥ പറയുമ്പോലെ അവതരിപ്പിച്ചാലോ എന്ന്‌ ആലോചിക്കാതിരുന്നില്ല. കഥ എന്റെ മാധ്യമമാണ്‌. അതിനാൽ സ്വഭാവികമായി അത്‌ ചെയ്യാനും കഴിഞ്ഞേക്കും. മിഗ്വേൽലെറ്റിനെക്കുറിച്ച്‌ മാർക്കേസ്‌ ചെയ്‌ത ‘ക്ലാൻഡസ്‌റ്റൈൻ ഇൻ ചിലി’ ഒരു മാതൃകയായി മുമ്പിലുണ്ടായിരുന്നുതാനും. ആലോചനകൾ പലവഴി പായവെയാണ്‌ മാതൃഭൂമി ആഴ്‌ചപതിപ്പിൽ നിന്ന്‌ കമൽറാം സജീവ്‌ വിളിക്കുന്നത്‌. ഇത്തവണത്തെ ഓണപ്പതിപ്പിനു വേണ്ടി അടൂരിനെ ഒന്നു കാണാമോ? പതിവുരീതി വിട്ട്‌ തികച്ചും വ്യത്യസ്തമായി, പുതുമകളോടെ… അതെങ്ങനെ വേണമെന്ന്‌ തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം മാഷ്‌ക്കുണ്ട്‌.

അടൂരിനെക്കുറിച്ചെഴുതുന്നതിന്‌ മനസിൽ ഒരുപാട്‌ ‘ഹോംവർക്ക്‌’ നേരത്തെ ചെയ്‌തിട്ടുള്ളതാണ്‌, ചെയ്‌തുവരുന്നതുമാണ്‌. അതുകൊണ്ട്‌ ഒരു ‘മുഖാമുഖം’ എളുപ്പം. തലമുതിർന്ന 23 എഴുത്തുകാരുമായി, മാതൃഭൂമി വാരാന്തപതിപ്പിനു വേണ്ടി വേറിട്ട ഒരു സർഗയാത്ര നടത്തിയതിന്റെ പരിചയവും കൂട്ടിനുണ്ട്‌. (സർഗസമീക്ഷ ഡി.സി.ബുക്‌സ്‌) അതേ തലത്തിലും മാനത്തിലും നിന്നുകൊണ്ട്‌, വളരെ വിഭിന്നമായിത്തന്നെ, ഇതും ചെയ്യാൻ പറ്റിയേക്കും. പക്ഷേ, ‘അടൂരിനെക്കുറിച്ചൊരു പുസ്‌തകം’ എന്ന സങ്കൽപ്പത്തോട്‌ നീതി പുലർത്താൻ എങ്ങനെ സാധിക്കും? അഭിമുഖസംഭാഷണം തന്നെ അതിനു പാകത്തിൽ വളർത്തിയെടുക്കാൻ എന്തു ചെയ്യണം? ഉദ്ദേശിക്കുന്ന കൃതിയുടെ ഉള്ള്‌ അങ്ങനെ ഉരുത്തിരിഞ്ഞു വരികയായിരുന്നു. പിടിച്ചാൽ പിടിവിടുന്നതല്ല സജീവിലെ ഊർജ്ജസ്വലനായ പത്രാധിപർ. അപ്പോഴേ, ഈ പുസ്‌തകം നടക്കുമെന്ന്‌ ഉറപ്പായിരുന്നു – അടൂരിന്റെ ജീവിതവും സിനിമാസമീപനങ്ങളും.

സമ്പൂർണ്ണമായ ജീവചരിത്രമോ ആത്മകഥയോ ഒരാളുടെ കാര്യത്തിലും സാധ്യമല്ലല്ലോ. ഈ കൃതി ഇത്‌ രണ്ടിനോടുമടുത്തു നിൽക്കുമെങ്കിൽ സന്തോഷമൊന്ന്‌ വേറെതന്നെ. ആ ഒരു വിധത്തിലാണിത്‌ മാതൃഭൂമി ഓണപ്പതിപ്പിനുവേണ്ടി ഞാൻ സംവിധാനം ചെയ്‌തതും ഇപ്പോൾ ഒരു വിപുലീകരണം നടത്തി പരിഷ്‌ക്കരിച്ചതും. ഒപ്പം അടൂർ സിനിമകളോടുള്ള എന്റെ മനോഭാവവും ഞങ്ങളുടെ ഇടപെടലുകളിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരു പ്രത്യേക ലേഖനവും എഴുതിച്ചേർത്തിട്ടുണ്ട്‌.

മറ്റൊരു മോഹംകൂടി ഈ പുസ്‌തകപ്രസാധനത്തിലൂടെ സാധ്യമാവുന്നതും പറയാതിരിക്കാൻ കഴിയുന്നില്ല.

ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ ഞാനൊരു സിനിമാക്കമ്പക്കാരനാണ്‌. കോളേജ്‌ വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ ഫിലിം സൊസൈറ്റിപ്രസ്ഥാനവുമായി ബന്ധവും തുടങ്ങി, അതിന്നും തുടരുന്നു. അന്നേ സിനിമകളെക്കുറിച്ച്‌ അപൂർവ്വമായി ആനുകാലികങ്ങളിലും മറ്റും എഴുതാറുണ്ടായിരുന്നു. ശ്യാം ബെനഗൽ, മണി കൗൾ തുടങ്ങിയവരുമായിട്ടൊക്കെ കത്തിടപാടുകൾ വരെ നടത്തിക്കളഞ്ഞിട്ടുണ്ട്‌ അന്ന്‌! ചിലതെല്ലാം അങ്ങിങ്ങ്‌ അച്ചടിച്ചുവരികയുമുണ്ടായി. കോഴിക്കോടൻ അദ്ദേഹത്തിന്റെ ഒരു പുസ്‌തകത്തിന്‌ കുട്ടിയായിരുന്ന എന്നെക്കൊണ്ട്‌ ഒരു അവതാരിക എഴുതിച്ചത്‌ പിൽക്കാലത്ത്‌ കിട്ടിയ ഒരു വലിയ ബഹുമതിയായിരുന്നു. ഇങ്ങനെ പലപ്പോഴായി എഴുതിയ സിനിമാലേഖനങ്ങൾ – ചില ഒറ്റ സിനിമാപഠനങ്ങൾ ഉൾപ്പെടെ വായിച്ച്‌ നേരെയാക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ (അതിൽ സത്യവുമുണ്ട്‌) മാറിനടക്കുകയായിരുന്നു. എന്റെ ആദ്യ സിനിമാ പുസ്‌തകം അടൂർസാറിനെക്കുറിച്ചുള്ളതായിരിക്കണമെന്ന്‌ സ്വകാര്യമായി മോഹിച്ചു. അതിന്റെ സാഫല്യം കൂടിയാണീ കൃതി.

മറ്റൊരു കാര്യം. നമ്മൾ ആരെ സമീപിക്കുമ്പോഴും നമുക്കു മാത്രമല്ല, ആർക്കും അദ്ദേഹത്തോട്‌ ചില ചോദ്യങ്ങൾ ഉന്നയിക്കാനുണ്ടാവും. അത്‌ ചോദിക്കപ്പെടാതെ പോകുന്നു. ഉദാഹരണത്തിന്‌ അഴീക്കോട്‌ മാഷ്‌. അദ്ദേഹത്തിന്‌ അടൂരിനോട്‌ എന്തെങ്കിലും ചോദിക്കാനുണ്ടാവില്ലേ? മറിച്ചും? എന്നാൽ അതൊരിക്കലും നടക്കുന്നില്ല. ഇത്തരമൊരാലോചനയിൽ നിന്നാണ്‌ എന്റെ ഹോംവർക്കിനിടയിൽ പ്രാതിനിധ്യ സ്വഭാവത്തോടെ കുറച്ചു പ്രമുഖരെ മനസിൽ കണ്ട്‌ രണ്ടോ മൂന്നോ ചോദ്യങ്ങൾ പറഞ്ഞുതരാൻ അഭ്യർത്ഥിച്ചത്‌ – വ്യക്തിപരമായ സ്നേഹത്തിനുപുറത്ത്‌. അതും ഫോണിലൂടെ. ഗുരുസ്ഥാനീയനായ അഴീക്കോട്‌, സുഹൃത്തുക്കൾ ഭരത്‌ മമ്മൂട്ടി, സാംസ്‌കാരിക വകുപ്പു മന്ത്രിയും കലാമർമ്മജ്ഞനുമായ എം. എ. ബേബി, കഥാകൃത്തും പത്രപ്രവർത്തകനുമായ എസ്‌. ഭാസുരചന്ദ്രൻ, സ്‌ത്രീപക്ഷവാദിയും എഴുത്തുകാരിയുമായ ജെ. ദേവിക എന്നിവർ ഇതിനോട്‌ സഹകരിച്ചു. ‘ഇത്തരമൊരു വായനാനുഭവം മലയാളത്തിൽ ഇതാദ്യം’ എന്ന്‌ മാതൃഭൂമി പരസ്യം ചെയ്‌തത്‌ ഒട്ടും അതിശയോക്തിയല്ലെന്നു തോന്നുന്നു. ഈ ഭാഗം പുസ്‌തകത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു.

പുസ്‌തകത്തിൽ പുതിയൊരിനം കൂടിയുണ്ട്‌ – അടൂരിന്റെ മകൾ അശ്വതിക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ പറയാനുള്ളത്‌. തുടക്കത്തിൽ ഒന്നു മടിച്ചെങ്കിലും ഒടുവിൽ എന്നോടുള്ള സ്നേഹത്തിനു വഴങ്ങിയതിൽ അശ്വതിയോട്‌ എനിക്കുള്ള സന്തോഷം വലുതാണ്‌.

ചില പേരുകൾ കൂടി പരാമർശിക്കാനുണ്ട്‌. ദിവസങ്ങളോളം അടൂർസാറുമായി നടത്തിയ സംഭാഷണം നിരവധി കാസറ്റുകളിലായി പിടിച്ചെടുത്ത്‌ ക്ഷമാപൂർവ്വം തയ്യാറാക്കി എനിക്കു വലിയ പിന്തുണയായി വർത്തിച്ച എ. കെ. അബ്ദുൾ ഹക്കീമിനെ… ഞങ്ങൾക്ക്‌ സഹായങ്ങൾ നൽകിയ മടവൂർ ശശിയെ, ഉമാ മഹേശ്വരിയെ…

മാറ്റർ വെളിച്ചപ്പെടും മുമ്പു തന്നെ ഇതിനോട്‌ താൽപര്യം കാണിച്ച രവി ഡീസിയെയും ഇവിടെ ഓർക്കുകയാണ്‌.

നന്ദി, പേരെടുത്തു പറഞ്ഞ എല്ലാവർക്കും, പേരെടുത്തു പറഞ്ഞിട്ടില്ലാത്ത – ഇതോടൊപ്പം നിന്ന – മറ്റെല്ലാവർക്കും.

അവസാനമായി, ആദ്യമേ പറയേണ്ടിയിരുന്ന ഒരാളെപ്പറ്റി – അടൂർ സാറിനെപ്പറ്റി. അദ്ദേഹത്തെക്കുറിച്ചു പറയാനുള്ള വാക്കുകൾ ഞാൻ അദ്ദേഹത്തോടു പറയുന്നുണ്ട്‌, ഞങ്ങളുടെ സംഭാഷണത്തിന്റെ ഒടുവിൽ. അതും എന്റെ വായനക്കാരുമായി പങ്കുവെക്കുകയാണ്‌.

ഇത്‌ എന്റെ മുപ്പത്തി ഒന്നാമത്തെ പുസ്‌തകം. വരൂ, അടൂരിലേക്ക്‌ പോകാം.

അക്‌ബർ കക്കട്ടിൽ

വില ഃ 55 രൂ.

പ്രസാഃ ഡി.സി.

Generated from archived content: book1_mar9_07.html Author: akbar_kakkattil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English