സാമൂഹികപ്രതിബദ്ധതയുളള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് അശോകൻ ഏങ്ങണ്ടിയൂർ. നടത്തുന്ന രചനകളിൽ ആത്മാർത്ഥതയുണ്ടെന്നു മാത്രമല്ല, എഴുതുന്നതെന്തും സാമൂഹികപരിഷ്‌കരണത്തിനും പുരോഗതിക്കും വേണമെന്ന കൂട്ടത്തിലാണ് അശോകൻ ഏങ്ങണ്ടിയൂർ.
‘എങ്കിലും എന്റെ പ്രിയ നാടേ’ എന്ന ആദ്യനോവൽ അശോകന്റെ ജന്മനാടിന്റെ ലഘുചരിത്രം കൂടിയാണ്. തെക്കേ മലബാറിലെ നാട്ടിക ഫർക്ക സ്വാതന്ത്ര്യസമരത്തിന്റെയും കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെയും ഉജ്വലസ്‌മരണകൾ ഉയർത്തുന്ന തീരദേശമാണ്. ആ തീരദേശത്തിലെ അറിയപ്പെടാത്ത ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ കഥ. മനുഷ്യസ്‌നേഹിയായ ഒരു പച്ച മനുഷ്യന്റെ കഥ. ഗാന്ധിജിയുടെ കപട അനുയായികളിൽനിന്നും വ്യത്യസ്‌തനായ ഒരു നിസ്വാർത്ഥ ജനസേവകന്റെ കഥ. ആരുടെയും മനസ്സിനെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന രീതിയിൽ, തന്മയത്വത്തോടെ തന്റെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നു പ്രധാന കഥാപാത്രത്തെ-ബാപ്പുക്കായെ- “എങ്കിലും എന്റെ പ്രിയ നാടേ” എന്ന കൃതിയിൽ.
ഏഴ് അദ്ധ്യായങ്ങളും 52 പേജുകളുമുളള ഈ കൊച്ചു നോവലിന്റെ പ്രത്യേകത ഓരോ അദ്ധ്യായവും ഓരോ കൊച്ചുകഥയാണ് എന്നുളളതാണ്. അതും വെറും കഥകളല്ല. ഹൃദയസ്‌പർശിയായ കഥകൾ. ഒരു ഗ്രാമത്തിലെ കൊച്ചുകൊച്ചു സംഭവങ്ങൾ ഹൃദയത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. നാട്ടിക ഫർക്കയിലെ പൊതുവേ പറഞ്ഞാൽ മണപ്പുറത്തെ കാലത്തിന്റെ കഥയാണ് ഈ കൊച്ചുനോവൽ.
ഈ നോവൽ വായിച്ചുകഴിയുമ്പോൾ ഒരു തുളളി കണ്ണുനീർ. തുളളിക്കല്ല പ്രാധാന്യം. പിന്നെയോ അശോകൻ ഏങ്ങണ്ടിയൂർ നമുക്കു തന്ന മഹത്തായ ഒരു വലിയ ആശയത്തിന്റെ പ്രചരണത്തിനാണ് ഓരോരുത്തരും തുനിയേണ്ടത്. ലഘുനോവലാണെങ്കിലും ഒരുപക്ഷേ, ചെറുകാടിന്റെ അനന്തരാവകാശി എന്ന് അവകാശപ്പെടാൻ അശോകൻ ഏങ്ങണ്ടിയൂരിന് കഴിയുമെന്നതിൽ സംശയമില്ല.
(ചിന്ത, ആഗസ്‌റ്റ് 27, 2004)
എങ്കിലും എന്റെ പ്രിയ നാടേ (നോവൽ)
അശോകൻ ഏങ്ങണ്ടിയൂർ
കറന്റ് ബുക്‌സ്, വില ഃ 32 രൂപ
Generated from archived content: book1_dec1.html Author: ak_machingal