സത്‌സംഗം

കോണ്ടസാക്ലാസ്സിക്‌, സീലോ, ടാറ്റാ എസ്‌റ്റേറ്റ്‌, മാരുതി എസ്‌റ്റീം, സെൻ. തവിട്ട്‌ നിറമുളള കോണ്ടസയുടേയും ആകാശനീലിമയാർന്ന ഏസ്‌റ്റീമിന്റെയും ഇടയ്‌ക്ക്‌ പൗരാണിക ധ്വനികളുമായൊരു മോറിസ്‌ മൈനർ. രണ്ടേക്കറോളം വരുന്ന സ്ഥലത്തിന്റെ കോണിൽ നിൽക്കുന്ന ഓഡിറ്റോറിയത്തിന്‌ സമീപം നിരവധി കാറുകൾ പാർപ്പിക്കപ്പെട്ടിരുന്നു. ലാറിബേക്കറിന്റെ വാസ്‌തുശില്‌പ ചാതുരിയിലാണ്‌ ഓഡിറ്റോറിയം പണിതിരുന്നത്‌. അതിനിണങ്ങുന്നതായിരുന്നു വിശാലമായ മുറ്റം. പൊതുനിരത്തിൽ നിന്ന്‌ ഓഡിറ്റോറിയംവരെ മൺനിരത്ത്‌. നിരത്തിനിരുപുറവുമായി ചെറുകുന്നുകളും നീർച്ചാലുകളുമൊക്കെയായി പുൽത്തകിടി. ഒന്ന്‌ രണ്ട്‌ കൊന്നമരങ്ങൾ, ചെറിയ മാവുകൾ, വേപ്പ്‌ മരങ്ങൾ, നാരകം, മുല്ലപടർന്നൊരു കിളിമരം, മൂന്ന്‌ നാല്‌ ചെന്തെങ്ങുകൾ. പഴയകാലത്തെ കയ്യാലപോലെ കെട്ടിയുണ്ടാക്കിയ മതിലിനടുത്തായി നിൽക്കുന്ന ആലിൻചോട്ടിലെ കരിയിലകൾ തൂത്ത്‌ മാറ്റാറില്ല. പരസ്‌പര പൂരകമായി പുൽത്തകിടിയും കരിയിലമെത്തയും. ആലിന്റെ ചോട്ടിലായി തിരിതെളിക്കാറില്ലാത്ത കല്ലുവിളക്ക്‌. മതിലിന്റെ ഓരത്തായി പൂവിട്ടുനില്‌ക്കുന്ന പലതരം കുറ്റിച്ചെടികൾ.

മൺവഴിക്കിരുവശത്തുമായി തൂക്കിയ കുരുത്തോലകൾക്കിടയിലൂടെ കാഴ്‌ചകൾ കണ്ട്‌ കൊന്നമരത്തിന്റെ തണലിൽ നിൽക്കുകയായിരുന്നു മുകുന്ദൻ. വൃശ്‌ചികക്കുളിർ ഒമ്പത്‌ മണിക്കഴിഞ്ഞിട്ടും വിട്ടുമാറിയിരുന്നില്ല. കൊന്നമരത്തണലിലൂടെക്കടന്ന്‌ പോയ കരക്കാറ്റ്‌ ആലസ്യത്തിലേക്കൊരു വാതിൽ മെല്ലെത്തുറന്നു. കാറുകളിലും ഇരുചക്രവാഹനങ്ങളിലും കാൽ നടയായും ആളുകൾ വന്നുകൊണ്ടേയിരുന്നു. ഉപരിമധ്യ വർഗ്ഗമായിരുന്നു ഭൂരിപക്ഷവും. സത്‌സംഗത്തിന്റെ നടത്തിപ്പ്‌ ചുമതല നഗരത്തിലെ ഏതാനും സമ്പന്നകുടുംബങ്ങളാണ്‌ ഏറ്റെടുത്തിരുന്നത്‌. ഗുരുവിന്റെ ചിത്രമുളള പോസ്‌റ്റർ നാടെമ്പാടും പതിച്ചിരുന്നു. ജ്‌ഞ്ഞാനിയും യോഗിയുമായ മഹാത്‌മാവാണ്‌ കുടകിൽ നിന്നെത്തുന്ന ഗുരു.

മുകുന്ദൻ ആഡിറ്റോറിയത്തിന്‌ മുന്നിൽ നിന്നും കുറച്ചകലെയുളള തൈമാവിന്റെ താഴ്‌ന്നു കിടന്ന കൊമ്പിൽ ഇരുന്നു. വശങ്ങൾ പിഞ്ഞിയ ലതർ ഷൂസ്‌ ഊരിയിട്ടു. സോക്‌സിടാത്ത പാദങ്ങളിലെ വിരലുകൾക്കിടയിൽ വൃശ്‌ചികക്കുളിര്‌ ഉരുമ്മിക്കളിച്ചു. കോളേജിലിപ്പോൾ വൈദ്യുത യന്ത്രങ്ങളുടെ പ്രാക്‌ടിക്കലാണ്‌. അത്‌ കഴിഞ്ഞാൽ മെഷീൻ ഡിസൈൻ തിയറി. ഉച്ചയ്‌ക്കെങ്കിലും കോളേജിൽ തിരിച്ചെത്താൻ കഴിയുന്നകാര്യം സംശയമാണ്‌. ഗുരുജി ഇനിയുമെത്തിയിട്ടില്ല. അരിശം മുകുന്ദന്റെ നെറ്റിയിൽ ചുളിവുകൾ വീഴ്‌ത്തി. ആരാന്റെ പറമ്പിലും പാടത്തുമാകും ഇപ്പോൾ അച്‌ഛനുമമ്മയും. കീറിത്തുടങ്ങിയ ഈ ഷൂസുകണ്ടാൽ ചെരിപ്പിടാതെ നടക്കുന്ന അച്‌ഛന്റെ ഉളള്‌ മുറിയും. കണിശങ്ങൾക്കപ്പുറത്ത്‌ അച്‌ഛനൊരു നിഷ്‌ക്കാമിയാണ്‌. ഇസ്‌തിരിയിടാത്ത നരച്ചുതുടങ്ങിയ സ്‌റ്റോൺവാഷിന്റെ ഉടുപ്പ്‌ കണ്ടാൽ അമ്മയുടെ മുഖത്ത്‌ നിഴൽ വീഴും. മുകുന്ദന്റെ നല്ല കുപ്പായങ്ങളും ചെരുപ്പും വീട്ടിൽ പോകുമ്പോഴത്തേക്കായി മാറ്റിവച്ചിരിക്കുകയാണ്‌. ഒട്ടുമാവിന്റെ ചില്ലകൾക്കിടയിലൂടെ വന്ന കാറ്റിൽ അപ്പൂപ്പൻതാടിപോലെ പാറുമായിരുന്ന മനസ്സ്‌ കുറ്റബോധത്തിൽത്തളഞ്ഞു കിടന്നു. ഒരിക്കലും തോരാതെ പെയ്യുമെന്ന്‌ തോന്നിയ മേഘങ്ങൾ മനസ്സിന്‌ മേലാപ്പായി. പൊടിപടലമിളക്കി വരുന്ന ചുഴലികാത്ത്‌ മനസ്സ്‌ മൂകമായി. അതിദീർഘമൊരു മാത്രയ്‌ക്ക്‌ശേഷം പതിവ്‌ തന്നെ സംഭവിച്ചു. കാർമേഘങ്ങളുരുമ്മുന്ന കുന്നിന്റെ ചരുവിൽ ഏകാകിയായ ഒരാൺമയിൽ. മുകുന്ദന്റെ സ്‌പന്ദങ്ങളൊക്കെയും മയിലാട്ടത്തിന്റെ ഗതിയിലിണങ്ങി.

“സ്വാമി റണ്ണിങ്ങ്‌ ലേറ്റ്‌ ഇൻഡെഫിനിറ്റ്‌ലി”

ഉച്ചത്തിലായിരുന്നില്ലെങ്കിലും മുകുന്ദനെ ഉലയ്‌ക്കാനായി ആ ശബ്‌ദത്തിന്‌. മാവിന്റെ തായ്‌ത്തടിയിൽ ചാരിയിരിക്കുന്ന മധ്യവയസ്സ്‌ പിന്നിട്ടൊരാളിലാണ്‌ നോട്ടമെത്തിയത്‌. പ്രാകൃതൻ. മുഷിഞ്ഞ ഒറ്റമുണ്ടും കുപ്പായവും തോളിലൊരു തോർത്തും. ചിരപരിചിതനെപ്പോലെ അയാൾ ചിരിച്ചെങ്കിലും മുകുന്ദന്‌ പരിഭ്രമമാണുണ്ടായത്‌.

“സമയമെത്രയായി?”

മുകുന്ദൻ വാച്ചില്ലാത്ത കൈത്തണ്ട അല്‌പമുയർത്തി ചുമൽ കുലുക്കി.

“അപ്പോൾ നീയും സമയത്തിന്‌ പുറത്തേക്ക്‌ തല നീട്ടാൻ കൊതിക്കുകയാണല്ലേ?”

തന്റെ നേരിലേക്കിയാൾ ഒളിഞ്ഞ്‌ നോക്കിയല്ലോ എന്ന്‌ മുകുന്ദൻ സങ്കോചപ്പെട്ടു.

“എവിടുന്നാ?” പ്രസക്തമല്ലെന്നറിയാമായിരുന്നെങ്കിലും മുകുന്ദൻ ചോദിച്ചു.

“ആലപ്പുഴ”

വളഞ്ഞ്‌ ചുറ്റിയൊരുത്തരം പ്രതീക്ഷിച്ച മുകുന്ദനെ അലങ്കോലപ്പെടുത്തുന്നതായിരുന്നു ആ ഋജുത്ത്വം. ഇടവേളയ്‌ക്ക്‌ ശേഷമേ അടുത്ത ചോദ്യമുണ്ടായുളളൂ.

“വിശേഷിച്ച്‌ ജോലിയെന്തെങ്കിലും?”

“താപസൻ”

മുകുന്ദൻ പൊടുന്നനെ അയാളുടെ ചങ്ങാതിയായി. മാവിൻ കൊമ്പിൽ നിന്ന്‌ താഴെയിറങ്ങി പുല്ലിലിരുന്നു.

“ആരാ ഗുരു?”

“ഒന്നുകിൽ ഗുരുവില്ല അല്ലെങ്കിൽ സമസ്‌ത ചരാചരങ്ങളും എന്റെ ഗുരുക്കൻമാരാ”

“ആശ്രമമോ?”

“എപ്പോഴെവിടെയാണോ, അവിടമാണാശ്രമം. കൃത്യമായ ഡോർനമ്പറില്ല”

അവ്യക്തതയിൽ നിന്നെന്തോ ചികഞ്ഞെടുക്കാനെന്നപോലെ കുറച്ച്‌ നേരമിരുന്നിട്ട്‌ താപസൻ തുടർന്നു.

“ആശ്രമമെന്ന്‌ വേണമെങ്കിൽ വിളിക്കാവുന്ന ഒരിടമുണ്ട്‌. ദില്ലിയിൽ മദൻപുരിയെന്ന റീസെറ്റിൽമെന്റ്‌ കോളനിയിലെ പന്ത്രണ്ടാം നമ്പർ ഗല്ലിയുടെ ആഴത്തിലൊരു മുറി. എന്റെ പേരിൽ വിലയാധാരമുളളതാണ്‌. ഔദ്യോഗിക യാത്രകളുടെ തിരക്ക്‌ കഴിഞ്ഞ്‌ എയർപ്പോർട്ടിൽ നിന്ന്‌ നേരെയും ചിലപ്പോഴൊക്കെ ഗ്രേയ്‌റ്റർ കൈലാഷ്‌ എന്ന പോഷ്‌ കോളനിയിലെ ഫ്ലാറ്റിൽ നിന്നും ഞാൻ മദൻപുരിയിൽ ബസ്സിറങ്ങും. ആശാൻ മദൻപുരി കണ്ടിട്ടുണ്ടാകില്ലല്ലോ?”

വളരെ മുതിർന്ന ആളാണെങ്കിലും സതീർത്ഥ്യനോടെന്നപോലെയുളള പെരുമാറ്റം മുകുന്ദനിഷ്‌ടപ്പെട്ടു.

“വിഭജനകാലത്ത്‌ പാകിസ്ഥാനിൽ നിന്നോടിപ്പോന്നവരെ കുടിപ്പാർപ്പിച്ച സ്ഥലമാ. ഇടുങ്ങിയ ഗല്ലികൾക്ക്‌-വഴികൾക്ക്‌-ഇരുപുറവുമായി ഒന്നിനോടൊന്ന്‌ തൊട്ടുരുമ്മിയാണ്‌ വീടുകൾ. കുടുസ്‌ മുറികളുമായി രണ്ടോ മൂന്നോ നിലകാണും മിക്കവീടുകളും. ഒരേവീട്ടിൽത്തന്നെ പലകുടുംബങ്ങൾ. കുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറുകഴിഞ്ഞവർ വരെയുണ്ടാകും മിക്കവീടുകളിലും. ഇരുവശത്തും തുറന്ന ഓട. കക്കൂസില്ലാത്തവരും അതിഷ്‌ടപ്പെടാത്തവരും ഓടവക്കിൽ രാവിലെയും രാത്രിയിലും പ്രത്യക്ഷപ്പെടും. നിരത്താകെ ചാണകവും മൂത്രവും. കാറ്റടിച്ചാൽ പൊടിപടലം. മഴക്കാലത്ത്‌ ചെളിയും ഛർദ്ദിയും രോഗങ്ങളും. ആ മുറിയുടെ വാതിൽപ്പടിയിൽ ചാരി പുറത്തേക്ക്‌ നോക്കിയിരുന്നാണ്‌ നിർമ്മമതയുടെ തീവ്രപാഠങ്ങളഭ്യസിച്ചത്‌.”

ഓഡിറ്റോറിയത്തിൽ ഭജനയ്‌ക്ക്‌ പകരം കീർത്തനം തുടങ്ങി. ആലാപനത്തിൽ ഇന്ദ്രിയങ്ങളെല്ലാം ഒഴുക്കി താപസൻ കണ്ണടച്ചിരുന്നു. ഘനഗംഭീരമായ ആൺശബ്‌ദം പിൻവാങ്ങി നിമിഷങ്ങൾ കഴിഞ്ഞ്‌ താപസൻ കണ്ണ്‌ തുറന്ന്‌ മൗനിയായി തെല്ലിടയിരുന്നു. പിന്നെ എഴുന്നേറ്റുകൊണ്ട്‌ പറഞ്ഞു.

“കാറും ആളുമൊക്കെക്കണ്ട്‌ കല്യാണമാണെന്ന്‌ വിചാരിച്ച്‌ വിശപ്പടക്കാനാണിങ്ങോട്ട്‌ കയറിയത്‌. സാരമില്ല. വിശപ്പ്‌ താനെ അടങ്ങിക്കൊളളും. ഞാൻ സ്വാമിയുടെ വിവരമൊന്നന്വേഷിക്കട്ടെ”.

താപസൻ വിളിച്ചില്ലെങ്കിലും മുകുന്ദൻ അയാളോടൊപ്പം നടന്നു. പോക്കറ്റിലെ ചില്ലറപ്പൈസയുടെ കിലുക്കം ധനവാനാണെന്ന ബോധം മുകുന്ദനിലുണർത്തി. ചില്ലറയും നോട്ടുമൊക്കെയായി പത്തിരുപത്തഞ്ച്‌ രൂപ കാണാതിരിക്കില്ല. റെക്കോർഡ്‌ ബുക്ക്‌ വാങ്ങാൻ കരുതിയതാണ്‌. താപസന്‌ ആഹാരം വാങ്ങിക്കൊടുക്കണമെന്നൊരു തോന്നൽ പതർച്ചയോടെയെങ്കിലും മനസ്സിലുണ്ടായി.

“വേണ്ട കുഞ്ഞേ. ഞാനിന്നലെ ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിച്ചതേയുളളൂ. ഇനി വൈകുന്നേരത്തോടെ എന്തെങ്കിലും കിട്ടിയാൽ മതി. പിന്നെ നീ അദ്ധ്വാനിച്ചുണ്ടാക്കിയ പൈസയുമല്ലല്ലോ? അദ്ധ്വാനത്തിന്റെ വിലയറിയുന്നവൻ നൽകുന്ന ഭിക്ഷ സ്വീകരിക്കുന്നതേ പുണ്യം.” താപസൻ സൂത്രശാലിയുടെ ചിരി ചിരിച്ചു.

“എങ്കിൽ സ്വയം അദ്ധ്വാനിക്കരുതോ?”

“അദ്ധ്വാനിക്കുമ്പോഴെ ജീവിതത്തിൽ സാർത്ഥകമായി ഇടപെടാൻ കഴിയൂ എന്നതിനാൽ അങ്ങനെതന്നെയാണ്‌ ജീവിച്ചത്‌. ഇപ്പോഴുമതെ. അന്നന്നത്തെ ആഹാരത്തിന്‌ വേണ്ടിയാണ്‌ ഇന്ന്‌ അദ്ധ്വാനിക്കുന്നത്‌ എന്ന നേരിയ വ്യത്യാസം മാത്രം.”

ഓഡിറ്റോറിയത്തിനുമുമ്പിൽ കാത്ത്‌ നിന്നിരുന്നവരുടെ മുഖത്ത്‌ ംലാനതയുണ്ടായിരുന്നു. അല്‌പം മാറിനിന്ന ചെറുസംഘത്തിലൊരാൾ മൊബൈൽ ഫോൺ കീശയിൽ തിരുകി.

“സ്വാമിജി മിനിഞ്ഞാന്നെ പുറപ്പെട്ടുവെന്നാണ്‌ ആശ്രമത്തിൽ നിന്ന്‌ പറയുന്നത്‌”.

“ആ ജൂബയിട്ട ആളില്ലേ, അയാൾ എക്‌സ്‌പോർട്ടറാണ്‌” മുകുന്ദൻ താപസനോട്‌ വിശദീകരിച്ചു. ആ കറുത്തയാൾ ഇവിടുത്തെ പ്രമുഖ ക്രിമിനൽ വക്കീലാണ്‌. ഇളം നീല ഷർട്ടിട്ട സ്വർണ്ണക്കണ്ണടക്കാരൻ പൊതുമരാമത്ത്‌ വകുപ്പിൽ ചീഫ്‌ എൻജിനിയറായിരുന്നു….“

വിശദീകരണം അടുത്തയാളിൽ എത്തുന്നതിനുമുമ്പ്‌ താപസൻ പറഞ്ഞുതുടങ്ങി.

”ആ കറുത്ത്‌ മെലിഞ്ഞ്‌ ഷർട്ട്‌ ഇൻ ചെയ്‌ത ആളാണ്‌ നിങ്ങളുടെ മുൻ പ്രൊഫസർ ജനാർദ്ദനൻ നായർ. ഞാൻ ആദ്യവർഷം പഠിക്കാനെത്തിയപ്പോഴാണ്‌ ഇയാൾ ജോലിയിൽ പ്രവേശിക്കുന്നത്‌. ഹോസ്‌റ്റലിൽ എന്നെയൊക്കെ റാഗ്‌ ചെയ്യാൻ ഇയാളും കൂടുമായിരുന്നു.“

വിസ്‌മയം തിടമ്പേറ്റിയ മുകുന്ദന്റെ ചോദ്യത്തിനും മറുപടിയ്‌ക്കുമിടയ്‌ക്ക്‌ നീലനിറമുളള മാരുതി എസ്‌റ്റീം വന്നുനിന്നു. സംഘാടകരെല്ലാം അതിനടുത്തേക്ക്‌ നീങ്ങി. അസാധാരണ ആജ്‌ഞ്ഞാശക്‌തിയുളള ആഗതൻ വിനയാന്വിതനായി എല്ലാവരോടും സാവധാനത്തിൽ പറഞ്ഞുഃ

”സ്വാമിജി ഇന്നലെ നഗരത്തിലെത്തിയിട്ടുണ്ടെന്ന്‌ കുടകിൽ നിന്നും അറിയിച്ചിട്ടുണ്ട്‌. ഏത്‌ നേരത്തും എത്താം. ആശ്രമത്തിന്റെ കാറിലാണോ വരുന്നതെന്നവർക്കറിയില്ല.“

”എന്റെ ഹോട്ടലിലെത്തിയിരുന്നെങ്കിൽ ഞാനറിഞ്ഞേനെ. മറ്റെവിടെങ്കിലും താമസിക്കുന്നുണ്ടോ എന്നന്വേഷിക്കാം.“ സംഘാടകരിലൊരാൾ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്തു.

”മണി പന്ത്രണ്ടാകുന്നു. ആളുകൾ തിരിച്ചുപോയിത്തുടങ്ങി.“ വക്കീൽ വ്യാകുലപ്പെട്ടു.

”സ്വാമിജിയുടെ രീതിയതാ. പോകുന്നവർ പൊയ്‌ക്കൊളളട്ടെ. താല്‌പര്യമുളളവർ മാത്രം നിന്നാൽ മതി.“ നഗരത്തിലെ അരിയുടെ മൊത്തക്കച്ചവടക്കാരനായ ശിഷ്യൻ വിശദീകരിച്ചു.

സ്വാമിജിയെ സ്വീകരിക്കാനുളള ഒരുക്കങ്ങൾക്കായി ഒരാൾ ഓഡിറ്റോറിയത്തിനുളളിലേക്ക്‌ പോയി. പെൺകുട്ടികൾ താലവുമായി ഓഡിറ്റോറിയത്തിന്റെ പടവുകളിൽ നിരന്നു.

താപസനോടൊപ്പം മൗനിയായി നാരകച്ചുവട്ടിലിരുന്ന്‌ മുകുന്ദൻ സ്വത്വത്തിന്റെ ആഴത്തിലേക്ക്‌ നീണ്ടുപോകുന്ന ഇഴകളുടെ കുരുക്കഴിക്കാൻ യത്‌നിക്കുകയായിരുന്നു. അപ്പോൾ പുൽപ്പരപ്പിന്റെ വിദൂരമൂലയ്‌ക്കുളള മൂത്രപ്പുരയിൽ നിന്നും മുടി പറ്റെ വെട്ടിയ തലയും താടിയും മീശയുമില്ലാത്ത മുഖവുമായി ഒരു കൃശാഗാത്രൻ പുറത്തിറങ്ങി ഓഡിറ്റോറിയത്തിലേക്ക്‌ നടന്നു. സ്വാമിജിയെക്കാത്ത്‌ അക്ഷമരായിത്തുടങ്ങിയിരുന്ന സംഘാടകരാൽ ശ്രദ്ധിക്കപ്പെടാൻ മാത്രം മുഖവില അയാൾക്കുണ്ടായിരുന്നില്ല. അവരുടെ അസ്വസ്ഥത അല്‌പനേരമാസ്വദിച്ചിട്ട്‌ കന്നട കലർന്ന മലയാളത്തിലയാൾ വക്കീലിനോട്‌ പറഞ്ഞു.

”നമ്മൾ സത്‌സംഗം തുടങ്ങുകയല്ലേ?“

”അതേ സ്വാമിജി ഒന്നിങ്ങ്‌ വന്നാൽ മാത്രം മതി.“

ആഗതൻ ചിരിച്ചു. ആഗതന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കിയ വക്കീലിന്‌ അയാളെ എങ്ങനെയെല്ലാമോ പരിചയമുണ്ടെന്ന്‌ തോന്നി.

”വരൂ, നമുക്ക്‌ സത്‌സംഗം തുടങ്ങാം“ ആഗതൻ ക്ഷണിച്ചു.

ഇതോ സ്വാമിജി? അനേകം കാറുകളുടെ അകമ്പടിയോടെ ശിഷ്യൻമാരാൽ പരിസേവിതനായി മാത്രമേ സ്വാമിജി സഞ്ചരിക്കാറുളളല്ലോ. അമ്പരപ്പൊഴിഞ്ഞ വക്കീലിന്റെയുളളിലെ അന്വേഷണ കുതുകിയുണർന്നു. സ്വാമിജിയുടെ ഫോട്ടോയെ കണ്ടിട്ടുളളൂ. നീണ്ട്‌ വളർന്ന മുടിയും ഒഴുക്കൻ താടിയും തിളങ്ങുന്ന കണ്ണുകളുമായി തേജോരൂപം. മുടി പറ്റെവെട്ടി ക്ലീൻഷേവ്‌ ചെയ്‌ത ഇയാളുടെ കണ്ണുകളിലും ആ തിളക്കമുണ്ട്‌. ആൾമാറാട്ടക്കാരനായിരിക്കുമോ? വക്കീലിന്റെയുളളിൽ പ്രതീക്ഷയുടെ നിലാവ്‌ പടർന്നു. ഈ കേസ്സിൽ സ്വാമിജിയുടെ വക്കാലത്ത്‌ തരപ്പെടുത്തണം. പിന്നെ ആശ്രമത്തിൽ നിയമോപദേഷ്‌ടാവ്‌. പിന്നെ കിട്ടാക്കനികൊണ്ടമൃതേത്ത്‌.

”എന്താ പറഞ്ഞത്‌?“ വക്കീലിന്റെ ചോദ്യത്തിന്‌ തല മെല്ലെയാട്ടി കണ്ണുകൾ പകുതിയടച്ചൊരു പുഞ്ചിരിയായിരുന്നു മറുപടി.

ഓഡിറ്റോറിയത്തിനുളളിൽക്കടന്ന്‌ സ്വാമിജിയെ നേരിൽക്കണ്ടിട്ടുളള ഒരേ ഒരാളായ അരിക്കടക്കാരനെ വക്കീൽ തെരഞ്ഞുപിടിച്ചു. ആയിരത്തോളം പേർകൂടിയിരുന്ന സദസ്സിൽ ദൂരെയിരുന്നാണ്‌ അരിക്കടക്കാരാൻ സ്വാമിജിയെക്കണ്ടിട്ടുളളത്‌. കസവ്‌ മുണ്ടുടുത്ത്‌ രണ്ടാംമുണ്ട്‌ പുതച്ച്‌ നീണ്ട്‌ വളർന്ന താടിയും മുടിയുമായി കണ്ണടച്ച്‌ കൂപ്പ്‌ കൈയോടെയിരുന്ന സ്വാമിജിയുടെ മുഖത്തുണ്ടായിരുന്ന എന്തോ ഒന്ന്‌ വെയിലത്ത്‌ നഗ്‌നപാദനായി പൂഴിമണ്ണിൽ നിൽക്കുന്ന ആളിന്റെ മുഖത്തുമുണ്ടായിരുന്നു.

”എനിക്ക്‌ കൃത്യമായിപ്പറയാനൊക്കുന്നില്ല“ എന്ന്‌ അരിക്കടക്കാരൻ വേവലാതിപ്പെടവേ ആഗതൻ കൈകൾ കൂപ്പി. വിവരങ്ങൾ ശ്രദ്ധിച്ച്‌ കേട്ട എക്‌സ്‌പോർട്ടർ മൊബൽ ഫോണെടുത്തിട്ട്‌ എന്തോ ആലോചിച്ച്‌ നിന്നു. പിന്നെ വിനയപൂർവ്വം ആശ്രമത്തിലെ നമ്പർ തിരക്കി. എല്ലാം മനസ്സിലാകുന്നുണ്ടെന്ന്‌ ചിരിച്ച്‌ ആഗതൻ നമ്പർ പറഞ്ഞു. ആശ്രമവുമായുളള സംഭാഷണം ഇടയ്‌ക്ക്‌ നിർത്തിയിട്ട്‌ എക്‌സ്‌പോർട്ടർ നീട്ടിയ ഫോൺ നിരസിക്കപ്പെട്ടു.

”രൂപമാറ്റമാണ്‌ ഞങ്ങളെ കുഴയ്‌ക്കുന്നത്‌.“ ഫോൺ ഓഫ്‌ ചെയ്‌തുകൊണ്ട്‌ എക്‌സ്‌പോർട്ടർ പറഞ്ഞു.

”പ്രത്യക്ഷമായ രൂപമാണോ ഗുരു? ക്രമേണ ഇതൾ വിരിയുന്ന ഭാവമല്ലേ?“ ആഗതന്റെ വാക്കുകളിൽ സരളത.

”ഇതൊക്കെ അളക്കാനുപകരണമുണ്ടായിരുന്നെങ്കിൽ“ എക്‌സ്‌പോർട്ടർ വിപണനത്തിന്‌ ശീലിച്ച നർമ്മം പൊലിച്ചു.

”സാവധാനം ആലോചിക്കൂ ഞാൻ ആ തണലിൽ ഇരിക്കാം.“

ആലോചനയ്‌ക്കൊടുവിൽ താലപ്പൊലിയെടുക്കാൻ വന്ന പെൺകുട്ടികൾ താലവുമായി ഓഡിറ്റോറിയത്തിനകത്തേക്ക്‌ പോയി. കാറുകൾ പാർക്കിങ്ങ്‌ ഗ്രൗണ്ടിൽ നിന്നും ഒഴിഞ്ഞു പോകാനാരംഭിച്ചു. സ്വാമിജിക്കെന്തോ അസൗകര്യമുണ്ടെന്ന്‌ ആശ്രമത്തിൽ നിന്നറിയിച്ചുവത്രെ. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ മുകുന്ദനും താപസനും മരത്തണലിലേക്ക്‌ നടന്നു. അവിടെ ഇളം തണുപ്പ്‌ തൂകുന്ന കാറ്റത്ത്‌ പത്‌മാസനത്തിലിരുന്നയാൾ മിഴിത്തുറക്കുന്നതും കാത്ത്‌ നിന്നു.

Generated from archived content: sathsangam.html Author: ajithkumar_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകേരളത്തിന്റെ ഗോത്രവർഗ സസ്യവിജ്ഞാനം
Next articleശാസ്‌ത്രലോകം
സ്റ്റേറ്റ്സ്മാൻ, ഇന്ത്യൻ എക്സ്പ്രസ്, പേടിയറ്റ് ,ക്രോസ് ലൈറ്റ് എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതീന്ദ്രിയം എന്നൊരു കാര്‍ട്ടൂണ്‍ കോളം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാതൃഭൂമി ഓൺ ലൈനിൽ കുഞ്ചിരി എന്നെ കാർട്ടൂൺ കോളം വരച്ചു. കഥപറയാനൊരിടം, ബഹുജനോത്സവം, തായാട്ട്, ക്യാപ്ഷഷക്രിയ എന്നീ കഥാ സമാഹാരങ്ങളും പുകില് എന്ന കാർട്ടൂൺ സമാഹാരവും പ്രസിദ്ധീകരിച്ചു. വിലാസംഃ സിറ്റാഡൽ കിസ്മത് പടി ഏറ്റുമാനൂര്‍ പി ഓ കോട്ടയം. 686631

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here