പെരുമീനുദിക്കുന്നതിനു മുമ്പ്‌

ജോൺ എബ്രഹാം അതൊട്ടും പ്രതീക്ഷിച്ചില്ല.

ഓർക്കാപ്പുറത്തായത്‌ കൊണ്ടാണല്ലോ ഏതോ സ്‌റ്റണ്ട്‌ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പെട്ടുപോയോ എന്ന അമ്പരപ്പിൽ ‘കട്ട്‌, കട്ട്‌ ’ എന്ന്‌ വിളിച്ച്‌ കൂവിയത്‌.

മുഖത്തും മുതുകത്തും അടിവീണപ്പോൾ അമ്പരപ്പെല്ലാം മാറിയ ജോൺ അല്‌പമകലെ കിടന്ന അംബാസഡർ കാറിലേക്ക്‌ വലിച്ചിഴക്കപ്പെടുമ്പോൾ ഉറക്കെ നിലവിളിച്ചു.

“അയ്യോ, എന്നെക്കൊല്ലുന്നേ… എന്നെ വിടെടാ പട്ടികളേ… നിങ്ങൾക്ക്‌ ആള്‌ മാറിയതാണേ… എന്നെ വിടോ…അയ്യോ…‘

കാറിനുളളിലെ ഇരുട്ടിൽ പിൻസീറ്റിൽ വലതുവശത്തിരുന്ന തടിയനും തന്നെ കാറിനുളളിലേക്ക്‌ തൊഴിച്ച്‌ കയറ്റിയ മുഷ്‌ക്കരന്മാർക്കും ഇടയിലിരുന്ന്‌ ഞെരുങ്ങുമ്പോൾ ജോൺ എബ്രഹാം കേണുഃ

”എന്നെ എന്ത്‌ വെണേൽ ചെയ്‌തോ. പക്ഷേ മഹാപാപികളെ നിങ്ങളെന്റെ കയ്യീന്ന്‌ തട്ടിപ്പറിച്ച്‌ എറിഞ്ഞുടച്ച കുപ്പീൽ ഒരു കവിൾ കൂടി ബാക്കിയുണ്ടായിരുന്നെന്ന്‌ ഓർത്തോളിൻ…“

മൂവാറ്റുപുഴ ഭാഗത്തേക്ക്‌ ചീറിപ്പായുകയായിരുന്ന കാറിന്റെ മുൻസീറ്റിലിരുന്നയാൾ പെട്ടെന്ന്‌ തിരിഞ്ഞ്‌ സീറ്റിൽ മുട്ടുകുത്തി നിന്ന്‌ സുമാർ ഒരു മുഴം നീളമുളള കഠാരി ജോണിന്റെ നേർക്ക്‌ ഓങ്ങിക്കൊണ്ടലറി.

”ചെലയ്‌ക്കാണ്ടിരിയെടാ പട്ടി“

കത്തിയുടെ നിരാർദ്രമായ വായ്‌ത്തലയിൽ നിന്നും ഉയർന്ന കൊടും ദാഹത്തിന്റെ മുറവിളി കേട്ട ജോൺ എബ്രഹാം മുഖം പൊത്തി കാൽമുട്ടുകളിൽ തലയമർത്തിയിരുന്നു.

ഇതെല്ലാം സംഭവിക്കുന്നതിന്‌ വളരെ നേരം മുമ്പാണ്‌ ജോൺ കോട്ടയം നഗരത്തിൽ പ്രവേശിച്ചത്‌. അപ്പോൾ നേരം പാതിരായോടടുത്തിരുന്നു. ആപൽ സൂചന പോലെ വൈദ്യുതിയറ്റുപോയ നഗരം നിഴലിലൊളിച്ചും നിലാവിൽ തെളിഞ്ഞും മഞ്ഞിന്റെ നേർത്ത തണുപ്പ്‌ നിതാന്ത ശൈത്യമായി പരിണമിക്കുന്നതെപ്പോൾ എന്ന്‌ ആകുലയായും നിന്നു.

തെരുവോരത്തെ തട്ടുകടക്കാരന്റെ ചങ്ങാത്തം നൽകിയ പൊരിച്ച മീനും കീശയിൽ പകുതിയൊഴിഞ്ഞ പൈന്റുമായി തിരുനക്കരയിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ ചുറ്റുമുളള വേലിക്കെട്ടിനകത്തെ സ്വാസ്ഥ്യത്തിലേക്കായിലുന്നു ജോൺ പിൻവലിഞ്ഞത്‌.

കീശയിലെ കുപ്പിയിൽ നിന്നും നേരിട്ടൊരു കവിൾ കുടിച്ച്‌ മീനും കിളളിത്തിന്ന്‌ ജോൺ പ്രതിമയിലേക്ക്‌ നോക്കി.

”പിതാവേ, ആരുടെ പ്രതികാരമാണ്‌ നിന്നെയീക്കവലയിലെ നോക്കുത്തിയാക്കിയത്‌?“

രണ്ടാമതൊരു കവിൾ കുടിച്ച്‌ മീനും തിന്ന്‌ വിരലും നക്കി ജോൺ ചിരിച്ചു.

”പ്രതികാരമൊന്നുമായിരിക്കുകേല. ഈ നഗരത്തിന്റെ തലമുറകളിലേക്ക്‌ വിശുദ്ധന്മാരാരും സംക്രമിക്കാതിരിക്കാനൊരു സൂത്രപ്പണി. കാക്കച്ചിറകരിഞ്ഞ്‌ തൂക്കി കാക്കയാട്ടുന്നത്‌ പോലെ“.

കളങ്കമില്ലാതൊന്ന്‌ ചിരിച്ചിട്ട്‌ സിഗരറ്റിന്‌ തീ പിടിപ്പിക്കുമ്പോഴാണ്‌ മുഷ്‌കരന്മാർ ചാടി വീണത്‌.

”നേരേയിരിയെടാ“

കാറിൽ വലതുവശത്തിരുന്നയാൾ ജോണിന്റെ മുടിക്ക്‌ കുത്തിപ്പിടിച്ച്‌ പൊക്കി.

”നിനക്കീമുഖം പരിചയമുണ്ടോ?“

അയാൾ ജോണിന്റെ താടിരോമങ്ങളിൽ പിടിച്ച്‌ തിരിച്ചിട്ട്‌ സ്വന്തം മുഖത്തേക്ക്‌ ടോർച്ചടിച്ചു. ഭാവം ക്രൂദ്ധമെങ്കിലും വളരെ പരിചിതമായ മുഖം. ജോൺ എബ്രഹാം കണ്ണുചിമ്മി. അന്ധാളിച്ചുണർന്ന മനസ്സിൽ പലദിക്കിൽ നിന്നും പാളിവീണ വെളിച്ചത്തിൽ ആ മുഖത്തെ മൂടിയിരുന്ന നിഴൽശ്ശീലയഴിഞ്ഞു.

”അയ്യോ ! ഇതെന്റെ മാത്തച്ചനല്ലേ?“

”അപ്പോ താൻ മറന്നില്ല“

മാത്തച്ചൻ ടോർച്ച്‌ കെടുത്തി. ജോണിന്റെ താടിയിലെ പിടിയും വിട്ടു.

”മാത്തച്ചാ, താൻ പണ്ടേ കലാകാരനാ. എന്നാലും ഇങ്ങനെയൊരു മെലോഡ്രാമ വേണ്ടിയിരുന്നില്ല.“

ജോൺ അടികൊണ്ട മൂക്ക്‌ തടവി.

”അപ്പോ തനിക്കെന്നെ ഓർമ്മയുണ്ട്‌.“ സ്വയം വിശ്വസിപ്പിക്കാനെന്നവണ്ണം മാത്തച്ചൻ വീണ്ടും പറഞ്ഞു.

”ബിസിനസ്സ്‌ പൊട്ടിയതിൽ പിന്നെ പണം തരാനുളളവരാരും കണ്ടാലറിയുകേല.“

അകലെ നിന്നും എതിരേ വന്ന രണ്ട്‌ പ്രകാശബിന്ദുക്കളിലേക്ക്‌ നോക്കി മാത്തച്ചൻ അല്‌പനേരമിരുന്നു.

”കാശ്‌ തരാനുളള ഒരുത്തനെ തപ്പി പോയതാ. അവൻ വരാലുപോലെ തെന്നിക്കളഞ്ഞു. തിരിച്ചുവരുന്ന വഴിയാ തന്നെക്കണ്ടത്‌. ഇവമ്മാരുടെ ഗൂണ്ടാഫീസ്‌ മൊതലാവണ്ടേ?“ അവസാനഭാഗം ശബ്‌ദമല്‌പം താഴ്‌ത്തിപ്പറഞ്ഞ മാത്തച്ചൻ, ഇരുട്ടിൽ വീണ്ടും പ്രകാശബിന്ദുക്കൾ പ്രത്യക്ഷപ്പെടുന്നതും കാത്ത്‌ അകലേക്ക്‌ നോക്കിയിരുന്നു. പിന്നെ ഉളളിലൊരു സത്വം കോപമായെഴുന്നപ്പോൾ തിരിഞ്ഞ്‌ സീറ്റിന്‌ പിന്നിലിരുന്ന പെട്ടി ഝടുതിയിൽ വലിച്ചെടുത്തു. പെട്ടിയുടെ മൂല ജോണിന്റെ മുഖത്ത്‌ തട്ടിയത്‌ കാര്യമാക്കാതെ മാത്തച്ചൻ അതിനുളളിൽ നിന്ന്‌ പഴയൊരു രജിസ്‌റ്റർ പുറത്തെടുത്ത്‌ ടോർച്ചിന്റെ വെളിച്ചത്തിൽ പേജുകൾ മറിച്ചു. ഒരു പേജിൽ വെളിച്ചം തളച്ചു നിർത്തി ഗർജ്ജനങ്ങൾ പതിയിരിക്കുന്ന സ്വരത്തിൽ മാത്തച്ചൻ പറഞ്ഞുഃ

”ഇത്‌ താൻ പണ്ട്‌ സിനിമ ഒലത്താൻ മേടിച്ചതിന്റെ കണക്കാ. മൊതലും പലിശേം കൂടി ഒരുലക്ഷത്തിയിരുപത്തേഴായിരം വരും. എനിക്കതിപ്പം കിട്ടണം.“

പഴമ തീണ്ടിയ കറുത്ത അക്കങ്ങളിൽ ജോണിന്റെ കണ്ണുകളിഴയവേ ടോർച്ചണഞ്ഞു.

”സിനിമേലഭിനയിക്കണമെന്ന മോഹവും കോടാമ്പാക്കത്തെ കൊച്ച്‌ പെമ്പിളളാരോടുളള കമ്പവുമൊക്കെ ഇതിന്റെടെ കളിച്ചെന്നുളളത്‌ നേരാ. എന്നാലും താനൊരു മനസ്സാക്ഷിക്കാരനാന്ന്‌ വച്ചാ ഞാൻ കാശ്‌ തന്നത്‌.“

ജോൺ താടിരോമങ്ങൾക്കിടയിലൂടെ അടികൊണ്ട ഭാഗത്ത്‌ വിരലോടിച്ചിരുന്നു.

”ഇടപാടൊക്കെ പൊട്ടിയെന്നറിഞ്ഞാ പെമ്പ്രന്നോത്തി പടികേറ്റുകേല. പിളേളര്‌ അങ്കിളേന്ന്‌ വിളിക്കും…“

മാത്തച്ചന്റെ ഇടർച്ച കേട്ട്‌ മുഷ്‌ക്കരന്റെ കത്തി ഇടുപ്പിലേക്ക്‌ മടങ്ങി. കൈയ്യിലെ മസിലുകളയഞ്ഞു.

”ദേ, ജോണേ, എന്നെ ഇതിൽ നിന്ന്‌ കരകയറ്റിയില്ലെങ്കിൽ നിന്റെ ശിഷ്യനാവുകയേ നിവൃത്തിയുളളൂ. അന്തവും കുന്തവുമില്ലാതെ…“

ഓർക്കാപ്പുറത്ത്‌ ജോൺ പൊട്ടിച്ചിരിച്ചപ്പോൾ മുഷ്‌ക്കരന്മാർ വിറച്ചുപോയി. ശക്തന്മാരായ ഇരകളെ നിസ്സഹായരാക്കാൻ ചിരിക്കുന്ന ചിരി ഇവനെന്തിന്‌ ചിരിച്ചു?. മുഷ്‌കിന്റെ അടിത്തറ കിടുങ്ങി. അതിന്മേൽ പടുത്തതൊക്കെ കാറ്റാടി പോൽ ഉഴറിയുലഞ്ഞു.

”എടോ മാത്തച്ചാ, താൻ കൊഴഞ്ഞതാണെന്ന്‌ എനിക്കാദ്യമേ തോന്നി. ദേ, നെഞ്ചത്ത്‌ ചേർത്ത ഈ കൈയാണെ സത്യം, ജോൺ എബ്രഹാമെന്ന ഞാനാണേ സത്യം, ക്യാമറയാണെ സത്യം, തന്നോട്‌ മേടിച്ച കാശ്‌ ഞാൻ തരും. ആട്ടെ, തൊക എത്രൊണ്ടെന്നാ പറഞ്ഞേ?“.

”ഒരു ലക്ഷത്തി ഇരുപത്തേഴായിരം“

”കാലകാലങ്ങളിലെ പലിശ വർദ്ധനവ്‌ കണക്കിലെടുത്തിട്ടില്ലേ?“

”അതൊന്നും നോക്കണ്ടാ. എന്നെ വെറുമൊരു പലിശക്കാരനായിക്കാണരുത്‌.“

”അതാ തനിക്കിത്‌ പറ്റിയത്‌. എങ്കിലും കണക്ക്‌ കണക്കായിരിക്കണം. പലിശ മാത്രമല്ല, രൂപയുടെ മൂല്യശോഷണമനുസരിച്ചുളള പെരുക്കങ്ങളും വരണം.“

”താനെന്നെ കളിയാക്കുകയാണോ?“

”അല്ലെടോ. താൻ വണ്ടി തിരിച്ച്‌ വിട്‌. എന്റെ കിഡ്‌നി വിറ്റായാലും ഞാൻ കാശ്‌ തരും. അത്‌ ഗാന്ധിപ്രതിമയുടെ ചോട്ടിലിരിക്കുകല്ല്യോ. അതെടുക്കാനുളള സാവകാശം കാലമാടന്മാര്‌ തന്നില്ലല്ലോ.“

ജോൺ ഉച്ചത്തിൽ ചിരിച്ചു. ആ ചിരിയുടെ അപരിചിതത്വം പതിനായിരം വാട്ടിന്റെ ശബ്‌ദ സന്നാഹങ്ങളോടെ അവരുടെ കർണ്ണപുടങ്ങളിൽ തിമിർത്തു. ഒന്നുകിൽ ക്രൂരവും ആഭാസവുമാണ്‌. അല്ലെങ്കിൽ കൂത്തിച്ചികളുടേത്‌. ഇതൊന്നുമല്ലാത്ത ചിരി ഭയാനകമായിരുന്നു. ഭയമായിരുന്നല്ലോ അവരുടെ ക്രയവസ്‌തു.

”മാത്തച്ചൻ തേഞ്ഞ വർത്തമാനം പറയുന്നോണ്ടാ. അല്ലേൽ ഇവന്റെ ഇളി ഞാൻ മോങ്ങലാക്കിയേനേ“

ഉളള്‌ പുളഞ്ഞു പോയൊരു മുഷ്‌കരൻ പിറുപിറുത്തു.

”ഒന്നുമൊത്തില്ലേൽ ഞാൻ പെൺവാണിഭം തുടങ്ങും“ കോട്ടയത്തേക്ക്‌ തിരിച്ച കാറിലിരുന്ന്‌ മാത്തച്ചൻ വിജൃംഭിതനായി.

”ഇപ്പഴാ മാത്തച്ചന്‌ മണ്ടതെളിഞ്ഞത്‌. പിന്നെ അത്യുന്നതങ്ങളുടെ അരഞ്ഞാണത്തേൽ കൊളുത്തിയൊരു ചരട്‌ മാത്തച്ചന്റെ കയ്യിലല്യോ!.“ മുഷ്‌കരന്മാരിലൊരാൾ പൂവില്ലെടുത്തു. ആഹ്‌ളാദ ശബ്‌ദങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും സഹായവാഗ്‌ദാനങ്ങൾക്കും ചരിത കഥനങ്ങൾക്കുമിടയിൽ നിശ്ശബ്‌ദനായി പോയ ജോൺ എബ്രഹാമിനെ മുഷ്‌കരന്മാർ മറന്നു. കഠിനമായ നിരാശയുടെയും ആത്മനിന്ദയുടെയും ചുഴിയിൽ നിന്നും രക്ഷയുടെ പുളകത്തുണ്ടിൽ തൊട്ട മാത്തച്ചൻ മെല്ലെ തലകുനിച്ച്‌ ഉറങ്ങിപ്പോയി. ഡ്രൈവറൊഴികെ എല്ലാവരും ഉറക്കത്തിലേക്ക്‌ വഴുതിയപ്പോഴും ജോൺ ഉറങ്ങാതിരുന്നു. ഇപ്പോൾ റോഡിനിരുവശവും നെൽപ്പാടങ്ങളാണ്‌. നെൽപ്പാടങ്ങൾക്ക്‌ മീതെ പൂർണ്ണചന്ദ്രൻ. ഓരോ നെല്ലോലയേയും താലോലിക്കുന്ന നിലാവ്‌. വിയർപ്പിന്റെയും മദ്യത്തിന്റെയും ദുർഗന്ധം കുമിഞ്ഞ കാറിനുളളിലേക്ക്‌ വശത്തെ ചില്ലിന്റെ ഇടയിലൂടെ തണുത്ത കാറ്റും ചേറിന്റെ മണവുമെത്തി. പിന്നിലേക്ക്‌ തലചായ്‌ച്ചുറങ്ങുന്ന മാത്തച്ചന്റെ മുഖത്തും നിലാവ്‌ വീഴുന്നുണ്ടായിരുന്നു.

”മാത്തച്ചാ, ഉണർച്ചയിലും ഉറക്കത്തിലും തന്നെ ചൂഴ്‌ന്ന്‌ നിന്ന സിംഹഭാവമെവിടെ?“

അത്‌ ജോണിന്റെ പ്രജ്ഞയിൽ ജ്വലിച്ച പരശ്ശതം ചോദ്യങ്ങളിലൊന്നായി. ഇയാളുടെ കൈയിലുണ്ടാകേണ്ടുന്ന പുകകുഴലെവിടെ?. കഴുത്തിലെ കട്ടിയുളള സ്വർണ്ണമാലയെവിടെ?. മൂവാറ്റുപുഴ നിന്നും കോടമ്പാക്കത്തേക്ക്‌ വച്ചടിച്ച ബെൻസെവിടെ? എല്ലാം കൈമോശം വന്നിട്ടും ഇയാൾ ഉറങ്ങുന്നതെങ്ങനെ? സങ്കല്‌പങ്ങളുടെ വഴിയമ്പലമായി ഞാൻ മാത്രം ഉണർന്നിരിക്കുന്നതെന്ത്‌?

”മതി. അത്രമതി.“ തട്ടുകടക്കാരൻ മുളക്‌ചമ്മന്തി വിളമ്പിയപ്പോൾ ജോൺ പറഞ്ഞു.

”എന്റെ കഴുതയൊരു സൂപ്പർസ്‌റ്റാറായിരുന്നെങ്കിൽ അവനോട്‌ ചോദിക്കാമായിരുന്നു. വേറേ പലരുമതായിട്ടും അവനതായില്ല. അവൻ വെറുമൊരു നക്ഷത്രം. ദേ, ആ തിരശ്ശീലയിൽ.“ ജോൺ ആകാശത്തേക്ക്‌ വിരൽ ചൂണ്ടി.

അപ്പോൾ നിലാവിന്റെ പൊന്നിഴ ചേർന്ന മഞ്ഞ്‌ ഏതോ അപ്‌സരസിന്റെ ഉത്തരീയം പോലെ നഗരത്തിന്‌ മീതെ ഊർന്ന്‌ വീണിരുന്നു. കാറിനെയും സഹചരന്മാരേയും തിരുനക്കര ഉപേക്ഷിച്ച്‌ നാഗമ്പടം പാലത്തിന്‌ കിഴേയുളള റെയിൽപ്പാളത്തിലൂടെ നടക്കുമ്പോൾ ജോൺ പാടി.

”പൊന്നിൽ കുളിച്ച രാത്രി…“

മാത്തച്ചൻ മൂകനായി നടന്നതേയുളളൂ. തെല്ല്‌ ദൂരം പോയേപ്പിന്നെ പാളത്തിനിരുപുറത്തുമുളള കുടിലുകളിൽ ചിലതിന്റെയൊക്കെ കതകിൽ ജോൺ മുട്ടി. അകത്ത്‌ നിന്നും തപ്പിത്തടഞ്ഞെടുന്നേൽക്കുന്നതിന്റെ ശബ്‌ദം. പിന്നാമ്പുറത്തെ വാതിൽ തുറന്ന്‌ ആരോ ഇരുട്ടിലേക്കിഴഞ്ഞ്‌ മറയുന്ന ശബ്‌ദം. കതകിനിടയിലൂടെ വാരിക്ക്‌ കീഴിലൂടെ വെളിച്ചം ഇരുളിലേക്ക്‌ മിഴിനീട്ടി.

”ആരാ?“ ഒരു ചെറ്റക്കുളളിൽ നിന്നും പേടിച്ചരണ്ട ചോദ്യമുണ്ടായി.

”ഞാനാ പെങ്ങളേ, നിന്റെ സ്വന്തം ജോൺ“

മറ്റൊരിടത്ത്‌ ഉരമെഴുന്ന പെണ്ണ്‌.

”ഏതവനാടാ മൂപ്പിച്ചോണ്ട്‌ വന്നേക്കുന്നേ? ഇന്നിനി ഒക്കത്തില്ല“

”ഇന്നിനി ഒക്കണ്ട. പക്ഷേ ഇത്‌ ഞാനാ നിന്റെ പൊന്നാങ്ങള, ജോൺ.“

പിന്നൊരിടത്ത്‌ കതക്‌ തകർത്ത്‌ ശബ്‌ദം പുറത്ത്‌ വരുമോയെന്ന്‌ ഭയപ്പെട്ടുപോയി.

”ഏത്‌ എരപ്പയാടാ പാതിരാത്രീല്‌?“

”ഞാനാ ചാക്കോച്ചാ, ജോൺ“

മുട്ടിയ കതകുകളെല്ലാം തുറക്കപ്പെട്ടു.

”എന്റെ ഈ ചങ്ങാതി വിഷമത്തിലാ. ഞാനവന്‌ ഇത്തിരി കാശ്‌ കൊടുക്കാനുണ്ട്‌. ഒരു ലക്ഷത്തി ഇരുപത്തേഴായിരം രൂപ. എന്താ വഴി?“ മാത്തച്ചനെ അടുത്ത്‌ നിർത്തി ഓരോരുത്തരോടും ജോൺ ചോദിച്ചു.

”ഇത്ര വലിയ തൊകയാണോന്ന്‌ ചോദിച്ചാൽ അല്ല“. ചാക്കോച്ചന്റെ വീമ്പ്‌ കേട്ടപ്പോൾ മാത്തച്ചന്‌ ഉളള്‌ പുളിച്ച്‌ പൊന്തി ഃ

”ചെലരോടൊക്കെ ചോദിച്ചാൽ തരും. പക്ഷേ ഈട്‌ വേണം. ഈട്‌ കൊടുത്താലും അവന്മാര്‌ പ്രത്യുപകാരം ചോദിക്കും. അത്‌ ചെലപ്പം താങ്ങാനായെന്ന്‌ വരുകേല“ ചാക്കോച്ചൻ തലകുനിച്ചു.

”എന്റെ മോനേ, നല്ല പ്രായത്തിലായിലുന്നേൽ വല്ല റാക്കറ്റിലും കേറി ഞാനിതൊപ്പിച്ചേനേ“.

തന്റെ ഇരുനിറമുളള ഉറച്ച ശരീരത്തിൽ മാത്തച്ചന്റെ കണ്ണുകളിഴയുന്നതിൽ സുഖിച്ച്‌ അമ്മിണി പറഞ്ഞു.

”ഇനിയിപ്പം റോക്കറ്റിലൊന്നും കേറണ്ടാ“ ജോൺ പറഞ്ഞു.

ഏലിയാസ്‌ എന്നത്തേയും പോലെ കാര്യമാത്രപ്രസക്തനായിരുന്നു.

”കുറച്ചങ്ങോട്ട്‌ പോയാൽ പലിശക്കാരൻ വർക്കിയുണ്ട്‌. വെറും പലിശക്കാരനല്ല കൂട്ടുപലിശക്കാരൻ. പ്രോനോട്ടും ചെക്കും കൊടുക്കണം. ചെറിയ തൊകയാണേൽ ആൾ ജാമ്യം.“

”അപ്പോ വലിയ തൊകയാണേൽ ആനേ ജാമ്യം കൊടുക്കേണ്ടി വരുമോ?“. ജോൺ സംശയത്തിലൂടെ ചിരിച്ചു.

പിരിമുറുക്കമയഞ്ഞ മാത്തച്ചനും ചിരിച്ചു. ഏലിയാസിന്റെ പത്‌നി കൊണ്ടുവച്ച കട്ടൻകാപ്പി കുടിച്ചിട്ട്‌ ജോൺ വയറ്‌ തടവി.

”നേരം കെട്ടനേരത്ത്‌ കാപ്പികുടിച്ചിട്ടാരിക്കും വയറ്റിലൊരിടങ്ങേറ്‌. മാത്തച്ചനിവിടിരി. ഞാനിപ്പം വരാം. ചേടത്തി കുറച്ച്‌ വെളളമിങ്ങ്‌ താ. റെയിൽ പാളത്തിലിരുന്നാൽ മുന്നറിയിപ്പില്ലാതെ ഒച്ചകേൾപ്പിക്കാതെ വന്നേക്കാവുന്ന തീവണ്ടിയേക്കുറിച്ചോർക്കുമ്പോഴത്തെ സന്ത്രാസത്തിൽ കാര്യം എളുപ്പമാകും.“ ഒരു പാട്ട വെളളവുമായി ജോൺ പാളത്തിലേക്കിറങ്ങി

ചന്ദ്രൻ പടിഞ്ഞാറോട്ട്‌ തുഴഞ്ഞുതുഴഞ്ഞ്‌ നേരത്തെ പാതിരാകടത്തിയിട്ടേറെയായിരുന്നു. റെയിൽപ്പാളത്തിലൂടെ നടന്നു നീങ്ങുന്ന രണ്ട്‌ ഖിന്ന സ്വത്വങ്ങളുടെ പോക്കണം കേടുകൾ കണ്ട്‌ നേരം പോക്കുകയായിരുന്നു ആകാശത്തിലെ നക്ഷത്രങ്ങൾ. നിഴലും നിലാവും മുറിച്ച്‌ മുറിച്ച്‌ കുറച്ചേറെ ചെന്നപ്പോ പാളത്തിന്‌ വശത്തൂടെ പോകുന്ന വഴിക്കരികിൽ

”കത്തീഡ്രൽ ബാങ്കേഴ്‌സ്‌ “ എന്ന ബോർഡും അൾസേഷ്യന്റെ തിരുമുഖം തൂക്കിയ ഗേറ്റും കണ്ടു. സിനിമാക്കാര്യം സംസാരിക്കാൻ കോടമ്പാക്കത്ത്‌ നിന്നും വന്ന സംവിധായകനെന്ന്‌ കാവൽക്കാരനെ മയപ്പെടുത്തി മുറ്റത്തൂടെ നടന്നപ്പോൾ ജോൺ എബ്രഹാം പറഞ്ഞു.

”അൾസേഷ്യൻ ഈ വീടിന്റെ നാഥൻ.“ മാത്തച്ചൻ പാപബോധത്തോടെയെങ്കിലും ചിരിച്ചു.

വീടിനോട്‌ ചേർന്ന്‌ ഓഫീസെന്ന ബോർഡ്‌ തൂക്കിയ മുറിയിലെ വെട്ടം ജനൽച്ചില്ലുകളിലൂടെ കാണാമായിരുന്നു.

”കുത്തുവിൻ തുറക്കപ്പെടും“ എന്ന സ്വാഗതത്തോടെ ജോൺ കോളിങ്ങ്‌ ബെല്ലിൽ വിരലമർത്താൻ തുനിഞ്ഞ നിമിഷത്തിൽ അകത്ത്‌ ഒരു ടൈം പീസ്‌ അലറിച്ചിരിച്ചു. ജോണും മാത്തച്ചനും പടികളിൽ നിന്ന്‌ ചാടിത്തെറിക്കുന്ന ശബ്‌ദം കേട്ടാവാം ജനലിന്റെ ഒരു പാളി തുറക്കപ്പെട്ടത്‌. ബലമുളള ഗ്രില്ലിന്‌ പിറകിൽ തിരശ്ശീലക്ക്‌ മുകളിലായി വർക്കിയുടെ മുഖം തുറുകണ്ണുകളുമായി പ്രത്യക്ഷപ്പെട്ടു. മുരണ്ടു തുടങ്ങിയ അൾസേഷ്യനെ തലയിലും കഴുത്തിലും കൈയ്യിലെ ചെറുവടികൊണ്ട്‌ തടവി അടക്കാൻ ശ്രമിച്ച്‌ നിന്ന കാവൽക്കാരൻ എന്തെങ്കിലും പറയുന്നതിന്‌ മുമ്പ്‌ ജോൺ സൗമ്യമായിപ്പറഞ്ഞു.

”ഞാൻ ജോൺ എബ്രഹാം. ഇത്‌ മാത്തച്ചൻ. പുറംപോക്കിലെ ഏലിയാസ്‌ പറഞ്ഞിട്ട്‌ വരുകാ. ഇച്ചിരി അത്യാവശ്യമുണ്ടായിരുന്നു.“ വർക്കിയുടെ കണ്ണുകൾ രണ്ടാളെയും സൂക്ഷ്‌മദർശിനിയായി ഉഴിഞ്ഞു.

”ഏതേലിയാസ്‌? വാറ്റുകാരനോ?“ വർക്കിയുടെ ചോദ്യത്തിനുത്തരമായി ജോൺ തലകുലുക്കി. മേശയ്‌ക്ക്‌ പിന്നിലിരുന്ന വർക്കിക്ക്‌ സോഫയിലിരിക്കുന്നവരുടെ ചലനമെല്ലാം ശ്രദ്ധിക്കാമായിരുന്നു. ഈട്‌ നൽകാനൊന്നുമില്ലാതെ പലിശക്കാരന്റെ മുന്നിലെത്തിയ മാത്തച്ചന്റെ ഉളളാകെ അടിമബോധം ഇരുൾനിറച്ചിരുന്നു. ജോൺ എബ്രഹാമിന്റെ കീർത്തിക്ക്‌ താഴുകൾ തുറക്കാനുളള മാസ്‌മരികതയുണ്ടാവാം എന്ന പ്രത്യാശയാണ്‌ വിദൂരതയിലൊരു മെഴുക്‌ തിരിനാളമായി കാറ്റിലുലഞ്ഞത്‌. മാത്തച്ചന്റെ മനസ്സിൽ ജീവിതത്തിലെ ഉയർച്ച താഴ്‌ചകളുടെ ദ്രുതഭ്രമണമുണ്ടായി.

”ജോൺ എബ്രഹാം എന്നൊക്കെ കേട്ടിട്ടുണ്ട്‌. പടത്തേൽ കണ്ടിട്ടുമുണ്ട്‌. അതാ പാതിരാത്രിയാണേലും കതക്‌ തുറന്നത്‌.“ വർക്കി നേരംതെറ്റിച്ചിരിച്ച ടൈം പീസിന്റെ ഉച്ചിക്കമർത്തി.

”ഞാനിതൊന്ന്‌ ശരിയാക്കാൻ തുടങ്ങിയതാ. അപ്പച്ചന്റെ കാലത്തേ ഒളളതാ. ഇപ്പോഴും കൊഴപ്പമൊന്നുമില്ല. കൃത്യമാ.“

കിറുകൃത്യമാക്കാമോന്ന്‌ നോക്കയാരുന്നു. നിമിഷം പ്രതിയല്യോ പലിശ കേറുന്നത്‌.”

“ഈ മാത്തച്ചനുമുണ്ടായിരുന്നു ഇങ്ങനൊരെണ്ണം. സൂചികളൊക്കെ കൃത്യമായിരുന്നു. പക്ഷേ അതിൽ തുടിച്ച സമയം കെട്ടുപിണഞ്ഞ ഋതുക്കളുടേതായിരുന്നു.”

“പിന്നെന്നാ വിശേഷം?” വർക്കി ചോദിച്ചു.

“ഞാനിച്ചിരി കാശിന്റെ കാര്യത്തിനാ വന്നത്‌. ഒരു ലക്ഷത്തി ഇരുപത്തേഴായിരം രൂപ വേണമായിരുന്നു.”

“കാശ്‌ കൊടുക്കാനും വാങ്ങാനുമുളളതാ സാറേ. ഈടെന്നാ തരും?”

“കൈ മൊതലൊന്നുമില്ലാത്ത ഒരു മുന്തിയ ജനുസ്സ്‌ മനുഷ്യനെത്തരാം.”

പടിയിറങ്ങും മുമ്പ്‌ വർക്കി മുഖത്തേക്ക്‌ വലിച്ചെറിഞ്ഞ പുച്ഛം കീറി ജോൺ തിരിച്ചെയ്‌തു.

“പുരുഷബീജത്തിൽ നിന്ന്‌ സുഗന്ധദ്രവ്യം ഉല്‌പാദിപ്പിക്കാനുളള ഗവേഷണം അങ്ങ്‌ അമേരിക്കയിൽ വിജയിക്കാറായിട്ടുണ്ട്‌. പിന്നെ തന്നെയൊന്നും തിരിഞ്ഞ്‌ നോക്കാനൊരു പട്ടീം കാണത്തില്ല.”

മഞ്ഞിന്റെ നനവുളള പാളത്തിലൂടെ ജോണും മാത്തച്ചനും കോട്ടയം റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടന്നു. അകലെ നിന്നും ഒരു ചൂളം വിളി മഞ്ഞിലൂടെ അരിച്ചെത്തി. വർക്കി ഇരുമ്പാണിയായി ചങ്കിൽ തറച്ചു കയറ്റിയ പുച്ഛത്തിൽ നീറുകയായിരുന്ന മാത്തച്ചന്റെ രണ്ട്‌ തോളിലും പിടിച്ച്‌ ജോൺ പറഞ്ഞു.

“മാത്തച്ചാ, ഞാൻ യാത്രയ്‌ക്കൊരുങ്ങി നിന്നപ്പോഴാ താനെത്തിയത്‌. എനിക്കിനി നേരമില്ല. പോകണം. നിഴലും വെളിച്ചവും മെനഞ്ഞ്‌ മെനഞ്ഞ്‌..” ജോൺ പറഞ്ഞുതീരും മുമ്പേ ചൂളംവിളി കേൾക്കാതായി.

“എന്റെ സിനിമേം കാത്ത്‌ എത്ര അന്താരാഷ്‌ട്ര അവാർഡുകളാ അക്ഷമരായി നിൽക്കുന്നതെന്ന്‌ തനിക്കറിയാമല്ലോ?”

ഇരമ്പൽ കനത്തു. പാളങ്ങൾ പ്രകമ്പിതമായി. നെറ്റിയിലെ തുറുകൺ വെട്ടത്തിൽ പാളത്തിൽ രണ്ട്‌ മനുഷ്യരെക്കണ്ട തീവണ്ടി ഭ്രാന്തമായി അലറിവിളിച്ചു. മാത്തച്ചനെ പാളത്തിൽ നിന്നും തളളിമാറ്റി ജോൺ ജൂബ്ബ ഊരി ട്രെയിന്‌ നേരെ വീശി. രായ്‌ക്ക്‌രാമാനം കൂകിപ്പായുകയായിരുന്ന തീവണ്ടി അവർക്ക്‌ ഏതാനും വാരമുന്നിലായി കിതച്ച്‌ കിതച്ച്‌ നിന്നു. ശൗര്യം തീരാതെ സീൽക്കാരം പുറപ്പെടുവിച്ച്‌ ഒന്ന്‌കൂടി അലറിക്കൂകി. ജോൺ എഞ്ചിനരികിലേക്ക്‌ ഓടി. പുറത്തേക്ക്‌ കൂർത്ത നാല്‌ ചെവികളും കേൾക്കേ വിളിച്ചു പറഞ്ഞു.

“ഞാൻ ജോൺ എബ്രഹാം ഫിലിം ഡയറക്‌ടർ.” മുഖങ്ങളിൽ പരിചയഭാവം തിളങ്ങി.

“അടിയന്തിര യാത്രയ്‌ക്കിറങ്ങിയതാ. ഒരു ചങ്ങാതിയെ സഹായിക്കാൻ നിന്നത്‌ കൊണ്ട്‌ താമസിച്ചുപോയി. ടിക്കറ്റൊക്കെയുണ്ട്‌. ഞാനുമൊന്ന്‌ കയറിക്കോട്ടേ.”

വണ്ടിമെല്ലെ മുന്നോട്ട്‌ നീങ്ങി. ജനറൽ കമ്പാർട്ടുമെന്റിന്റെ വാതില്‌ക്കൽ നിന്ന്‌ കൈ ഉയർത്തി വീശി ജോൺ എബ്രഹാം കുറ്റിച്ചെടികൾക്കിടയിൽ പതുങ്ങിക്കിടന്ന മാത്തച്ചന്റെ മുന്നിലൂടെ കടന്ന്‌ പോയി. തീവണ്ടി ഗതിവേഗമാർജ്ജിക്കവേ കംമ്പാർട്ടുമെന്റുകൾ ഇരുളും വെളിച്ചവും ആൾരൂപങ്ങളും പ്രവേഗത്തിന്റെ താളമേളങ്ങളുമായി ഘോഷയാത്രയായി.

ഘോഷയാത്രയുടെ അങ്ങേ തലയ്‌ക്കൽ നിന്നും തീവണ്ടിയുടെ ആർപ്പുവിളി കേൾക്കാതായി. മാത്തച്ചന്‌ പിന്നിലെ കൂരയുടെ മുകളിലിരുന്നൊരു പൂങ്കോഴി അതേറ്റുവിളിച്ചു. ജോൺ എബ്രഹാം അപ്പോഴും വാതിൽക്കൽ നിന്ന്‌ കൈ വീശുന്നുണ്ടായിരുന്നു.

Generated from archived content: perumeen.html Author: ajithkumar_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English