കേരളത്തിന്റെ സവിശേഷമായ ഭക്തിരൂപമാണ് അയ്യപ്പദർശനവും വിശേഷചടങ്ങുകളും. അയ്യപ്പഭക്തിയുടെ ബാഹ്യരൂപമാണ് അയ്യപ്പൻപ്പാട്ട്. നമ്മുടെ നാടൻപാട്ടുസാഹിത്യത്തിലെ അവഗണിക്കാനാവാത്ത ഭാഗമാണ് അയ്യപ്പൻപാട്ടുചരിതം. ശബരിമല തീർത്ഥാടനവേളയിൽ അയ്യപ്പൻമാർ കറുപ്പുകച്ചയുടുത്തു ഉടുക്കുകൊട്ടിപ്പാടി ചുരികയിളക്കി നൃത്തംവച്ച് ചെയ്യുന്ന ആഴിപ്രദക്ഷിണവും കാവുപൂജയും എരുമേലിയിലെ പേട്ടതുളളലും മനുഷ്യന്റെ നായാട്ടുകാല ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ട കലാരൂപങ്ങളുടെ സത്ത ഉൾക്കൊളളുന്നവയാണ്. കൊട്ടും പാട്ടും ആട്ടവും കൂടാതെ നമുക്കൊരു ദൃശ്യകലയില്ലല്ലോ. പരമ്പരാഗതമായ നാടൻ അനുഷ്‌ഠാനങ്ങളുടെ ബാക്കിപത്രങ്ങളാണ് നമ്മുടെ ആഢ്യാഗീകാരമുളള എല്ലാ കലകളും തന്നെ. കാലപഴക്കത്തിൽ അവഗണിക്കപ്പെട്ട അയ്യപ്പൻപാട്ടിനേയും ഉടുക്കുവാദനത്തെയും പരിചയപ്പെടുത്തുകയാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്.
‘അയ്യപ്പൻപാട്ട്’ ഒരു പാട്ടുമാത്രമല്ല. ഉടുക്ക് എന്ന വാദ്യോപകരണത്തിന്റെ സഹായത്തോടെ രംഗാവതരണം നടത്തുമ്പോഴെ അതു ശാസ്‌താംപാട്ടാകുന്നുളളു. ഈ പാട്ടുകളുടെ രചയിതാക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. നാടോടിസാഹിത്യത്തിൽ കഥാഗാനങ്ങൾ പൊതുവെ കാലത്തെ അതിജീവിക്കുന്നത് വാമൊഴിയിലൂടെയാണ്. ചില ഗാനങ്ങളെങ്കിലും സമാഹരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെങ്കിലും പുതിയ തലമുറയും ഈ പുസ്‌തകം നോക്കി പഠിക്കുകയോ പാടുകയോ ഇല്ല.
തലമുറ തലമുറ കൈമാറി ഈ ഗാനരീതി കാത്തുസൂക്ഷിക്കപ്പെടുന്നു. പാടുന്നത് കേൾക്കുന്നു. കേട്ടത് ഓർമ്മിച്ചുവയ്‌ക്കുന്നു. ഓർമ്മിച്ചുവച്ചത് വീണ്ടും പുനഃസൃഷ്‌ടി നടത്തി പാടുന്നു. ഇതാണ് ഇത്തരം ഗാനങ്ങളുടെ കൈമാറ്റരീതി. കൈമാറ്റം നടക്കുമ്പോൾ ഈണത്തിനോ താളത്തിനോ വലിയ വ്യത്യാസം സംഭവിക്കാറില്ല. പകർന്നുതരുന്ന രീതിതന്നെ പുതിയ തലമുറയും സ്വീകരിക്കുകയാണ് പതിവ്.
അയ്യപ്പൻപാട്ട് ഒറ്റക്കുപാടുക അസാദ്ധ്യമാണ്. ഇത് ഒരു സംഘാലാപനരീതിയാണ്. സംഘത്തിന് ഒരു നേതാവുണ്ട്. അയാളെ ‘ഉടുക്കാശാൻ’ എന്ന പേരിലറിയപ്പെടുന്നു. അയാളാണ് ഗാനത്തെ നിയന്ത്രിക്കുന്നത്. പാടുകയും ആടുകയും ചെയ്യുന്ന നമ്മുടെ പഴയ ദ്രാവിഡ തനിമയാണ് ഉടുക്കുപാട്ടിന്റെ രീതിയും പ്രയോഗവും. ശബരിമല അയ്യപ്പസ്വാമിയേയും പരിവാരങ്ങളേയും പ്രകീർത്തിക്കുന്ന പാട്ടുകളാണ് അയ്യപ്പൻപാട്ടുകൾ. അയ്യപ്പന്റെ ജനനംവരെയുളള പാട്ടുകൾ മൂന്നു വഴിയിൽ അറിയപ്പെടുന്നു.
1) ശൂർപ്പകൻ കവി എന്ന ഭസ്മാസുരകഥ
2) പാലാഴിമഥനം കഥ
3) മഹിഷിമർദ്ദനം കഥ
ശബരിമലയിൽ കുടിയിരിക്കുന്നതുവരെയുളള ഭാഗങ്ങളെ ഒന്നാം ഭാഗമായും ‘പടയിരുപ്പ്’ അഥവാ രണ്ടാംഭാഗത്തിൽ 14 പാട്ടുകളും ഉണ്ട്. കലികാലത്തെ അവതാരങ്ങളുടെ കഥയാണ് ഇതിലുളളത്. പൊതുവെ പാട്ടുകൾക്ക് എട്ടുനൂറ്റാണ്ടിന്റെ പഴക്കമെങ്കിലും ഉണ്ടെന്നുകരുതുന്നു. ഇപ്പോൾ പ്രചാരത്തിലുളള പാട്ടുകളുടെ ഭാഷാരീതി പരിശോധിച്ചാൽ അത്ര കാലപഴക്കം ഉണ്ടാവാൻ വഴിയില്ല. അത് പാടിപ്പാടി പരിഷ്‌ക്കരിക്കപ്പെട്ട രൂപമാകാം.
വി. ആനന്ദകുട്ടൻനായർ സമാഹരിച്ച പാട്ടും അനേകം ആശാൻമാർ പ്രസിദ്ധീകരിച്ച കൊച്ചുകൊച്ചു ഉടുക്കുപാട്ടുകളുടെ പുസ്‌തകങ്ങളും പരിശോധിച്ചപ്പോൾ ഓരോപാട്ടിലും വരികളിലും വാക്കിലും പ്രകടമായ വ്യത്യാസങ്ങൾ കാണുന്നുണ്ട്. ആനന്ദക്കുട്ടൻനായർ ശുദ്ധിപത്രത്തോടുകൂടി ചേർത്തതാക്കാം ആശാൻമാർ പാടികൊണ്ടിരുന്നപ്പോലെയും. രണ്ടിലും തെറ്റില്ല. പൊതുവെ നാടൻപാട്ടുകളിൽ കാണുന്നരീതി വ്യത്യാസങ്ങളാണ് ഇവ.
ശൂർപ്പകൻ കഥവഴിപാട്ടിൽ-ശൂർപ്പകന്റെ ജനനം, ശൂർപ്പകന്റെ തപസ്സ്, വരലാഭം, കൈലാസത്തിലെ വേലമുടക്കം, മഹാവിഷ്‌ണുവിന്റെ വരവ്, ഒന്നാം മോഹിനിവേഷം, മായാവേഷം കാണാൻ ഹരന്റെ ആഗ്രഹം, മോഹിനിയുടെ രണ്ടാം വേഷം, അയ്യപ്പന്റെ ജനനം, ജാതകം, വിദ്യാഭ്യാസം അങ്ങിനെ പോവുമ്പോൾ പാലാഴിമഥനം കഥവഴിപാട്ടിൽ ദുർവ്വാസാവിന്റെ മാലലാഭം, മാലദാനം, ദേവകൾക്ക് ദുർവ്വാസാശാപം, ബ്രഹ്‌മാദികളുടെ പുറപ്പാട്, ശ്രീ നാരായണസ്‌തുതി, മഥനാലോചന, ഗരുഢവിക്രമം, വാസുകിമഹത്വം, പാലാഴിമഥനം, ഭഗവാന്റെ കാളകൂടപാനം, മഥനം രണ്ട്, അമൃതാപഹരണം, മോഹിനിവേഷം, അസുരഗണത്തിനുപറ്റിയ അമളി, രാഹു-കേതു ഉൽപ്പത്തി, വേഷം കാണാനുളള ആഗ്രഹം, രണ്ടാം മോഹിനിവേഷം, ജനനം, ജാതകം, വിദ്യാഭ്യാസം അങ്ങിനെ പോകുന്നു.
ഉടുക്കുതാളം
ജീവിതം ഒരൊഴുക്കാണ്, ഒഴുകുന്ന കാലത്തിൽ അന്തർലീനമായിരിക്കുന്ന സ്പന്ദനമാണ് താളം, അനുസ്യൂതമായ ഈ കാലഗതിയുടെ ഏകതാനതയിൽ നമ്മൾ ഒരുക്കുന്ന വിശേഷചലനങ്ങളാണ് താളങ്ങൾ. തന്റെ ആനന്ദത്തിനായി മനുഷ്യൻ ഒരുക്കിയ നിരവധി ഉപാധികളിൽ ഒന്നായി താളങ്ങൾക്കു അവന്റെ ഉത്‌പത്തിയോളം പഴക്കമുണ്ട്. കാലപ്രവാഹത്തിൽ വിശേഷവിധിയായി നമ്മൾ ഏല്പിക്കുന്ന പ്രകമ്പനനിരയെ ഒന്നായോ കൂട്ടമായോ ചേർത്ത് താളവിശേഷങ്ങൾ രൂപപ്പെടുത്താം. ഒരു തട്ടോമുട്ടോ കൊണ്ടുണ്ടാകുന്ന പ്രകമ്പനം താളമാകുകയില്ല. അതിനുമുമ്പോ പിൻപോ അതുപോലുളളതോ കൂടിയതോ കുറഞ്ഞതോ ആയ പ്രകമ്പനങ്ങൾ ഉണ്ടായിരിക്കണം. ഈ പ്രകമ്പനങ്ങൾ തമ്മിൽ സമയസംബന്ധിതമായ ഒരു ക്ലിപ്‌തതയും ഉണ്ടായിരിക്കണം. ഒന്നുമുട്ടാൻ എടുക്കുന്ന സമയവും അതുപോലുളള എത്രസമയവും കഴിഞ്ഞാണോ രണ്ടാമതും മുട്ടി ശബ്‌ദമുണ്ടാക്കുന്നത്, ഈ രണ്ടു മുട്ടലുകളും അവയ്‌ക്കിടയിൽ വിടുന്ന സമയവും ചേർന്നതാണ് താളം. ഇത് അക്ഷരകാലം എന്ന തോതുപയോഗിച്ച് കണക്കാക്കുന്നു. മുട്ടുന്ന എണ്ണങ്ങൾക്കിടയ്‌ക്ക് വിടുന്ന നിശബ്‌ദ എണ്ണസമയത്തെ മാത്ര എന്നുപറയുന്നു. ഒരു മാത്ര എന്നത് നാല് അക്ഷരകാലമാണ്. ഏതൊരു താളത്തിനും അതാത് താളനിറങ്ങൾക്കനുയോജ്യമായി കൊട്ടുന്ന എണ്ണങ്ങളും രണ്ട് എണ്ണങ്ങൾക്കിടയ്‌ക്കു നിശബ്‌ദമായി വിടുന്ന എണ്ണക്കാലവും (മാത്ര) കണക്കിലെടുക്കേണ്ടതുണ്ട്. നാലു അക്ഷരങ്ങൾ കൂടിയ 4 അക്ഷരകാലത്തെ ഒരു മാത്രകാലമെന്നും വിശേഷിപ്പിക്കാം.
ഒരു താളത്തിന്റെ ആദ്യ എണ്ണത്തിനു സമാന്തരമായി ഇടയ്‌ക്ക് സമയം വിടാതെ ഒരേക്രമത്തിൽ കൃത്യമായി മറ്റുഎണ്ണങ്ങൾ കൊട്ടി താളവട്ടം തികയ്‌ക്കുന്നു. എങ്കിൽ അതിൽ മാത്രകളൊന്നും വിടുന്നില്ല എന്നു ധരിക്കണം. രണ്ടു അക്ഷരകാലത്തിൽ കുറഞ്ഞമാത്രയായി കണക്കാക്കാവതല്ല.
ശ്രീകൈലാസത്തിൽ പളളികൊളളുന്ന ശ്രീ പരമേശ്വരന്റെ ത്രിശൂലത്തിൽ സ്ഥാനം പിടിച്ച ഉടുക്കു പരിപാവനമായ ഒരു വാദ്യോപകരണമായി കണക്കാക്കിപോരുന്നു. പതിനെട്ട് വാദ്യങ്ങളിൽ മുഖ്യസ്ഥാനവും ഉടുക്കിനുണ്ട്. നൃത്തത്തിന്റെയും വാദ്യത്തിന്റെയും ആദി ഗുരു നടരാജനായ പരമശിവനാകുന്നു. നടരാജന്റെ പ്രദോഷനൃത്തത്തിന് ഉടുക്കുകൊട്ടിയപ്പോഴുണ്ടായ നാദതരംഗങ്ങളാണ് സംസ്‌കൃതവ്യാകരണത്തിന്റെ ആദിമൂലം.
ദിവ്യമായ ഉടുക്ക് അയ്യപ്പൻപാട്ടിൽ ശ്രുതിയായും മേളമായും ഉപയോഗിക്കുന്ന ഒരേ ഒരു ഉപകരണമാവുന്നു.
പാണിനി മഹർഷിയുടെ മഹേശ്വരസൂത്രംതന്നെ ഉടുക്കിന്റെ മഹത്വം വെളിവാക്കുന്നു. ഉടുക്കിൻ മൂലം “നമഃശിവായ ഗുരുവേ നമഃ ദുർവ്വസാശാപം മുന്നം വാണിയാൾക്കുളവായി ഭാരതീശാപം തീർപ്പാൻ സരസ്വതി വചനമിട്ട് മാതംഗിതൻ കരത്താൽ കൃശമധ്യം വൃത്തമഗ്രേ തീർത്താനുടുക്കെന്നാൾ ഈടുറ്റോരു രാജവൃക്ഷേ ശ്രീയോഗമെന്നലിംഗവട്ടം അംഗുലമാറുനീളം നാലുവീതി രവിമതികളെ വളയമാക്കി, മാലയെ ചർമ്മമാക്കി മാടികൊണ്ട് വേദത്തെ നൂലാക്കികോർത്തുകൊണ്ട് വാസുകിയെ കച്ചയാക്കി കെട്ടി ശ്രീ ബ്രഹ്‌മപൂണനൂലിനാലലബകെട്ടി ഓങ്കാരധ്വനിനാദമോടെ ഉപവാദ്യമാക്കിച്ചമച്ചാളുടുക്കുന്ന് മുന്നം ശ്രീനാരദൻ ഉടുക്കെടുത്തു പതം തെളിച്ചുണർത്തി ഗണപതി, ലക്ഷ്‌മി, കവിത്തം, ധൊങ്കത്താരി, ഇവനാലല്ലോ ചതുർഭുജം അടിച്ചന്ന് പിന്നെത്താൻ ദുർവ്വാസാമുനി പുഗവരൻ ഗീതം പാടിയടിച്ചെഴുതാളവുമുടുക്കിനാക്കി ഏകം, രൂപം, ചെമ്പട, കാരിക, വർമ്മ, കുംഭ, ചൂഴാരികൾ ദേവമാനുഷരിതിനെപോദി ഉടുക്കടിച്ചിന്നു പാടുന്നേൻ” എന്നാകുന്നു. ഇതിൽ ഉടുക്കിനെ സംബന്ധിച്ച എല്ലാം അടങ്ങിയിരിക്കുന്നു.
ഏഴു താളങ്ങളാണ് ഉടുക്കിന് വിധിച്ചിട്ടുളളത് അവ “ഏകഞ്ചരൂപമഥചെമ്പട കാരികയും വർമ്മഞ്ചകുംഭചുഴാരിയിവമേഴുതാളം” എന്നു പറയപ്പെട്ടിരിക്കുന്നു. ഇവയ്‌ക്കുപുറമെ ആദിതാളങ്ങൾ, വന്ദനതാളങ്ങൾ, പുറംതാളങ്ങൾ എന്നിവ വേറെയും താളങ്ങൾ.
Generated from archived content: udukkunarumbol.html Author: ajithkumar_gothuruthu
Click this button or press Ctrl+G to toggle between Malayalam and English