പേരിലെന്തിരിക്കുന്നു?

പേരിൽ എന്തിരിക്കുന്നു എന്ന്‌ ചോദിച്ചത്‌ ഷേക്സ്‌പിയറാണ്‌. ആ ചോദ്യത്തിന്റെ അർത്ഥവ്യാപ്തി എന്തായാലും പേരിൽ എല്ലാം ഇരിക്കുന്നു. ഒരാളുടെ വ്യക്തിത്വം കുടികൊള്ളുന്നു പേരിൽ.

ആകാശവും ഭൂമിയും സൃഷ്ടിച്ച തമ്പുരാൻ ആദ്യം സൃഷ്ടിച്ച മനുഷ്യന്‌ ആദം എന്നാണ്‌ പേരിട്ടത്‌. ആദം മുതൽ അന്തപ്പൻ വരെയുള്ളവരുടെ ‘ആ’യിൽ തുടങ്ങുന്ന പേരുകാരുടെ നീണ്ട നിര.

ഉപനിഷത്ത്‌ കഥകളിലും പേരുകളിലാണ്‌ ഓരോ മുനിയും കഥകൾ മെനഞ്ഞിരിക്കുന്നത്‌. ഭാരത ഇതിഹാസം മഹാഭാരതത്തിൽ പേരുകളുടെ പെരുമഴ തന്നെയാണ്‌ വ്യാസൻ സൃഷ്ടിച്ചിരിക്കുന്നത്‌. ഓരോ പേരിനും എത്രയോ അർത്ഥങ്ങൾ. എല്ലാ പേരുകളും സൃഷ്ടിച്ചെടുത്തത്‌ എങ്ങിനെയാണ്‌? വെറുതെയല്ല “ഇതിലുള്ളത്‌ മറ്റു പലേടത്തും കണ്ടേക്കാം ഇതിലില്ലാത്തത്‌ മറ്റൊരിടത്തും കാണുകയില്ല” എന്ന പ്രയോഗത്തിന്റെ പൊരുൾ.

മഹാഭാരതത്തിലെ പാണ്ഡവരുടെ പേരുകൾ എല്ലാവർക്കും പരിചിതമാണെങ്കിലും നൂറ്റുവരുടെ പേരറിയുന്നവർ ചുരുങ്ങും. ദുര്യോധനൻ, ദുശ്ശാസനൻ, ദുസ്സഹൻ, ദുശ്ശലൻ, ജനഗന്ധൻ, സമൻ, സഹൻ, വിന്ദൻ, അനുവിന്ദൻ, ദുർദ്ധർഷൻ, സബാഹു, ദുഷ്‌പ്രധർഷണൻ, ദുർമ്മർഷണൻ, ദുർമ്മുഖൻ, ദുഷ്‌ക്കർണ്ണൻ, വികർണ്ണൻ, കർണ്ണൻ, ശലൻ, സത്വൻ, സുലോചനൻ, ചിത്രൻ, ഉപമിത്രൻ, ചിത്രാക്ഷൻ, ചാരുചിത്രൻ, ശതസനൻ, ദുർമ്മദൻ, ദുർപിഗാഹൻ, വിവിൽസു, വികടിനന്ദൻ, ഊർണ്ണനാഭൻ, സുനാഭൻ, നന്ദൻ, ഉപനന്ദൻ, ചിത്രബാണൻ, ചിത്രവർമ്മൻ, സുവർമ്മൻ, ദുർവിമോചൻ, അയോബാഹു, മഹാബാഹു, ചിത്രാംഗൻ, ചിത്രകുണ്ഡലൻ, ഭീമവേഗൻ, ഭീമബലൻ, വാലകി, ബലവർദ്ധൻ, ഉഗ്രായുധൻ, സുഷേണൻ, കുണ്ഡധാരൻ, മഹോദരൻ, ചിത്രായുധൻ, നിഷംഗി, പാശി, വൃന്ദാരകൻ, ദൃഢവർമ്മൻ, ദൃഢദരൻ, ദൃഢക്ഷത്രൻ, സോമകീർത്തി, അനുദരൻ, ജരാസന്ധൻ, സത്യസന്ധൻ, സദാസുവാക്കു, ഉഗ്രന്തവസ്സ്‌, ഉഗ്രസേനൻ, സേനാനി, ദുഷ്പരാജയൻ, അപരാജിതൻ, കുണ്ഡശായിദ വിശാലാക്ഷൻ, ദുരാധരൻ, ദൃഢഹസ്തൻ, സുഹസ്തൻ, വാത്രവേഗൻ, സുവർച്ചൻ, ആദിത്യകേതു, ബഹ്വാശി, നാഗദത്തൻ, ഉഗ്രശായി, കവചി, ഗ്രഥനൻ, കുണ്ഡി, ഭീമവക്രൻ, ധനുർദ്ധരൻ, വീരബാഹു, അലോലുപൻ, അഭയൻ, ദൃഢകർമ്മാവ്‌, ദൃഢരഥാശ്രയൻ, അനാധ്യഷ്യൻ, കുണ്ഡഭേദി, വിരാഖി, ചിത്രകുണ്ഡലൻ, പ്രഥമൻ, അപ്രമാഥി, ദീർഘരോമൻ, ദീർഘബാഹു, സുജാതൻ, കാഞ്ചനധ്വജൻ, കുണ്ഡാശി, വീരജസ്സ്‌, യുയുത്സു എന്നീ 100പേരും ദുശ്ശള എന്ന സഹോദരിയും ചേർന്ന കൗരവർ. മഹാഭാരതത്തിൽ ആദിപർവ്വം 67, 117 എന്നീ അദ്ധ്യായങ്ങളിൽ ഈ പേരുകൾ വ്യക്തമാക്കിയിട്ടുണ്ട്‌.

പാണ്ഡവരിൽ അർജ്ജുനനുമാത്രം എത്രയോ പേരുകൾ. അപകടസന്ധികളിൽ അർജ്ജുനന്റെ പത്തുപേരുകൾ പ്രാർത്ഥിച്ച്‌ രക്ഷപ്പെടാമത്രെ. അജ്ഞാതവാസക്കാലത്ത്‌ ഉത്തരന്‌ അർജ്ജുനൻ തന്റെ പേരുകളുടെ അർത്ഥം വെളിപ്പെടുത്തിക്കൊടുക്കുന്നുണ്ട്‌.

“ഹന്തനിന്നോടു പറയാം

പത്തുപേരുള്ളതിനു ഞാൻ

മുമ്പു കേട്ടിട്ടുള്ളതെല്ലാം

കേൾവിനാകുമാര നീ

അർജ്ജുനൻ, ഫൽഗുണനൻ, ജിഷ്ണു

കിരീടി, ശ്വതവാഹൻ

ബീഭത്സ്യു, വിജയൻ, കൃഷ്ണൻ

സവ്യസാചി, ധനഞ്ജയൻ (വിരാടപർവ്വം 44-​‍ാം അദ്ധ്യായം)

മുന്നോക്കനും പിന്നോക്കനും അധഃകൃതനും, ആനയും പട്ടിയും പേരുകൊണ്ട്‌ തിരിച്ചറിയാവുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അങ്ങിനെ ആരേയും തിരിച്ചറിയാനാവില്ല. അച്ഛന്റെ പേരിന്റെ ആദ്യാക്ഷരവും അമ്മയുടെ പേരിന്റെ ആദ്യാക്ഷരവും ചേർന്ന്‌ പുതിയ പേരു സൃഷ്ടിക്കുന്ന കപട പരിഷ്‌ക്കാരങ്ങളോട്‌ ഇന്നാളുകൾക്ക്‌ താല്പര്യമില്ല.

കോമനും, ചാത്തനും, ചാപ്രനും, തുപ്രനും, ചോതിയും ചിരുതയും, തേവിയും, അഴകനും, കുഞ്ഞാതിയും അടങ്ങുന്ന തലമുറ ഏതാണ്ട്‌ വിട വാങ്ങിക്കഴിഞ്ഞു.

കുഞ്ചൻ നമ്പ്യാർ പേരുകൊണ്ട്‌ കസർത്തുതന്നെ നടത്തിയിട്ടുണ്ട്‌. ശ്രീകൃഷ്ണനും ബലരാമനും കളിച്ചത്‌ മലബാറിൽ അടുത്തകാലം വരെ ഉണ്ടായിരുന്ന ഈ പേരുകാരായ കുട്ടികളോടൊപ്പമായിരുന്നു.

”താച്ചനും കോമനും കൊച്ചൂട്ടി കേളനും

കോന്നനും ചേന്നനും കുഞ്ഞുനാറാണനും

രാമനും, താമനും കേളനും കേലനും

കോരനും കോരിയും കോന്തനും കോന്തിയും

ചുണ്ടനും കണ്ടനും പണ്ടനും കുണ്ടനും

ഇട്ടിയുണ്ണാമനും ഇട്ടുണ്ണിരാമനും

ചാത്തനും ചാത്തുവും ശങ്കരൻ ശങ്കുവും

ഈച്ചരൻ പൂച്ചരൻ കാക്കരൻ ശേഖരൻ

ചാകരൻ, ചേകരൻ, ചാരനുമെന്നിൽ

മുപ്പത്തിരണ്ടു കിടാങ്ങളുമൊന്നിച്ചു

കെല്പോടുമെല്ലേ കളിപ്പതിന്നന്തികേ

കെല്പോടവരോടൊരുമിച്ചു രാമനും

കൃഷ്ണനും ചെമ്മേ സുഖിച്ചു വാണീടിനാർ“

പുരാണ സംബന്ധമായ പേരുകൾ മുമ്പേ നമുക്കുണ്ടായിരുന്നെങ്കിലും ശങ്കരനെ ശങ്കറാക്കിയും ശ്രീരാമനെ ശ്രീരാമാക്കിയും തിരിച്ചെത്തിയിട്ട്‌ അധികനാളായില്ല.

സ്വാതന്ത്രസമരകാലത്ത്‌ ജനിച്ച തലമുറയ്‌ക്ക്‌ ദേശീയബോധവും നേതാക്കളോടുള്ള ആരാധനയും നിമിത്തം മക്കൾക്ക്‌ പേരിട്ടപ്പോൾ അത്‌ പ്രതിഫലിച്ചു. അങ്ങിനെ ജവഹറും, നെഹ്രുവും, ഗാന്ധിയും, സുഭാഷ്‌ചന്ദ്രബോസും, ഭഗവത്‌സിങ്ങും തുടങ്ങി ഒട്ടേറെ പേരുകൾ നാട്ടിൻപുറങ്ങളിലുമെത്തി.

കമ്മ്യൂണിസ്‌റ്റ്‌ നേതാക്കളുടെ പേരുകളൊക്കെ ഹിന്ദുപേരുകളായിരുന്നല്ലോ, കൃഷ്ണപിള്ള, ഗോപാലൻ, ശങ്കരൻ നമ്പൂതിരിപ്പാട്‌ തുടങ്ങിയ പേരുകളൊക്കെ പുതിയ തലമുറയും സ്വീകരിച്ചെങ്കിലും അത്‌ അവരുടെ അക്കൗണ്ടിൽ കൂട്ടിയില്ല. എങ്കിലും ആ പേരുകൾ ഉണ്ടാക്കിയ ആവേശം അതിരില്ലാത്തതാണ്‌. കേരളത്തിനു പുറത്തെ കമ്മ്യൂണിസ്‌റ്റ്‌ നേതാക്കളായ രണദിവേയും രാമമൂർത്തിയും ജോഷിയും അജോയും, ജ്യോതിബാസുവും മലയാളിക്കു പേരുകളായി.

സോവിയറ്റ്‌ റഷ്യ മലയാളിക്കെന്നും ആവേശമാണ്‌. ലെനിൻ, സ്‌റ്റാലിൻ, ബ്രഷ്‌നേവ്‌, ക്രൂഷ്‌ച്ചേവ്‌ തുടങ്ങി റഷ്യൻ നേതാക്കളുടെ പേരുകളുടെ പ്രളയമാണവിടെ. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്‌ഠകൊണ്ട്‌ ഉഴുതുമറിച്ച ചേർത്തലയിലെ കളവംകോട്‌ ഗ്രാമത്തിൽ വയലാർ സമരകാലത്ത്‌ ജനിച്ച കുട്ടികൾക്ക്‌ ഏറ്റവും കൂടുതൽ റഷ്യൻപേരുകൾ ഉണ്ടായി.

അധഃകൃതനായ പലരും തന്റെ മക്കൾക്ക്‌ പേരു നൽകിയപ്പോൾ ജാതി വ്യവസ്ഥയെ വെല്ലുവിളിച്ചു തിരുമേനി, പോറ്റി, ശർമ്മ, പുരോഹിതൻ, തമ്പുരാൻ, തമ്പി, അയ്യര്‌ തുടങ്ങിയ പേരുകൾ താഴെക്കിറങ്ങിവന്നു.

ഹിന്ദു സമൂഹം പേരിന്റെ കാര്യത്തിൽ പരിഷ്‌കാരങ്ങൾ സ്വീകരിക്കുമ്പോൾ മുസ്ലീം സമൂഹം പേരിനോ ആചാരത്തിനോ അനുഷ്‌ഠാനത്തിനോ വിരുദ്ധമാകാതെ സഞ്ചരിക്കുന്നു. ക്രിസ്ത​‍്യൻ സമൂഹം കാലത്തിനും കോലത്തിനുമനുസരിച്ച്‌ പേരും ആചാരങ്ങളും സ്വീകരിക്കാൻ എപ്പോഴും ജാഗരൂകരാണ്‌. തമിഴ്‌നാട്ടിലെ ഹിന്ദു ക്രിസ്ത​‍്യൻ വിഭാഗങ്ങളെ തിരിച്ചറിയാൻ പേരുകൊണ്ടോ വസ്ര്തധാരണത്തിലോ കഴിയില്ലല്ലോ.

പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ പുതിയ പേരുകൾ സ്വീകരിക്കപ്പെടുന്ന പതിവ്‌ ഉണ്ട്‌. സന്യാസിമാർ, ബിഷപ്പുമാർ ഒക്കെ അങ്ങിനെ പുതിയ ജീവിതത്തിൽ പുതിയ പേരു സ്വീകരിക്കപ്പെടുന്നവരാണ്‌.

ചരിത്രകാരനും പണ്ഡിതനും കവിയുമായ വി.വി.കെ വാലത്ത്‌ തന്റെ മക്കൾക്ക്‌ കൊടുത്ത പേരുകൾ ലോകം ഉഴുതുമറിച്ച മൂന്നുപേരുടേതാണ്‌. സോക്രട്ടീസ്‌, മോപ്പസാങ്ങ്‌, ഐൻസ്‌റ്റീൻ.

വളരെ മുമ്പ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ വളർച്ചയുടെ കാലത്ത്‌ കത്തോലിക്കാസഭയുമായി കലഹിച്ചിരുന്ന ആ നാളുകളിൽ ലെനിൻ എന്ന്‌ പേരിട്ടതിന്‌ പള്ളിവിലക്ക്‌ ഏറ്റവാങ്ങിയ ഒരു സാധാരണ ബീഡി തൊഴിലാളി എന്റെ നാട്ടിലുണ്ടായിരുന്നു. അയാളുടെ കുടുംബത്തിലെ മറ്റൊരുത്‌പതിഷ്ണു മകന്‌ പേരിട്ടത്‌ ജോസഫ്‌ സ്‌റ്റാലിൻ എന്നാണ്‌. അയാളാകട്ടെ നാട്ടിലെ മാർക്സിസ്‌റ്റു പാർട്ടിയുടെ നേതാവുമായി. അയാളുടെ മകന്‌ പേരിട്ടത്‌ മാർക്സ്‌ എന്നും സഹോദരിയുടെ മകന്‌ ഫെഡറിക്‌ ഏംഗൽസ്‌ എന്നും പേരിട്ടു.

ആലപ്പുഴയിലെ സാധാരണ തൊഴിലാളിയായ പത്മനാഭൻ മരിച്ചപ്പോൾ വന്ന ചരമക്കോളത്തിൽ നിന്ന്‌ പ്രാദേശീക ലേഖകൻ ഒരു വാർത്തയുണ്ടാക്കി. മക്കളുടെ പേരുകളാണ്‌ അദ്ദേഹത്തെ സ്വാധീനിച്ചത്‌. പി.പി സ്വാതന്ത്ര്യം, പി.പി സമത്വം, പി.പി സാഹോദര്യം എന്നിങ്ങനെയാണ്‌ ആ പേരുകൾ. ആ പേരുകൾ മക്കൾക്കു നൽകിയ അച്ഛന്റെ ഉന്നതമായ ബോധം നമുക്ക്‌ മനസ്സിലാക്കാം. പി.പി സ്വാതന്ത്ര്യം കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തായ കഞ്ഞിക്കുഴിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്തിൽ പൊലിഞ്ഞുപോയി.

പ്രശസ്ത കഥാകൃത്തും സംവിധായകനുമായ പി. പത്മരാജന്റെ സഹോദരങ്ങളുടെ പേര്‌ പദ്‌മജൻ, പദ്‌മാക്ഷൻ, പദ്‌മിനി, പത്മപ്രഭ, പത്മകുമാരി, എല്ലാവരും താമരയിൽ വിരിഞ്ഞവർ. യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ എന്നീ പേരുകൾ നമുക്ക്‌ സുപരിചിതമല്ലെങ്കിലും സിന്ധു മുതൽ വോൾഗ വരെയുള്ള നദികളുടെ പേരുകൾ നമുക്കിടയിൽ സുലഭം.

ജാതി മത പരിഗണനകൾക്കകത്ത്‌ തിരിച്ചറിയാനാകാതെ കുറെ പേരുകൾ നമുക്കിടയിലുണ്ട്‌. ബാബു, ജോയി തുടങ്ങിയ പേരുകൾ ഉദാഹരണം. സോമയാജിപ്പാടു മുതൽ പാക്കനാർ വരെ ജാതി പരിഗണന കൂടാതെ എല്ലാകാലത്തും ഉപയോഗിച്ചിരുന്ന പേരുകൾ ഉണ്ട്‌. അതിലൊന്നാണ്‌ നാരായണൻ.

സ്വാതന്ത്ര്യസമരകാലത്തെ സ്മരണയിൽ ഇന്നും കോൺഗ്രസ്സായി ജീവിക്കുന്ന ഒരു തലമുറയുള്ള വീട്‌. അമ്മ ആനി ബസ്സന്റ്‌, മകൾ സരോജിനി നായിഡു, ആൺമക്കൾ ബാലഗംഗാധരതിലകനും, സുഭാഷ്‌ ചന്ദ്രബോസും.

ജാതി പേരുകൾ അലങ്കാരമായിരുന്ന ഒരു കാലഘട്ടത്തിൽ പരിഷ്‌ക്കരണവാദികളായ ചിലർ പേരിനൊപ്പമുള്ള വാലുമുറിച്ചുനീക്കി. മന്നത്ത്‌ പത്മനാഭൻ, കേളപ്പൻ, എ.കെ ഗോപാലൻ എന്നിവർ അങ്ങിനെ വാലുമുറിച്ചവരാണ്‌. ജാതി കുശുമ്പിന്റെ പേരിൽ തന്നെ താണ ജാതിയിൽപ്പെട്ട കൊച്ചിയിലെ സ്വാതന്ത്ര്യസമര സേനാനി തന്റെ പേരിനൊപ്പം ജാതിപേര്‌ കൂട്ടിച്ചേർത്തു. താണ ജാതിക്കാരനും പേരിനൊപ്പം ജാതിയാകാം. അതും ഒരു സമരമായിരുന്നു. പി.കെ ഡീവർ എന്ന പേർ അങ്ങിനെ പ്രസിദ്ധമായി.

സാഹിത്യരചനയിലേക്കു കടക്കുന്നവർ പേരിന്റെ കൂടെ സ്ഥലപേരും വീട്ടുപേരും ചേർക്കുന്ന പതിവുണ്ട്‌. ചിലരാകട്ടെ സാഹിത്യ രചനയിൽ തന്റെ പേര്‌ വേറെയായി സ്വീകരിക്കും. തൂലികാനാമം എന്നാണ്‌ അതിനു പേരു തന്നെ. അച്ചനേത്ത്‌, പാറപ്പുറം, ഉറൂബ്‌, സഞ്ജയൻ, വിംസി, കോഴിക്കോടൻ, കോവിലൻ, നന്തൻ, വിലാസിനി, തിക്കോടിയൻ, സുകുമാർ, സിനിക്ക്‌, മീശാൻ തുടങ്ങിയ പേരുകൾ അങ്ങിനെ വന്നതാണ്‌. തകഴി-ആലപ്പുഴയിലെ ഒരു സ്ഥലമാണെങ്കിലും ശിവശങ്കരപ്പിള്ള എന്ന ജ്ഞാനപീഠ ജേതാവിനെ ഈ സ്ഥലത്തിലൂടെ ലോകം അറിയുന്നു. പിണറായി കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ്‌. വിജയൻ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പേരുമായി ബന്ധപ്പെട്ട വ്യക്തിയിലേക്ക്‌ ആ സ്ഥലം ചുരുങ്ങുന്നു. ആലപ്പുഴയിലെ കുട്ടനാട്ടിലെ സ്ഥലമാണ്‌ കാവാലം നാരായണപണിക്കർ എന്ന പേരിലേക്ക്‌ കാവാലം പലപ്പോഴും ചുരുങ്ങുന്നു. കടമ്മനിട്ട, പടലൂര്‌ തുടങ്ങിയ കവികൾ സ്ഥലമായി ബന്ധപ്പെട്ട്‌ ശ്രദ്ധേയരാണ്‌.

സാഹിത്യകാരന്മാർക്കു മാത്രമല്ല ആനയ്‌ക്കു സ്ഥലപേരു ചേർത്ത്‌ വിശേഷണങ്ങൾ ഉണ്ട്‌. സാഹിത്യകാരന്മാരേയും ആനകളേയും കൂട്ടിവായിച്ചാൽ രണ്ടുപേരെയും തിരിച്ചറിയാൻ പ്രയാസമാണ്‌. കിടങ്ങൂർ ഉണ്ണികൃഷ്ണൻ, ചിറക്കൽ കാളിദാസൻ, ഈരാറ്റുപേട്ട അയ്യപ്പൻ, പുത്തൂർ ഉണ്ണികൃഷ്ണൻ, ഗുരുവായൂർ ഉണ്ണികൃഷ്ണൻകുട്ടി, പാമ്പാടി രാജൻ, തെച്ചിക്കോട്ട്‌ കാവ്‌ രാമചന്ദ്രൻ, പാൽക്കുളങ്ങര സുകു, പാറത്തൂർ നന്ദൻ, കാട്ടാക്കരട മുരുകൻ, ചേർപ്പുളശ്ശേരി പാർത്ഥൻ അങ്ങിനെ…

ചില പേരുകൾ ചുരുക്കപേരു കൊണ്ട്‌ ശ്രദ്ധേയമാണ്‌. AKG, EMS, CKG, PG, CH, VS എന്നി അക്ഷരങ്ങളിൽ നിറസാന്നിദ്ധ്യമായി ഇന്നും തുടരുന്നു.

ഇനി പേരിലെ തമാശകൾ നോക്കൂ…. സത്യവാൻ എന്ന പേരുള്ളയാൾ പെരും കള്ളൻ, അംബുജാക്ഷി എന്നു പേരുള്ളവൾ അസ്സൽ കോങ്കണ്ണി, ഭീമൻ എന്നു പേരുള്ളയാൾ ക്ഷീണിച്ച്‌ എഴുന്നേറ്റു നിൽക്കാൻപോലും കെൽപ്പില്ലാത്തയാൾ, സുശീലൻ എന്നു പേരുള്ളയാൾ സകല ദുശ്ശീലങ്ങളുടേയും നായകൻ.

മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കുമുണ്ട്‌ വിശേഷങ്ങൾ. ആന ഹാജിയാരുടേതാണെങ്കിലും രാമകൃഷ്ണനെന്നോ കുട്ടികൃഷ്ണനെന്നോ ആവും പേര്‌. വർഗ്ഗീസ്‌ എന്ന്‌ പേരിട്ട ഒരു ആനയുടെ കഥ ചെമ്മനം ചാക്കോ പാടിയിട്ടുണ്ട്‌. ഗുരുവായൂരമ്പലത്തിൽ വർഗ്ഗീസ്‌ എന്ന ആനയെ കയറ്റാതെ പറഞ്ഞുവിടുന്നതാണ്‌ ആ കവിതയിലെ പ്രമേയം. ആനക്കു മാത്രമല്ല പട്ടികളുടെ പേരിനുമുണ്ട്‌ വിശേഷങ്ങൾ. കൈസർ, ജിമ്മി, ബ്ലാക്കി, ടിക്കോ ഒക്കെ യൂറോപ്പിൽ നിന്നു വന്നവർ. പുതിയ ഇനം പട്ടികൾ വന്നപ്പോഴാണ്‌ അമ്മുവും അരവിന്ദും പട്ടികൾക്കിടയിൽ സ്ഥാനം പിടിച്ചത്‌.

ഓരോ ഗ്രാമത്തിലും നാട്ടിലെ സാധാരണക്കാരൻ സൃഷ്ടിക്കുന്ന ചെറുപേരുകളുണ്ട്‌. ആ പേരിലായിരിക്കും അവരെ ഗ്രാമത്തിൽ അറിയുന്നത്‌. അങ്ങനെ വിളിക്കുമ്പോൾ സ്വീകരിക്കുന്നവരും ക്ഷോഭിക്കുന്നവരും ഉണ്ട്‌… രാജാവ്‌, മന്ത്രി, സഖാവ്‌, നാരദൻ, ചെകുത്താൻ, കുറുക്കൻ, പ്രേതം, ഏഷണി, ചാടന്‌, കുശലൻ, ചണ്ണ, വരാതി, കാപ്പിരി, പട്ടി, പാള പറയൻ, മേലോട്ടുനോക്കി, അങ്ങിനെ പോകുന്നു നാട്ടിൻ പുറത്തെ പേരിലെ വിശേഷങ്ങൾ. മുമ്പെപ്പോഴെങ്കിലും ചെയ്ത ജോലിയോ, പ്രവർത്തനമോ, വേഷമോ, മുൻതലമുറയോ ചെയ്ത പ്രവൃത്തിയോ ആകാം ഈ പേരിനടിസ്ഥാനം. ഗ്രാമത്തിലെ മുഴുവൻപേരേയും ഇങ്ങനെ തിരിച്ചറിയുന്ന കാലം ഉണ്ടായിരുന്നു.

പുതുതായി ചെറുപേരുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും ശ്രദ്ധേയമാണ്‌.

Generated from archived content: essay1_jan16_08.html Author: ajithkumar_gothuruthu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here