നായ്‌ക്കുട്ടിക്കു സുഖമാണോ?

ഈ സ്വർഗം വിട്ട്‌ എവിടേക്കെങ്കിലും ഓടിപ്പോകണമെന്ന്‌ ചിലപ്പോഴെങ്കിലും അയാൾ ആഗ്രഹിച്ചു.

പുറത്ത്‌ വെയിലുണ്ട്‌, നിലാവുണ്ട്‌. ഹരിത പ്രപഞ്ചത്തിന്റെ സ്വാസ്‌ഥ്യമുണ്ട്‌. സ്വരസമുദ്രത്തിന്റെ നിലയ്‌ക്കാത്ത തിരകളുണ്ട്‌. വാതിൽ തുറന്ന്‌ അദൃശ്യമായ തിരമാലയിലൂടെ ഒഴുകി പോകണമെന്നുണ്ട്‌. പക്ഷേ ഒന്നിനും വയ്യ. കിടക്കയിൽ ശരീരം തുന്നിച്ചേർത്തിരിക്കുന്നു. ലോഷനും മരുന്നുകളുടെ സാന്നിദ്ധ്യവും എ.സി.യുടെ തണുപ്പും ചേർന്ന്‌ ചലനത്തെയും കാലത്തെയും ഒരേ ഗന്ധത്തിൽ തളച്ചിട്ടിരിക്കുന്നു. എങ്കിലും ശരീരത്തെ കൊത്തിയെടുത്ത്‌ പറക്കാൻ കഴിവുള്ള ഒരു പക്ഷി അയാളുടെ ഹൃദയത്തിൽ കൂടുവെച്ചിട്ടുണ്ട്‌.

മുറിക്കുപുറത്ത്‌ മിനുത്ത ഇടനാഴിയാണ്‌. ഓരോ മണിക്കൂർ ഇടവിട്ട്‌ അതു തുടച്ചു വൃത്തിയാക്കുന്നുണ്ട്‌. അതിനാൽ ഓരോ കാലൊച്ചയും അയാൾക്ക്‌ ഹൃദിസ്‌ഥം. കുഞ്ഞുങ്ങളുടെ ചരടുകളില്ലാത്ത കാലടികളുടെ സ്വരവിന്യാസം, നേഴ്‌സിന്റെയും ഡോക്‌ടറുടെയും പരിചിത പാദചലനം. ചെറുപ്പക്കാരുടെ അറച്ചറച്ചുള്ള കാലടികളുടെ കടന്നെത്തലുകൾ. ഗോവണിയിറങ്ങിയുള്ള നെട്ടോട്ടങ്ങൾ. കമിതാക്കളുടെ കാലടികളിൽ ചൂഴ്‌ന്നു നിൽക്കുന്ന അസാമാന്യമായ ക്ഷമയും സൗമ്യതയും, ചാരുബഞ്ചുകളിലെ ഹൃദയങ്ങളുടെ കാത്തിരിപ്പുകൾ. ഒക്കെയും അയാൾക്ക്‌ പരിചിതം. പക്ഷെ മുറികളിൽ നിന്ന്‌ പുറത്തിറങ്ങുന്ന ചലനമറ്റ ശരീരങ്ങളുടെ സ്വരമോ ഗന്ധമോ ഇതുവരെ അയാൾക്ക്‌ തിരിച്ചറിയാനായിട്ടില്ല മൃതദേഹങ്ങളെ പിൻപറ്റുന്ന മനുഷ്യരുടെ അടങ്ങിയ തേങ്ങലുകൾക്കപ്പുറം ഉയർന്നു കേൾക്കുക ട്രോളി ചക്രങ്ങളുടെ കരച്ചിലും ഒരിക്കലും മടങ്ങിയെത്താത്ത പാദങ്ങളുടെ സംഘ ഗീതവുമാണ്‌.

നെഞ്ചിന്റെ ഇടതുഭാഗത്ത്‌ പർവ്വതാരോഹകരുടെ പതിവു ക്ലേശം ചേക്കേറുവാൻ തുടങ്ങി. അപ്പോഴാണ്‌ വാതിൽ തുറക്കപ്പെട്ടത്‌. അയാളുടെ ഭാര്യയാണ്‌. പാദശബ്‌ദം തിരിച്ചറിഞ്ഞതുകൊണ്ട്‌ മുഖമുയർത്തിയില്ല. മുറിയിലേക്കു കടന്ന ബാഹ്യസമുദ്രത്തിന്റെ തിരമാലചൂട്‌ ഒരു നിമിഷം അയാൾ ആസ്വദിച്ചു.

“പുറത്തെന്താ ഉഷ്‌ണം ഹൗ” മെല്ലിച്ച കരങ്ങളിൽ നിന്ന്‌ ഫ്‌ളാസ്‌ക്കും പ്ലാസ്‌റ്റിക്‌ കവറും വേർപ്പെടുത്തി മേശപ്പുറത്ത്‌ വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ശോഷിച്ച ശരീരവും ചടച്ച മാറിടവുമുള്ള പതിവു സന്ദർശകയെ നിസ്സംഗതയോടെ വീക്ഷിക്കുന്നതിനിടയിൽ അവൾ വീണ്ടും.

“നായ്‌ക്കുട്ടിക്ക്‌ സുഖമില്ലാത്രെ. അതോണ്ട്‌ ഈയവധിക്കും രാമചന്ദ്രന്‌ വരാൻ പറ്റ്വോന്ന്‌ തോന്നണില്ല. കാന്റീനിൽ പോയപ്പോ ഞാനൊന്ന്‌ വിളിച്ചു നോക്കി. ആയിരം രൂപയുടെ ഇഞ്ചെക്ഷനാത്രെ അതിന്‌ ദിവസോം ചെയ്യണേ. നായ്‌ക്കൾക്കും വലിയ അസുഖങ്ങളാ ഇക്കാലത്ത്‌. വേഗം സുഖപ്പെട്ടാൽ മതിയാർന്ന്‌ എന്റീശ്വരാ….”

മകന്റെ നായ്‌ക്കുട്ടിയെ അയാൾ ഇതുവരെ കണ്ടിട്ടില്ലാ പണ്ട്‌ അവന്റെ വീട്‌ സന്ദർശിച്ചപ്പോൾ ഒഴിഞ്ഞു കിടക്കുന്ന നായ്‌ കൂട്‌ അയാളുടെ ശ്രദ്ധയിൽപെട്ടിരുന്നു. പഴയപട്ടി ചത്തുപോയ ഒരിടവേളയായിരുന്നു അത്‌. പട്ടിയുടെ വിയോഗ ദുഃഖത്തിൽ തന്റെ മകൻ ആഹാരം കഴിക്കാതെ രണ്ടുദിവസം ഒരേ കിടപ്പായിരുന്നു. മരുമകളുടെ ആവശ്യപ്രകാരം ഫോണിലൂടെ അവനെ സ്വാന്തനപ്പെടുത്തിയതും അയാൾ ഓർത്തെടുത്തു. അപരിചിതർക്ക്‌ മുന്നിൽ സദാസമയവും കുരച്ചുചാടിയിരുന്ന ഒരു നവാതിഥി നായ്‌ക്കൂട്ടിൽ ഇപ്പോൾ അടങ്ങികിടക്കുന്നുണ്ടാകണം.

മുറിക്കുപുറത്തെ ഉഷ്‌ണശീതങ്ങളും അസുഖദർശനങ്ങളും നരകമായി സങ്കൽപ്പിക്കുന്ന ഭാര്യയോട്‌ അയാൾക്ക്‌ യോജിക്കാൻ കഴിഞ്ഞില്ല. എങ്കിലും അയാളുടെ അനുവാദമില്ലാതെതന്നെ വാതിലുകളും ജനലുകളും തഴുതിട്ട്‌ അവൾ നരകത്തെയും സ്വർഗ്ഗത്തെയും വേർതിരിച്ചു.

നായ്‌ക്കൂട്ടിൽ അടങ്ങിക്കിടക്കുന്ന ജീവിയുടെ ദൈന്യതയെ കുറിച്ചായി അയാളുടെ ചിന്ത. ഇതോടെ പർവ്വതാരോഹകരുടെ ആയാസം പൂർവ്വാധികം ശക്തിയോടെ ഹൃദയത്തിലേക്ക്‌ പടർന്നുകയറി.

കടുത്ത വേദനക്കിടയിലും അയാൾ ഭാര്യയോടു വിളിച്ചു പറഞ്ഞു. “നായ്‌ക്കുട്ടിക്കു സുഖമായോ എന്ന്‌ നീ അവനോടൊന്നു വളിച്ചു ചോദിക്കണം.” എന്നാൽ അയാളുടെ വേവലാതി പൂർണ്ണമായും ഉൾക്കൊള്ളാനാവാതെ വാതിൽ തുറന്ന്‌ തന്റെ പതിവു സങ്കേതങ്ങളുടെ സൗമ്യതയിലേക്ക്‌ അവൾ ഇറങ്ങിപ്പോയി.

ഇടനാഴിയിലൂടെ അടുത്തടുത്തു വരുന്ന പാദശബ്‌ദം അയാൾക്ക്‌ പരിചിതമായിരുന്നില്ല. എങ്കിലും അത്‌ മനുഷ്യന്റേതല്ലെന്ന്‌ അയാൾ എളുപ്പത്തിൽ തിരിച്ചറിഞ്ഞു. വളരെ പതിഞ്ഞതാണത്‌. ശരീരഭാരം കുറഞ്ഞ ഒരു ജീവിയുടേത്‌. അയാൾ കാതുകൂർപ്പിക്കുന്നതിനിടയിൽ വാതിൽ മെല്ലെ തുറക്കപ്പെട്ടു. ചെമ്പൻതലയും ഇരുണ്ടമുഖവുമുള്ള ഒരു നായ്‌ക്കുട്ടി. ജന്‌മനാൽ മുറിക്കപ്പെട്ട വാൽ ചലിപ്പിക്കാനാവാത്ത ഒരുമാംസത്തുണ്ടായി അതിന്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്‌. കഴുത്തിലെ തുടലിന്റെ അറ്റം പിടിച്ചിരിക്കുന്ന വിരലുകൾ തേടി അയാളുടെ കണ്ണുകൾ ഉഴറിചെന്നു. എന്നാൽ അവിടെ ഒരു കരമോ, ശരീരമോ, നിഴലോ ഉണ്ടായിരുന്നില്ല. നായ്‌ക്കുട്ടിയെ വ്യക്തമായി കാണാവുന്ന മിഴികൾ അയാൾ പ്രതീക്ഷയോടെ വാതിലിൽ തന്നെ പ്രതിഷ്‌ഠിച്ചു. നായ്‌ക്കുട്ടിയുടെ യജമാനനെ തേടി ക്ലേശിക്കുന്ന പർവ്വതാരോഹകരോടൊപ്പം അയാൾ കയറ്റം കയറി. ഭൂതത്തിലേക്കും ഭാവിയിലേക്കും ആത്‌മഹർഷത്തോടെ അയാൾ പ്രയാണമാരംഭിച്ചു.

സ്വർഗ്ഗത്തിനപ്പുറത്തെ വെയിൽ പാതയിലൂടെ

നിലാവിലൂടെ

അദൃശ്യ സമുദ്രത്തിന്റെ നിലയ്‌ക്കാത്ത തിരയിലൂടെ.

Generated from archived content: story1_mar22_10.html Author: ajithan_menothu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here