സുഖജീവിതം

‘ഓമന വന്നോ? വൃദ്ധൻ വീണ്ടും വിളിച്ചുചോദിച്ചു. ജാലകം തുറന്നു ഉച്ചവെയിലിലേക്ക്‌ കൺനട്ടുകൊണ്ട്‌ സാവകാശം അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റു. ആയാസപ്പെട്ട്‌ മെല്ലിച്ച ശരീരത്തെ ഡ്രോയിംഗ്‌ റൂമിലേക്ക്‌ കൊണ്ടുവന്ന്‌ ചുറ്റുപാടും കണ്ണോടിച്ചു. വയറ്റിനുള്ളിലെ ഉരുണ്ടുകയറ്റം ശരീരത്തെ വീണ്ടും തളർത്തി. കഞ്ഞികുടിക്കണമെന്ന മോഹം കലശലായപ്പോൾ ആരോടെന്നില്ലാതെ വീണ്ടും ഒച്ചവെച്ചു.

“ഓമനവന്നോ?” ചിലമ്പിച്ച ആ ശബ്‌ദത്തോട്‌ പ്രതികരിക്കാൻ അയാൾ പണികഴിപ്പിച്ചു മനോഹരമായ ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന്‌ ഞായറാഴ്‌ചയാണല്ലോ; മരുമക്കളും പേരക്കുട്ടികളും വീട്ടിൽ ഉണ്ടാവേണ്ട ദിവസം. ഒരു പക്ഷേ ഓമനവരാത്തതുകൊണ്ട്‌ അവരെല്ലാം പുറത്തുപോയിരിക്കുമോ? ഇന്നലെയും പുറത്തുനിന്നാണവർ ഭക്ഷണം കഴിച്ചത്‌. തനിക്കുള്ള പങ്കും കൊണ്ടുവന്നിരുന്നു – നെയ്‌ചോറ്‌ ആമാശയത്തിൽ അഹിതമായ പ്രതിപ്രവർത്തനങ്ങൾ ആരംഭിച്ചത്‌ അതിൽ നിന്നൊരുഭാഗം അകത്തുചെന്നതോടെയാണ്‌. രാവിലെ മരുമകൾ സമ്മാനിച്ച ബ്രഡ്‌ഡും ചായയും പരവേശം ഇരട്ടിപ്പിച്ചതേയുള്ളു.

ഓമന ദിവസവും വന്നിരുന്നതാണ്‌. ചൂടുള്ള കഞ്ഞിയും പയറും സ്‌പെഷ്യലായി തേങ്ങാചമ്മന്തിയും മുടങ്ങാതെ കിട്ടിയിരുന്നത്‌ അതുകൊണ്ടാണ്‌. ആഹ്ലാദത്തിന്റെ വേളകളിൽ അടുത്ത പറമ്പിൽ നിന്ന്‌ വാഴക്കുടപ്പനോ ഇടിയൻ ചക്കയോ പറിച്ചെടുത്ത്‌ സ്വാദിഷ്‌ടമായ തോരനും അവൾ ഉണ്ടാക്കിത്തരുമായിരുന്നു.

പാടത്തെ കലുങ്കിൽ കാറ്റുകൊള്ളാനിരുന്ന ഒരു സായന്തനത്തിൽ തൊട്ടടുത്ത പ്ലാവിൽ മുഴുത്തുവരുന്ന ചക്കത്തിരികളിലേക്ക്‌ ആവേശത്തോടെ നോക്കിയിരുന്നപ്പോഴാണ്‌ വേലായുധൻ മാഷിന്റെ കമന്റ്‌. ഗേവിന്ദേട്ടൻ ആള്‌ ഭാഗ്യവാനാ. മക്കളിൽ ഒരാൾ വിദേശത്ത്‌, മറ്റയാൾ സ്വദേശത്ത്‌. ഇരുവർക്കും നല്ല ജോലി. മരുമക്കളാണെങ്കിൽ നല്ല കുടുംബങ്ങളിൽ നിന്ന്‌. സ്വാദിഷ്‌ടമായ ഭക്ഷണം വെച്ചു വിളമ്പാൻ വേലക്കാരിയും റിട്ടയർമെന്റ്‌ ലൈഫ്‌ പരമസുഖം തന്നെ. അല്ലേ ഗോവിന്ദേട്ടാ“. താനതു കേട്ടു ഒന്നും മിണ്ടാതിരുന്നപ്പോൾ റിട്ടയേർഡ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ ഹമീദ്‌ പൊട്ടിച്ചിരിച്ചു ” ഹ ഹ ഹ ഹ. വേലക്കാരി വരാത്ത ദിവസം നോമ്പെടുക്കലാ എന്റെ ഡ്യൂട്ടി.“

ചാരിയ മുൻവാതിൽ തുറന്ന്‌ വൃദ്ധൻ സിറ്റൗട്ടിലെത്തി. ദൂരെ പാടത്തു നിന്നും ചെറിയൊരു കാറ്റുവീശുന്നുണ്ട്‌. എങ്കിലും ഉഷ്‌ണത്തിന്‌ കാര്യമായ ശമനമില്ല. ശരീരത്തിന്‌ നേരിയ വിറയൽ അനുഭവപ്പെട്ടപ്പോൾ അയാൾ കസേരയിലിരുന്നു. സാവിത്രി ഉണ്ടായിരുന്നപ്പോൾ നിത്യവും ഒരു നേരം കഞ്ഞി നിർബന്ധമായിരുന്നു. സ്വന്തം വീട്ടിൽ നിന്നോ നാട്ടിൽനിന്നോ അതിനായി കുത്തരി സ്വയം ശേഖരിച്ചുവെക്കുന്ന ചുമതലയും അവൾ ഏറ്റെടുത്തു. അവൾ പാകം ചെയ്യുന്ന കടലയും തോരനുമെല്ലാം കുട്ടികൾക്കും പ്രിയങ്കരമായിരുന്നു. സാവിത്രി പോയതോടെ ചിട്ടകളെല്ലാം തകിടം മറിഞ്ഞു. കണ്ണുകളിൽ നനവുപടരാൻ തുടങ്ങിയപ്പോൾ അയാൾ മെല്ലെ പടിയിറങ്ങി.

ഓമനവരാൻ തുടങ്ങിയതോടെയാണ്‌ ദിനചര്യകൾ പുനരാരംഭിച്ചത്‌. പക്ഷേ അവൾ വന്നിട്ട്‌ ദിവസം നാലഞ്ചായി. അവളുടെ ഭർത്താവ്‌ പെട്ടെന്ന്‌ മരിച്ചുപോയത്രെ. ഇനി എന്നാണാവോ അവൾ വരുന്നത്‌.

വിജനമായ നെൽപ്പാടം പിന്നിട്ട്‌ ഒഴിഞ്ഞ പറമ്പുകൾക്കും ക്ഷേത്രത്തിനുമപ്പുറം എവിടെയോ ആണ്‌ അവളുടെ വീട്‌. പഴയതുപോലെ നടക്കുവാനുള്ള ആരോഗ്യമില്ല. വയറ്റിലാണെങ്കിൽ കോപകോലാഹലങ്ങൾ നിയന്ത്രണം വിട്ടിരിക്കുന്നു. എങ്കിലും ഗെയിറ്റ്‌ കടന്ന്‌ വൃദ്ധൻ റോഡിലെത്തി. നിരത്തിലാണെങ്കിൽ ആൾപെരുമാറ്റം കുറവാണ്‌ കുൺമുന്നിൽ മൂടൽപോലെ ഏതാനും നിഴലുകൾ നീങ്ങുന്നുണ്ട്‌ .ആ നിഴലുകളോട്‌ വൃദ്ധൻ വിളിച്ചു ചോദിച്ചു.

’ഓമനയുടെ വീടറിയുമോ?”

Generated from archived content: story1_jun29_10.html Author: ajithan_menothu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here