ശ്വാനപ്രദർശനം

1

ശ്വാനപ്രദർശനം

ഒളിഞ്ഞു കണ്ടു

ചില ചാവാലിപ്പട്ടികൾ

വിശപ്പിന്റെ

ഭൂമിശാസ്‌ത്രം തിരഞ്ഞ്‌

അവ

എച്ചിലിലകളിൽ

തിമിരബാധിതരായി

2

ഉയരക്കാരൻ

ഗ്രെയ്‌റ്റ്‌ ഡെയിന്റെ

തീറ്റയുടെ ജാതകം വായിച്ച

തെണ്ടിപ്പട്ടി

നോവിളകി

കുപ്പച്ചോറ്‌ കക്കി

3

കുഞ്ഞൻ നായ

ഷിവാവക്കു രാരീരം കെട്ടിയ

വീടിന്റെ

മതിൽക്കെട്ടിനു പുറത്ത്‌

തീട്ടം നാറുന്ന ഓടയിൽ

ഒരു ചൊക്ക്‌ളിപ്പട്ടി

ഒമ്പതുകുഞ്ഞുങ്ങളെ

നൊന്തുപെറ്റു

4

ബ്രസീലുകാരൻ

ജൈന്റ്‌ സ്നോസിന്റെ

ആമാശയത്തിൽ

ഒരു കഴുകന്റെ

അജീർണ്ണമുണ്ടെന്നറിഞ്ഞ്‌

ഉച്ചിഷ്ടം കാത്ത പട്ടിക്ക്‌

ഓക്കാനം വന്നു

5

ലോകചാമ്പ്യൻ

അഫ്‌ഗാൻ ഹോണ്ടിന്റെ

ചെങ്കോലും കിരീടവും

അരവയറിന്റെ

ബലികുടീരങ്ങൾക്കു മുകളിലെ

അധികാരമാണെന്ന്‌

വേറൊരു പട്ടി വാദിച്ചു

6

ശൈത്യവാസക്കാരൻ

സൈബീരിയൻ അസ്‌കറിന്റെ

സാരോപദേശ കഥയിൽ

മൂന്നാം ലോകത്തിന്റെ

ചോരയുണ്ടെന്നും കുരച്ച

പുഴുത്ത പട്ടി

പേപ്പട്ടിയായി

7

ശ്വാനപ്രദർശനം

അലങ്കോലപ്പെടുത്താനെത്തിയ

ചാവാലിപ്പട്ടികൾ

വെറും പട്ടികളല്ലെന്നും

അവ

തീവ്രവാദികളാണെന്നിഢം

ചരിത്രം

തീർപ്പുകൽപ്പിച്ചു.

Generated from archived content: poem3_june14_07.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English