വാമനൻ

പാദത്തോളം കുനിഞ്ഞ്‌

ചോദിച്ചു വാമനൻ,

വെറും മൂന്നടി മണ്ണ്‌!

കൊടുത്തു

അപ്പോൾ തന്നെ,

അളന്നെടുത്തോളാൻ

വിദ്രുതം വളർന്നു അവനന്നേരം

വിണ്ണിനേയും പിന്നിലാക്കി

വിജ്യംഭണമായൊരു നുണയായി.

പിന്നെ

അവൻ ഒറ്റയടി വച്ച്‌

എന്റെ മണ്ണിനേയും

മരങ്ങളേയും പുഴകളേയും

കിളികളേയും വിളകളേയും

കാൽകീഴിൽ

ഉന്മൂലനം ചെയ്‌തു.

രണ്ടാമത്തെയടി കൊണ്ട്‌

അവൻ എന്റെ സ്വപ്‌നങ്ങളേയും

പാട്ടുകളേയും കലകളേയും

കറുത്ത മക്കളുടെ

പാർപ്പിടങ്ങളേയും

പാടേ കവർന്നെടുത്തു.

പിന്നെ

വട്ടിപ്പലിശ പിരിച്ചെടുക്കുന്ന ധാർഷ്‌ട്യത്തോടെ

ചോദിച്ചു,

എവിടെ

മൂന്നാമതളന്നെടുക്കാനുള്ള‘യിടം?

ഒറ്റ തന്തയ്‌ക്കു പിറന്നതുകൊണ്ടും

ഒറ്റുകാരനല്ലാത്തതു കൊണ്ടും

ശിരസ്സു തന്നെ വച്ചുകൊടുത്തു,

പടം വിരിച്ചു നിന്ന

അവന്റെ ഇടം കാലടിയിലേക്ക്‌…..

എന്റെ ചിന്തകളേയും ബുദ്ധിയേയും

ഖനനം ചെയ്‌തുകൊണ്ടാണ്‌

അവൻ പിന്നെ ദയാലുവായത്‌,

’മഹാനാണു നീ

ബലി നൽകിയില്ലേ

ദാനത്തിനായി സകലതും!

അതുകൊണ്ട്‌

ആണ്ടിലൊരിക്കൽ വന്ന്‌

കാണം വിറ്റും

നിനക്കിനി ഓണമുണ്ണാം‘

എന്നാൽ വാമനാ,

മണ്ണും വിണ്ണും

വായുവും ജലവും

മക്കളും കിനാക്കളും

ഇല്ലാതായവനെങ്ങനെ

ഓണമുണ്ണും?

ഒക്കെയറിഞ്ഞിട്ടും

’ദൈവ‘മെന്നു വിളിച്ച്‌

നാക്കിലയിൽ

പൂവ്വട ചുട്ടു കൊടുത്ത്‌,

തുളസിക്കതിരും തുടുപൂവും

നടവഴിയിൽ തൂവി

നിങ്ങളവനെ

പൂജിച്ചതെന്തിനായിരുന്നു?

Generated from archived content: poem2_may12_10.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here