ഇന്നലെ
നിദ്രയുടെ നേർത്ത
മഞ്ഞിലൂടെ അലഞ്ഞുനടക്കവേ
അവര് എതിരെ വന്നു
ഇല പൊഴിയും ശിശിരത്തിലെ
കൊഴിഞ്ഞുവീണ ഇലകളുടെ
വ്യസനമുണ്ടായിരുന്നു
അവരുടെ മുഖത്ത്.
കനത്ത തണുപ്പിൽ
ഉറഞ്ഞുപോകുന്ന ജലത്തിന്റെ
വേദനയോടെ
അവര് പറഞ്ഞു
ഞങ്ങളുടെ സൃഷ്‌ടാവായ നീ,
അർഹിക്കുന്നു എന്നറിഞ്ഞിട്ടും
ഒരിക്കൽ പോലും
സ്വാതന്ത്ര്യം അനുവദിച്ചില്ലല്ലോ…
The bow whispers to the arrow
before it speeds-forth;
“your freedom is also mine.”
ഗീതാഞ്ജലിയിലെ വരികള്
നീ ഹൃദിസ്ഥമാക്കുമ്പോൾ
പ്രതീക്ഷിച്ചു
നിന്റെ സ്വാതന്ത്ര്യം
ഞങ്ങളുടേതുകൂടിയാകുമെന്ന്…
പക്ഷേ….
നീയറിഞ്ഞീല
നിന്റെ സന്തോഷവും
സ്‌നേഹവും
നോവും
ദേഷ്യവും
സർവ്വവികാരങ്ങളും
നിനക്കുവേണ്ടി ഏറ്റെടുത്ത
ഞങ്ങൾ,
അഭിനവ അശ്വത്ഥാമാവുകളിന്നും
ഗതികിട്ടാതെ
നിന്റെ മനസ്സിന്റെ
വനാന്തരങ്ങളിലലയുകയാണെന്ന്….
കുറ്റബോധത്തിന്റെ ചൂടില്
നിദ്രയുടെ മഞ്ഞുരുകി
യാഥാർത്ഥ്യത്തിന്റെ
പ്രളയത്തിലാഴ്‌ന്നുപോകവേ
അറിയുന്നു
അവർ,
എന്റെ മനസ്സിന്റെ ആഴങ്ങളിൽ ജനിച്ച്
നാവിൻതുമ്പത്തൊടുങ്ങാൻ കൊതിച്ച
ഞാൻ പറയാതെ പോയ
എന്റെ വാക്കുകളാണെന്ന്….
Generated from archived content: poem1_june3_08.html Author: ajith_gangadharan
Click this button or press Ctrl+G to toggle between Malayalam and English