ജന്മശിഷ്‌ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ

തൂണിനരികിൽ ക്ലാവുപുരണ്ടരോട്ടുകിണ്ടി

ചാണകം നാറുന്ന, ചിതലുകളോടുന്ന

തറയിലിരിക്കുമവനോരു നിർഭാഗ്യവാൻ….!

ആതിഥ്യമരുളിയോൻ, തീർത്ഥംതളിച്ചോൻ

യാഗശാലകളിൽ മേൽശാന്തിയയായോൻ

മോറിവെയ്‌ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്‌

ഭ്രഷ്‌ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകൾ

ചാമ്പലും മണലുമൊത്തുള്ള കൂട്ടുകൾ

അവനിൽ നിറച്ചു നിണമൊഴുകും വടുക്കളും

എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂർവികശാപമോ മുജ്ജന്മപാപമോ

മുൻപേപറന്നവർ മറന്നിട്ടുപോയതോ

അപരാധമെന്തേ ചെയ്‌തന്നറിയില്ലിന്ന്‌,

നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകൾ ബാക്കി!

തട്ടിൻ പുറത്തോ…..?, ആക്രിക്കടയിലോ…..?

ആതുരാലയത്തിലെ ചില്ലിൻ കൂട്ടിലോ….?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം

ഭാവിത്തുലാസിൽ നർത്തനമാടുമ്പോഴും

പുളിതേച്ച കുളിയും, കളഭം ചാർത്തലും,

ഹാരമണിയലും തീർത്ഥം തളിക്കലും

സ്വപ്‌നാടനമായ്‌ അവന്റന്തരംഗത്തിൽ

വിരിക്കുന്നു ചുവന്നപട്ടുവീണ്ടും……! !

Generated from archived content: poem1_may22_10.html Author: ajith.kumar_sv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here