തുപ്പേട്ടൻ – പാഞ്ഞാളിന്റെ സ്വന്തം നാടകക്കാരൻ

പാഞ്ഞാൾ എന്ന ഗ്രാമത്തിന്‌ കഥകളേറെ പറയാനുണ്ട്‌. ഇത്‌ മന്ത്രാക്ഷരങ്ങളെ സംഗീതവുമായി ചേർത്ത സാമവേദികളുടെ സ്വന്തം നാട്‌. ആധാനവും സോമയാഗവും അതിരാത്രവും ഏറ്റുവാങ്ങിയ ദേശം. നമ്പൂതിരിസമുദായത്തിലെ പരിഷ്‌ക്കരണവാദികൾക്ക്‌ ആവേശമുയർത്തിയ നാട്‌. ഒടുവിൽ ഏറെ വിവാദങ്ങളുയർത്തിയ റിച്ചാർഡ്‌ ഫ്രാങ്കി തന്റെ പഠനങ്ങൾക്കായി തിരഞ്ഞെടുത്ത, നെട്ടൂരെന്ന അപരനാമത്തിൽ അറിയപ്പെട്ട ഗ്രാമവും ഇതുതന്നെ. ഇങ്ങനെ പാഞ്ഞാളിനെ പറ്റി പറയാനുളള കഥ ഏറെയാണെങ്കിൽ പാഞ്ഞാൾ പറയാൻ ഇഷ്‌ടപ്പെടുന്ന കഥ തുപ്പേട്ടനെന്ന ഡ്രോയിംഗ്‌ മാഷിന്റേതായിരിക്കും. പാഞ്ഞാളിന്റെ സ്വന്തം നാടകക്കാരന്റെ കഥ.. മലയാള നാടകവേദിയിൽ വ്യതിരിക്തമായൊരു വഴി കുറിച്ച തുപ്പേട്ടന്റെ വിശേഷങ്ങൾ നാടകത്തിൽമാത്രം ഒതുങ്ങുന്നതല്ല. ഈ ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ അറിയുന്ന ഒരു ജീവിതത്തിന്റേതുകൂടിയാണ്‌…തുപ്പേട്ടനുമായി കുറച്ചുനേരം.

*‘തുപ്പേട്ടൻ’ ഇതെന്താ ഇങ്ങനെയൊരു പേര്‌..?

ഇത്‌പ്പോ ഞാനുണ്ടാക്കിയ പേരൊന്നും അല്ല. സാധാരണ നമ്പൂതിരിമാരുടെ പേരിന്‌ ചെറുരൂപങ്ങൾ ഉണ്ടാകും. വാസുദേവനെ ഇട്ട്യാസു എന്നായിരിക്കും വിളിക്കുക. എന്റെ പേര്‌ സുബ്രഹ്‌മണ്യൻന്നായത്‌ കൊണ്ട്‌ തുപ്പൻ എന്ന ചെറുപേര്‌ വിളിച്ചു. പിന്നീട്‌ ചെറുപ്പക്കാരൊക്കെ തുപ്പേട്ടൻ എന്നുവിളിക്കാൻ തുടങ്ങി. ഇപ്പോ ദേശക്കാർക്കൊക്കെ ഞാൻ തുപ്പേട്ടനായി. പിന്നെ ഡ്രോയിംഗ്‌ പഠിപ്പിക്കുന്നതുകൊണ്ട്‌ ഡ്രോയിംഗ്‌ മാഷേ എന്ന വിളിയും ഉണ്ട്‌. ഈ രണ്ടു പേരിലാണ്‌ എന്നെ അറിയപ്പെടുന്നത്‌. അല്ലാതെ സുബ്രഹ്‌മണ്യൻ നമ്പൂതിരിയെ തേടി പാഞ്ഞാളിൽ വന്നാൽ വലഞ്ഞുപോകും.

-പ്രശസ്‌ത വേദപണ്ഡിതനായിരുന്ന മാമണ്ണ്‌ ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1929 മാർച്ച്‌ ഒന്നിനാണ്‌ തുപ്പേട്ടൻ ജനിച്ചത്‌. ഇംഗ്ലീഷ്‌ നമ്പൂതിരി ബാലികാവിദ്യാലയത്തിലും, ചേർപ്പ്‌ സ്‌കൂളിലും, ചേലക്കര സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്‌. മഹാരാജാസ്‌ കോളേജിലെ പഠനത്തിനുശേഷം ചിത്രരചന പഠിക്കാനായി മദ്രാസ്‌ സ്‌കൂൾ ഓഫ്‌ ആർട്ട്‌സിൽ ചേർന്നു.-

*പഠനകാലത്തെ അനുഭവങ്ങൾ?

ഞാനൊക്കെ ജനിച്ചപ്പോഴെക്കും വേദപഠനങ്ങൾക്കപ്പുറം പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നിലവിൽ വന്നിരുന്നു. അതിനാൽ വേദപഠനത്തോടൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും തരമായി. മദ്രാസിൽ എം.വി.ദേവൻ എന്റെ സഹപാഠിയായിരുന്നു. പ്രശസ്‌ത ചിത്രകാരൻ കെ.സി.എസ്‌.പണിക്കർ ആയിരുന്നു അധ്യാപകൻ. കലാസൃഷ്‌ടിയെക്കുറിച്ചും ആസ്വാദനത്തെക്കുറിച്ചും പുതിയ അനുഭവങ്ങൾ ലഭിച്ചു. പഠനകാലത്തെ അനുഭവങ്ങളേക്കാൾ എന്റെ നാടിന്റെ അനുഭവങ്ങളാണ്‌ കൂടുതൽ സ്പർശിച്ചിട്ടുളളത്‌. ചിത്രാകലാപഠനത്തിനുശേഷം കുറെനാൾ കൊച്ചി മുണ്ടംവേലി ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പിന്നെ നീണ്ട 27 വർഷം പാഞ്ഞാൾ സ്‌കൂളിലെ ചിത്രകലാധ്യാപകനായി.

*പാഞ്ഞാൾ ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നല്ലോ തുപ്പേട്ടന്റെ നാടകപ്രവർത്തനങ്ങൾ; അതിനുളള സാമൂഹികസാഹചര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നോ?

പാഞ്ഞാൾ ഒരു നമ്പൂതിരിഗ്രാമമെന്നുതന്നെ പറയാം. അതും സാമവേദികളുടെ. 75-ലെ അതിരാത്രം നടന്നത്‌ ദാ ഈ മുമ്പിൽ കാണുന്ന വയലിലാണ്‌. അച്ഛനായിരുന്നു യാഗത്തിന്‌ നേതൃത്വം നല്‌കിയത്‌. എങ്കിലും ഇതൊരു യാഥാസ്ഥിതിക നമ്പൂതിരി പ്രദേശമല്ലായിരുന്നു. നമ്പൂതിരി സമുദായത്തിലെ പരിഷ്‌ക്കരണവാദികളുടെ കേന്ദ്രമായിരുന്നു പാഞ്ഞാൽ. യോഗക്ഷേമസഭയൊക്കെ ശക്തമായി പ്രവർത്തിച്ചിരുന്നു. വി.ടിയുടെ അടുക്കളയിൽനിന്നും അരങ്ങത്തേയ്‌ക്ക്‌ എന്ന നാടകം രണ്ടാമത്‌ അവതരിപ്പിച്ചത്‌ പാഞ്ഞാളിലെ ഞങ്ങളുടെ തറവാട്ടുമുറ്റത്തായിരുന്നു. ആദ്യമത്‌ അവതരിപ്പിച്ചത്‌ എടക്കുന്നത്താണ്‌. പാഞ്ഞാളിലെ ആദ്യത്തെ കമ്യൂണിസ്‌റ്റുകാർ നമ്പൂതിരിമാരായിരുന്നു. അവരാണ്‌ കർഷകസംഘം രൂപീകരിച്ചത്‌. ചെറുകാടും വി.ടിയുമൊക്കെ പാഞ്ഞാളിൽ വരുമായിരുന്നു. വളരെ രസികനായിരുന്നു ചെറുകാട്‌. വി.ടി സത്യത്തിൽ തികച്ചും ഒരു ഗാന്ധിയനായിരുന്നു. കവി ആറ്റൂർ രവിവർമ്മയുമായി നല്ല സൗഹൃദത്തിലാണ്‌. ആറ്റൂർ ഗ്രാമം ഇവിടെയടുത്തുതന്നെ. ആറ്റൂരെഴുതിയ തുളളൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ ഞങ്ങൾ കമ്യൂണിസ്‌റ്റുകാരെ ഒളിപ്പിച്ചിട്ടുണ്ട്‌ എന്ന്‌ കരുതി ഇല്ലത്തിന്റെ പത്തായപുരയിലൊക്കെ പോലീസ്‌ കയറിയിട്ടുണ്ട്‌. ‘എവിടടാ ഇ.എം.എസ്‌’ എന്നൊക്കെയായിരുന്നു അവർ വിളിച്ചു പറഞ്ഞത്‌. ഇങ്ങനെ വ്യത്യസ്‌തമായ സാമൂഹികസാഹചര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു.

*വലിയ സംഘർഷഭരിതമായിരുന്നു ആ കാലഘട്ടം അല്ലേ? അതായിരിക്കും എഴുത്തിൽ പ്രതിഫലിച്ചത്‌?

പലരുടെയും ജീവിതം വച്ചു നോക്കിയാൽ അത്ര വലിയ സംഘർഷഭരിതമൊന്നുമായിരുന്നില്ല. പക്ഷെ ഞങ്ങൾ പുരോഗമനത്തിന്റെ പക്ഷത്തായിരുന്നു. അത്‌ എഴുത്തിൽ പ്രതിഫലിച്ചിട്ടുണ്ട്‌. പാഞ്ഞാളിലെ വായനശാല വാർഷികത്തിന്‌ അവതരിപ്പിക്കാൻ വേണ്ടിയാണ്‌ ഞാൻ നാടകമെഴുതിയത്‌. അതിനെ നാടകമെന്നു ഞങ്ങൾ പറഞ്ഞിരുന്നില്ല. ഇ.യു.ബി.എ പരിപാടിയെന്നാണ്‌ അതിനെ വിളിച്ചത്‌. അതായത്‌ എഡ്യുക്കേറ്റഡ്‌ അൺ എംപ്ലോയ്‌ഡ്‌ ബാച്ചിലേഴ്‌സ്‌ അസോസിയേഷൻ പരിപാടി. സംഭവം പതിവു ശൈലിയിൽനിന്നും വ്യത്യസ്തമായിരുന്നു. ഒരു പരിപാടി ഒരവതരണത്തിനുമാത്രം. ഭൂരിപക്ഷവും ഈ പരിപാടി ആസ്വദിച്ചിരുന്നു. ആയിടയ്‌ക്ക്‌ ആറ്റൂരെഴുതിയ തുളളലുകൾ ഞാൻ അവതരിപ്പിക്കുമായിരുന്നു.

-തുപ്പേട്ടന്റെ നാടകങ്ങൾക്ക്‌ പാഞ്ഞാളിനപ്പുറത്തും കാഴ്‌ചക്കാരുണ്ടെന്ന്‌ കണ്ടെത്തിയത്‌ ശിവകരനാണ്‌. തുപ്പേട്ടന്റെ നാടകങ്ങൾക്ക്‌ സംവിധാനത്തിന്റെ കെട്ടുറപ്പ്‌ നല്‌കിയതും ശിവകരൻ തന്നെ. തുപ്പേട്ടന്റെ വലംകൈയായി തുപ്പേട്ടന്റെ നാടകങ്ങളെ സ്‌നേഹിച്ച പ്രതിഭാശാലി.

1989 ഏപ്രിൽ –

അമ്പരന്ന എഞ്ചിൻ ഡ്രൈവർ പറഞ്ഞു.

‘തൊഴുകയ്യുമായി ഒരു ചെറുപ്പക്കാരൻ പാളത്തിനു നടുവിൽ. പെട്ടെന്നാണ്‌ കണ്ടത്‌. ബ്രെയ്‌ക്കിടാൻ കഴിയുന്നതൊക്കെ ചെയ്‌തു. കാര്യമുണ്ടായില്ല… എനിക്ക്‌.. എനിക്കൊരിക്കലും അത്‌ മറക്കാനാവില്ല.“

ആ ചെറുപ്പക്കാരൻ ശിവകരനായിരുന്നു. ജീവിതമെന്ന നാടകത്തിൽ ഒരുപാട്‌ ക്ലൈമാക്‌സുകൾ ബാക്കിവച്ച്‌; ഇടയ്‌ക്ക്‌ ഒരു ഏപ്രിലിൽ റെയിൽ പാളത്തിനുമുകളിൽ ഒരു ചെറുക്ലൈമാക്‌സ്‌ ഒരുക്കി ശിവകരൻ യാത്രയായി. അതിനുശേഷം തുപ്പേട്ടൻ കാര്യമായൊന്നും എഴുതിയില്ല-

*ശിവകരൻ….?

-തുപ്പേട്ടന്റെ കണ്ണുകളിൽ ചെറിയൊരു നനവ്‌-

”എഴുപത്തിയഞ്ചിനോടടുപ്പിച്ചാണ്‌ ശിവകരൻ ഇവിടെയെത്തിയത്‌. അസാമാന്യ പ്രതിഭാശാലി, ഏറെ ഉത്സാഹി, അതിലുപരി ഹൃദയം നിറയെ സ്‌നേഹവും. എന്റെ നാടകങ്ങളിൽ അവൻ അഭിനയിച്ചു. അവ സംവിധാനം ചെയ്‌തു. എന്റെ നാടകങ്ങളെ പാഞ്ഞാളിനു പുറത്ത്‌ ഒരു ലോകമുണ്ടെന്ന്‌ കാണിച്ചു കൊടുത്തു.. അവൻ എന്തിന്‌ ആത്മഹത്യ ചെയ്‌തു എന്നെനിക്കറിയില്ല. ശിവകരന്റെ ഏട്ടൻ ഡൽഹിയിൽ വച്ച്‌ മരിച്ചു അതിനുശേഷം അവനിൽ പല മാറ്റങ്ങളും ഉണ്ടായി. പിന്നെ സാമ്പത്തിക ബാധ്യത ഉണ്ടായെന്നും കേൾക്കുന്നു. അവൻ ഒടുവിൽ മരണത്തെക്കുറിച്ച്‌ മാത്രമേ പറയാറുണ്ടായിരുന്നുളളൂ… ഒടുവിൽ ശിവകരൻ ശിവകരനല്ലാതെയായി.. അവന്റെ ഉണർവ്‌ തിരിച്ചെടുക്കാൻ ഞങ്ങൾ ശ്രമിച്ചതൊക്കെ വെറുതെയായി. ശിവകരന്റെ വേർപാട്‌ എന്റെ നാടകജീവിതത്തിന്റെ വേർപാട്‌ തന്നെയായിരുന്നു.

*തുപ്പേട്ടന്റെ ചിത്രകാരന്റെ മനസ്സ്‌ നാടകത്തിൽ എങ്ങിനെ പ്രതിഫലിച്ചു?

ചിത്രകലയിൽ വേണമെന്നു കരുതിയതൊക്കെ ഞാൻ നാടകത്തിൽ വരുത്തുവാൻ ശ്രമിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാകണം എന്റെ നാടകങ്ങൾ കുറച്ചൊക്കെ വഴിവിട്ട്‌ സഞ്ചരിച്ചത്‌. എന്റെ ആൾരൂപങ്ങളുടെ സ്‌കെച്ചുകളുടെ പ്രത്യേകത നാടകത്തിലും ചിലപ്പോൾ കാണാനാകും.

-നാടകങ്ങളിൽ പരീക്ഷണമാകാമെന്ന്‌ തുപ്പേട്ടൻ കരുതുന്നു. എങ്കിലും പരീക്ഷണമെന്ന പേരിൽ ജനത്തിന്‌ മനസ്സിലാകാത്തത്‌ നാടകമാകില്ല. തനതു നാടകവേദി എന്ന പരീക്ഷണവും നല്ലതുതന്നെ, പക്ഷെ, പിന്നീടത്‌ ജനങ്ങൾക്ക്‌ ആസ്വാദനയോഗ്യമായോ എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കൃത്രിമം നാടകത്തിന്‌ പറ്റിയതല്ല. തുപ്പേട്ടന്റെ നാടകചിന്തകൾ ഇങ്ങിനെ പോകുന്നു. താനും ചില പരീക്ഷണങ്ങൾ നടത്തിയെന്നും എന്നാൽ അത്‌ ജനം അംഗീകരിച്ചുവെന്നും തുപ്പേട്ടൻ തിരിച്ചറിഞ്ഞിട്ടുണ്ട്‌-

*ഇനി നാടകത്തിൽനിന്നും മാറിയൊരു ചോദ്യം… കേരള രാഷ്‌ട്രീയത്തിൽ പ്രത്യേകിച്ച്‌ ഇടതുപക്ഷ രാഷ്‌ട്രീയത്തിൽ ഏറെ വിവാദം സൃഷ്‌ടിച്ച റിച്ചാർഡ്‌ ഫ്രാങ്കി തന്റെ പഠനങ്ങൾക്ക്‌ തിരഞ്ഞെടുത്തത്‌ പാഞ്ഞാൾ ആയിരുന്നല്ലോ, നാട്ടുകാരനെന്ന നിലയിൽ ഫ്രാങ്കിയുടെ പ്രവർത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?

പാഞ്ഞാളിൽ പഠനം നടത്തിയത്‌ റിച്ചാർഡ്‌ ഫ്രാങ്കി മാത്രമല്ല. അമേരിക്കക്കാരനായ പ്രൊഫഃസ്‌റ്റാൾ 1957ൽ വേദങ്ങളെക്കുറിച്ച്‌ പഠിക്കാൻ ഇവിടെ വന്നിരുന്നു. എന്റെ അച്‌ഛന്റെ സഹായത്തോടെ വേദപഠനങ്ങൾ നടത്തി. യാർക്കോ പർപ്പോള എന്ന സായിപ്പും വേദങ്ങളെപ്പറ്റി പഠിക്കാൻ ഇവിടെ വന്നിരുന്നു. അദ്ദേഹം സ്ഥിരമായി വരാറുണ്ട്‌. അതിരാത്രം നടന്ന സമയത്ത്‌ അദ്ദേഹം ഇവിടെയുണ്ടായി. പിന്നീട്‌ സോഷ്യോളജിസ്‌റ്റും ആന്ത്രപ്പോളജിസ്‌റ്റുമായ ജോൺ മെഞ്ച്യർ ഇവിടെയെത്തി. ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെപ്പറ്റിയൊക്കെ പഠനം നടത്തി. അതിനുശേഷമാണ്‌ ഫ്രാങ്കി എത്തുന്നത്‌. ഇവരെല്ലാം തന്നെ എന്റെ ഇല്ലത്തെ പത്തായപുരയിൽ താമസിച്ചാണ്‌ പഠനം നടത്തിയത്‌. ഫ്രാങ്കിയുടെ കൂടെ പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ബാർബറയും ഉണ്ടാകുമായിരുന്നു.

*മറ്റുളളവരിൽനിന്നും വ്യത്യസ്തമായി ഫ്രാങ്കി വേദങ്ങളെക്കുറിച്ച്‌ പഠിക്കാനും മറ്റുമല്ല പാഞ്ഞാളിലെത്തിയത്‌. മറിച്ച്‌ കേരളത്തിന്റെ സാമ്പത്തികാവസ്ഥ, സമ്പത്തിന്റെ വിതരണം എന്നിവയെക്കുറിച്ചൊക്കെ പഠിക്കുവാനാണ്‌ എത്തിയത്‌. എന്തുകൊണ്ട്‌ ഇതിന്‌ പാഞ്ഞാളിനെ തിരഞ്ഞെടുത്തു? മാത്രവുമല്ല തന്റെ പഠനഗ്രന്ഥത്തിൽ പാഞ്ഞാൾ എന്നതിനുപകരം നെട്ടൂരെന്നാണ്‌ അദ്ദേഹം രേഖപ്പെടുത്തിയത്‌. ഇത്‌ എന്തുകൊണ്ടാകണം?

ഫ്രാങ്കി ഇവിടം തിരഞ്ഞെടുത്തത്‌ ഗൂഢമായ ഒരു ഉദ്ദേശത്തോടുകൂടിയല്ല. ജോൺ മെഞ്ചറുടെ സ്‌നേഹിതനാണ്‌ ഫ്രാങ്കി. മെഞ്ചറിൽനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഫ്രാങ്കി പാഞ്ഞാൾ തേടിവന്നത്‌. പിന്നെ പാഞ്ഞാളിനെ നെട്ടൂരാക്കിയതിൽ തെറ്റൊന്നുമില്ല. വെറും ഒരു സാങ്കേതിക പ്രശ്‌നമായി മാത്രം അതിനെ കണ്ടാൽ മതിയാകും.

*റിച്ചാർഡ്‌ ഫ്രാങ്കിയെക്കുറിച്ച്‌ ഒരുപാട്‌ വിവാദങ്ങൾ കേരളത്തിൽ ഉണ്ടായല്ലോ…പ്രത്യേകിച്ച്‌ ഇടതുപക്ഷത്തെ തകർക്കാനെത്തിയ സി.ഐ.എ ചാരനാണെന്നുവരെ പറഞ്ഞു. തുപ്പേട്ടൻ മനസ്സിലാക്കിയ ഫ്രാങ്കിയുടെ ഇടപെടലുകൾ എന്തായിരുന്നു?

റിച്ചാർഡ്‌ ഫ്രാങ്കിയും അദ്ദേഹത്തിന്റെ ഭാര്യ ബാർബറയുമായി അടുത്ത സൗഹൃദത്തിലായിരുന്നു ഞാൻ. വളരെ സിമ്പിളാണിവർ. എങ്കിലും പ്രോഗസീവും തീവ്രവുമായ അഭിപ്രായമുളളവരാണ്‌. അമേരിക്കയിലെ വയലൻസിനെക്കുറിച്ച്‌ ബാർബറ പുസ്‌തകമെഴുതിയിട്ടുണ്ട്‌. എന്റെ അഭിപ്രായത്തിൽ ഇവർ തീവ്ര ഇടതുപക്ഷക്കാരാണ്‌. അമേരിക്കൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവർക്ക്‌ ബന്ധമുണ്ടെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോവരെ കണ്ടെത്തിയിട്ടുണ്ട്‌. ഭൂപരിഷ്‌ക്കരണത്തിനുശേഷം കേരളത്തിൽ ഉണ്ടായ സമ്പത്തിന്റെ പുനർവിതരണവും മറ്റും ജനജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന്‌ പഠിക്കാനാണ്‌ ഇവർ എത്തിയത്‌. സ്വാഭാവികമായും കേരളത്തിൽ പല വികസന പ്രക്രിയകളിലും ഇവർ ഇടപെട്ടിട്ടുണ്ടാകാം. പിന്നെ ചാരപ്പണികൊണ്ട്‌ ഇടതുപക്ഷത്തെ തകർക്കാമെങ്കിൽ ഇടതുപക്ഷം വിപ്ലവം മാറ്റിവച്ച്‌ തിരിച്ച്‌ ചാരപ്പണി നടത്തുകയാകും നല്ലത്‌. ഇവിടുത്തെ ചില ഇടതുപക്ഷകാർ സ്വയം പഠിക്കാനോ പഠിക്കാനെത്തുന്നവരെ പഠിപ്പിക്കാനോ ശ്രമിക്കാറില്ല.

*ഫ്രാങ്കിയുമായി ഇത്രയും അടുപ്പമുളള തുപ്പേട്ടനെ തേടി ഇടതുപക്ഷ നേതാക്കളോ, മാധ്യമങ്ങളോ വന്നിരുന്നില്ലേ?

മാധ്യമങ്ങൾ വന്നിരുന്നു, മലയാള മനോരമയടക്കം. തകരാറുകൾ മാത്രം തേടിയാണിവർ വന്നത്‌. പക്ഷെ ഫ്രാങ്കിയോട്‌ ബഹുമാനമാണെന്നു പറഞ്ഞപ്പോൾ പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. എല്ലാവർക്കും ഓരോ ഉദ്ദേശങ്ങളുണ്ട്‌. ഫ്രാങ്കിക്ക്‌ പഠനമാണ്‌ ഉദ്ദേശം. നമ്മളോ മര്യാദയ്‌ക്ക്‌ പഠിക്കുന്നില്ല, എങ്കിൽ പഠിക്കാനാഗ്രഹമുളളവർ അതുചെയ്യട്ടെ എന്നു കരുതുകയല്ലേ വേണ്ടത്‌.

*തുപ്പേട്ടന്റെ കുടുംബം… ജീവിതം?

ഉമാദേവിയാണ്‌ എന്റെ ഭാര്യ. സുമ, സാവിത്രി, അജിത, രവി, രാമൻ ഇവരാണ്‌ മക്കൾ. ഇപ്പോൾ പേരക്കുട്ടികളുമൊക്കെയായി സമയം കളയുന്നു. പിന്നെ പുസ്‌തകവായന…അത്യാവശ്യം ചെറുതായി ചിത്രരചന. അങ്ങിനെ പോകുന്നു.

തുപ്പേട്ടന്റെ നാടകങ്ങൾ തേടി ഇന്നും കലാകാരൻമാർ എത്തുന്നുണ്ട്‌. ശിവകരൻ സ്‌നേഹിച്ചുവളർത്തിയ നാടകങ്ങൾ.. ’തനതുലാവണം‘, ’വന്നന്ത്യേകാണം‘, ’മോഹനസുന്ദരപാലം‘ അങ്ങിനെ ഒരുപാടെണ്ണം. 2000 ജനുവരിയിൽ തുപ്പേട്ടന്റെ നാടകങ്ങൾ മാത്രം ഉൾക്കൊളളിച്ച്‌ പാഞ്ഞാളിൽ ഒരു നാടകവേല തന്നെ ആസ്വാദകർക്കായി നാടക കലാകാരൻമാർ ഒരുക്കി. പുതുതായി ചിലതൊക്കെ എഴുതുന്നുമുണ്ട്‌. ആറ്റൂർ രവിവർമ്മയുടെ നേതൃത്വത്തിൽ തുപ്പേട്ടന്റെ നാടകങ്ങളെ സ്‌നേഹിക്കുന്നവരുടെ ഉത്സാഹത്തിൽ ഒരു നാടകസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. തൃശൂർ കറന്റ്‌ ബുക്‌സ്‌ പുറത്തിറക്കിയിരുന്ന ’വന്നന്ത്യേകാണാം‘ എന്ന നാടകസമാഹാരം വായനക്കാരും നാടകപ്രേമികളും ഹൃദയപുരസരമാണ്‌ ഏറ്റുവാങ്ങിയത്‌.

തുപ്പേട്ടന്‌ ഇനിയും ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ട്‌. പാഞ്ഞാളെന്ന സാമവേദികളുടെ ഗ്രാമത്തെക്കുറിച്ച്‌, നാടകത്തെക്കുറിച്ച്‌, ചിത്രകലയെക്കുറിച്ച്‌… അങ്ങിനെ ഒരുപാട്‌….പാലക്കാടൻ ചുരത്തിലൂടെ വീശിയ വരണ്ട കാറ്റിലും തളരാതെ നില്‌ക്കുന്ന, ഇല്ലത്തിന്റെ മുന്നിൽ വിശാലമായി കിടക്കുന്ന നെൽപ്പാടങ്ങളെ നോക്കി പാഞ്ഞാളിന്റെ ഡ്രോയിംഗ്‌ മാഷ്‌ ഇരിക്കുകയാണ്‌; മനസ്സിൽ കുറിച്ച ഒരു സ്‌കെച്ചിനെയോർത്ത്‌. എഴുതുവാൻ കൊതിക്കുന്ന നാടകത്തെക്കുറിച്ചോർത്ത്‌.

Generated from archived content: inter1_dec9.html Author: ajil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English