ക്രിസ്തുമസ്… മാനവചരിത്രം രേഖപ്പെടുത്തിയതിൽ ഏറ്റവും വിശുദ്ധമായ ദിനം. ജറുസലേമിന്റെ ദുരന്തജീവിതങ്ങൾക്കു മുകളിൽ വിശുദ്ധനക്ഷത്രം നിറഞ്ഞുതെളിഞ്ഞ സുദിനം. ബഥ്‌ലഹേമിലെ അഴുക്കു നിറഞ്ഞ ഒരു കാലിത്തൊഴുത്തിലെ ഇടുങ്ങിയ വൈക്കോൽ ശയ്യയിലേയ്‌ക്കാണ് ആ ദിവ്യനക്ഷത്രം പുണ്യമായി പെയ്‌തിറങ്ങിയത്. ക്രിസ്‌തുവിന്റെ ജനനം മാനവരാശി കണ്ട ഏറ്റവും മഹത്തായ ദർശനത്തിന്റെ ജന്മംകൂടിയായിരുന്നു.
ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ഭാഷയാണ് ക്രിസ്‌തു നമ്മെ പഠിപ്പിച്ചത്. പോർവിളികളില്ലാതെ, ഓരോ മനുഷ്യമനസുകളിലേയ്‌ക്കും യേശു നടത്തിയ യാത്രകൾ ഒരു ദേശം ആഗ്രഹിച്ചതിനേക്കാൾ ഏറെയായിരുന്നു. ഒറ്റുകാരെയും തന്നെ തളളിപ്പറഞ്ഞവരെയും വേദനിപ്പിക്കാതെയാണ് യേശു തന്റെ ജീവിതം ദൈവത്തോട് ലയിപ്പിച്ചത്. എന്നാൽ അവരൊക്കെയും തങ്ങളുടെ പിൻജീവിതത്തിൽ അനുഭവിച്ച വേദനകളൊക്കെയും തങ്ങളിലൊക്കെ തിന്മകളുടെ ആകാശംമുട്ടുന്ന വലിയ കുന്നുകളുണ്ട് എന്ന തിരിച്ചറിവായിരുന്നു.
കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുകയും, കുരുടന് കാഴ്‌ച നല്‌കുകയും, മരിച്ചവനെ ഉയിർപ്പിക്കുകയും അഞ്ചപ്പത്തെ അയ്യായിരമാക്കുകയും വെളളം വീഞ്ഞാക്കുകയും ചെയ്തവൻ മാത്രമല്ല ക്രിസ്‌തു. സങ്കീർണ്ണമായ നന്മതിന്മകളുടെ ഇടപെടലുകളെ തന്റെ ജീവിതംകൊണ്ട് വ്യാഖ്യാനിക്കുകവഴി, മനുഷ്യകുലത്തിന്റെ ഗതി തിരിച്ചുവരച്ച മഹാഗുരു കൂടിയാണ് അദ്ദേഹം. മനുഷ്യനും ദൈവത്തിനും ഇടയിൽ നിന്നുകൊണ്ട് മഹാപീഡനങ്ങളുടെ ഘോഷയാത്രകൾ സ്വയം ഏറ്റുവാങ്ങി, പാപങ്ങളൊക്കെയും തിരുമുറിവുകളിൽ ആവാഹിച്ച് തന്റെ ജീവിതദൗത്യം പൂർത്തീകരിച്ചപ്പോൾ മനുഷ്യർ ഓരോരുത്തരും നിർമലനായത് നാം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് തന്നെയാകണം ഇന്നും ഓരോ മനുഷ്യനും തന്റെയുളളിലെ ബഥ്‌ലഹേമിൽ വീണ്ടും ക്രിസ്‌തു പിറക്കാൻ കൊതിക്കുന്നത്.
ഓരോ ക്രിസ്‌തുമസ് കാലവും മലയാളിക്ക് പുണ്യമാകുന്നതും ഇതുകൊണ്ടുതന്നെയാണ്. വിശ്വാസത്തിനും ആചാരങ്ങൾക്കും അപ്പുറത്ത് വിശ്വസ്നേഹത്തിന്റെ പൊരുളാണ് ക്രിസ്‌തുവെന്ന് നാമും അനുഭവിക്കുന്നുണ്ട്. ക്രിസ്‌തു കണ്ട കാഴ്‌ചകളൊക്കെയും നമ്മുടെ മനസിലും തെളിയുന്നുണ്ട് എന്നാണിതിനർത്ഥം. മലയാളി ആഘോഷിക്കുന്ന ക്രിസ്‌തുമസ് ഇതിന് കൃത്യമായ ഉദാഹരണമാണ്.
എണ്ണതിരിയുടെ വെളിച്ചത്തിൽ, വർണക്കടലാസിൽ പൊതിഞ്ഞ ആകാശവിളക്കുകൾ ഒരുക്കുന്ന ബാല്യങ്ങൾ നമുക്ക് ഇന്നുമുണ്ട്. കളിമണ്ണിൽ തീർത്തു നിറം പിടിപ്പിച്ച ഉണ്ണിയേശുവും മാലാഖമാരുമൊക്കെ നിറഞ്ഞ പുൽകുടിലുകൾ നമ്മുടെ മുറ്റങ്ങൾക്ക് ഇന്നും അലങ്കാരമാകുന്നു. തിരുപ്പിറവിയുടെ ഓർമ്മകൾ നിറഞ്ഞ പപ്പാഞ്ഞികൾ ക്രിസ്‌തുമസ് രാവുകളിൽ ഓരോ വാതിലുകളിലും വിരുന്നുകാരനാകുന്നു. സ്നേഹവും സാഹോദര്യവും പ്രണയവും തുളുമ്പിയൊഴുകുന്ന ക്രിസ്‌തുമസ് കാർഡുകൾ നമ്മെ തേടിയെത്തുന്നുണ്ട്. ഇങ്ങനെ എന്തെല്ലാം… ആധുനിക ജീവിതത്തിന്റെ അതിവേഗപ്പാച്ചിലുകളിൽ ജീവിക്കാൻ മറന്നുപോകുന്ന മലയാളി പോലും ക്രിസ്തുമസിനെ ഒഴിവാക്കുന്നില്ല. കാരണം നന്മയുടേയും സാഹോദര്യത്തിന്റെയും വിശുദ്ധവഴികൾ വെട്ടിത്തെളിച്ച ക്രിസ്‌തുവിന്റെ ജനനത്തിന്റെ ഓർമപുതുക്കൽ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. എങ്കിലും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറത്തേക്ക് നമ്മുടെയുളളിൽ ഒരു ക്രിസ്തുവിന് ജന്മം നല്‌കുകയാണ് ഏറ്റവും വലിയ പുണ്യം. ക്രിസ്‌തു തന്റെ വിജയമാഘോഷിച്ചതൊക്കെയും ഏതൊരുവന്റെയും ഹൃദയത്തിലായിരുന്നു. ആ ഹൃദയം ശുദ്ധമാക്കുക എന്നതാണ്, നമുക്കായി ക്രിസ്‌തു ഏറ്റുവാങ്ങിയ പീഡനങ്ങളുടെ കടപ്പാടുകൾക്ക് നാം നല്‌കേണ്ട പ്രതിഫലം.
ക്രിസ്‌തുമസ് പുതുവത്സര ആശംസകൾ
Generated from archived content: essay2_dec21_06.html Author: ajil_ms