ഓർമ്മയിൽ ഒരു അവധിക്കാലം

പ്രിയമുളള ഓരോ ഓർമ്മകൾക്കിടയിലും ഏതോ ഒരു അവധിക്കാലം ഉണർത്തുന്ന നരച്ചുപോകാത്ത ചിത്രങ്ങളുണ്ട്‌. വേനലവധിക്കാലം നമുക്ക്‌ എന്തൊക്കെയായിരുന്നു. വെറുമൊരു ഉല്ലാസകാലം എന്നതിനപ്പുറത്ത്‌, ഓരോ തിരിച്ചറിവുകളുടെയും സൂക്ഷ്‌മമായ അടയാളപ്പെടുത്തലുകൾ നല്‌കിയത്‌ ഈ ദിനങ്ങളാണ്‌. പരീക്ഷാച്ചൂടിന്റെ വീർപ്പുമുട്ടലിൽ നിന്നും സ്വാതന്ത്ര്യം നേടിയ ബാല്യം, അറിയാതെ പല പാഠങ്ങൾ പഠിച്ചതും ഈ ദിനങ്ങളിൽ തന്നെയായിരുന്നു.

നഗരത്തിരക്കുകളിൽ നിന്നും കണ്ടു പഴകിയ കാഴ്‌ചകളിൽ നിന്നും തറവാട്ടിലേയ്‌ക്കോ അമ്മവീട്ടിലേയ്‌ക്കോ ഉളള യാത്രകൾ….. അവിടെ വാസനച്ചുണ്ണാമ്പിന്റെ ഗന്ധമുളള മുത്തശ്ശിയുടെ മടിയിൽ കിടന്ന്‌ മനസ്സിൽ പതിപ്പിച്ച യക്ഷിയുടെയും ഗന്ധർവ്വന്റെയും കഥകൾ…. ഏതോ ഒരമ്മാവൻ ഉപേക്ഷിച്ച ബീഡിക്കുറ്റിയുടെ രസം കൂട്ടുകാരനൊപ്പം രഹസ്യമായി പങ്കിട്ട ഉച്ചവെയിൽ ചൂടുകൾ… ഒരു കളിവീടിന്റെ തണലിൽ നീ അമ്മയും ഞാൻ അച്ഛനുമെന്ന്‌ പറഞ്ഞ്‌ തളിർത്ത വാക്കുകൾ… തോട്ടിറമ്പിൽ പരൽമീനിനായ്‌ ചൂണ്ടയുമായി കണ്ണുച്ചിമ്മാതെയിരുന്ന കൂട്ടുകാരന്‌ നല്‌കാൻ ഒളിപ്പിച്ചുവച്ച ചാമ്പയ്‌ക്കാക്കൊതികൾ… ആദ്യ സൈക്കിൾ യാത്രയേകിയ മുറിവിൽ നീറ്റലായി വീണ കമ്യൂണിസ്‌റ്റ്‌ പച്ചയുടെ ഗന്ധം…. തീവെട്ടി വെളിച്ചത്തിൽ വിസ്‌മയത്തോടെ കണ്ട പൂരം…. എണ്ണ പരന്ന കുളക്കടവിൽ നിന്നും കടുകുമണിപ്പായലിനെ വകഞ്ഞു മാറ്റി ഒരു മുങ്ങാംകുഴി…. ഇങ്ങനെ എത്രയെത്ര ചിത്രങ്ങൾ…

എങ്കിലും ഇതുമാത്രമാണോ അവധിക്കാലം നമുക്കു നല്‌കിയത്‌? ആമയുടെയും മുയലിന്റെയും, പിന്നെ രാക്ഷസൻ തടവിലാക്കിയ രാജകുമാരിയുടെയും അവളെ രക്ഷിച്ച ധീരനായ രാജകുമാരന്റെയും കഥകളിൽ നിന്നും വായനയുടെ വഴി ബാല്യകാലസഖിയിലേയ്‌ക്കും പാത്തുമ്മയുടെ ആടിലേക്കും വളർന്നതും ഇക്കാലത്ത്‌ തന്നെ.

തലയിൽ ഇലക്കിരീടം ചൂടി, കഴുത്തിൽ കപ്പയിലത്തണ്ടിന്റെ മാലയണിഞ്ഞ്‌, കുരുത്തോലക്കണ്ണടയും മച്ചിങ്ങക്കമ്മലും ധരിച്ച്‌, എന്നിലൊരു നടനുണ്ടെന്നും നടിയുണ്ടെന്നും തിരിച്ചറിഞ്ഞതും അവധിക്കാലങ്ങൾ നല്‌കിയ മാവിൻ തണലുകളായിരുന്നു. ഉച്ചമയക്കം വരാത്ത ഏതോ അവധിക്കാല ദിനത്തിലായിരിക്കണം ജനൽക്കാഴ്‌ചകളിലൂടെ കണ്ണിലേയ്‌ക്ക്‌ ഒഴുകിവന്ന എന്തോ ഒന്ന്‌ കവിതയായതും കഥയായതും. ഇങ്ങനെയൊക്കെ നമ്മളെ നമ്മളാക്കിയതിന്റെ വലിയൊരു പങ്ക്‌ അവധിക്കാലങ്ങൾക്കായിരിക്കണം.

ഓർക്കുന്നുണ്ടോ ഈ കളിരസങ്ങൾ

സാദ, മുറി, ഐറ്റി, ആറേങ്ക്‌, വില്ല്‌ ഒന്ന്‌… കുട്ടിയും കോലും; കേരളത്തിന്റെ ഏതൊരു ഗ്രാമത്തിലെയും ബാല്യങ്ങൾ ഒരിക്കൽ ആവേശത്തോടെ കളിച്ചു തിമിർത്തതാണിത്‌. നീളത്തിൽ താഴ്‌ത്തിയ ചെറിയ കുഴിയ്‌ക്കു കുറുകനെ ‘കുട്ടി’യെ വച്ച്‌ ‘കാത്തോ’ എന്ന്‌ കൂട്ടരോട്‌ ഉറക്കെ കൂകി അനുവാദം ചോദിച്ച്‌ കോലുകൊണ്ട്‌ തോണ്ടിയെറിഞ്ഞ്‌, ‘കുട്ടി’ ആരുടെയും കൈയ്യിൽ നിലംതൊടാതെ എത്തരുതേ എന്ന പ്രാർത്ഥനയോടെ കളി തുടങ്ങുകയായി. പിന്നെ കാൽപാദത്തിലും ‘നാഴി’യെന്ന രണ്ടുവിരലുകൾക്കിടയിലും, നെറ്റിയ്‌ക്കും മൂക്കിനും മേൽ ആറേങ്കിൽ വച്ചു കുട്ടിയെന്ന ചെറുകമ്പിനെ അടിച്ചു തെറിപ്പിക്കുന്നു. ഒടുവിൽ ആനപ്പൊക്കവും കുതിരപ്പൊക്കവും വില്ലാക്കി ‘കുട്ടി’യെ തോണ്ടിയെറിയുന്നു. ഒടുവിൽ തോറ്റവന്റെ ‘പച്ചില പഴുത്തില’ കരച്ചിലിനു പിന്നാലെ ആർപ്പുവിളികളുമായി കൂട്ടുകാർ….

കോട്ടയത്തുകാർക്ക്‌ പന്തുകളിയെന്നാൽ ഫുട്‌ബോളല്ല; മറിച്ച്‌ നാടൻ പന്തുകളിയാണ്‌ അഥവാ തലപ്പന്തുകളി. ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ഗ്ലാമറിനിടയിൽ ഈ നാട്ടുകാർക്ക്‌ ജനകീയം ഇന്നും നാടൻപന്തുകളിതന്നെ. ഏഴുപേർ വീതമുളള രണ്ടു ടീമുകളായിരിക്കും കളിയിൽ ഏറ്റു മുട്ടുക. ഒറ്റ ഒന്നും രണ്ടും മൂന്നും വെട്ടി പെട്ടയിലേയ്‌ക്ക്‌ കയറി പെട്ടയിലും മൂന്നുവെട്ടി താളവും കീഴും ഇട്ടടി കഴിഞ്ഞ്‌ കളി ജ യിക്കുമ്പോൾ ഒരു ദേശത്തിന്റെ ആവേശമായിരിക്കും മൈതാനത്തുണരുക. ഈ കളി കളിച്ചവർക്കറിയാം, ഇതിനുമുന്നിൽ ക്രിക്കറ്റും മറ്റും വട്ടപ്പൂജ്യം.

ഇനിയുമെത്രയെത്ര കളികൾ…. പൂഴിമണ്ണ്‌ നീളത്തിൽ കൂനയായ്‌ കൂട്ടി അതിൽ ഈർക്കിൽ കഷ്‌ണം ഒളിപ്പിച്ച്‌ കൂട്ടുകാരിയെകൊണ്ട്‌ പൊത്തിയെടുപ്പിക്കുന്ന പൂത്താംകീരിക്കളി…. പിന്നെ നാരങ്ങപ്പാലേ, ചൂണ്ടയ്‌ക്ക രണ്ടേ, ഇലകൾ പച്ച, പൂക്കൾ മഞ്ഞ ഓടിവരുമ്പം കൂട്ടിപ്പിടുത്തം…. പമ്പരം കൊത്തലും, കണ്ണാരം പൊത്തിയും കുഴിപ്പന്തും കിളിമാസും സ്‌നേഹപ്രാന്തിയും അത്തളപിത്തളയും നമ്മൾ കളിച്ചുതിമിർത്തതാണ്‌.

ഇന്നത്തെ ബാല്യം

ഇന്നത്തെ ബാല്യങ്ങൾക്ക്‌ അവധിക്കാല അനുഭവങ്ങൾ തീർത്തും അന്യമായിക്കൊണ്ടിരിക്കുകയാണ്‌. യാന്ത്രിക ജീവിതരീതിയുടെയും അണുകുടുംബ സംവിധാനങ്ങളുടെയും കൃത്യമായി രേഖപ്പെടുത്തിയ ക്രമങ്ങൾക്കിടയിൽ വല്ലാതെ ഞെരുങ്ങുകയാണ്‌ പുത്തൻബാല്യങ്ങൾ. ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും നല്‌കിയ മണ്ണിന്റെ മണമുളളതിൽ നിന്നെല്ലാം നമ്മുടെ കുട്ടികൾ അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. മാറുന്ന സാമൂഹ്യ-സാമ്പത്തിക രീതികൾക്കനുസരിച്ച്‌ അവിശുദ്ധമെന്ന്‌ വിചാരിക്കാവുന്ന പുതിയ ജീവിതക്രമങ്ങൾ തേടുകയാണ്‌ നമ്മൾ. ആഗോളവത്‌ക്കരണകാലത്ത്‌ മുക്കൂറ്റിയും, മുത്തങ്ങപ്പുല്ലും, അമ്പഴപ്പുളിയും നാം തിരിച്ചറിയുന്നതെങ്ങിനെ? ടെലിവിഷൻ കാഴ്‌ചകളിലൂടെ മാത്രം അനുഭവങ്ങൾ സൃഷ്‌ടിക്കുന്ന ഒരു തലമുറയാകുകയാണ്‌ നമ്മുടെ കുട്ടികൾ. അവരുടെ കാഴ്‌ചകൾ ചില ചതുരങ്ങളിൽ ഒതുങ്ങുന്നുവെന്നു വേണം കരുതാൻ. വലിയൊരു സ്വാതന്ത്ര്യത്തിന്റെ ഓരോ അണുവും തിരിച്ചറിഞ്ഞ്‌ പാടത്തും പറമ്പിലും ഓടിക്കളിച്ചും പരസ്‌പരം കലഹിച്ചും ഏറെ സ്‌നേഹിച്ചും ബാല്യകാലം സംപുഷ്‌ടമാക്കുന്നവർ ഇന്ന്‌ അപൂർ വ്വമാണ്‌. അവധിക്കാല അനുഭവങ്ങൾക്കായി വൻതുകകൾ ഫീസ്‌ വാങ്ങി കുട്ടികളുടെ ക്യാമ്പുകൾ നടത്തുന്ന നാടായി മാറിയിരിക്കുകയാണ്‌ കേരളം. സ്‌കൂൾ ക്ലാസ്‌മുറിയുടെ പോലെ വിദഗ്‌ദ്ധർവന്ന്‌ ക്ലാസെടുത്ത്‌ പിരിയുന്ന സന്തോഷമാകുന്നു പലർക്കും അവധിക്കാലങ്ങൾ.

ഈ നഷ്‌ടബോധങ്ങൾ ഇന്നൊന്നുമായിരിക്കില്ല ഉണരുക. അതിന്‌ കാലങ്ങൾ വേണ്ടിവരും. അന്ന്‌ നമ്മുടെ ബാല്യം നഷ്‌ടപ്പെടുത്തിയത്‌ എന്തൊക്കെയെന്ന്‌ നമ്മുടെ മനസ്സ്‌ പറയും. നാമൊക്കെ മരണപ്പെട്ട കുട്ടികളായിരുന്നെന്ന തിരിച്ചറിവ്‌ തീർച്ചയായും നമ്മെ വേദനിപ്പിക്കും. പുഴയും പൂക്കളും, കിളികളും, കൊച്ചുപ്രണയവും കലഹവും നഷ്‌ടപ്പെടുത്തിയ നമ്മുടെ ബാല്യകൗമാരങ്ങൾ മരണപ്പെട്ടവ തന്നെ. പ്രിയ കവി കെ.ജി. ശങ്കരപ്പിളള എഴുതിയതു പോലെ.

‘മാതൃഭാഷയിൽ

കളിച്ചു തീരാതെ പോയ കളികൾ

മരണപ്പെട്ട കുട്ടികൾ

-ഒരിക്കൽ- കളിച്ചുകൊണ്ടേയിരിക്കും

കാറ്റ്‌ താരാട്ടുന്ന തളിര്‌

പാതിരാവിലും ഉറങ്ങാത്ത കാത്‌

കേട്ടുതീരാത്ത അമ്മൂമ്മക്കഥകൾ

വൃദ്ധമർമ്മരങ്ങളിൽ-അന്ന്‌-

കേട്ടുകേട്ടേ ചായും.’

Generated from archived content: essay1_mar29_07.html Author: ajil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here