അപൂർവമായ പ്രമേയം; അസുലഭമായ ആദർശനിഷ്‌ഠ

എന്താണ്‌ ഈ നോവലിന്റെ സവിശേഷത? മനുഷ്യചരിത്രത്തിലെ അസാധാരണമായ ഒരു വ്യക്തിവിശേഷത്തിന്റെ ജീവിതത്തെ അവലംബമാക്കിക്കൊണ്ട്‌ മനുഷ്യാദർശത്തിന്റെ അതീവ ദീപ്‌തമായ ഒരു ജീവൽചിത്രം സ്‌തോഭപൂർണമായി ആചരിക്കാൻ നൂറനാട്‌ ഹനീഫ്‌ ഈ നോവലിൽ ശ്രമിച്ച്‌ വിജയിച്ചിരിക്കുന്നു. ഭാവനാവൈഭവവും ആഖ്യാനകുശലതയും മാത്രം പോരാ ഇത്തരം ഒരു രചനയ്‌ക്ക്‌. അനേകകാലം നിസ്‌തന്ദ്രമായും നിർവിഘ്‌നമായും പഠനമനനങ്ങൾ നടത്തി, ഒരു ചരിത്രഘട്ടത്തിലെ സാമൂഹിക-രാഷ്‌ട്രീയ ജീവിതവും മതപരമായ ആചാരവിശ്വാസങ്ങളും ധാരണാവീര്യം കൊണ്ട്‌ മനോമണ്ഡലത്തിൽ പ്രത്യക്ഷീകരിച്ച്‌ വിലയിരുത്തുകയും അതിലേക്ക്‌ നോവൽ കല ആവശ്യപ്പെടുന്ന സർഗാത്മകവൈഭവങ്ങളെ മുഴുവൻ സന്നിവേശിപ്പിക്കുകയും ചെയ്‌താൽ മാത്രമേ ഇത്തരത്തിലൊരു നോവലിന്റെ സഫലമായ നിർവഹണം സാധ്യമാകൂ. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ ഈ പ്രമേയം മനസ്സിൽ കൊണ്ടു നടക്കുകയും അവിരാമമായ പഠനഗവേഷണങ്ങളാൽ അതിന്റെ വൈശദ്യമാർന്ന ചിത്രം അന്തർനേത്രങ്ങളുടെ മുമ്പിൽ സ്‌ഫുടീകരിക്കുകയും ചെയ്‌തിട്ടാണ്‌ നോവലിസ്‌റ്റ്‌ സാഹസികമായ ഈ കർമത്തിലേക്ക്‌ പ്രവേശിക്കാൻ ധൈര്യപ്പെട്ടത്‌….

തികഞ്ഞ സാഹസംതന്നെയാണ്‌ ഈ കർമം. വൈഷമ്യങ്ങൾ നന്നായി അറിഞ്ഞുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ ഈ കർമ്മത്തിന്‌ ഏതോ നിയോഗനിർബന്ധത്തിന്റെ ബലത്താലെന്നപോലെ നൂറനാട്‌ ഹനീഫ്‌ ഇറങ്ങിത്തിരിക്കുകയാണുണ്ടായത്‌.

മുഹമ്മദ്‌ നബിക്ക്‌ ദൈവവചനം വെളിപ്പെടുകയും ഒരു പുതിയ നൈതികക്രമത്തിലേക്ക്‌ അറബി ജനതയെ പരിവർത്തിപ്പിക്കാൻ തുടങ്ങുകയും ചെയ്‌ത കാലത്ത്‌ എന്തായിരുന്നു ആ നാടിന്റെയും നാട്ടാരുടെയും അവസ്ഥ? നിരന്തരം കലഹിക്കുകയും തല കൊയ്യാൻ അവസരം പാർത്തു ജീവിക്കുകയും ചെയ്യുന്ന അനേകം ഗോത്രങ്ങൾ, അന്ധവിശ്വാസങ്ങൾ, ദുരാചാരങ്ങൾ, സാമഗാനത്തിന്റെ മുമ്പിൽ കൊട്ടിയടച്ച ശ്രോത്രേന്ദ്രിയം….അങ്ങനെ വിചിത്രഭീഷണമായ ഒരു സാമൂഹിക ചിത്രം രക്തക്കറകൾകൊണ്ട്‌ വികൃതമായി നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നു. ഈ സമൂഹത്തെ ഒരു പുതിയ ദർശനത്തിന്റെ വെളിച്ചത്തിലേക്ക്‌ ആനയിച്ച്‌ ഒരു പുതിയ ജീവിതക്രമം സൃഷ്‌ടിക്കുകയായിരുന്നു മുഹമ്മദിന്റെ മുമ്പിലുളള ദൗത്യം. തങ്ങൾ പിന്തുടരുന്ന ഒരു നൈതിക ക്രമത്തെക്കാൾ ഉയർന്ന വിതാനത്തിൽ മറ്റൊന്നു സാധ്യമാണ്‌ എന്ന ആശയമാണ്‌ മനുഷ്യന്‌ സങ്കൽപ്പിക്കാനും മനസ്സിലാക്കാനും ഏറ്റവും പ്രയാസമുളളത്‌. അതുകൊണ്ട്‌ എല്ലാ പ്രവാചകൻമാർക്കും ആദ്യം ലഭിക്കുന്ന ബഹുമതി ദൈവദൂഷകൻ എന്നതായിരിക്കും. അറബികൾ മുഹമ്മദ്‌ നബിയെ ആദ്യം ആദരിച്ചതും ഇതേ ബഹുമതി നല്‌കിയാണ്‌. അതുകൊണ്ട്‌, നബിയുടെ സന്ദേശം തിരസ്‌കരിക്കുന്നതും അദ്ദേഹത്തിന്റെ അനുയായികളായി ചേർന്നവരെ പീഡിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതും വിശുദ്ധമായ ദൈവികസേവനമാണ്‌ എന്ന വിശ്വാസത്തിന്റെ ഊക്കിൽ നടന്ന കെടുമകൾക്ക്‌ കണക്കില്ല. അതിൽ മുന്നിട്ടു നിന്ന ധീരപുരുഷനായിരുന്നു ഉമർ! ഈ ഉമറിനെ നായകസ്ഥാനത്തു പ്രതിഷ്‌ഠിച്ച്‌ അദ്ദേഹത്തിന്റെ മനഃപരിവർത്തനം, നേതൃഗുണങ്ങൾ, അതിന്റെ ആദർശാത്മകമായ യാഥാർത്ഥീകരണം എന്നിവ പടിപടിയായി ചിത്രീകരിച്ച്‌ മനുഷ്യന്റെയും ഭരണകർത്താവിന്റെയും ആദർശമാതൃകയെന്തെന്ന്‌ ഈ നോവൽ വരച്ചുകാണിക്കുന്നു.

ചരിത്രം പഠിച്ച്‌, അനേകം ഗോത്രങ്ങളുടെ ചേരിപ്പോരുകൾ അറിഞ്ഞ്‌ അവയ്‌ക്കു നടുവിലൂടെ ശാന്തിയുടെയും സദാചാരത്തിന്റെയും വിശ്വാസത്തിന്റെയും വജ്രശോഭ തിരളുന്ന ഒരു വ്യക്തിത്വത്തെ നടത്തി ജീവിതത്തെ ധന്യമാക്കാൻ നടത്തിയ ഒരു വലിയ യജ്ഞത്തിന്റെ വിജയമായി ഞാൻ ഈ നോവലിനെ കാണുന്നു.

(ഗ്രന്ഥലോകം, സെപ്‌റ്റംബർ 2004)

ചെങ്കോലില്ലാതെ, കിരീടമില്ലാതെ (നോവൽ)

നൂറനാട്‌ ഹനീഫ്‌

കറന്റ്‌ ബുക്‌സ്‌, വില ഃ 80 രൂപ.

Generated from archived content: book1_dec20.html Author: ajil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here