“ചാച്ചി ഉറങ്ങി നീയിത്ര വേഗം എഴുന്നേറ്റോ നിമ്മി?” മയക്കത്താൽ കൂമ്പിയ പീലി ഇമകൾ വിടർത്തി ആ നീലകണ്ണുകൾ അമ്മുവിനെ നോക്കി. “ഉറങ്ങിയ പറ്റ്വോ? ഓഫീസിൽ പോണ്ടേ? ഡ്രസ്സ് ചെയിഞ്ച് ചെയ്യണം. പൊട്ടു കുത്തണം. അങ്ങനെ എത്രയെത്ര പണി കെടക്കുന്നു..” അമ്മു നിമ്മിയുടെ സ്വർണ്ണതലമുടി പിങ്ക് നിറമുളള ചെറിയ ചീർപ്പിനാൽ വാരിയൊതുക്കി. തലമുടി രണ്ടു ഭാഗത്തേയ്ക്കായി പിന്നിയിട്ടു. അതിൽ നീല പൂക്കളുളള റിബൺ കെട്ടി. നെറ്റിയിൽ കടുംനീല നിറമുളള ഒരു കൊച്ചു പൊട്ടുതൊട്ടു. നിമ്മിയെ ദൂരെ പിടിച്ച് അമ്മു അവളുടെ ഭംഗി ആസ്വദിച്ചു. “കൊളളാം! ചന്തക്കാരിയായിട്ടുണ്ട് എന്റെ സ്വന്തം ബാർബി.” നിമ്മി നാണത്താൽ അവളെ നോക്കി പുഞ്ചിരിച്ചു.
ഇവളുടെ സ്വർണ്ണതലമുടി ഡയ്യ് ചെയ്യണമെന്ന് എത്ര നാളായി വിചാരിക്കുന്നു. അമ്മു ഓർത്തു. ആരും കാണാതെ, അമ്മയുടെ കണ്ണുവെട്ടിച്ച് ആ കണ്മഷിക്കുപ്പി ഞാൻ ഇസ്ക്കി എടുക്കുന്നുണ്ട്. എന്നിട്ട് നിന്റെ ഈ സ്വർണ്ണമുടിയിൽ നല്ലോണം കരി തേച്ച് എന്റെ തലമുടിപോലെയാക്കണം. നിനക്കു വേണ്ട നിമ്മി ഈ സ്വർണ്ണതലമുടി. എന്റെ സ്ക്കൂളിലെ ആ ജാനറ്റിനും നിന്നെപോലെ ഭംഗിയുളള സ്വർണ്ണമുടിയാ. എനിക്ക് അവളെ ഇഷ്ടമല്ല. എന്റെ ലഞ്ച് ബോക്സ് തുറന്നു മൂക്കുപൊത്തി കളിയാക്കിതു അവളാ. അവളും അവളുടെ ഫ്രണ്ട്സും ചേർന്നാ എല്ലാരുടേം മുന്നിൽവെച്ച് എന്റെ മുടിക്ക് പിടിച്ച് അതിന്റെ എണ്ണത്തിളക്കം കാണിച്ച് കളിയാക്ക്യെ. ഞാൻ കരഞ്ഞപ്പോൾ വട്ടംകൂടി കൂകിയതും അവളാ. നിനക്കു എന്റെപോലെയുളള കറുകറുത്ത മുടി മതി.
മച്ചിൽ ആരോ ഓടുന്ന ശബ്ദം കേട്ട് അമ്മു അങ്ങോട്ടു നോക്കി. “അതാ ഹർഷയാ, നമ്മുടെ മോളിലെ ഫ്ലാറ്റിലുളള കുട്ടി” അമ്മു നിമ്മിയോടായി പറഞ്ഞു. അവൾ പ്രീ സ്കൂളിൽ പോകാൻ ഒരുങ്ങുകയായിരിക്കും. അമ്മു ഓർത്തു. അവളെ കണ്ടിട്ട് എത്ര നാളായി!! അവൾക്കും ഉണ്ട് നിമ്മിയെപോലെ ഒരു ബാർബി. കഴിഞ്ഞ തവണ കണ്ടപ്പോൾ അവളുടെ ബാർബിയെ പുത്തനുടുപ്പിട്ട്, പൊട്ട് തൊട്ട്, സുന്ദരിയാക്കി കൊടുത്തതാ…ഇപ്പോൾ എല്ലാം വൃത്തികേടാക്കി കാണും. വികൃതി പാറു.
ലിവിങ്ങ് റൂമിന്റെ ചില്ലുളള ജനാലയിലൂടെ അമ്മു പുറത്തേയ്ക്ക് നോക്കി. മഞ്ഞിൽ വെളുത്ത പുതപ്പ് പുതച്ച് കിടക്കുന്ന ഗ്രാമം അവൾക്കു ഇവിടെ നിന്നു കാണാം. തൂവൽ പോലുളള തൂമഞ്ഞ് ദിവസങ്ങളായി പൊഴിയുന്നുണ്ട്. മണ്ണിൽ വീണലിയാൻ കൽപിതങ്ങളെന്ന് അറിഞ്ഞ് അവ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ആടിയുലഞ്ഞ് ആസ്വദിക്കുന്നപോലെ. ബെഡ്റൂമിൽ അച്ഛനും അമ്മയും എന്തോ കുശുകുശുക്കുന്നതു അമ്മു ശ്രദ്ധിച്ചു. വീണ്ടും മച്ചിൽ ഹർഷയുടെ പാദനിസ്വനങ്ങൾ അവളെ കളിയാക്കി ഓടി മറയുന്നു. അവളുടെ പാദസ്വരങ്ങൾക്കു കാതോർത്ത് അമ്മു ബെഡ്റൂമിലോട്ട് നടന്നു.
“ഉണ്ണിയേട്ടാ, നമുക്കിവിടുന്ന് പോകാം. ഈ നശിച്ച നെബ്രാസ്ക്കയിൽ നിന്ന്. ന്യൂജേർസിയിലോട്ടോ, ഷിക്കാഗോവിലോട്ടോ എങ്ങോട്ടെങ്കിലും. ഇവിടുന്ന് മാറിയാൽ തന്നെ അമ്മുവിന് അതൊരു ചെയ്ഞ്ചാകും. മറ്റ് ഇന്ത്യൻ കുട്ട്യോളുളള സ്ക്കൂളായാൽ അവൾക്കു ഒരു പ്രശ്നോല്ല്യാ… എനിക്കു ഉറപ്പാ.. ഇവിടെ ആരാ ഉളേള അവൾക്കു ഒന്നു മിണ്ടാനും കളിക്കാനും…”
“ഗീതേ, നീ പറയുന്നതു കേട്ടാ തോന്നും….എടുത്തു വെച്ചിട്ടുണ്ടോ ഷിക്കാഗോവിൽ ജോലി?” മുറിയിൽ കയറിവന്ന അമ്മുവിനെ നോക്കി ചിരിച്ച് അച്ഛൻ അമ്മയോടായി പറഞ്ഞു. “നമുക്ക് ആലോചിക്കാം.”
“അമ്മു.. ഞാൻ രാവിലെ മുതൽ പറയുകയാ നിന്നോട് പോയി ഹോംവർക്ക് ചെയ്യാൻ…സ്കൂളിലോ പോവാൻ കൂട്ടാക്കിണില്യ….രണ്ട് അക്ഷരം വീട്ടിൽ ഇരുന്ന് പഠിയ്ക്ക്യെം ഇല്ലാച്ചാ… രാവിലെ മുതൽ ആ പാവേം കളിപ്പിച്ച് നടക്കാ. അത് ഇവിടെ വെച്ച് നീ പോയി പഠിക്ക്..”
“അമ്മേ.. ഞാനാ മോളിലു താമസിക്കണ ഹർഷയെ പോയി കണ്ട് വരട്ടെ? എന്നിട്ട് പഠിച്ചോളാം.”
“നിന്നോട് എത്ര തവണ പറയണം അവർ വീട് മാറി പോയീന്ന്, പറഞ്ഞാലും കേൾക്കില്ല, അനുസരണയും ഇല്ല്യാച്ചാ.” അമ്മ കയ്യ് നീട്ടി അവളെ അടിക്കാൻ ഓങ്ങി.
നിമ്മിയെ മാറോടു ചേർത്ത് അമ്മു അവിടെ നിന്നു ഓടിയകന്നു. തന്റെ കൂടെ ഹർഷയും ലിവിംഗ് റൂമിലോട്ടു ഓടുന്നത് അവൾ അറിഞ്ഞു. അച്ഛനും അമ്മയും വീണ്ടും സംവാദത്തിൽ മുഴുകിയപ്പോൾ അമ്മു ശബ്ദമുണ്ടാക്കാതെ മുൻവശത്തെ വാതിൽ തുറന്നു. മഞ്ഞ് മൃദുമെത്ത വിരിച്ച ഭൂമിയിൽ നിന്നും ഇരുട്ടിലേക്ക് വളഞ്ഞു കയറുന്ന പടിയിലൂടെ അവൾ മന്ദം നടന്നു കയറി.
മുകളിൽ ഹർഷയുടെ ഫ്ലാറ്റിന്റെ നഗ്നമായ ജനാലയിൽ ഫോർ റെന്റ് എന്നെഴുതിയ ചുവന്ന ബോർഡ് തൂക്കിയിട്ടിരിക്കുന്നു. ആ ബോർഡ് ഒതുക്കി അമ്മു ജനാലയിലൂടെ അകത്തേക്കു നോക്കി. ആ മുറിയുടെ തിളങ്ങുന്ന നിലത്ത് വെളുത്ത ആകാശത്തിന്റെ പ്രതിഫലനം. നിശ്ശബ്ദത. നിരാശയായി മടങ്ങാൻ ഒരുങ്ങുന്ന അമ്മു വീണ്ടും ആ പാദസ്വരങ്ങളുടെ പിൻവിളി കേട്ടു. അപ്പോൾ ആ മുറിയുടെ ചുമരുകളുടെ മറവിൽ നിന്നും, ഇരുട്ടിൽ നിന്നും, കയ്യിൽ ഒരു പാവയുമായി ചിരിച്ചുകൊണ്ടു ഹർഷ പ്രത്യക്ഷപ്പെട്ടു. അവളുടെ ബാർബിയുടെ മുടിയിഴകൾക്ക് അപ്പോൾ കരിമഷിയുടെ കറുത്ത നിറമായിരുന്നു.
Generated from archived content: story2_nov24.html Author: ajayan_venugopal