മറുഭാഷണത്തിന്റെ വ്രണിത ലിപി

വർത്തമാന, ചരിത്രങ്ങളുടെ അധീശ പരിസരത്തെ തീവ്രമായ അന്യവൽക്കരണത്തിലൂടെയും വിച്ഛേദനത്തിലൂടെയും സ്വത്വ, കർതൃത്വ, ശബ്‌ദരൂപീകരണവും ഭാഷണവും ആവിഷ്‌കാരവും സംവേദന സാധ്യമാക്കുന്നവയാണ്‌, അതിജീവനത്തിന്റെയും അട്ടിമറിയുടെയും സംഘർഷങ്ങളെ വിമോചിതാർത്ഥത്തിൽ ഉളളിൽ വഹിക്കുന്ന രചനകൾ. പ്രതിരോധത്തിന്റെ വിമതാഖ്യാന&പാരായണക്ഷമത മാത്രമല്ല, സങ്കീർണവും സൗമ്യവും സൂക്ഷ്‌മവുമായ പ്രതിനിധാനത്തിന്റെ വ്യക്തിത്വവും വേറിടലും ഇവയിലാലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അനുഭവത്തിന്റെ അഭിഭാവത്തിന്റെയും അതിർത്തികളെ വികസ്വരമാക്കുന്ന വ്യതിരിക്തതയുടെ വഴികളിലൂടെയാണ്‌ രേണുകുമാറിന്റെ കവിത ഒറ്റയ്‌ക്ക്‌ നടന്നു പോകുന്നത്‌. കാതടപ്പിക്കുകയും തട്ടുപൊളിക്കുകയും താണ്‌ഡമാടുകയും താഡനം ചെയ്യുകയും ചെയ്യുന്ന പലതരം ജീർണാവശിഷ്‌ടങ്ങൾക്കും ചരിത്ര മാലിന്യങ്ങൾക്കും കെട്ടുകാഴ്‌ചകളുടെ പൊളളത്തരങ്ങൾക്കുമിടയിലും, ഈ ചെറിയ ശബ്‌ദസാന്നിധ്യം ദീപ്‌തവും അനുരണിതവുമാകുന്നത്‌ ഭിന്നമായ അന്വേഷണത്തിന്റെ ബദലാഖ്യാന&ഭാഷണ പരിസരത്താണ്‌.

ഭൗതിക യാഥാർത്ഥ്യത്തിന്റെയും വ്യവഹാര മണ്‌ഡലങ്ങളുടെയും ഹിംസാത്മകവും തമസ്‌കരണപരവുമായ അധികാര അധീശ പ്രരൂപങ്ങളുടെയും പ്രത്യയശാസ്‌ത്രനിർമിതികളുടെയും കിരാത വേഴ്‌ചകളിൽ പ്രതീകാത്മക, പ്രതിനിധാന ഹിംസകൾക്കും കൂടി വിധേയമാകേണ്ടി വരുന്ന പാർശ്വവൽകൃത സമൂഹങ്ങളുടെയും കർതൃത്വങ്ങളുടേയും സ്വത്വ ചരിത്രസംഘർഷങ്ങളും സന്നിഗ്‌ദ്ധതകളും അതിന്റെ ശകലിതവും ചിതറിക്കപ്പെട്ടതുമായ സൂക്ഷ്‌മ സങ്കീർണതയിലാവിഷ്‌കരിക്കുന്നവയാണ്‌ ഈ കവിതകൾ. അനീതിയുടേയും അക്രമത്തിന്റെയും ഇരകളായ അരികുകളിലെ മനുഷ്യരും അതിർത്തികളിൽ നിന്നുപോലും തുടച്ചു നീക്കപ്പെടുകയും ചെയ്യുന്ന മരങ്ങളും പച്ചപ്പും തമ്മിൽ ഈ ആഖ്യാന ഭൂമികയിൽ അഭേദ്യമായ ബന്ധം ഉടലെടുക്കുന്നത്‌ സ്വാഭാവികമാകും. മരത്തിന്റെ ഭൂമിശാസ്‌ത്രവും ചരിത്രവും മരിച്ചു ജീവിക്കുന്ന മനുഷ്യരുടേയും കൂടിയാണെന്നു തിരിച്ചറിയുന്നു ‘ഒറ്റമരത്തിന്റെ ഭൂമിശാസ്‌ത്രം’ എന്ന കവിത. ‘അരക്ഷിത&ഓരങ്ങളെ&ചിതറിച്ചൊടുങ്ങുന്ന&പകലിരവുകളുടെ പദവിന്യാസങ്ങൾ’ ഓർമ്മപ്പെടുത്തുന്നത്‌ ‘ഇപ്പോൾ&ഒറ്റമരത്തിനും&എനിക്കും&ഒരേ ഭൂമിശാസ്‌ത്രം’ എന്നു തന്നെയാണ്‌.

പാർശ്വ ജീവനത്തിന്റെ ദുരന്ത വിവക്ഷകളെ നാട്യങ്ങളില്ലാതെ ദൃശ്യമാക്കുന്നവയാണ്‌ ‘ഒഴിയാബാധ’ ‘മൂന്നു കവിതകൾ’, ‘വിഭവഭൂപടം’ എന്നീ രചനകൾ. ചരിത്രപരമായ അധീശത്വത്തിന്റെ പരിസരത്ത്‌, പാർശ്വവൽകൃതമായ വെളിമ്പുറത്ത്‌ ദലിതരേയും ബഹുജനങ്ങളേയും സ്ഥാനപ്പെടുത്തുകയും വിഭവശൂന്യതയുടേയും, ശോഷണത്തിന്റെയും ചോരണത്തിന്റെയും നൈതിക രാഷ്‌ട്രീയ സമസ്യകളെ ആവർത്തിച്ച്‌ മുഖരിതമാക്കുകയും ചെയ്യുന്നു ‘വിഭവഭൂപടം’. നോക്കിയിരിക്കെ ‘ചോരപോലെ വളരുന്ന&വ്രണിത ഭൂഖണ്‌ഡങ്ങൾ’ അനീതിയുടെ കരാളാനുഭവത്തിന്റെയും ഉയർപ്പിന്റെ വിശാലമായ കീഴാള സാഹോദര്യത്തിന്റെയും രണാങ്കണം തന്നെയാണ്‌. ചെറുത്തു നിൽപ്പിന്റെയും ചോരയുടേയും നിശ്ശബ്‌ദമാക്കപ്പെടലിന്റെയും നീണ്ട ചരിത്രത്തെ തന്നെ പരാമർശിക്കുകയും പ്രതിരോധത്തിന്റെ വിശാലപക്ഷത്തെ പ്രത്യക്ഷവൽക്കരിക്കുകയും ചെയ്യുന്നു ഒട്ടും ശബ്‌ദമുയർത്താത്ത ഈ പതിഞ്ഞ മട്ട്‌. മൂകതയുടെ തമസ്‌കൃത യുഗങ്ങളിലമർന്നതും നിരവധി ആത്മകർതൃത്വ ബോധങ്ങളിലൂടെ മർമരമായി വികസിക്കുകയും ചെയ്യുന്ന ഒരു ചാറ്റുവട്ടവും ചെത്തവും ഈ നീട്ടിലും കുറുക്കിലും നിരന്നു നിവർന്നു നിന്നു മരം പെയ്യുന്നു. ശബ്‌ദ, നിർവാഹകത്വ നിഷേധത്തിന്റെയും അടയാളാടിയായ്‌മയുടേയും ദീർഘമായ ചരിത്ര ഭൂതായ്‌മകൾ ഈ ചിറ്റിനെ സ്വയം ‘വ്രണിത ലിപി’കളായടയാളപ്പെടുത്തുന്നു. ചരിത്ര വിഹിതങ്ങളുടെ നിഷേധത്തേയും അസമത്വത്തിന്റെ സ്ഥാപനവൽക്കരണത്തേയും ഇത്രമേൽ സൗമ്യവും അതേസമയം നിശിതവുമായി സംതുലനം ചെയ്യുന്നത്‌ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.

പ്രാന്തവൽക്കരണം സൃഷ്‌ടിച്ച അപമാനനവീകരണ ശേഷിയുളള ക്രൂരവും നിസ്സംഗവുമായ ഭൗതിക യാഥാർത്ഥ്യ പരിസരത്തിന്റെ, അവയുടെ ചരിത്ര സാമൂഹ്യ പശ്ചാത്തലത്തിന്റെ അപ്രമാദിത്വവും സമഗ്രാധിപത്യവുമാണ്‌ ഭൂമിയോളം കുനിഞ്ഞിട്ടും എന്നും ഉച്ചി തകർക്കുന്ന വാതിൽപ്പടികളും, രക്തദാഹികളായ കറിക്കത്തികളും, കാലു തല്ലി കീറുന്ന വഴിക്കല്ലുകളും, ചോറിലൊളിച്ചിരിക്കുന്ന കല്ലു കൂട്ടാനും ഒക്കെ. ഇവയൊക്കെ ‘ഒഴിയാബാധകളാ’കുന്നത്‌ വിഭവ ശോഷ&ചോരണത്തിന്റെ മുൻചൊന്ന പ്രകരണത്തിലാണ്‌. പ്രാന്തവൽക്കരണത്തിന്റെ വിശാല ഭൂമികയിലാണ്‌ വിഭവ ദാരിദ്ര്യത്തിന്റെ പഞ്ഞ ഭൂപടത്തെ ഉടപെടുത്തുന്നതെന്നത്‌ വ്യക്തം. അനുനിമിഷം യാതന പെരുകുന്ന സ്വന്തം ഇടങ്ങളുടെ, വിഭവങ്ങളുടെ ഹിംസാത്മകതയും നിഷേധാത്മകതയുമാണ്‌ പായയേയും മുറിയേയും വീടിനേയും വിശദീകരിച്ച്‌ വ്യവഛേദിക്കുന്ന ‘മൂന്നു കവിതക’ളും. ‘മൂന്നാമത്തെ ചുവടിനിടമില്ല&ഉരമെങ്ങാനുരസിയാൽ&അടരും മോന്തായം മുമ്പെത്ര നേര&മിഴഞ്ഞാണ്‌ അകം കാണുക.’ മൂന്നാമത്തെ ചുവടിനിടമില്ലാത്ത വീടിന്റെ തലവിധി ചവിട്ടി താഴ്‌ത്തപ്പെട്ട സമഭാവനയുടെ പൈതൃകങ്ങളേയും പ്രതിരോധങ്ങളേയും എത്ര അഗാധമായാണ്‌ പരാമർശിക്കയും പുനരാനയിക്കയും ചെയ്യുന്നത്‌.

പ്രാന്തങ്ങളുടെ പൊതു പ്രമേയ പരിസരങ്ങളെ അതിന്റെ ഭിന്ന സങ്കീർണതകളിൽ പ്രതിനിധാനം ചെയ്യുമ്പോൾ തന്നെ പ്രാന്തരും അപരരും വ്യവഹാര, ബിംബ ഹിംസകളുടെ ഇരകളുമായ വിമതരും അനഭിമതരും അസമ്മതരുമായ അരികു ജീവിതങ്ങളെ സഹജീവിത ബന്ധത്തിന്റെ സുതാര്യതയിലും ഇഴയടുപ്പത്തിലും വേർതിരിവില്ലാതെ അടുത്തു കാണുന്നതാണ്‌ ഈ കവിതകൾ. ‘കടലാസു കിളി’യും ‘അത്രമേൽ സുതാര്യവും അവതരിപ്പിക്കുന്നത്‌ ഇത്തരം അപര കർതൃത്വങ്ങളുടെ ഇരുണ്ട ഭാഗധേയങ്ങളാണ്‌. പൊതു ലോകബോധത്തിലും മുഖ്യധാരാ വ്യവഹാരത്തിലും പ്രതിനിധാന ഹിംസയും വികൃതമായ ബിംബാവാഹവും അടിച്ചേൽപ്പിക്കപ്പെടുന്ന വാർപ്പുമാതൃകകളാണ്‌ അപഹാസ്യമായ പണിയെടുക്കുന്ന ബസ്സു തൊഴിലാളിയും അസാധാരണരായ ലൈംഗിക ന്യൂനപക്ഷങ്ങളും തെണ്ടികളും പിടിച്ചു പറിക്കാരുമെല്ലാം. ’നമ്മളത്രമേൽ സുതാര്യരാണല്ലോ പീഡിത മുഖികളും‘ എന്നിങ്ങനെ പീഡനത്തിന്റെ, ബഹിഷ്‌കരണത്തിന്റെ പൊതുമണ്ഡലത്തിലാണവർ തിരിച്ചറിയുന്നതും ഐക്യപ്പെടുന്നതും. അകത്തും പുറത്തുമല്ല അവരുടെ നില, നിറമിരുണ്ടും തുണിമുഷിഞ്ഞും നടക്കുന്നവരെ, കഴിവതുമാൾക്കാരൊഴിവാക്കാറുണ്ട്‌. ഒരു പുസ്‌തകത്തിലും പേരില്ലാത്ത ഇവരെപ്പോഴും പുറംപടികളിൽത്തന്നെ നിൽപാണ്‌. മേൽവിലാസവും സാമൂഹ്യ സമ്മതിയുമില്ലാത്ത ഇത്തരം അപരങ്ങളും അസമ്മതരുമാണ്‌ താനും ബഹുജനഭൂരിപക്ഷവും. ചെറുതുകളിലൂടെയുളള ഈ വലിയ വെളിപ്പെടുത്തൽ ഈ വ്യതിരിക്ത ഭാഷണത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

കെണി നിലങ്ങളിൽ, എം.ആർ.രേണുകുമാർ, വിലഃ 50.00, പരിധി പബ്ലിക്കേഷൻസ്‌

Generated from archived content: bookreview1_sept14_05.html Author: ajay_shekher

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English