പ്രണയത്തിന്റെ കരിനീല

കഴുത ദുരന്തകഥാപാത്രമാകുമോ എന്നു ചോദിച്ചത്‌ നീത്‌ഷെയാണ്‌. താങ്ങാനാവാത്തതും കുടഞ്ഞെറിയാനാവാത്തതുമായ ഭാരത്താൽ തളർന്നുപോകുന്ന കഴുതയുടെ ജന്മത്തിനു സമാനമാണത്രെ തത്ത്വചിന്തകന്റെ ജീവിതവും. നമ്മെ സംബന്ധിച്ചിടത്തോളം അതു തത്ത്വചിന്തകന്റെ ജീവിതമല്ല, പ്രേമിക്കുന്നവരുടെ ജീവിതമാണ്‌. പ്രേമത്തിന്റെ ചുമടേന്തി വലിയുന്നവരെ കഴുതകളെന്നു വിളിക്കാറുണ്ട്‌. പ്രേമിക്കുന്നവർക്കറിയില്ലല്ലോ പ്രേമത്തിന്റെ പരിഹാസ്യത. എന്നാൽ ഏറ്റവും പരിഹാസ്യമായത്‌ ഏറ്റവും മരണകാരണം, നിത്യമായെരിയും അഗ്നി.

പരിഹാസ്യത ജനിപ്പിക്കുന്ന ഏതൊന്നിനും ഒരു ഗൂഢഭാവമുണ്ട്‌. എത്ര വിവരിച്ചാലും വെളിപ്പെടാത്ത രഹസ്യങ്ങളാണ്‌ പ്രേമത്തിന്റെ ആധികാരികത. പ്രണയത്തിന്റെ ഭാവനയാകട്ടെ ഇരുളാണ്ട ഒരാഴകത്തിന്റെ പ്രതിദ്ധ്വനി ഉയർത്തുന്നു. അതു കേൾക്കെ നാം ഞെട്ടുന്നു. അതാണ്‌ കരിനീലയുടെ സവിശേഷത. കഥ എപ്പോഴും കെട്ടുകഥയാണല്ലോ. അതിനാൽ ഇതനുഭവമാണെന്ന മുന്നറിയിപ്പോടെ കഥാകൃത്ത്‌ ആഴത്തിന്റെ അമ്പരപ്പിലേയ്‌ക്കു വായനക്കാരെ വീഴ്‌ത്തുകയാണ്‌. വീണുപോയവർക്കു കരകേറാനാവില്ല. ഈ അനുഭവം നിരാകരിക്കണോ വിശ്വസിക്കണോ എന്ന പ്രശ്നം അലട്ടുന്നുണ്ട്‌. എന്തിന്‌ അവിശ്വസിക്കണം? കാരണം പ്രണയത്തിൽ നിന്നേ ഭാവനയുണ്ടാകൂ. ഭാവനയിൽ നിന്നൊരിക്കലും പ്രണയകഥയുണ്ടാവില്ല.

നീ ശരിക്കുള്ളതാണോ? അതോ അരങ്ങിലെ വേറൊരു വേഷമോ? പ്രണയാനുഭവങ്ങൾക്കു മുന്നിൽ നാം ഓരോരുത്തരും ചോദിക്കുന്നതാണ്‌. ഒരു നിമിഷം യാഥാർത്ഥ്യം മായാമോഹനമായി തോന്നും. മറ്റൊരു സന്ദർഭത്തിൽ ജീവിതം നാടകശാലയാണെന്നു തോന്നും. എന്താണ്‌ അനുരാഗത്തെ തീരാചഷകമാക്കി നിലനിർത്തുന്നത്‌? ‘ഹാ സ്മരിപ്പൂ ഞാൻ നിന്നെ നഷ്ടപ്പെടുവാൻ മാത്രം’ എന്ന്‌ ആർ. രാമചന്ദ്രൻ എഴുതിയിട്ടുണ്ട്‌. നഷ്ടപ്പെടുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ പ്രേമത്തിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം നേടുന്നത്‌. കരിനീലയിലെ നായിക തുറന്നു പറയുന്നുണ്ട്‌, പ്രേമത്തിനു വേണ്ടി എന്തും ചെയ്യും. അത്രയ്‌ക്കുണ്ടു തന്റേടം. കൊല്ലാനും പ്രേമിക്കാനും മാത്രം മതി തന്റേടം.

കരിനീല അവളുടെ മാത്രം കഥയല്ല. അവന്റെ കൂടെയാണ്‌. അവൻ ശിവനാണ്‌. കാമസ്വരൂപൻ. അവളോ ശിവപ്പാതി. ശിവന്റെ കാര്യമറിയാമല്ലോ. കാമസ്വരൂപനെങ്കിലും കാമാന്തകനാണ്‌. കാമനെ ചുട്ടവൻ. വിഷം തിന്നവനും ജലത്തെ ചൂടുന്നവനും അവനാണ്‌. ആദ്യമായി കാമിച്ച പെണ്ണിനെ നഷ്ടമായതാണ്‌ ശിവതാണ്ഡവത്തിനു കാരണം. പ്രേമനാശമെന്നാൽ സർവനാശം.

കാമാന്തകനെത്തന്നെ കാമിക്കുകയാണ്‌ പാർവ്വതി ചെയ്യുന്നത്‌. അവൾ തപസ്വിനിയാണ്‌. കാളിയാണ്‌. തന്റെ പകുതി ബലം മാത്രമേ സന്ന്യാസിയായ അയാൾക്കുള്ളൂ എന്ന്‌ കരിനീലയിലെ നായിക ഗർവം കൊള്ളുന്നതു വെറുതെയല്ല.

ശിവൻ സർവപരിത്യാഗിയാണ്‌. എല്ലാം നഷ്ടപ്പെടുത്തുന്നവർക്കാണു പ്രേമത്തിനു ശേഷിയുണ്ടാകുക. അതുകൊണ്ടാണു സന്ന്യാസി നല്ലൊരു കാമുകനാകുന്നത്‌. പ്രേമിക്കുന്നവർക്ക്‌ എല്ലാം നഷ്ടമാകും. അവർ എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്യും. അത്രമാത്രം അന്ധതയുണ്ടതിന്‌. എഴുത്തച്ഛൻ ശൂർപ്പണഖയെ അവതരിപ്പിക്കുന്നതു നോക്കുക. രാമനെ പിരിയാൻ തനിക്കു ശക്തി പോരെന്നാണ്‌ ശൂർപ്പണഖ പറയുന്നത്‌. ശൂർപ്പണഖയുടെ പ്രണയം സദാചാരത്തിനു നിരക്കുന്നതായിരുന്നില്ല. വിവാഹിതയായ രണ്ടു പുരുഷന്മാരെയാണ്‌ അവൾ കാമിച്ചത്‌. ‘യാമിനീചരി, കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി’. ഇരുളിൽ നിന്നാണ്‌ അവൾ വരുന്നത്‌. ഇരുട്ടിലാണ്‌ അവളുടെ നടത്തം.

അവൾ അനുരാഗത്തിന്റെ ബലിയാടാണ്‌. ‘മീനകേതന ബാണ പീഡിതയായാളേറ്റം’ എന്നത്രേ എഴുത്തച്ഛൻ ശൂർപ്പണഖയെ വിശേഷിപ്പിക്കുന്നത്‌. കരിനീലയിലെ കഥാനായിക അത്തരമൊരവസ്ഥയിലാണ്‌. ശൂർപ്പണഖയെപ്പോലെ, വേദനയിൽ പിടയേണ്ടിവന്നാലും അവൾക്കു പ്രണയത്തിന്റെ വിഷം കുടിക്കാതെ വയ്യ. കാരണം ഇതു ജന്മാന്തരബന്ധമാണ്‌. ‘പുറം പടം പൊഴിച്ചിട്ടു ഞാൻ മറികടന്ന ജന്മങ്ങൾ. ഇഴയുകയായിരുന്നു ഒന്നിൽ നിന്ന്‌ അടുത്തതിലേക്ക്‌. കള്ളിമുള്ളുകൾക്കും പാറക്കെട്ടുകൾക്കും മേലെ. നനഞ്ഞ കരിയിലകൾക്കും കൊഴിഞ്ഞ പുഷ്പങ്ങൾക്കും മീതെ. ഓരോ ജന്മം. ഓരോന്നിലും അയാൾ. എപ്പോഴും അയാൾക്ക്‌ ഒരേ നിറം, കരിനീല!’.

ഒരു ജന്മത്തിൽ നിന്ന്‌ മറ്റൊരു ജന്മത്തിലേക്കുള്ള ഇഴച്ചിൽ വേദനാജനകമാണ്‌. ജന്മങ്ങൾ കൊഴിയുന്നതിന്റെ വേദന. സൃഷ്ടിക്കായുള്ള വേദനയാണത്‌. അത്‌ ശരീരത്തിന്റെ കൂടി ദാഹമാണ്‌. “വേദന സത്യമായിരുന്നു. നെഞ്ചിലും അടിവയറ്റിലും. വേദനയല്ല. അതിതീവ്രമായ ആഗ്രഹം. എനിക്കു ഗർഭം ധരിക്കണം. പ്രസവിക്കണം.” ഇതുവളരെ സ്പഷ്ടമാണ്‌. നീത്‌ഷെയുടെ ഒരു പരാമർശം കടമെടുത്താണ്‌ നാം കരിനീലയെക്കുറിച്ചുള്ള വിചാരം തുടങ്ങിയത്‌. എന്തായിരുന്നു അതിനു കാരണം? ഒന്നാമതായി പ്രണയം ഒരേ സമയം പരിഹാസ്യവും മാരകവുമാണ്‌. അത്‌ ചെറിയ അളവിൽ ലഭ്യമല്ല. എത്ര കഠിനമായാലും എത്ര സദാചാരവിരുദ്ധമായാലും അനുഭവയാഥാർത്ഥ്യം നിരാകരിക്കരുതെന്ന്‌ പറഞ്ഞത്‌ നീത്‌ഷെയാണ്‌. ആഴത്തെ നോക്കി നിൽക്കാതെ അതിലേക്കിറങ്ങാനായിരുന്നു നീത്‌ഷെയുടെ ആഹ്വാനം. അതിനാൽ പ്രണയസാഹസികതയുടെ രസം അറിയാൻ ഈ കഥയുടെ വായന സഹായിക്കും.

രണ്ടാമതായി നീത്‌ഷെ ചരിത്രത്തിലെ അറിയപ്പെടുന്ന സ്ര്തീവിരുദ്ധരിലൊരാളാണ്‌. പെണ്ണിന്റെ യഥാർത്ഥജോലി പ്രസവിക്കലാണെന്ന്‌ നീത്‌ഷെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്‌. ഓരോ കാമുകിയും ഗർഭം ധരിക്കാനാണ്‌ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്‌. കരുത്തുള്ള കുട്ടികൾക്കായി. സർഗശേഷിയുടെ അടിസ്ഥാനഭാവം പ്രത്യത്‌പാദനശേഷിയുള്ള ലൈംഗീകതയാണെന്ന്‌ നീത്‌ഷെ വിശ്വസിച്ചിരുന്നു. രതിവിരുദ്ധമായ ക്രൈസ്തവസഭയുടെ വീക്ഷണത്തിന്റെ കടുത്ത വിമർശകനായി അദ്ദേഹം നിലകൊണ്ടത്‌ അതാണ്‌. മനുഷ്യകാമനകളെ അടക്കി നിർത്തുന്നതു രോഗാതുരവും ജീർണവുമായ സംസ്‌കാരത്തിന്റെ ലക്ഷണമാണെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. വേദന ഭാവിയെ വാഗ്‌ദാനം ചെയ്യുന്നു. വേദനിക്കാതെ ഒന്നുമുണ്ടാകില്ലല്ലോ.

വേദനയുടെയും അപമാനത്തിന്റെയും നിത്യമായ ഏകാന്തതയുടെയും അന്തരീക്ഷമാണ്‌ തീക്ഷ്ണപ്രേമത്തിന്റെ ഫലം. എന്നാൽ അത്‌ ഒരിക്കലും അവസാനിക്കുന്നില്ല. പിരിഞ്ഞാലും എന്റെ രക്തം അയാളുടെ രക്തത്തോടു കലരാൻ ദാഹിക്കുമെന്നാണ്‌ കഥാനായികയുടെ പ്രഖ്യാപനം. ദൈവത്താൽ അപമാനിക്കപ്പെട്ട ജീവിയാണല്ലോ പാമ്പ്‌. അതാണ്‌ അതിന്‌ ഇത്ര തന്റേടം. കോപം. ഇണ ചേരുന്ന പാമ്പുകൾ ഭയം ജനിപ്പിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഒട്ടും സൗമ്യമല്ലാത്ത, വിഷത്താൽ പൊള്ളുന്ന കാമമാണത്‌. നമ്മെ സംബന്ധിച്ചിടത്തോളം അതു മരണകാരിയാണ്‌. കരിനീലക്കുന്ന ഈ അനുഭവം ഓരോ ജീവിതത്തിലും ഒരിക്കലെങ്കിലും സംഭവിക്കുന്നുണ്ടാകാം. ശിവന്റെ കണ്‌ഠത്തിലെ കരിനീലപ്പാടുപോലെ അത്‌ ഓരോ മനുഷ്യനിലും ബാക്കി നിൽക്കുന്നു. പണ്ടു വിഴുങ്ങിയ വിഷത്തിന്റെ അടയാളം. ശിവന്റെ കഴുത്തിൽ അതൊരു തടാകം പോലെ കിടന്നുവെന്നാണ്‌ പുരാണത്തിലെഴുതിയിരിക്കുന്നത്‌. ഓരോ തവണ അതിലേക്കു നോക്കുമ്പോഴും അത്‌ പ്രേമദംശനത്തിന്റെ പാടായിട്ടാണ്‌ പാർവതിക്ക്‌ തോന്നുന്നത്‌. മലയാളഭാവനയിൽ മാരകപ്രണയദംശനത്തിന്റെ അത്തരമൊരു അടയാളമാണ്‌ കരിനീല. (കടപ്പാട്‌ ഃ കറന്റ്‌ ബുക്സ്‌ ബുള്ളറ്റിൻ, കോട്ടയം)

മാലാഖയുടെ മറുകുകൾ, കരിനീല

കെ.ആർ. മീര

പ്രസാ ഃ ഡി.സി ബുക്സ്‌

വില ഃ 38രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcbookstore.com”

Generated from archived content: book1_july31_07.html Author: ajay_p_mangat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here